കഥകളുടെ ഭൂപടം
റഹീമ ശൈഖ് മുബാറഖ് എഴുതിയ സുഹ്‌റ W/o മജീദ് കഥാ പുസ്തകത്തിന്റെ വായന
റഹീമയുടെ ഈ കഥാസമാഹാരത്തെ ഉപമിക്കാന്‍ തോന്നുന്നത്, ഒരു വൃക്ഷത്തോടാണ്. മനുഷ്യമനസ്സിന്റെ സങ്കീര്‍ണ്ണതകളുടെ ആഴത്തിലേക്ക് വേരൂന്നിയത്; എന്നാല്‍ പടര്‍ന്നു ശാഖകളാവുന്നത് വൈവിധ്യത്തിന്റെ ആകാശത്തിലേക്കാണ്. ഏകാന്തതയുടെ, തിരസ്‌കരണങ്ങളുടെ, നിസ്സംഗതയുടെ, പകപോക്കലിന്റെ, നിര്‍വികാരതയുടെ, നിസ്സഹായമായ കൈകള്‍ പ്രകൃതിയിലേക്ക് നീട്ടിയിരിക്കുന്നു. ഉയിര്‍ത്തെഴുന്നേല്‍പിന്റെ ആത്മവിശ്വാസം മിക്ക കഥകളുടെയും കാതലാണ്.
ഒരു പുഞ്ചിരി പോലും കടം നിര്‍ത്തി നാം ഈ ലോകം വിട്ടുപോവരുതെന്നും, ലോകം മുഴുവന്‍ നേടിയാലും ആത്യന്തികമായി ഉള്ളുതുറന്ന്, ദീര്‍ഘം നീണ്ടു നില്‍ക്കുന്ന ഒരു ചിരി നല്‍കാനാവാത്ത ഒരാള്‍ മനുഷ്യന്‍ അല്ലെന്നു 'കടം' എന്ന ഒരു പുഞ്ചിരിയോളം ദൈര്‍ഘ്യമുള്ള കഥയില്‍ കഥാകാരി മനോഹരമായി പറഞ്ഞിരിക്കുന്നു.
സൃഷ്ടിച്ച ദൈവം എല്ലാം നല്‍കും 'എന്ന വിശ്വാസത്തില്‍ തങ്ങള്‍ ചെയ്യേണ്ടതായ കര്‍മ്മങ്ങള്‍ ചെയ്യാതെ അലസമായിരിക്കുന്നവര്‍ ഒടുക്കം താന്താങ്ങളുടെ തന്നെ നാശത്തിനു കാരണമാകുമെന്ന് പറയുന്ന, 'നൂഹ് നബിയുടെ കപ്പല്‍' ഒരു പ്രതീകമായി ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. കവിതയുടെയും കഥയുടെയും ഇടയിലൂടെ കയറിയിറങ്ങുന്ന ഒരു കഥാഖ്യാനമാണ് ' ഒരു മത്സ്യത്തിന്റെ ആത്മഹത്യയുടെ കഥ'.
വീടും കുഞ്ഞുങ്ങളുടെ കാര്യങ്ങളും ഭര്‍ത്താവിന്റെ ബ്രഷില്‍ ടൂത്തപേസ്റ്റ് തേച്ചു തരുന്നത് വരെ ചെയ്യുന്ന, വീടിന്റെ നെടും തൂണ്‍ ആയ ഒരു സ്ത്രീ പൊടുന്നനെ ഈ ഭൂമിയില്‍ നിന്നും അപ്രത്യക്ഷമാകുമ്പോള്‍, ഒരു പുരുഷന്‍ നേരിടുന്ന ഭയാനകമായ ഒരു സ്വത്വ പ്രതിസന്ധിയുണ്ട്. എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം എന്നറിയാതെ സ്വയമേവ തട്ടി വീഴുന്ന ഭീകരതയെ 'ഭൂപടം നഷ്ടമാവുമ്പോള്‍' എന്ന കഥയില്‍ മനോഹരമായി പറഞ്ഞു വെച്ചിരിക്കുന്നു റഹീമ.
സങ്കീര്‍ണ്ണമായ ജിവിത സാഹചര്യങ്ങളിലൂടെ സാമൂഹിക കുടുംബ വ്യവസ്ഥാപിത ചട്ടക്കൂടില്‍ ഒതുങ്ങി പോവേണ്ടിവരുന്ന സ്ത്രീകളുടെ അന്ഗ്‌നിപര്‍വ്വതം പോലെയുള്ള മൗനത്തെ, നിസ്സഹായതയെ അനാവരണം ചെയ്യുന്ന രണ്ട് കഥകളാണ്, ' ഈസയുടെ അറവുകോഴികള്‍, ഒരൊറ്റ രാത്രി കൊണ്ട് ' എന്നീ കഥകള്‍; ഉയിര്‍ത്തെഴുന്നേല്‍പിന്റെ വേറിട്ടൊരു സന്ദേശം നല്‍കിക്കൊണ്ടാണ് കഥാകാരി ഇത് അവസാനിപ്പിക്കുന്നത്.
ഭാഷയിലും ശൈലിയിലും വ്യത്യസ്തത പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട് ഇതിലെ മിക്ക കഥകളിലും. വായനക്കാരെ കഥകളിലൂടെ അനായാസം മുന്നോട്ടു കൊണ്ടുപോവാനുള്ള കഴിവുണ്ട് കഥാകാരിക്ക് എന്ന് സന്തോഷത്തോടെ പറയട്ടെ. റഹീമയുടെ പ്രഥമ കഥാ സമാഹാരത്തിന് എല്ലാവിധ ആശംസകളും നേരുന്നു. എഴുത്തുകാരിയില്‍ നിന്നും പുതുമയുള്ള, കൂടുതല്‍ മികവുറ്റ രചനകള്‍ ഉണ്ടാവട്ടെ.
(പുസ്തകത്തിന് സഹീറാ തങ്ങള്‍ എഴുതിയ അവതാരിക).
ബുക് പ്ലസ് പബ്ലിഷേഴ്‌സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.