അടിച്ചമര്‍ത്തപ്പെട്ടവരുടെ ആവിഷ്‌കാരവുമായി ബ്രെറ്റ് ബെയ്‌ലിയും നിക്കോസെനാത്തിയും
രാഷ്ട്രീയ ജാഗ്രതയുള്ള നാടക പ്രവര്‍ത്തകനാണ് താനെന്ന് ബ്രെറ്റ് ബെയ്‌ലി പ്രതികരിക്കുന്നു. രാഷ്ട്രീയ ഉള്ളടക്കംകൊണ്ട് ശ്രദ്ധേയമായ സാംസണ്‍ എന്ന നാടകത്തിന്റെ സംവിധായകനാണ് ബ്രെറ്റ് ബെയ്‌ലി. ദക്ഷിണാഫ്രിക്കയില്‍ ഇപ്പോഴും വര്‍ണവെറി നിലനില്‍ക്കുന്നുവെന്ന് സാംസണിലെ അണിയറ പ്രവര്‍ത്തകന്‍ നിക്കോസെനാത്തി സാക്ഷ്യപ്പെടുത്തുന്നു. അപരവത്കരണവും, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയവുമാണ് സംഗീതത്തിന്റെയും നൃത്തത്തിന്റെയും പശ്ചാത്തലത്തില്‍ 'സാംസണ്‍' പറയുന്നത്. അത് ഒരര്‍ഥത്തില്‍ ദക്ഷിണാഫ്രിക്കന്‍ രാഷ്ട്രീയം കൂടിയാണ്. | Itfok2023
ബ്രെറ്റ് ബെയ്‌ലി
ഇന്ത്യന്‍ നാടകവേദിയെ കുറിച്ച് എനിക്ക് കാര്യമായി അറിയില്ല. പക്ഷേ, ആഫ്രിക്കക്ക് താല്‍പര്യം പടിഞ്ഞാറന്‍ നാടക സംസ്‌കാരവും പാരമ്പര്യവുമാണ്. തനത് കലയും സംഗീതവും അതുകൊണ്ടുതന്നെ പിന്തള്ളപ്പെടുന്നു. പക്ഷേ, ഞങ്ങള്‍ ആഫ്രിക്കന്‍ പാരമ്പര്യത്തെയും യൂറോപ്യന്‍ പാരമ്പര്യത്തെയും സമന്വയിപ്പിക്കാറുണ്ട്. അതില്‍ ചിലപ്പോള്‍ ഇന്ത്യന്‍ സംസ്‌കാരത്തെയും ചേര്‍ത്തുവെച്ചു എന്ന് വരാം. 30 കൊല്ലം മുമ്പ് ഞാന്‍ ഇന്ത്യയില്‍ വന്നിരുന്നു. ജയ്പ്പൂര്‍, വാരാണസി, ദല്‍ഹി എന്നിവിടങ്ങളിലൊക്കെ ഞാന്‍ കറങ്ങി. അവിടങ്ങളിലെ പല ക്ഷേത്രങ്ങളിലും ഞാന്‍ പോയി. ഇന്ത്യന്‍ സംസ്‌കാരം എന്നെ സ്വാധീനിച്ചിട്ടുണ്ട്.
വിവിധ സംസ്‌കാരങ്ങള്‍ സമന്വയിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്കിടയില്‍ ഭിന്നതയില്ല. തീവ്രതയുമില്ല. ശുദ്ധ ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ എന്നിങ്ങനെ നിങ്ങളുടെ നാട്ടില്‍ തീവ്ര ചിന്തകളുണ്ടല്ലൊ? അതൊന്നും ഞങ്ങളെ തൊട്ടുതീണ്ടിയിട്ടില്ല. കോളനിവാഴ്ച അടിച്ചമര്‍ത്തലിന്റേതാണ്. എതിര്‍ശബ്ദങ്ങളെ അത് അടിച്ചമര്‍ത്തി. അതിന്റെ ബാക്കിപത്രവും അതേ വഴിയിലാണ്. അടിച്ചമര്‍ത്തപ്പെട്ട ശബ്ദങ്ങള്‍ക്കു വേണ്ടിയുള്ള ആവിഷ്‌ക്കാരങ്ങളാണ് എന്റെ നാടകം. ഞാന്‍ രാഷ്ട്രീയ ജാഗ്രതയുള്ള നാടക പ്രവര്‍ത്തകനാണ്. രാഷ്ട്രീയ ജാഗ്രത എന്നു പറഞ്ഞാല്‍ കലാംശത്തെയും മൂല്യത്തെയും പണയം വെക്കുക എന്നതല്ല. വരികള്‍ക്കിടയിലൂടെ രാഷ്ട്രീയം പറയാനാണ് എനിക്കിഷ്ടം. സമൂഹത്തോട് ഞാന്‍ സംവദിക്കുന്നത് തിയറ്ററിലൂടെയാണ്. തീര്‍ച്ചയായും 'സാംസണ്‍ ' രാഷ്ട്രീയ നാടകമാണ്. പക്ഷേ, പച്ചക്കു പറഞ്ഞിട്ടില്ല. പറയുകയുമില്ല. നാടകം മികച്ച കലാരൂപമാണ്. അതിന് ആ മൂല്യവും ഗുണവുമുണ്ടായിരിക്കണം. നാടകത്തെ രാഷ്ട്രീയ പ്രത്യശാസ്ത്രങ്ങള്‍ക്കുവേണ്ടിയോ മറ്റോ ഉപകരണവത്കരിക്കുന്നതിനെ ഞാന്‍ വെറുക്കുന്നു. സംഗീതവും നൃത്തവുമെല്ലാം ഒത്തിണങ്ങിയ മനോഹര കലാരൂപമാകണം നാടകം. പക്ഷേ, ലക്ഷ്യം മറക്കുകയുമരുത്.
ബ്രെറ്റ് ബെയ്‌ലി
വലിയ ഊര്‍ജമുള്ള കഥ ആവിഷ്‌ക്കരിക്കാനാണ് എനിക്ക് ഇഷ്ടം. കഥാസന്ദര്‍ഭമനുസരിച്ച് പശ്ചാത്തല സംഗീതത്തിന് വലിയ ശബ്ദങ്ങള്‍ വേണ്ടിവരും. അത് കൃത്യമായ സന്ദേശമാണ് നല്‍കുക. വലിയ ആഫ്രിക്കന്‍ ഡ്രം ഉപയോഗിക്കുന്നത് അതിനാണ്. ഗോപുരത്തിന് മുകളില്‍ നില്‍ക്കുന്ന കഥാപാത്രവും പ്രകോപിതനാവുന്ന ആളും വലിയ ശബ്ദം പുറപ്പെടുവിക്കണം. മറ്റു ചിലപ്പോള്‍ നിശബ്ദത മതിയാകും. നിറങ്ങളും ശബ്ദങ്ങളുമെല്ലാം ആപേക്ഷികമാണ്. ആശയ വിനിമയത്തിനുള്ള സംവിധായകന്റെ ആയുധങ്ങളാണിവ.
ഒരു മണിക്കൂര്‍ 40 മിനിറ്റ് ദൈര്‍ഘ്യമുള്ള 'സാംസണി' ല്‍ പത്ത് അഭിനേതാക്കളാണുള്ളത്. ആഫ്രിക്കയിലെ പ്രശസ്ത സംഗീതജ്ഞന്‍ ഷെയ്ന്‍ കൂപ്പറാണ് നാടകത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. കോറിയോഗ്രഫി സംവിധാനം ചെയ്തത് അല്‍വിസ് സിബേക്കോയും.
നിക്കോസനാത്തി കൊയ്‌ല
സംഗീതത്തില്‍ ഗവേഷണ വിദ്യാര്‍ഥിയാണ് സംഗീത അധ്യാപകന്‍ കൂടിയായ നിക്കോസനാത്തി കൊയ്‌ല. കൊയ്‌ല തേഡ് വേള്‍ഡ് ബണ്‍ഫൈറ്റില്‍ ചേര്‍ന്നിട്ട് ഒരു വര്‍ഷമേ ആകുന്നുള്ളൂ. ദക്ഷിണാഫ്രിക്കയിലെ സാമൂഹിക, രാഷ്ട്രീയ സ്ഥിതിഗതികളും കറുത്ത വര്‍ഗക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളും കൊയ്‌ല വിവരിക്കുന്നു.
ദക്ഷിണാഫ്രിക്കയില്‍ ഇപ്പോഴും വര്‍ണവെറി ശക്തമാണെന്ന് നിക്കോസനാത്തി കൊയ്‌ല പറയുന്നു. അവിടെ സങ്കര സംസ്‌ക്കാരമാണ്. യൂറോപ്യന്‍ സംസ്‌ക്കാരവുമായി ഇഴച്ചേര്‍ന്ന് നില്‍ക്കുന്നത്. ഒരു കലാകാരന്‍ എന്ന നിലയില്‍ നല്ലതും കെട്ടതുമായ സമ്മിശ്ര അനുഭവങ്ങളാണ് എനിക്കുള്ളത്. എന്റെ നാടും ഭരണകൂടവും ഞങ്ങളെ തിരിഞ്ഞു നോക്കാറില്ല. പ്രോത്സാഹനം കിട്ടാറില്ല. നാടകം ഉള്‍പ്പെടെ സാംസ്‌കാരിക ആവിഷ്‌ക്കാരങ്ങള്‍ക്ക് ഫണ്ട് അനുവദിക്കാറില്ല. മറ്റു കാര്യങ്ങളിലാണ് ഭരണകൂടത്തിന്റെ ശ്രദ്ധ. അതേസമയം സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുകയും ചെയ്യും. ദക്ഷിണാഫ്രിക്കയിലെ കലാസമൂഹം വലിയ വെല്ലുവിളികളാണ് നേരിടുന്നത്. നിലനില്‍പ്പിനായി പോരാടുകയാണ്. ഞങ്ങള്‍ ബദല്‍ മാര്‍ഗങ്ങളാണ് ആരായുന്നത്. സമൂഹത്തില്‍ ചെറിയ വിഭാഗത്തില്‍ നിന്ന് മാത്രമാണ് ഞങ്ങള്‍ക്ക് പിന്തുണ കിട്ടുന്നത്.
ബ്രെറ്റ് ബെയ്‌ലി സംഘാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നു
കലയെയും സംസ്‌ക്കാരത്തെയും പിന്തുണക്കുന്ന നയം സര്‍ക്കാരിനില്ല. സ്‌കൂളുകളില്‍ കലയും സാഹിത്യവും പഠിപ്പിക്കുന്നു പോലുമില്ല. മറ്റു മേഖലകളില്‍ ഫണ്ട് ധാരാളമായി ഉപയോഗിക്കുന്നു. പക്ഷേ, എല്ലായിടത്തും മിസ് മാനേജ്‌മെന്റാണ്. രാജ്യത്ത് ഇപ്പോഴും വര്‍ണവെറിയും വംശീയതയും ശക്തമാണ്. കറുത്തവന്‍, വെളുത്തവന്‍ വേര്‍തിരിവും. ചിലപ്പോള്‍ വെള്ളക്കാരന്റെ മുഖത്തു തന്നെ അത് പ്രകടമാവും. ചിലപ്പോള്‍ മറ്റു പല രൂപത്തിലാവും അനുഭവിക്കേണ്ടി വരിക. വലിയ അസന്തുലിതാവസ്ഥയും അതുല്യതയുമാണ്. രാഷ്ട്രീയവ്യവസ്ഥ തന്നെ അങ്ങിനെയായി.
അതിനിടയിലാണ് കറുത്തവരായ ഞങ്ങള്‍ ഉള്‍പ്പെടുന്ന സംഘം നാടകവും സംഗീതവും ആവിഷ്‌ക്കരിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നത്. അതിനായി പുതിയ ഇടങ്ങള്‍ കണ്ടെത്തേണ്ട ഗതികേടുമുണ്ട്. പക്ഷേ, ഞങ്ങള്‍ കലയിലൂടെ ഇതിനെതിരെ പ്രതികരിക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ ഇതിനെതിരെ പ്രവര്‍ത്തിക്കുകയാണ്. അവരുമായി ചര്‍ച്ചകള്‍ നടത്തിയും സാംസ്‌കാരിക പരിപാടികളിലൂടെയും തുടങ്ങി സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഞങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
നിക്കോസനാത്തി കൊയ്‌ല ലേഖകനോടൊപ്പം