പുതുവൈപ്പിലെ തവളകള്‍
പ്രണയം, പ്രതികാരം, ലാഭേച്ഛ. ഇത് മൂന്നും ആവാസവ്യവസ്ഥയിലെ പ്രമേയങ്ങളാണ്. ആരോടെന്നോ എന്തിനെന്നോ ഇല്ലാത്ത കണക്ക് തീര്‍ക്കലാണ് പ്രതികാരം. പക മൂത്തവന്‍ താന്‍ തനിക്ക് തന്നെ വരുത്തുന്ന നഷ്ടങ്ങളെപ്പറ്റി ചിന്തിക്കാറില്ല.
അമ്പരപ്പിക്കുന്ന വൈവിധ്യമാണ് നാം മനുഷ്യര്‍ കൂടി ഉള്‍പ്പെടുന്ന ഇക്കോളജിക്ക്. ദല്‍ഹി യൂനിവേഴ്സിറ്റിയിലെ ആംഫിബിയന്‍ ഡിപാര്‍ട്മെന്റ് തലവന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ ആദ്യം തന്നെ പറയുന്നത് മിസ്റ്റിസെലസ് ജോയി എന്ന ഒരു പ്രത്യേക ഇനം തവളയെക്കുറിച്ചാണ്.
ഫ്രാങ്കീസ് നേരോ-മൗത്ഡ് ഫ്രോഗ് എന്നും മിസ്റ്റീരിയസ് നേരോ-മൗത്ഡ് ഫ്രോഗ് എന്നും പേരുള്ള മിസ്റ്റിസെലസ് ഫ്രാങ്കി എന്ന തവള, മിസ്റ്റിസെലസ് എന്ന ജീനസിലെ മോണോടൈപിക് സ്പീഷീസാണ്. ഈ ജീനസ് തന്നെ മൈക്രോഹൈലിഡെ കുടുംബത്തില്‍ മൈക്രോഹൈലിനെ ഉപകുടുംബത്തിലെ മോണോടൈപിക് ജീനസുമാണ്. പശ്ചിമഘട്ടത്തില്‍, വയനാട് ജില്ലയില്‍ മാത്രം കണ്ടുവരുന്ന ജന്തുവാണിത്. അല്‍പമെങ്കിലും അടുത്ത ബന്ധുത്വം ഇതിനുള്ളത് തെക്കുകിഴക്കന്‍ ഏഷ്യയില്‍ പൊതുവായി കണ്ടുവരാറുള്ള, ഇതേ ഉപകുടുംബത്തില്‍പ്പെട്ട മൈക്രിലെറ്റ ജീനസില്‍പ്പെട്ട തവളകളുമായാണ്.
കുളത്തൂപ്പുഴ തവള എന്ന മെര്‍കുറാന മെറിസ്റ്റിക്കയെക്കുറിച്ചും പറയുന്നുണ്ട് ഡോ. സെബാസ്റ്റ്യന്‍ പോള്‍. ലോകത്ത് കുളത്തൂപ്പുഴയില്‍ മാത്രം കണ്ടുവരുന്ന മെറിസ്റ്റിക്ക ചെടികളില്‍ മുട്ടയിടുന്നു. ആ മുട്ടകള്‍ തിന്നാന്‍ തെങ്കാശിയില്‍ നിന്ന് വരെ പാമ്പുകള്‍ വരാറുണ്ടത്രേ. എന്നിട്ടോ, ആ പാമ്പിന്റെ മുട്ടകള്‍ ഭക്ഷിക്കാന്‍ സൈബീരിയയില്‍ നിന്ന് വരെ കിളികളും വരും.
ഇതിനാകട്ടെ, മലബാറില്‍ കാണപ്പെടാറുള്ള ഫങ്ഗോയിഡ് തവളകളുമായി (fungoid frogs) നല്ല രൂപസാദൃശ്യമുണ്ട്. എന്നാല്‍, ഹൈഡ്രോഫിലാസ് മലബാറിക്കസ് എന്ന് ബൈനോമിയല്‍ ആയി അറിയപ്പെടുന്ന ഫങ്‌ഗോയിഡ് ഫ്രോഗിന്റെ ഫാമിലി വേറെയാണ്.
മണവാട്ടിത്തവള എന്ന് ഞങ്ങളൊക്കെ വിളിക്കാറുള്ള ഫങ്ഗോയിഡ് തവളയുടെ കരച്ചിലാണ് ഇതെഴുതുന്നയാളിന്റെ ചെറുപ്പകാല ഓര്‍മയിലെ മഴക്കാലത്തിന്റെ പശ്ചാത്തല സംഗീതം. മിനുപ്പാര്‍ന്ന മൊസൈക്, സെറാമിക്, മാര്‍ബിള്‍ ടൈലുകളൊക്കെ വരുന്നതിന് മുമ്പ് വീടുകള്‍ക്കകത്ത് അധികാരത്തോടെ സഞ്ചരിച്ചിരുന്ന ജീവിയായിരുന്നു മണവാട്ടിത്തവള. എത്ര പുറത്താക്കിയാലും വീണ്ടും കയറിവരും. ഇപ്പോള്‍ ഇതിനെ പൊതുവെ കാണാറില്ല. സവിശേഷതയാര്‍ന്ന ആ കരച്ചില്‍-മറ്റ് തവളകളുടെ പേക്രോം കരച്ചിലില്‍ നിന്ന് തികച്ചും വ്യത്യസ്തമാണത്- ഇപ്പോഴും കാതിലുണ്ട്. കുളത്തൂപ്പുഴ തവള എന്ന മെര്‍കുറാന മെറിസ്റ്റിക്കയെക്കുറിച്ചും പറയുന്നുണ്ട് ഡോ. സെബാസ്റ്റ്യന്‍ പോള്‍. ലോകത്ത് കുളത്തൂപ്പുഴയില്‍ മാത്രം കണ്ടുവരുന്ന മെറിസ്റ്റിക്ക ചെടികളില്‍ മുട്ടയിടുന്നു. ആ മുട്ടകള്‍ തിന്നാന്‍ തെങ്കാശിയില്‍ നിന്ന് വരെ പാമ്പുകള്‍ വരാറുണ്ടത്രേ. എന്നിട്ടോ, ആ പാമ്പിന്റെ മുട്ടകള്‍ ഭക്ഷിക്കാന്‍ സൈബീരിയയില്‍ നിന്ന് വരെ കിളികളും വരും.
കൃഷന്ദിന്റെ ആവാസവ്യൂഹം; The Arbit Documentation of an Amphibian Hunt എന്ന സിനിമയില്‍ വേറെയും സ്ഥല, ജല ജന്തുക്കള്‍ കഥാപാത്രങ്ങളാകുന്നുണ്ട്. ആഫ്രിക്കന്‍ ഭീമന്‍ ഒച്ച് മുതല്‍ ഊരാമ്പാമ്പ് എന്ന് നാട്ടുകാര്‍ വിളിക്കുന്ന ഇന്ത്യന്‍ മോട്ട്ല്‍ഡ് ഈല്‍, ഇന്‍ഡോ-പസിഫിക് ഹംപ്ബാക് ഡോള്‍ഫിന്‍ തുടങ്ങി ഒട്ടേറെ ജന്തുക്കള്‍ വരെ. ഭൂമിയുടെ അവകാശികള്‍.
അങ്ങനെ വരുമ്പോള്‍ കേരളത്തിന്റെ പ്രഥമ, പ്രധാന അവകാശികള്‍ തവളകളാകുന്നു. പല ശബ്ദത്തില്‍ കരയുന്ന പലയിനം തവളകള്‍. കരച്ചില്‍ എന്ന് നമ്മള്‍ തെറ്റായി വായിക്കുകയാണ്. അവ ഇണകളെ വിളിക്കുകയാണ്. എന്നുവെച്ചാല്‍ പ്രണയമാണ് തവളയുടെ ശബ്ദത്തില്‍ തുളുമ്പി നില്‍ക്കുന്നത്.
** ** ***
തിയറ്ററില്‍ ആവാസവ്യൂഹം കണ്ടപ്പോള്‍, തികച്ചും പുതിയൊരു പരീക്ഷണം എന്ന നിലക്ക് ആദരവ് തോന്നിയിരുന്നെങ്കിലും പാളിപ്പോയ പരീക്ഷണമായാണ് അന്നേരം അതനുഭവപ്പെട്ടത്. പ്രത്യേകിച്ചും അരോചകവും കാതടപ്പിക്കുന്നതുമായ ശബ്ദവിന്യാസം.
പടം ഒ.ടി.ടിയില്‍ റിലീസ് ചെയ്തപ്പോള്‍ വീണ്ടും കണ്ടു. ഒരുപക്ഷേ ആദ്യം കാണുമ്പോഴുള്ള എന്റെ മനോനിലയുടെയോ തിയറ്ററിന്റെയോ കുഴപ്പമായിരുന്നിരിക്കണം. രണ്ടാമത്തെ കാഴ്ചയില്‍ അത് ഏറെ ആകര്‍ഷകമായിത്തീര്‍ന്നു. അനിവാര്യമായ പ്രമേയം, പ്രസക്തമായ പരീക്ഷണം. മനോഹരമായ ആവിഷ്‌കാരവും. കൊച്ചിയിലെ ചെറുദ്വീപായ പുതുവൈപ്പ്, അതീവലോലമായ അതിന്റെ ആവാസവ്യവസ്ഥ, വിദൂരദേശത്ത് നിന്ന് വരുന്ന പക്ഷികളുടെ, കണ്ടല്‍ക്കാടുകളിലേക്കുള്ള കുടിയേറ്റങ്ങള്‍, മത്സ്യത്തൊഴിലാളികളുടെ ജീവിതം, പാരിസ്ഥിതിക സന്തുലനത്തിനും ആവാസവ്യവസ്ഥക്കും മനുഷ്യജീവിതത്തിനും വന്‍ അപകടം വരുത്തിവെക്കാന്‍ പോകുന്ന പെട്രോളിയം കമ്പനികള്‍ എന്നീ പശ്ചാത്തലങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നു. ജോയി എന്ന മുഖ്യകഥാപാത്രത്തിന്റെ മെറ്റമോര്‍ഫസിസിന് ഈ പശ്ചാത്തലങ്ങള്‍ എത്രത്തോളം നിമിത്തമായിത്തീര്‍ന്നിട്ടുണ്ടാവാം? അവ്യക്തമായ ദൃശ്യങ്ങളില്‍ ഭീമാകാരനായ ഒരു മിസ്റ്റിസെലസ് ജോയിയായി, ജോയി നമ്മുടെ മുന്നില്‍ നില്‍ക്കുകയായിരുന്നോ?
തവളയായിത്തീര്‍ന്ന മനുഷ്യനായിരുന്നോ അതോ മനുഷ്യനായി ജീവിച്ച തവളയായിരുന്നോ ജോയി?
** ** ***
തവളയെ പ്രണയിച്ച രാജകുമാരിയുടെ കഥകള്‍ നാം ധാരാളം കേട്ടിട്ടുണ്ട്. ശാപം നിമിത്തമോ മന്ത്രവാദിനിയുടെ കുടിലത നിമിത്തമോ തവളയായി മാറിയ രാജകുമാരന്മാരും ഏറെയുണ്ടാകാം ഗ്രിമ്മിലും ഈസോപ്പിലും പഞ്ചതന്ത്രത്തിലുമൊക്കെയായി.
ഒരു തവളമനുഷ്യനെ ഇതെഴുതുന്നയാള്‍ അഭ്രപാളിയില്‍ കണ്ടത്, 2017ലാണ്. മെക്സിക്കന്‍ ഫിലിം മെയ്കര്‍ ഗിയെര്‍മോ ദെല്‍ തോറോയുടെ (Guillermo del Toro) The Shape of Water എന്ന ഇംഗ്ലീഷ് സിനിമ. ആ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമായ ചിത്രം. ഹ്യൂമനോയ്ഡ് ആംഫിബിയന്‍ എന്ന് വിളിക്കാവുന്ന നായകനൊപ്പം ഒരു നിശ്ശബ്ദരാജകുമാരി. ബ്യൂട്ടി ആന്‍ഡ് ബീസ്റ്റ് ഫേബ്ള്‍ എന്ന് വിശേഷിപ്പിക്കാവുന്ന നാടോടിക്കഥയുടെ ഗൂഢവും ഗാഢവുമായ ദൃശ്യാവിഷ്‌കാരം. അതീന്ദ്രിയമായ ഒരു ഇന്ദ്രിയാനുഭവമായിരുന്നു അത്. ഒരു ഗോഥിക് റൊമാന്‍സ്.
ആമസോണിലെ കായലില്‍ നിന്ന് പിടികൂടപ്പെട്ട് ബാള്‍ട്ടിമോറിലെ ഒരു ടോപ്-സീക്രട്ട് ഗവണ്‍മെന്റ് ലബോറട്ടറിയിലെത്തിയതാണ്, ക്രറ്റേഷ്യസ്-ജുറാസിക് യുഗത്തിലെ ഭീമന്‍ ഉരഗത്തിന്റെ ചിറകും ചെതുമ്പലും സാലമാന്‍ഡറിന്റെത് പോലുള്ള വിരലുകളും അംഗുലചര്‍മവും (web) മൊത്തത്തില്‍ മനുഷ്യന്റെ ശരീരവുമുള്ള ഉഭയജീവി. ജലത്തില്‍ നിന്ന് കണ്ടെടുക്കപ്പെട്ട അനാഥയായിരുന്നു എലീസ എസ്പോസിറ്റോ എന്ന നായികയും. ഊമയായ അവള്‍ സൈന്‍ ലാങ്ഗ്വേജിലൂടെ ആശയവിനിമയം നടത്തുന്നു. അയല്‍വാസിയായ ഗൈല്‍സ് എന്ന സ്വവര്‍ഗാനുരാഗിയും സെല്‍ഡ ദലീല എന്ന സഹപ്രവര്‍ത്തകയുമാണ് അവള്‍ക്കാകെയുള്ള സൗഹൃദങ്ങള്‍. ഒറ്റപ്പെട്ടവര്‍ തന്നെ അവരും. നിഷ്‌ക്രിയനും നിര്‍വികാരനുമാണ് സെല്‍ഡയുടെ ഭര്‍ത്താവ്. ഗൈല്‍സ് ആകട്ടെ, തന്റെ സൃഷ്ടികള്‍ക്ക് ഇടം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ട ചിത്രകാരന്‍. ബാള്‍ട്ടിമോര്‍ ലാബില്‍ തൂപ്പു ജോലിക്കാരാണ് എലീസയും സെല്‍ഡയും.
A Fairytale for Troubled Times എന്ന് ഒരു ഉപശീര്‍ഷകം നല്‍കിയിട്ടുണ്ട് ദെല്‍ തോറോ തന്റെ സിനിമക്ക്. അദ്ദേഹത്തിന്റെ മുന്‍ ചിത്രം പാന്‍സ് ലാബിറിന്തും ഒരു യക്ഷിക്കഥ പോലെയാണ് അവതരിപ്പിക്കപ്പെട്ടത്. അതിലെ ഒഫീലിയ വായിക്കുന്ന കഥ പോലെ ചില വോയ്സ് ഓവറുകള്‍ ഇതിലുമുണ്ട്.
നീതിമാനായ രാജകുമാരന്റെ ഭരണത്തിലെ അവസാനനാളുകള്‍, ശബ്ദമില്ലാത്ത രാജകുമാരി, എല്ലാം നശിപ്പിക്കാനൊരുങ്ങുന്നൊരു രാക്ഷസനും...
** ** ***
പച്ച നിറത്തിന് ഷെയ്പ് ഒഫ് വാട്ടറില്‍ പ്രാധാന്യമുണ്ട്. ഏതാണ്ടെല്ലാ ഫ്രെയിമുകളും പച്ച ഫില്‍ട്ടറില്‍ കാണുന്നു. ഗൈല്‍സ് കഴിക്കുന്ന പൈകള്‍ പോലും പച്ച നിറത്തിലാണ്. ഭാവിയുടെ നിറമാണ് പച്ച.
ആവാസവ്യൂഹത്തില്‍ ഉപയോഗിച്ചത് കൂടുതലും ഡാര്‍ക് ഫ്രെയിമുകളാണ്. അരികുകള്‍ കൃത്യമായി വെട്ടിയൊപ്പിച്ചിട്ടില്ലാത്ത, വിഷ്ണു പ്രഭാകറിന്റെ ഫ്രെയിമുകള്‍ പ്രമേയത്തോട് ചേര്‍ന്നുനില്‍ക്കുന്നു. ഒരു ചിലന്തിക്ക് സാധാരണം (നോര്‍മല്‍) ആയി അനുഭവപ്പെടുന്നത് ഈച്ചക്ക് കയോസ് ആയിരിക്കും എന്ന് മോര്‍ട്ടിഷ്യ ആദംസിന്റെ (ഇതെഴുതുന്നയാളിന്റെ അറിവില്‍ ചാള്‍സ് ആദംസ് എന്ന കാര്‍ട്ടൂണിസ്റ്റിന്റെ ഭാവനാകഥാപാത്രമാണ് മോര്‍ട്ടിഷ്യ) ഉദ്ധരണിയിലാണല്ലോ സിനിമ തുടങ്ങുന്നത് തന്നെ. രാകേഷ് ചേറുമാടം ദൃശ്യങ്ങളെ സന്നിവേശിപ്പിച്ചിരിക്കുന്നു. പാകവും കൃത്യവുമായ പശ്ചാത്തലസംഗീതവും (അജ്മല്‍ ഹസ്ബുല്ല).
ആയിരത്തിത്തൊള്ളായിരത്തി അറുപതുകള്‍ കാലമായി വരുന്ന ഒരു കോള്‍ഡ്വാര്‍ നോയര്‍ ആണ് ഷെയ്പ് ഒഫ് വാട്ടര്‍. അതേസമയം ആവാസവ്യൂഹം ഒരു എകോളജിക്കല്‍ നോയര്‍ ആണ്. ഏറ്റവും പുതിയ കാലമാണ് അതിന്റെ പശ്ചാത്തലം. പശ്ചിമഘട്ടത്തിന്റെ തകര്‍ച്ചയും പാരിസ്ഥിതികമായ കൈയേറ്റങ്ങളും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഏറ്റുമുട്ടലുമെല്ലാമാണ് അതിന്റെ പ്രമേയം. ത്രില്ലര്‍ സിനിമയുടെ മൂഡ് രണ്ടിനുമുണ്ട്.
ദ് ഷെയ്പ് ഒഫ് വാട്ടര്‍ പുറത്തിറങ്ങുന്നതോടൊപ്പം തന്നെ അതേ പേരില്‍ ഗിയെര്‍മോ ദെല്‍ തോറോയും ഡാനിയല്‍ ക്രോസും ചേര്‍ന്ന് എഴുതിയ അതിന്റെ നോവല്‍ രൂപവും പുറത്തു വന്നു. ഈ സിനിമയുടെ നിര്‍മാണത്തെക്കുറിച്ചും മനോഹരമായ ഒരു പുസ്തകം പ്രസിദ്ധീകൃതമായിട്ടുണ്ട്. ഗിന മക്കിന്‍ടൈര്‍ (Gina McIntyre) തയ്യാറാക്കിയ Guillermo del Toro's The Shape of Water: Creating a Fairy Tale for Troubled Times. ഒരു ആംഫിബിയന്‍ മനുഷ്യനിലേക്കുള്ള, ഡഗ് ജോണ്‍സ് എന്ന നടന്റെ സിനിമാറ്റിക്കായ പരിണാമത്തെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് ആ പുസ്തകം.
ശീതയുദ്ധക്കാലത്തെ അമേരിക്കയുടെ ആന്റി-സോവിയറ്റ് പാരനോയിയയുടെ ആവേശത്തിനിടയിലേക്കാണ് അമസോണിലെ വിചിത്രജീവി വന്നുപെടുന്നത്. കിടമത്സരത്തില്‍, ബഹിരാകാശ പര്യവേഷണ രംഗത്ത് സോവിയറ്റ് യൂനിയനെക്കാള്‍ താഴ്ന്ന് നില്‍ക്കുന്ന അമേരിക്ക, അതിനെ മറികടക്കാന്‍ ഈ ജീവിയെ ഉപാധിയാക്കാനാണ് ശ്രമിക്കുന്നത്. മറുഭാഗത്ത് സോവിയറ്റ് യൂനിയന്‍ അതിനെ തകര്‍ക്കാനും. 'ഞങ്ങള്‍ക്ക് പഠിക്കണം എന്നൊന്നുമില്ല, അമേരിക്ക പഠിക്കാതിരുന്നാല്‍ മതി' എന്ന് സോവിയറ്റ് സംഘത്തിന്റെ മേധാവി പറയുന്നുമുണ്ട്.
ശീതയുദ്ധക്കാലത്തെ മൂന്നാം ലോകരാജ്യങ്ങളുടെ അവസ്ഥയെ ചക്ഷുഃശ്രവണഗളസ്ഥമാം ദര്‍ദ്ദുരം എന്ന് വിശേഷിപ്പിച്ചത് എന്‍.വി കൃഷ്ണവാര്യരാണ്. ഒരു ദര്‍ദ്ദുരം അതിലും കടന്നുവന്നു എന്നത് യാദൃഛികമെങ്കിലും രസകരം തന്നെ. ദെല്‍ തോറോയുടെ മാനുഷനികാശന മണ്ഡൂകം ആ അര്‍ത്ഥത്തില്‍ അന്നത്തെ ലോകത്തെത്തന്നെ, പ്രത്യേകിച്ചും മൂന്നാം ലോകത്തെ ചേരിചേരാ രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്നുണ്ട്. ഒപ്പം അതിന് പുനരുജ്ജീവനവും ഓജസ്സും നല്‍കുന്ന എലീസയുടെ പ്രണയവും സംഗീതവുമാണ് ചിത്രത്തിന്റെ മുഖ്യപ്രമേയവും.
** ** ***
കൃഷന്ദിന്റെ ആവാസവ്യൂഹം ഉഗ്രമായ ലാഭക്കൊതിയെയും പ്രകൃതിക്കെതിരായ ഭ്രാന്തമായ കൈയേറ്റത്തെയും ഡോക്യുമെന്റ് ചെയ്യുന്നു. പ്രണയം ഇതിലും പ്രധാന പ്രമേയമാണ്. എലീസ പ്രണയത്തിലകപ്പെടുന്നത് ശരിക്കും ഒരു തവളമനുഷ്യനുമായാണെങ്കില്‍ അഴീക്കോട്ടെ ലിസി പ്രണയിച്ചത് പൂര്‍ണമനുഷ്യനെത്തന്നെയായിരുന്നു. ജോയിയുടെ വിപരിണാമപ്രക്രിയ ആരംഭിച്ചിട്ടില്ലായിരുന്നു അപ്പോള്‍. സിനിമയുടെ അവസാനം വരെ അവള്‍ ജോയിയെത്തേടി അലയുന്നുണ്ട്.
മാവോയിസ്റ്റ് കൊച്ചുരാമനൊപ്പം ജയിലിലായ ജോയിയെത്തേടി മൂന്നു കൂട്ടര്‍ എത്തുന്നു. ലിസിയും പിതാവും ഒരുഭാഗത്ത്. മറ്റൊരു ഭാഗത്ത് മുരളിയും പ്ലാങ്കും. മൂന്നാമത്തെത് സുശീലന്‍ വാവയാണ്. അപ്രത്യക്ഷനായ കാമുകനെത്തേടിയാണ് ലിസി വരുന്നത്. മുരളിയാകട്ടെ, തന്റേ ചേട്ടന്റെ മരണത്തിന് പകരം ചോദിക്കാനെത്തുന്നു. വാവയെ അസ്വസ്ഥനാക്കുന്നത് മുടങ്ങിപ്പോയ കച്ചവടവും.
മൂന്നും മൂന്ന് വികാരങ്ങളാണ്. പ്രണയം, പ്രതികാരം, ലാഭേച്ഛ. ഇത് മൂന്നും ആവാസവ്യവസ്ഥയുടെ പ്രമേയങ്ങളുമാണ്. ആരോടെന്നോ എന്തിനെന്നോ ഇല്ലാത്ത കണക്ക് തീര്‍ക്കലാണ് പ്രതികാരം. പക മൂത്തവന്‍ താന്‍ തനിക്ക് തന്നെ വരുത്തുന്ന നഷ്ടങ്ങളെപ്പറ്റി ചിന്തിക്കാറില്ല. ഏറ്റവും സരസമായും വിനയത്തോടെയും സംസാരിക്കുന്ന സുശീലന്‍ വാവയാണ് ലാഭക്കൊതിയുടെ അടയാളമായി വരുന്നത്. മൂലധനവ്യവസ്ഥയില്‍ ലാഭവും വികസനവും തനിക്ക്, അല്ലെങ്കില്‍ താനടങ്ങുന്ന വിഭാഗത്തിന് ലഭിക്കുന്ന താത്കാലിക നേട്ടങ്ങള്‍ മാത്രമാകുന്നു. മറ്റ് മനുഷ്യരോ വരും കാലമോ ഒരു ലാഭേച്ഛുവിനെ അസ്വസ്ഥനാക്കുന്നില്ല. ജോയി വിളിച്ചാല്‍ മീനുകള്‍ വരുമെന്നറിഞ്ഞതോടെ വല്ലാത്തൊരാസക്തിയില്‍ വീണ്ടും വീണ്ടും വിളിക്കാന്‍ ആവശ്യപ്പെടുകയാണ് അയാള്‍. താന്‍ വിളിക്കുമ്പോള്‍ വരുന്ന മീനുകളെ വലയിലാക്കി താനവയെ വഞ്ചിക്കുകയല്ലേ ചെയ്യുന്നത് എന്ന മനസ്താപം ജോയിക്ക്.
ഇത്തരം എല്ലാ ചിന്തകള്‍ക്കും വാവ കണ്ടെത്തുന്ന ഒരേയൊരുത്തരം, സാരമില്ല, നമുക്ക് ലാഭം കിട്ടുന്നുണ്ടല്ലോ എന്നതാണ്. ലാഭം കേന്ദ്രമായി വരുമ്പോഴാണ് പ്രകൃതിയുടെയെന്നല്ല ജീവിതത്തിന്റെ തന്നെ താളവും സന്തുലനവും തെറ്റുന്നത്.
ലോകത്തിലെ ബയോഡൈവേഴ്സിറ്റിയുടെ പത്ത് ഹോട്ടസ്റ്റ് ഹോട്സ്പോട്ടുകളില്‍ ഒന്നാണ് പശ്ചിമഘട്ടം അഥവാ വെസ്റ്റേണ്‍ ഘാട്സ് എന്നറിയപ്പെടുന്ന മലനിരകള്‍. ലോക പാരമ്പര്യങ്ങളിലൊന്നായി യുനെസ്‌കോ അടയാളപ്പെടുത്തിയ ഇടം. ഇന്ത്യയിലെ സസ്യജന്തുജാലങ്ങളില്‍ വലിയൊരു ഭാഗം പശ്ചിമഘട്ട നിരകളില്‍ വസിക്കുന്നുണ്ട്. അവയില്‍ പലതും ഇവിടങ്ങളില്‍ മാത്രം കാണപ്പെടുന്നതുമാണ്. ഹിമാലയത്തെക്കാള്‍ പഴക്കമുള്ള മലനിരകളായി ഭൂശാസ്ത്രപഠനങ്ങളില്‍ വെസ്റ്റേണ്‍ ഘാട്സ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. മുപ്പത്തൊമ്പത് വേള്‍ഡ് ഹെറിറ്റേജ് സൈറ്റുകളുള്ള പശ്ചിമഘട്ടമലനിരകള്‍ ഇന്ത്യയുടെ തന്നെ ഋതുപ്പകര്‍ച്ചകളെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നു. വേനലിന്റെ അവസാനത്തില്‍ തെക്കുപടിഞ്ഞാറ് നിന്ന് വീശിയടിക്കുന്ന മണ്‍സൂണ്‍ മഴക്കാറ്റുകളെ തടഞ്ഞുനിര്‍ത്തിയും മഴമേഘങ്ങളെ പരിരക്ഷിച്ചും കേരളത്തിലെ കാലാവസ്ഥാ സന്തുലിതത്വത്തെയും വര്‍ഷത്തെയും നിലനിര്‍ത്തുന്നതും ഈ മലനിരകളാണ്. ഏതാണ്ട് പതിനായിരത്തോളം സ്പീഷീസുകളിലായി സസ്യജാലങ്ങളും ജന്തുലോകത്ത് നൂറ്റി നാല്‍പതോളം സസ്തനിജാതികള്‍, അഞ്ഞൂറില്‍പ്പരം ഇനങ്ങളിലായി പക്ഷികള്‍, രണ്ടേകാല്‍ ശതം ഉരഗജാതികള്‍, ഒന്നേമുക്കാല്‍ ശതം ഉഭയജീവികള്‍ എന്നിവയുമായി അതിവിപുലമായ ജീവശൃംഖല. പുറമെ കൃമികീടങ്ങളും മറ്റുമായി ആറായിരത്തോളം സ്പീഷീസുകള്‍ വേറെയും.
അതേസമയം റെഡ് ഡേറ്റാ ബുക്കില്‍ ഇടം പിടിച്ചതും അല്ലാത്തതുമായി ഏതാണ്ട് മൂന്നര ശതം ജീവജാതികളും വംശനാശഭിഷണി നേരിടുന്നു. അവയില്‍ സസ്യങ്ങളും ജന്തുക്കളുമുണ്ട്. പശ്ചിമഘട്ടത്തില്‍ മാത്രം കണ്ടുവരുന്ന സ്പീഷീസുകളാണ് അതില്‍ കൂടുതലും. എന്നാല്‍, ഈ മലനിരകളുടെ തന്നെ നിലനില്‍പ് അപകടാവസ്ഥയിലാണ് ഇന്ന്. വ്യാപകമായ വനനശീകരണവും വേട്ടയാടലും തന്നെ പ്രധാന കാരണം. കൊമ്പുകള്‍ക്കും തോലിനും വേണ്ടി ആനകളെയും പുലികളെയും നിയമവിരുദ്ധമായി വേട്ടയാടുക പോലും ചെയ്യുന്നു. കൃഷിക്കും വ്യവസായങ്ങള്‍ക്കും വേണ്ടി വനപ്രദേശങ്ങള്‍ നശിപ്പിക്കുകയും മരങ്ങള്‍ മുറിക്കുകയും ക്വാറികള്‍ക്കും മറ്റും വേണ്ടി അമിതമായി കുന്നിടിക്കുകയും ചെയ്യുന്നു.
തവളയുടെയും തുമ്പിയുടെയും പൂമ്പാറ്റയുടെയും ജീവിതചക്രം എത്രമേല്‍ മനോഹരമാണ്! എന്നാല്‍, അതില്‍ നിന്നുള്ള പാഠങ്ങള്‍ നാം പകര്‍ത്തുന്ന രീതി എത്രത്തോളം മാരകവും!
പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുന്ന തദ്ദേശീയ ഗോത്രസമൂഹത്തിന്റെ ജീവിതത്തിനും സ്വത്വത്തിനും മേല്‍ നടത്തുന്ന കൈയേറ്റവും കുടിയൊഴിപ്പിക്കലുകളും വേറെയും. മനുഷ്യര്‍ ഉള്‍പ്പെടെയുള്ള ജീവജാലത്തിന്റെ അതിജീവനത്തിനും അനുകൂലനത്തിനുമായി നിലകൊള്ളുന്ന, ജൈവവൈവിധ്യസമ്പന്നമായ പശ്ചിമഘട്ടത്തെ ഭരണകൂടങ്ങളുടെ ഒത്താശയോടെ കോര്‍പറേറ്റുകള്‍ ലാഭം കൊയ്യാനുള്ള ഇടമാക്കി മാറ്റി. പശ്ചിമഘട്ട സംരക്ഷണത്തിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മാധവ് ഗാഡ്ഗിലിന്റെയും കസ്തൂരിരംഗന്റെയുമൊക്കെ റിപ്പോട്ടുകള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ തന്നെ ശീതീകരിക്കുകയും ചെയ്തു.
പ്രകൃതിയുമായി ബന്ധപ്പെട്ട ശക്തമായ അവബോധം സൃഷ്ടിക്കുന്നതില്‍ ആവാസവ്യൂഹം എന്ന സിനിമ വിജയിക്കുന്നുണ്ട്. മനുഷ്യജീവിതത്തെ അത് വന്യതയുമായി ബന്ധിപ്പിക്കുന്നു. ഒരു പ്രകൃതിമനുഷ്യനാണ് ജോയി. എവിടെ നിന്നോ വന്നുചേര്‍ന്നവന്‍. ഊരും പേരും ജാതിയും മതവുമില്ലാത്തവന്‍. അതുകൊണ്ടു തന്നെ മദമോ മത്സരമോ ഇല്ലാത്തവന്‍. അങ്ങനെ, ചിലര്‍ക്കയാള്‍ തമിഴ് പുലിയും ശ്രീലങ്കന്‍ തീവ്രവാദിയുമായി, മറ്റുചിലര്‍ക്ക് മാവോയിസ്റ്റുമായി. തീരെക്കുറച്ച് മാത്രം സംസാരിക്കുന്ന അയാളുടെ വര്‍ത്തമാനങ്ങളില്‍, പക്ഷേ, തത്വചിന്തയുണ്ട്.
** ** ***
കരയിലുള്ളതെല്ലാം കടലിലുമുണ്ട്. പക്ഷേ, കരയില്‍ തിമിംഗലമില്ല, കടലില്‍ മനുഷ്യരും. തിമിംഗലം പോലെ വലിയ ഒരു ജന്തുവിനെ ഉള്‍ക്കൊള്ളാന്‍ കരക്ക് പറ്റില്ല. എന്നാല്‍, കടല്‍ അത്രമേല്‍ വിശാലമാണ്. കരയില്‍ കാണുന്നതിനെക്കാള്‍ വൈവിധ്യമുണ്ട് കടലിലെ ജീവിതത്തിന്.
അതേസമയം കരയില്‍ നിന്നുകൊണ്ട് കടലിലും വിഷം കലര്‍ത്താന്‍ മനുഷ്യന് സാധിക്കും എന്ന അറിവ് വന്യതയില്‍ നിലകൊള്ളുന്ന ജോയിക്ക് ഉണ്ടായിരുന്നില്ല.
** ** ***
ഷെയ്പ് ഓഫ് വാട്ടറിലെ എലീസ (സാലി ഹോക്കിന്‍സിന്റെ അതിഗംഭീര പ്രകടനം) ഓരോ ദിവസവും മറിച്ചുവെക്കുന്ന കലണ്ടര്‍ താളുകളുടെ മറുപുറത്തെഴുതിവെച്ച ചില വാക്യങ്ങളുണ്ട്.
കഥയുടെ ആദ്യത്തില്‍ നാം ഒരു വാക്യം ഇങ്ങനെ വായിക്കുന്നു:
'Time is but a river flowing from our past'
കഥയുടെ അവസാനത്തില്‍, ജലജന്തുവിനെ കനാല്‍ വഴി രക്ഷപ്പെടുത്താന്‍ നിശ്ചയിച്ച ദിവസം അതിങ്ങനെയും കാണാം:
'Life is but the shipwreck of our plans'.
കാലമെന്നാല്‍ നമ്മുടെ ഭൂതകാലത്തില്‍ നിന്നൊഴുകിയെത്തുന്നൊരു നദിയല്ലാതൊന്നുമല്ല. ജീവിതമാകട്ടെ, നമ്മുടെ കണക്കുകൂട്ടലുകളുടെ കൂട്ടത്തകര്‍ച്ചയും (കപ്പല്‍ഛേദം, യാനഭംഗം).
ജോയിയുടെയും (രാഹുല്‍ രാജഗോപാല്‍) ലിസിയുടെയും (നിലീന്‍ സാന്ദ്ര) കുറുക്കന്‍ സജീവന്റെയും (സനൂപ് പടവീടന്‍) മുരളിയുടെയും (ശ്രീനാഥ് ബാബു) വാവയുടെയും (ഷിന്‍സ് ഷാന്‍) ഒടുക്കം മധുസ്മിതയുടെയും (ഗീതി സംഗീത) പൊലീസ് കോണ്‍സ്റ്റബിളിന്റെയും (ശ്രീജിത് ബാബു) ഒക്കെ ജീവിതം മുന്നോട്ടു പോകവെത്തന്നെ ആവാസവ്യൂഹം പെട്ടെന്ന്, എന്നാല്‍ ഇടക്കിടെ നെരേറ്റീവ്, എക്സ്പൊസിറ്ററി ഡോക്യുമെന്ററിയുടെ രൂപം പ്രാപിക്കുന്നു. ഡോ. സെബാസ്റ്റ്യന്‍ പോളോ മറ്റാരെങ്കിലുമോ കടന്നുവരുന്നു. റെനോയ് സ്‌കറിയ ജോസിന്റെ സംഭാവനകളോടെ കൃഷന്ദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. പ്രധാന അഭിനേതാക്കളില്‍ ഷാനും സംഗീതയുമൊഴിച്ചാല്‍ മറ്റാരെയും ഇതിന് മുമ്പ് സ്‌ക്രീനില്‍ കണ്ടുപരിചയം പോലുമില്ല. എന്നാല്‍, മികച്ച പ്രകടനമാണ് ചെറുതും വലുതുമായ റോളുകളില്‍ വന്ന എല്ലാവരും കാഴ്ചവെച്ചിരിക്കുന്നത്.
ഒന്നില്‍ നിന്ന് നാലും പിന്നെയതില്‍ നിന്നുള്ള പതിനാറിന്റെയും പതിനാറില്‍ നിന്നുള്ള അറുപത്തിനാലിന്റെയും പിന്നെയാ ശൃംഖലയില്‍, അവസാനിക്കാത്ത കണ്ണികളെല്ലാത്തിന്റെയും അംശവും ലാഭവും ഒക്കെയായി പെരുകുന്ന ലാഭക്കണക്ക് കേട്ട് സുശിലന്‍ വാവ അന്തം വിട്ടു നില്‍ക്കുമ്പോള്‍ പെട്ടെന്ന് കടന്നുവരുന്ന നെരേഷന്‍ ഡ്രാഗണ്‍ ഫ്ലൈയുടെ ജീവിതചക്രത്തെക്കുറിച്ചുള്ളതാണ്. ഭൂമിയുടെ കച്ചവടത്തിന്റെ കാലം കഴിയുമ്പോഴേക്കും സൈബര്‍ സ്പേസില്‍ സ്ഥലം വാങ്ങിക്കുന്നതിനെക്കുറിച്ച സങ്കല്‍പം, ഡൊമെയ്ന്‍, സെര്‍വര്‍ അങ്ങനെയങ്ങോട്ട് പോകുകയാണ് പുതിയ നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് സങ്കല്‍പം.
തവളയുടെയും തുമ്പിയുടെയും പൂമ്പാറ്റയുടെയും ജീവിതചക്രം എത്രമേല്‍ മനോഹരമാണ്! എന്നാല്‍, അതില്‍ നിന്നുള്ള പാഠങ്ങള്‍ നാം പകര്‍ത്തുന്ന രീതി എത്രത്തോളം മാരകവും!
അതാകട്ടെ, ഈ ജീവികളെത്തന്നെ അപ്രത്യക്ഷവുമാക്കുന്നു. ചിങ്ങമാസത്തോടെ കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് വന്ന് ഇവിടെ മുട്ടയിട്ട ശേഷം മാല്‍ദീവ്സിലേക്ക് പറക്കുന്ന, ഒടുക്കം ആഫ്രിക്കയില്‍ അവസാനകാലം ചെലവഴിക്കുന്ന, നമ്മുടെ കണക്കില്‍ അഞ്ച് മാസത്തെ ജീവിതം ജീവിക്കുന്ന, ഗ്ലോബ് സ്‌കിമ്മര്‍ ഡ്രാഗന്‍ ഫ്ലൈ എന്ന ഓണത്തുമ്പികള്‍ ഇപ്പോഴെവിടെയാണ്?
ഇങ്ങനെയെത്രയെത്ര ചോദ്യങ്ങളാണെന്നോ കൃഷന്ദിന്റെ ആര്‍ബിറ്റ് ഡോക്യുമെന്റി ഒഫ് ആന്‍ ആംഫിബിയന്‍ ഹണ്ട് എന്ന ആവാസവ്യൂഹം മുന്നോട്ടുവെക്കുന്നത്. ഏത് ജോനറിലും പെടുത്താം ഈ സിനിമ. പ്രത്യക്ഷത്തില്‍ ഒരു ഡോക്യുമെന്ററി ഫിക്ഷന്‍. എന്നാല്‍, ചിലപ്പോള്‍ അത് ഫാന്റസിയും മിസ്റ്ററിയുമായി അനുഭവപ്പെടും. ചിലപ്പോള്‍ ഹൊറര്‍ ആയി. ഇനിയും ചില നേരങ്ങളില്‍ ചെറു നര്‍മങ്ങളായി ഒരു കോമഡി സിനിമ പോലെയും. മറ്റൊരു ഭാഗത്ത് ഇതൊരു പാരിസ്ഥിതിക സിനിമയായിരിക്കുന്നതോടൊപ്പം തന്നെ ഒരു ഫെമിനിസ്റ്റ് സിനിമയുമാണ്. ടോക്സിക് മസ്‌കുലിനിറ്റി എന്ന് ഇക്കാലത്ത് വ്യവഹരിക്കാറുള്ള 'ആണത്ത'ത്തിന്റെ പ്രകടനമാണ് ജോയിയുടെ മട്ടും ഭാവവും എന്ന് പ്രത്യക്ഷത്തില്‍ തോന്നും. അതേസമയം, തന്റെ ആ പ്രകൃതത്തോട് അയാള്‍ക്ക് തന്നെയുള്ള വിയോജിപ്പാണ് സിനിമയെ പുരുഷകേന്ദ്രിതവ്യവസ്ഥയോടുള്ള കലാപമാക്കി മാറ്റുന്നത്. സ്ഥാപിത പുരുഷാധിപത്യത്തോടുള്ള വിയോജിപ്പാണ് ജോയിയുടെ ജീവിതം. വന്യമായ കരുത്തിനൊപ്പം ആര്‍ദ്രതയുടെയും ദയയുടെയും ഭാവം എപ്പോഴും നിലനിര്‍ത്തുന്ന കഥാപാത്രമാണയാള്‍. തന്റെ കര്‍തൃത്വത്തെപ്പറ്റി തികഞ്ഞ ബോധ്യമുള്ള കഥാപാത്രമാണ് ലിസി. വിഷലിപ്ത പുരുഷത്വത്തിന് കീഴൊതുങ്ങാത്ത ജോയിയില്‍ അവള്‍ തന്റെ പ്രണയ കാമനകളുടെ സാക്ഷാത്കാരം കണ്ടെത്തുന്നതും അസ്വാഭാവികമല്ല. ഒട്ടൊക്കെ മാമൂലുകള്‍ക്കൊപ്പം യാന്ത്രികമായി സഞ്ചരിക്കുന്ന മധുസ്മിതയില്‍പ്പോലും ചില നേരങ്ങളില്‍ കലാപത്തിന്റെ പ്രകടനങ്ങള്‍ കാണാം. ഒപ്പം ഒരു പ്രോലിറ്റേറിയന്‍ ചലച്ചിത്രവുമാണിത്. കലാകാരന്റെ പ്രതിബദ്ധതയും ആവിഷ്‌കാരത്തിലെ വിശ്വാസ്യതയും ഒപ്പം ഒരു കലാരൂപം എന്ന നിലക്ക് സിനിമ എന്ന മാധ്യമത്തിന്റെ സത്യസന്ധതയും ഒത്തുചേരുമ്പോള്‍, ആവാസവ്യൂഹം എന്ന വിസ്മയം ജനിക്കുന്നു.
** ** ***
നമ്മുടെ ജീവിതത്തില്‍ തീര്‍ത്തും നോര്‍മലൈസ് ചെയ്യപ്പെട്ട, നാം അപകടകരമാം വിധം പൊരുത്തപ്പെട്ടുപോയ, എന്നാല്‍, ഒരിക്കലും നികത്താനാവാത്ത നഷ്ടങ്ങളെച്ചൊല്ലി വേദനിക്കാനും ഈ ഭൂമിയില്‍ ജീവനും ജീവിതവും നിലനിര്‍ത്തുന്നതില്‍ ഇനിയെങ്കിലും ജാഗ്രതപ്പെടാനും അവസരം തരുന്നുണ്ട് ആവാസവ്യൂഹം. തികച്ചും ബോധപൂര്‍വമായും വ്യവസ്ഥാപിതമായും വൈകാരികഷണ്ഡീകരണത്തിന് വിധേയരാക്കപ്പെട്ട ജനതയാണല്ലോ നാം. ചിരിച്ചു കൊണ്ടു മാത്രം സംസാരിക്കുന്ന സുശീലന്‍ വാവയും യാഥാര്‍ഥ്യത്തിന് നേര്‍വിപരീതമായ ആഖ്യാനം നല്‍കുന്ന കോണ്‍സ്റ്റബിളും സമ്പ്രദായത്തിന്റെ കാപട്യങ്ങളെ അടയാളപ്പെടുത്തുന്നു.
കമ്പോളത്തില്‍ എളുപ്പം വിറ്റഴിക്കാവുന്ന ഒരു ചരക്ക് ഉത്പാദിപ്പിക്കുകയല്ല കൃഷന്ദ് ചെയ്യുന്നത്. പൂര്‍ണമായും ഒരു ഇന്‍ഡിപെന്‍ഡന്‍ഡ് ഫിലിം മെയ്കര്‍ എന്ന നിലക്ക് അദ്ദേഹത്തിന് പ്രതിബദ്ധതയുള്ളത് കലയോടും സമൂഹത്തോടും തന്നെയാണ്. തികച്ചും സ്വതന്ത്രവും മൗലികവുമായ വഴിയിലൂടെ സഞ്ചരിക്കുന്ന അദ്ദേഹം വില്‍പനക്ക് വേണ്ടി യാതൊരു കോംപ്രമൈസിനും തയ്യാറാകുന്നില്ല എന്നത് എടുത്തുപറയേണ്ട ഒരു കാര്യമാണ്.
സത്യത്തില്‍ ആവാസവ്യൂഹത്തെപ്പറ്റി എന്തെങ്കിലുമൊന്ന് എഴുതുക എന്നത് തന്നെ ഒട്ടും അയത്നലളിതമോ ക്ഷിപ്രസാധ്യമോ അല്ല. കാലം ആവശ്യപ്പെടുന്ന പ്രമേയം, കല ആവശ്യപ്പെടുന്ന ആവിഷ്‌കാരവും.
നമ്മുടെ ജീവിതത്തില്‍ തീര്‍ത്തും നോര്‍മലൈസ് ചെയ്യപ്പെട്ട, നാം അപകടകരമാം വിധം പൊരുത്തപ്പെട്ടുപോയ, എന്നാല്‍, ഒരിക്കലും നികത്താനാവാത്ത നഷ്ടങ്ങളെച്ചൊല്ലി വേദനിക്കാനും ഈ ഭൂമിയില്‍ ജീവനും ജീവിതവും നിലനിര്‍ത്തുന്നതില്‍ ഇനിയെങ്കിലും ജാഗ്രതപ്പെടാനും അവസരം തരുന്നുണ്ട് ആവാസവ്യൂഹം.
കൃഷന്ദ് ആര്‍.കെ