Quantcast
MediaOne Logo

ഡോ. എസ്. ഗോപു

Published: 14 Sep 2024 8:34 AM GMT

പ്രണയത്തിന്റെ രുധിരസിന്ദൂരം കൊണ്ടെഴുതിയ കവിത

പറുദീസയില്‍ നിന്നു പുറത്താക്കപ്പെട്ട മനുഷ്യന്റെ കാമനയുടെ കരുത്തും സൗന്ദര്യവും കവിതയുടെ ഞരമ്പുകളില്‍ പ്രണയമായ് ഒഴുകുന്നു - റാഷിദ നസ്രിയ യുടെ 'ഉടലുരുകുന്നതിന്റെ മണം' കവിതാ പുസ്തകത്തിന്റെ വായന.

റാഷിദയുടെ കവിതകള്‍
X

സമകാല മലയാളകവിതയിലെ പെണ്മ വേറിട്ട അനുഭവതലത്തെ രൂപപ്പെടുത്തുന്നുണ്ട്. കവിതയെഴുതുന്ന സ്ത്രീകള്‍ പുതുകവിതയെ അപരിചിതമായ ഭാഷയിലേക്കും ഭാവത്തിലേക്കും വഴി നടത്തുന്നു. പുരുഷന്‍ കണ്ടും കേട്ടുമറിഞ്ഞ സ്ത്രീലോകത്തില്‍ നിന്നു ഭിന്നമായ പെണ്ണനുഭവത്തിന്റെ പ്രതലം കവിതയുടെ ആണുടലിനെ അപനിര്‍മിക്കുന്നു. കുംടുബം, മതം തുടങ്ങിയ സാമൂഹിക സ്ഥാപനങ്ങളെയും പ്രണയം, ദാമ്പത്യം, സൗഹൃദം മുതലായ ബന്ധരൂപങ്ങളെയും വിശ്വാസവും രതിയുമുള്‍പ്പെടുന്ന സ്വകാര്യതകളെയും പുനര്‍നിര്‍വചിക്കാനുള്ള തീവ്രയത്‌നം പെണ്‍കവിതകളില്‍ കാണാം. ഭാവുകത്വപരിണാമത്തിന്റെ സംഘര്‍ഷങ്ങള്‍ പേറുന്ന നവകാലം സജീവമായി ചര്‍ച്ച ചെയ്യുന്ന ലിംഗസമത്വത്തിന്റെയും ഭിന്നലൈംഗികതയുടെയും രാഷ്ട്രീയം ഈ കവിതകളുടെ അടിയടരായി വര്‍ത്തിക്കുന്നു. എഴുത്തിനൊപ്പം ജീവിതത്തിലും സ്വാതന്ത്ര്യത്തിന്റെ പുതുവഴിയില്‍ സഞ്ചരിക്കുന്ന കവയത്രികള്‍ കവിതയെ ജീവിതംതന്നെയായി അടയാളപ്പെടുത്തുന്നു. റാഷിദയുടെ 'ഉടലുരുകുന്നതിന്റെ മണം' എന്ന കവിതാസമാഹാരം മലയാളത്തിലെ പുതുകവിത സഞ്ചരിക്കുന്ന പെണ്‍വഴികളെ പ്രതിനിധാനം ചെയ്യുന്ന പുസ്തകമാണ്.

പ്രണയമതം

റാഷിദയുടെ കവിതകളുടെ മതം പ്രണയമാണ്. സ്വയം മുറിപ്പെടുമ്പോഴും കൈവിടാന്‍ മടിക്കാത്ത വിശ്വാസമായ്, ഉള്ളുപൊള്ളുന്ന വാക്കിടറിയ പ്രാര്‍ഥനയായ്, മൗനം കൊണ്ട് അടയാളപ്പെട്ട നോവായ്, പ്രതീക്ഷയുടെ അതിരില്‍ പൂവിട്ട ചെടിയിലെ ഒറ്റമലര്‍ വസന്തമായ്, ഏകാകിയുടെ ആകാശത്തിലെ ദൈവനക്ഷത്രമായ്, അങ്ങനെ പലതായ് പ്രണയം കവിതയുടെ ശരീരത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.

സ്‌നേഹമെന്ന

പറുദീസയിലെത്തുമ്പോള്‍

ഞാന്‍ നിര്‍ഭയയാവുന്നു.

പ്രപഞ്ചം മുഴുവന്‍

നിറഞ്ഞിരിക്കുന്നവള്‍

ഞാനെന്നു തോന്നുന്നു.

മറ്റെന്താണ്

പ്രണയത്തിലായിരിക്കുന്നതിന്റെ

ലക്ഷണം. (നിത്യത)


പറുദീസയില്‍ നിന്നു പുറത്താക്കപ്പെട്ട മനുഷ്യന്റെ കാമനയുടെ കരുത്തും സൗന്ദര്യവും കവിതയുടെ ഞരമ്പുകളില്‍ പ്രണയമായ് ഒഴുകുന്നു. അരുതുകളും അതിരുകളുമില്ലാത്ത പ്രണയമതത്തിന്റെ ജലസ്പര്‍ശത്താല്‍ കവിത കൂടുതല്‍ ആര്‍ദ്രമാകുന്നു. പുതിയ കൈവഴികള്‍ പിറക്കുന്നു.

അതേ

ഞാന്‍ പൂര്‍ണ്ണമാവുന്നത്

നിന്നോടുള്ള സ്‌നേഹത്തിലാണ്.

അകം നിറയുന്നു,

സ്‌നേഹം കരകവിഞ്ഞൊഴുകുന്നു. (കേള്‍വി)

വെളിച്ചംവറ്റിപ്പെരുകിയ ഇരുണ്ട വിഷാദത്തെ ഉന്മാദത്തിന്റെ വജ്രപ്രകാശം കൊണ്ട് മറികടക്കാനുള്ള ശ്രമം കൂടിയാണ് പ്രണയത്തില്‍ സംഭവിക്കുന്നതെന്ന് കവയത്രി വിശ്വസിക്കുന്നു. പ്രണയോന്മാദത്തെ അതിജീവനത്തിന്റെ രസതന്ത്രമാക്കി മാറ്റുന്നതിലെ സര്‍ഗാത്മകാനന്ദം നിരവധി കവിതകളില്‍ കണ്ടെടുക്കാം.

നീ നെറ്റിയില്‍ ചുംബിച്ചതിന്റെ ഓര്‍മ

എന്നെ വീണ്ടും ഉന്മാദത്തിലാക്കുന്നു.

ഞാനെപ്പോഴും

നീയെന്ന ഉന്മാദത്തിന്റെ

കൊടുമുടിയില്‍

തന്നെയാണല്ലോ.

മറ്റെവിടെയാണെനിക്കൊരു

കൈത്താങ്ങുള്ളത്? (നീയെന്ന (ഞാനെന്ന) ഉന്മാദം)

പ്രണയത്തില്‍ അടിമുടി ആഴ്ന്നു നില്‍ക്കുമ്പോഴും പ്രണയാനുഭവം സുഖദമായ ഒന്നാകുന്നില്ല. ചേര്‍ത്തുപിടിക്കുമ്പോഴും അകന്നുപോകുന്ന, ഒന്നാകാന്‍ ശ്രമിക്കുമ്പോഴും രണ്ടായി തുടരുന്ന, ഒരേ സമയം സന്തോഷവും വേദനയുമായിരിക്കുന്ന, മധുരിക്കുമ്പോഴും ചവര്‍പ്പു കലരുന്ന, സ്‌നേഹിക്കുമ്പോഴും വെറുക്കുന്ന സങ്കീര്‍ണ്ണവൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ആത്മനിര്‍വൃതിയാണത്.

അല്ലെങ്കിലും നേടലല്ല/തേടലാണ് പ്രണയം. (അകന്നകന്ന്) എന്ന പ്രണയാദര്‍ശ പ്രഖ്യാപനം, പ്രണയമണം, പ്രേമത്തിന്റെ നാനാര്‍ഥം, ദൂരം, കേള്‍വി, വിഷാദം, യാത്ര, തേടല്‍ തുടങ്ങി നിരവധി കവിതകളുടെ ആന്തരികസത്തയായി വര്‍ത്തിക്കുന്നു.


| 'ഉടലുരുകുന്നതിന്റെ മണം' - കേരള സാഹിത്യ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ എഴുത്തുകരാന്‍ ബെന്യാമിന്‍ പ്രകാശനം നിര്‍വഹിക്കുന്നു.

അവനവള്‍

അവന്‍-അവള്‍/നീ-ഞാന്‍ എന്നീ ദ്വന്ദ്വങ്ങള്‍ക്കിടയില്‍ നടക്കുന്ന-നടന്ന വ്യവഹാരങ്ങളുടെ സംവാദാത്മകമായ വിലയിരുത്തലുകളാണ് നല്ലൊരു പങ്ക് കവിതകള്‍. സ്ത്രീകേന്ദ്രിതമായി നിര്‍വഹിക്കപ്പെടുന്ന ആലോചനകളുടെ സ്വരൂപമാണ് ഇവയുടേത്. ഓര്‍മ, പ്രാര്‍ഥന, കള്ളം, യാത്ര, ദൂരം, ഭ്രാന്ത് തുടങ്ങിയ ഘടകങ്ങള്‍ ഇത്തരം കവിതകളില്‍ ആവര്‍ത്തിക്കുന്നത് കാണാം. ഓര്‍മകളധികവും കഴിഞ്ഞുപോയ പ്രണയകാലത്തിന്റെ പില്‍ക്കാല കാഴ്ചയാണ്. അതിജീവനത്തിനുള്ള ഇന്ധനമാകാനും വിഷാദത്തിന്റെ സന്ധ്യകളില്‍ വെളിച്ചമാകാനും ഉന്മാദത്തിന്റെ രാത്രികളിലെ മദനിലാവാകാനും കഴിയുന്ന പ്രണയകാലത്തിന്റെ ശേഷിപ്പുകള്‍.

നിലാവു പെയ്യുന്ന

നഗരത്തെ

പരസ്പരം നഗ്‌നരായ്

ഒരുമിച്ച് നോക്കിയിരുന്നതിന്റെ

ഓര്‍മ. (അവന്‍)

പ്രാര്‍ഥനകള്‍ പ്രണയാര്‍ഥനകളാണ്. വിരഹത്തില്‍ നിന്നുള്ള മോചനത്തെക്കുറിച്ചുള്ള സ്വപ്നവും ഒരിക്കലും അവസാനിക്കാത്ത സംഗമങ്ങളെക്കുറിച്ചുള്ള നിനവും കിനാവും കാത്തിരിപ്പിന്റെ വേപഥുക്കളും നിറഞ്ഞ യാചനകളാണവ. പ്രാര്‍ഥനകള്‍ കേള്‍ക്കുന്ന ഒരുവന്‍ അപ്പുറത്തുണ്ട്. ഈശ്വരനും കാമുകനുമായ അയാള്‍ നല്ല കേള്‍വിക്കാരനായി നിലനില്‍ക്കുന്നു എന്നതാണ് അവളുടെ പ്രണയത്തെ സാര്‍ഥകമാക്കുന്നത്. അവനോടുള്ള പരിഭവവും പരാതിയും ഭ്രമവും കാമവും ഇഴചേര്‍ന്ന തേടലുകളാണ് പ്രാര്‍ഥനകള്‍.


ഞാനിപ്പോള്‍

നിന്നെക്കുറിച്ചുള്ള

ഓര്‍മകളില്‍ നിന്ന്

മോചനം കിട്ടരുതേ

എന്നൊരു പ്രാര്‍ഥനയില്‍ മാത്രം. (നില്‍പ്പ്)

എന്നാല്‍, പ്രാര്‍ഥനകളെല്ലാം വിഫലമാകുന്ന വിധം പ്രണയയാത്രകള്‍ ദൂരമേറി, ലക്ഷ്യത്തിലെത്താനാവാതെ തുടരുന്നു. അവനിലേക്കുള്ള യാത്രകള്‍, അവനോടൊപ്പമുള്ള യാത്രകള്‍, അവനില്‍ നിന്നുള്ള യാത്രകള്‍, അവളിലേക്കുള്ള അവന്റെ യാത്രകള്‍ എന്നിങ്ങനെ പലതായി പിരിയുന്നുണ്ട് സഞ്ചാരങ്ങള്‍.

എത്ര കാലമെടുക്കും

ഇനിയും നീ എന്നിലേക്ക്

നടന്നു വരാന്‍...?

ഞാന്‍ നിന്നിലേക്ക്

സഞ്ചരിച്ച

ദൂര.....മത്രയും. (ദൂരം)

പ്രണയബോധ്യങ്ങളിലെ യാഥാര്‍ഥ്യത്തിനും അയാഥാര്‍ഥ്യത്തിനുമിടയിലുള്ള ദൂരസങ്കല്‍പം റാഷിദയുടെ കവിതകളിലാകെ നീണ്ടുകിടക്കുന്നുണ്ട്. ഏറുകയും കുറയുകയും ചെയ്യുന്ന ഈ ദൂരത്തിന്റെ മാനകങ്ങള്‍ പലതാണ്. എനിക്കിനിയും/ ഒരുപാടു ദൂരം/സഞ്ചരിക്കാനുണ്ട്. (അവന്‍), ഒരിക്കലും എത്തിപ്പെടാത്ത ദൂരത്തേക്കാണ് പ്രണയിനികളുടെ പ്രയാണം. (അകന്നകന്ന്), എനിക്കും നിനക്കുമിടയില്‍ ഒരിക്കലും/എത്തിപ്പെടാന്‍ പറ്റാത്തത്ര ദൂ....രം. (കടലിനെ പുണരുന്ന ആകാശം), ഒരിക്കലും എത്തിപ്പെടാത്തത്ര ദൂരം/എനിക്കും/നിനക്കും/ഇടയില്‍ (തേടല്‍), എത്ര ദൂരം/എതിരെ സഞ്ചരിച്ചാലും/നാം

പരസ്പരം അകലുന്നില്ലല്ലോ,/അല്ലേ? (ആ പൂമണം ഏതായിരുന്നു), വിരലില്‍ വിരല്‍ കോര്‍ത്തു സഞ്ചരിച്ച ദൂരദൂരങ്ങള്‍ക്കു ശേഷം... (പാലത്തിനപ്പുറവും ഇപ്പുറവും) ഇങ്ങനെ ആവര്‍ത്തിക്കുന്ന പ്രണയദൂരങ്ങള്‍ക്കിടയില്‍ നാട്ടിയ ദിശാഫലകങ്ങളാണ് കവിതയെ വഴി നടത്തുന്നത്.

പരസ്പരം അറിയുമ്പോഴും നുണയില്‍ പൊതിഞ്ഞെടുത്ത സത്യമാണ് തങ്ങളുടെ പ്രണയമെന്ന് തിരിച്ചറിയുന്ന നിമിഷങ്ങള്‍ അവള്‍ക്കും അയാള്‍ക്കുമിടയില്‍ സംഭവിക്കുന്നുണ്ട്.

അയാള്‍ക്ക് ചെമ്പകത്തിന്റെ മണമാണെന്ന് അവളും

അവള്‍ക്ക് പാലപ്പൂവിന്റെ മണമെന്ന് അയാളും

കള്ളം പറയാറുണ്ട്. (പ്രണയമണം)

ഈ കള്ളം വിരക്തിയായും വിയോജിപ്പായും വൈരുധ്യമായും കവിതയില്‍ വേരൂന്നി നില്‍ക്കുന്നു. അടുപ്പം അകലമായും ഇഷ്ടം അനിഷ്ടമായും ഞൊടിയിടകൊണ്ട് പരിണമിക്കുന്നു.

അവര്‍ ഒരേ സമയം

പരസ്പരം ഓടിയടുക്കാനും ഓടി മറയാനും

ആഗ്രഹിച്ചു.

അത്രമേല്‍ ഇഷ്ടത്തോടെ...

അത്രമേല്‍ ഖേദത്തോടെ... (പ്രേമത്തിന്റെ നാനാര്‍ഥം)

അനിശ്ചിതത്വത്തിന്റെ സംഘര്‍ഷവും വ്യവസ്ഥാരഹിതമായ ആത്മബന്ധത്തിന്റെ ജൈവികതയും ആനന്ദസഹിതമായ ദുഃഖവും വ്യഥയുടെ നിഴല്‍വീണ ഉന്മാദവും പ്രണയഘടനയെ വ്യതിരിക്തമാക്കുമ്പോള്‍, അവനും അവള്‍ക്കുമിടയിലെ ഒളിയും മറയില്ലാത്ത കള്ളങ്ങള്‍ പ്രണയത്തെ സത്യസന്ധമാക്കുകയും ചെയ്യുന്നു.

വിഷാദിയുടെ ആത്മഭാഷണങ്ങള്‍

വൈയക്തികമായ വിഷാദത്തില്‍ നിന്ന് മുളപൊട്ടിയവയാണ് ഈ സമാഹാരത്തിലെ നല്ലൊരു പങ്ക് കവിതകള്‍. എന്റെ ശരീരം/ ദാ ഇപ്പോള്‍/വിഷാദത്തിന്റെ ശവപ്പെട്ടിയില്‍/നീണ്ടുനിവര്‍ന്നു കിടക്കുന്നു (വിഷാദം) എന്നെഴുതുന്ന കവയത്രി തന്നിലെ വിഷാദത്തിന്റെ അടിയടരില്‍ അസ്വാതന്ത്ര്യത്തിന്റെ ശേഷിപ്പുകള്‍ കണ്ടെടുക്കുന്നു.

കൂടുകളില്‍ ശ്വസിക്കാന്‍/വയ്യാത്ത/പക്ഷിയാണ് ഞാന്‍ (പാലത്തിനപ്പുറവും ഇപ്പുറവും) എന്ന സ്വയംബോധ്യമാണ് അവളെ അതിജീവനത്തിലേക്ക് നയിക്കുന്നത്. പെണ്മയുടെ കരുത്തിനെ, കരുതലിനെ വിഷാദങ്ങള്‍ക്കു ബദലായ ഉണ്മയുടെ സാധ്യതയായി റാഷിദയുടെ കവിത അടയാളപ്പെടുത്തുന്നു.

അതേ!

എന്റെറ പെണ്ണുങ്ങളാണ്

എന്നെ

ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. ആകാശത്തു പറക്കുന്ന

പട്ടങ്ങളിലേക്ക്

അവരെന്നെയും പറത്തുന്നു. (എന്റെ പെണ്ണുങ്ങള്‍)

പെണ്‍കൂട്ടിനെക്കുറിച്ചുള്ള ധാരണകളെ സ്വവര്‍ഗാനുരാഗത്തിന്റെ ലളിതയുക്തികള്‍ക്കപ്പുറം നിന്ന് കവിത പരിചരിക്കുന്നു.

വൈയക്തിക വിഷാദം സാമൂഹികമായ മാനങ്ങളിലേക്ക് വികസിക്കുന്ന അപൂര്‍വ സന്ദര്‍ഭങ്ങളുമുണ്ട്. അപ്പോള്‍ ദുര്‍ബലമെങ്കിലും പ്രസക്തമായ തോന്നലുകളും ചോദ്യങ്ങളും ഉരുവമെടുക്കുന്നു.

നിങ്ങളിലെ

യേശുവും ബുദ്ധനും നബിയുമൊക്കെ

പരിണാമത്തിനിടയില്‍

സംഭവിച്ച തെറ്റാണ്. (മനുഷുനെക്കുറിച്ച്)

മനുഷ്യനിലടങ്ങിയ ഹിംസ, സ്വാര്‍ഥത, പക, അസൂയ, അധികാരത്തിന്റെ പ്രച്ഛന്നമായ ക്രൗര്യം തുടങ്ങിയവയെല്ലാം വിമര്‍ശന വിധേയമാകുന്നു. സത്യപ്പുല്ല്, ഭയം, വഴി, അധികാരം തുടങ്ങിയ കവിതകള്‍ ഈ നിലയില്‍ സാമൂഹിക-രാഷ്ട്രീയ വിശകലന സാധ്യത തുറന്നിടുന്നു.

റാഷിദയുടെ കവിതകള്‍ പ്രണയിച്ച് മതിവരാത്തവളുടെ വിഷാദസങ്കലിതമായ ആത്മഭാഷണങ്ങളാണ്. അതില്‍ പുതുകാലം ഉയര്‍ത്തിപ്പിടിക്കുന്ന ലിംഗനീതിയുടെ രാഷ്ട്രീയവും സ്ത്രീ-പുരുഷ ബന്ധത്തെ സംബന്ധിക്കുന്ന നവധാരണകളും ഇടകലരുന്നുണ്ട്. പ്രണയത്തെ സ്ത്രീയുടെ പക്ഷത്തുനിന്ന് വൈകാരികമായി പുനര്‍നിര്‍മിക്കാനുള്ള ശ്രമമാണ് ഈ സമാഹാരത്തിലെ കവിതകളെ വ്യത്യസ്തമാക്കുന്നത്.

ഡി.സി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

TAGS :