നാക്കിന്‍ തുമ്പത്ത് നൃത്തം വെക്കുന്ന ഉറുദു കവിതകള്‍
നാം കേള്‍ക്കുന്നത് ഫൈസ് അഹ്മദ് ഫൈസിന്റെ വരികളാണെങ്കില്‍, അതിന് ഈണം പകര്‍ന്നത് മെഹ്ദി സഹീര്‍ ആണെങ്കില്‍..! ഉറുദു കവിതളിലൂടെ കവികളിലൂടെയുള്ള ചെറു സഞ്ചാരം.
മരീചിക പോലുമില്ലാത്തൊരു മരുപ്പരപ്പിലൂടെ ഏകാകിയായലയുമ്പോഴാണ്, ഇഖ്ബാല്‍ ബാനോവിന്റെ ശബ്ദമാധുര്യത്തിന്റെ പനിനീര്‍പ്പൂക്കളും മുല്ലപ്പൂക്കളും വിരിഞ്ഞു പരിമളം പരത്തുന്നത്. പ്രണയത്തിന്റെ ഗന്ധമായിരുന്നു മുല്ലപ്പൂക്കള്‍ക്ക്.
Soundscape എന്നൊരു പ്രയോഗമുണ്ട്. Acoustic environment എന്ന് ലളിതമായി വിവര്‍ത്തനം ചെയ്യാം. സാങ്കേതികമായി രണ്ടും തമ്മില്‍ അന്തരമുണ്ട്. സ്‌കെയ്പ് എന്ന പദത്തിന് ദൃശ്യം എന്നര്‍ഥം. പ്രകൃതിദൃശ്യത്തിനാണല്ലോ നാം landscape എന്ന് പറയുക. എന്ന് പറയുമ്പോള്‍, ശബ്ദം ദൃശ്യത കൈവരിക്കുന്ന അവസ്ഥയാണ് സൗണ്ട്‌സ്‌കെയ്പ് എന്നും പറയാം.
സ്വരം എല്ലാ ഇന്ദ്രിയങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന അവസ്ഥയാണ് സംഗീതം. അത് പ്രേയസിയുടെ ആലിംഗനമായി ചര്‍മത്തെ പുണരുന്നു, മുല്ലപ്പൂവിന്റെ സുഗന്ധമായി നാസികയെ ഉത്തേജിപ്പിക്കുന്നു, ചാരുതയാര്‍ന്നൊരു ചിത്രമായി കണ്ണുകളെ ത്രസിപ്പിക്കുന്നു, മാധുര്യമാര്‍ന്ന രസമായി നാക്കിലെ മുകുളങ്ങളെ ഉണര്‍ത്തുന്നു, ഇമ്പമുള്ള ശബ്ദമായി കാതുകളെ തഴുകുന്നു.
ഇഖ്ബാല്‍ ബാനോവിന്റെ സ്വരത്തിന് ഇതെല്ലാം കഴിയും. എന്നിരിക്കെ, നാം കേള്‍ക്കുന്നത് ഫൈസ് അഹ്മദ് ഫൈസിന്റെ വരികളാണെങ്കില്‍, അതിനീണം പകര്‍ന്നത് മെഹ്ദി സഹീര്‍ ആണെങ്കില്‍..!
*********
കവിതയും പാട്ടും രണ്ടല്ല എന്നതാണ് ഉര്‍ദു ഭാഷയുടെ സവിശേഷത. സംസാരം തന്നെ സംഗീതമാവുന്ന വേറെ ഭാഷയുണ്ടോ എന്നറിയില്ല. കവിതയും പാട്ടും രണ്ടല്ലാത്തതു കൊണ്ടു തന്നെ ഉര്‍ദു തീരെ അറിയാത്ത വര്‍ക്ക് പോലും ഫറാസും ഫൈസുമൊക്കെ സുപരിചിതരായിത്തീരുന്നു.
അങ്ങനെ ഉര്‍ദു കവിതകളെല്ലാം ജനകീയമായിത്തീരുന്നു. മിര്‍സാ ഗാലിബിന്റെ എടുത്താല്‍ പൊങ്ങാത്ത വരികള്‍ തെരുവു ഗായകര്‍ തൊട്ട് അരമനയിലെ നര്‍ത്തകികള്‍ വരെ ആലപിക്കുന്നു. മീര്‍ തഖി മീറിന്റെ അന്വേഷണങ്ങളുടെ പൊരുളുകള്‍ മെഹ്ഫിലുകളില്‍ ചുരുളഴിയപ്പെടുന്നു. ഫൈസിന്റെ സൂഫിസവും മാര്‍ക്‌സിസവും ഒരേസമയം ഖാന്‍ഗാഹുകളിലെ ഉന്മാദമായും അവകാശപ്പോരാട്ടങ്ങളില്‍ മുദ്രാവാക്യങ്ങളായും മാറുന്നു. ഇഖ്ബാലിന്റെ ദര്‍ശനങ്ങള്‍ സാധാരണക്കാരുടെ സ്വപ്നങ്ങളായിത്തീരുന്നു. അഹ്മദ് ഫറാസും രഘുപതി സഹായ് എന്ന ഫിറാഖ് ഗോരഖ്പുരിയും സാറാ ശാഗുഫ്തയും ഇശ്‌റത് അഫ്രീനും പര്‍വീന്‍ ശാകിറും കൈഫി ആസ്മിയും ഗണേഷ് ബിഹാരി തര്‍സുമൊക്കെ അക്ഷരാഭ്യാസമില്ലാത്തവരുടെ പോലും നാക്കിന്‍ തുമ്പുകളില്‍ നൃത്തം വെക്കുന്നു.
************
അക്കാദമിക തലത്തില്‍ മാത്രം ഒതുങ്ങിപ്പോയ ഒരവസ്ഥയുണ്ടായിരുന്നു അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്. മറ്റ് ഭാഷകളില്‍ നിന്ന് വ്യത്യസ്തമായി ഉര്‍ദുവില്‍ കവിതകള്‍ ജീവിക്കുന്നത് അക്കാദമികളിലോ ഗ്രന്ഥപ്പുരകളിലോ സാഹിത്യ ചര്‍ച്ചകളിലോ അല്ല, മറിച്ച് സാമാന്യജനത്തിന്റെ ഹൃദയങ്ങളിലും ജിഹ്വകളിലുമാണ്. ആ അര്‍ഥത്തില്‍ ഇഖ്ബാല്‍ കവിതകള്‍ക്ക് മുക്തി പ്രദാനം ചെയ്തത് ഫതേ അലി ഖാനും സഹോദരന്‍ മുബാറക് അലി ഖാനുമാണ്. പാട്യാല ഘരാനയില്‍പ്പെട്ട ഫതേ അലി ഖാന്റെ മക്കളാണ് നുസ്രത് ഫതേ അലി ഖാനും ഫാറൂഖ് ഫതേ അലി ഖാനും. (മറ്റൊരു പ്രശസ്തനായ റാഹത് ഫതേ അലി ഖാന്റെ പിതാവാണ് ഫാറൂഖ്).
മ്യൂസിക്കല്‍ ട്യൂണുകള്‍ക്കും സ്‌കെയിലുകള്‍ക്കും വഴങ്ങാതിരുന്ന ഇഖ്ബാല്‍ കവിതകളെ, തന്റെ അനന്യസാധാരണമായ പ്രതിഭയാല്‍ ഫതേ അലി ഖാന്‍ മെരുക്കിയെടുത്തു എന്നാണ് ചരിത്രം. അലി ഖാന്‍ സഹോദരങ്ങളോടുള്ള തന്റെ കടപ്പാട് ഇഖ്ബാല്‍ തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്.
** ** ***
ദശ്‌തെ തന്‍ഹായേ മെ ഏ ജാനെ ജഹാ ലര്‍സാ ഹെ
തെരി ആവാസ് കെ സായേ തെരെ ഹോതോ കെ സരാബ്
ദശ്‌തെ തന്‍ഹായേ മെ ദൂരീ കെ ഖസോ ഖാക് തലേ
ഖില്‍ രഹീ ഹേ തെരെ പെഹ്'ലൂ കെ സമന്‍ ഓര്‍ ഗുലാബ്
എന്റെ ഏകാന്തതയുടെ തരിശുനിലത്ത്, എന്റെ കാമിനി, എന്റെ സ്പന്ദനം
നിന്റെ പാട്ടിന്റെ തണലുകള്‍
നിന്റെ അധരങ്ങളുടെ മരീചിക
വിരഹത്തിന്റെ പൊരിമണലില്‍
ഇപ്പോള്‍ പൂക്കള്‍ വിരിയുന്നു
നിന്റെ സ്പര്‍ശത്തിന്റെ മുല്ലകളും പാടലപുഷ്പങ്ങളും
ഉഠ് രഹീ ഹെ കഹീ ഖുര്‍ബത് സെ തെരീ സാസ് കി ആച്
അപ്നി ഖുശബൂ മെ സുലഗ്തീ ഹുയി
മദ്ധം മദ്ധം
ദൂര്‍ ഉഫ്ഖ് പര്‍ ചമക്'തീ ഹുയി
ഖത്'രാ ഖത്'രാ
ഗിര്‍ രഹീ ഹെ തെരിദില്‍ദാര്‍ നസര്‍ കീ ശബ്‌നം
അരികിലെങ്ങോനിന്നുയരുന്നു
നിന്നുഛ്വാസത്തിന്‍ ഊഷ്മളത
നൈസര്‍ഗിക പരിമളത്തില്‍ പുകയുന്നു
സൗമ്യമായ്, ശാന്തമായ്
ദൂരെ, ചക്രവാളത്തില്‍ത്തിളങ്ങുന്നു മിന്നലിന്റെ
തുള്ളികള്‍, പ്രകാശരശ്മികള്‍
വിലോഭന കടാക്ഷത്തിന്റെ മഞ്ഞുതുള്ളി
** ** ***
ഇഖ്ബാല്‍ ബാനോവിന് ശേഷം ഇതേ നസം, ഇതേ ഈണത്തില്‍ ടീന സാനി പാടിയത് കേട്ടു. മീശാ ശാഫിയുടെ കോക് സ്റ്റുഡിയോ വെര്‍ഷനും കേട്ടു. രണ്ടും ഒന്നിനൊന്ന് മെച്ചം.
കവിതയും പാട്ടും രണ്ടല്ല എന്നതാണ് ഉര്‍ദു ഭാഷയുടെ സവിശേഷത. സംസാരം തന്നെ സംഗീതമാവുന്ന വേറെ ഭാഷയുണ്ടോ എന്നറിയില്ല. കവിതയും പാട്ടും രണ്ടല്ലാത്തതു കൊണ്ടു തന്നെ ഉര്‍ദു തീരെ അറിയാത്ത വര്‍ക്ക് പോലും ഫറാസും ഫൈസുമൊക്കെ സുപരിചിതരായിത്തീരുന്നു.