കറുപ്പിലും വെളുപ്പിലുമായി ഒരു തെരുവിന്റെ കഥ
| നദീം നൗഷാദ് എഴുതിയ 'മധുരത്തെരുവ്' നോവല്‍ വായന
കോഴിക്കോട് നഗരത്തിന്റെ ഹൃദയമായ മിഠായിത്തെരുവിന്റെ ഒരു കാലഘട്ടത്തിന്റെ കഥ പറയുകയാണ് നദീം നൗഷാദ് എഴുതിയ മധുരത്തെരുവ് എന്ന നോവല്‍. തെരുവിലെ സാധാരണ മനുഷ്യരുടെ ജീവിതം മുതല്‍ സാഹിത്യം, സംഗീതം, നാടകം തുടങ്ങി സര്‍ഗ്ഗശേഷിയുടെ വിവിധ മേഖലകളില്‍ മുദ്രപതിപ്പിച്ചവരുടെ ജീവിതവും ഈ നോവലില്‍ സൂക്ഷ്മമായി രേഖപ്പെടുത്തിയിരിക്കുന്നു. വിവിധ ദേശക്കാരും ഭാഷക്കാരും വന്നു ചേര്‍ന്ന് അവരൊക്കെ എങ്ങനെ തദ്ദേശീയരുമായി ഇണക്കത്തോടെ ജീവിക്കുന്നുവെന്നും ഈ വൈവിധ്യങ്ങളെ തെരുവ് എങ്ങനെ കാത്തു സൂക്ഷിച്ചു എന്നും നോവലില്‍ പ്രതിപാദിക്കുന്നു. സാംസ്‌കാരിക വൈവിധ്യങ്ങളുടെ സൗന്ദര്യമാണ് മധുരത്തെരുവ് എന്ന നോവലിനെ ആകര്‍ഷകമാക്കുന്നത്.
ഗന്ധങ്ങളുടെ തെരുവ് എന്ന ഒന്നാം അധ്യായം മുതല്‍ വായനക്കാരന്‍ മധുരത്തെരുവിലേക്ക് പ്രവേശിക്കുന്നു. ഏലം, കുരുമുളക്, ഗ്രാമ്പൂ എന്നീ സുഗന്ധങ്ങള്‍ തുടങ്ങി തെരുവിന്റെ അഴുക്കുചാലുകളും ദുര്‍ഗന്ധങ്ങളും വരെ നോവലില്‍ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. നായകനായ അബ്ദുവിന്റെ മനോവ്യാപാരത്തിലൂടെ കടന്നു പോവുന്ന നോവല്‍ അറുപതുകള്‍ മുതല്‍ തൊണ്ണൂറുകള്‍ വരെയുള്ള കോഴിക്കോട് മിഠായിത്തെരുവിന്റെ ചരിത്രം രേഖപ്പെടുത്തുന്നു. നഗരത്തിന്റെ സംഗീത പാരമ്പര്യം നെഞ്ചിലേറ്റിയ താന്‍സന്‍ ക്ലബ്ബിലൂടെ ആ കാലത്തിലെ സാംസ്‌കാരിക ചരിത്രത്തിന്റെ ചിത്രം വരച്ചിട്ടിരിക്കുന്നത് കാണാം. തബല, ഹാര്‍മോണിയം, സിതാര്‍, സാരംഗി, ദില്‍രുബ എന്നിവയുടെ മധുര സംഗീതം കൊണ്ട് മുഖരിതമായ അന്തരീക്ഷത്തില്‍ ലയിച്ചിരിക്കുന്ന സാധാരണക്കാരന്റെ ദര്‍ബാര്‍ ആണ് താന്‍സെന്‍ ക്ലബ്. അവിടെ വലിപ്പ ചെറുപ്പമില്ലാതെ പാട്ടില്‍ ലയിക്കുന്ന ജനതയുടെ ദൃശ്യം കണ്‍മുമ്പില്‍ കാണുന്നത് പോലെ തോന്നും നോവല്‍ വായിക്കുമ്പോള്‍. മദിരാശിയില്‍ സിനിമയുടെ തിരക്കില്‍ നിന്ന് ബാബുക്ക പാടാന്‍ വരുന്ന ദിവസത്തെ താന്‍സന്‍ ക്ലബ്ബ് ഉത്സവ ലഹരിയില്‍ ആറാടുന്നതും, സംഗീത വിരുന്നിന് ശേഷം അവിലും തേങ്ങയും പഴവും ചേര്‍ത്തുണ്ടാക്കിയ കൊച്ചിക്കോയ വിതരണം ചെയ്യുന്നതുമൊക്കെ വായനക്കാരില്‍ ഒരു നവ്യമായ അനുഭൂതി നല്‍കുന്നുണ്ട്.
സംഗീതവും ലഹരിയും ഇഴപിരിക്കാനാവാതെ ജീവിച്ച മനുഷ്യരെ വളരെ സൂക്ഷ്മതയോടെ നോവലില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. സംഗീതവും കറുപ്പും സമന്വയിച്ച് ജീവിച്ച ബിച്ചുമ്മു ഉസ്താദ്, ദിലീപ് ചന്ദ്, മദ്യലഹരിയില്‍ മുഴുകി ഹാര്‍മോണിയം വായിച്ച് പാടുന്ന രാശിയില്ലാത്ത രാശിക്കുഞ്ഞ്, കറുപ്പ്, ഭാംഗ് തുടങ്ങി എല്ലാ ലഹരിയിലും ജീവിതം എരിഞ്ഞ് തീര്‍ക്കുന്ന കലാകാരന്മാര്‍. അബ്ദുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍, അവരുടെ ഉള്ളിലെ കാലവും പുറത്തെ കാലവും തമ്മിലുള്ള അന്തരം മൂലം ഒത്ത് പോകാന്‍ സാധിക്കാതെ ഉന്മാദലഹരിയില്‍ ഒഴുകി നടന്നവര്‍. ആത്മസംഘര്‍ഷത്തില്‍ തളര്‍ന്ന് പോയ പാവം മനുഷ്യരുടെ ഒളിച്ചോട്ടമായിരുന്നു ലഹരിയുടെ ആഴങ്ങളില്‍ അമര്‍ന്ന് പോയ അവരുടെ ജീവിതം. എല്ലാ സമ്പാദ്യവും കുടിച്ച് നശിപ്പിച്ച് ലഹരിയില്‍ തൃപ്തനാവാതെ പാമ്പിനെ കൊണ്ട് കടിപ്പിച്ച്, ലഹരിയുടെ കടലാഴങ്ങളില്‍ ജീവിതം അവസാനിപ്പിക്കുന്ന രാജനെ പോലുള്ള കഥാപാത്രങ്ങളെ മിഠായിത്തെരുവിന്റെ ഭൂതകാല കഥകളില്‍ കാണാം.
ദേശം, കാലം, ഭാഷ ഇവയെ സമൂര്‍ത്തമായാണ് ഉത്തരാധുനിക സാഹിത്യം സമീപിക്കുന്നത്. ചരിത്രത്തെ കൃത്യമായി അവ രേഖപ്പെടുത്താറുണ്ട്. അടിയന്തിരാവസ്ഥ തെരുവിനെ എങ്ങനെ ബാധിച്ചു എന്നതിന്റെ ഒരു സൂക്ഷമ ചിത്രമുണ്ട് നോവലില്‍. അജ്ഞാതമായ ഭയം കാരണം നിശബ്ദമായിപ്പോയ തെരുവില്‍ ഇടക്ക് പ്രത്യക്ഷപ്പെട്ട് ചെറുജാഥകള്‍ നയിച്ച് അടിയന്തരാവസ്ഥക്കെതിരെ പ്രതിഷേധമറിച്ച് പെട്ടെന്ന് തന്നെ എങ്ങോട്ടോ അപ്രത്യക്ഷമാവുന്ന മനുഷ്യരുണ്ട്. തന്റെ പത്രം സര്‍ക്കാരിന്റെ വാര്‍ത്താ പത്രിയാക്കാന്‍ വിസമ്മതിച്ച് 18 മാസം മുഖപ്രസംഗം ഒഴിവാക്കിയ കാഹളം പത്രാധിപര്‍ ആര്‍.പി, തിരക്കൊഴിഞ്ഞ താന്‍സന്‍ ക്ലബ്ബില്‍ ഗായകന്‍ കിഷോര്‍ കുമാറിന്റെ സഞ്ജയ് ഗാന്ധിയുടെ അഞ്ചിന പരിപാടിക്ക് പാടാന്‍ കഴിയില്ലെന്ന നിലപാടിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന സംഗീതാസ്വാദകര്‍ ഇവരൊക്കെ ആ കാലത്തിന്റെ വേറിട്ട ശബ്ദമാണ്. കോംട്രസ്റ്റിന്റെ ചരിത്രം, ദിനേശ് ബീഡിയുടെ ചരിത്രം, ചെമ്പൂട്ടി തെരുവിന്റെ ചരിത്രം തുടങ്ങി കാലപ്രവാഹത്തില്‍ കാലഹരണപ്പെട്ട റിക്ഷാജോണിയുടെ സങ്കടം വരെ കാലത്തിന്റെ മാറ്റങ്ങളെ രേഖപ്പെടുത്തുന്നു. സംഗീതത്തെ ജനപ്രിയമാക്കിയ ഗ്രാമഫ്രോണുകള്‍ ബാബുരാജിന്റെ മരണശേഷം ടേപ്പ് റിക്കാര്‍ഡുകള്‍ക്ക് വഴിമാറി കാര്‍ഡ് ബോര്‍ഡ് പെട്ടിയിലേക്ക് മാറ്റപ്പെടുന്നതിലൂടെ പറയുന്നത് സംഗീതത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തിന്റെ അസ്തമയമാണ്.
കടുംചായത്താല്‍ വരച്ച ചിത്രമല്ല മധുരത്തെരുവിലെ പ്രണയങ്ങള്‍, മറിച്ച് അവ പരന്നൊഴുകിയ നിലാവ് പോലെയാണ്. അബ്ദുവും ദേവിയും തമ്മിലും, സരോജയും ബേബിയും തമ്മിലുള്ള പ്രണയങ്ങള്‍ നോവലിന് മറ്റൊരു ഭാവതലം നല്‍കുന്നു. പ്രഥമാനുരാഗത്തിന്റെ മധുര സ്മൃതിയില്‍ കഴിഞ്ഞ അബ്ദുവിന്റെ മനസ്സില്‍ പതിയെ കയറി വന്ന് ഉള്ളിലേക്ക് ഇറങ്ങിയ ബീവിജാന്റെ മകള്‍ നിലോഫര്‍, പട്ടം സുകുമാരന്‍, പാര്‍സിയായ സുബിന്‍ ഷാ, ജുംബറാബര്‍ മുഹമ്മദ്, അസ്സു, സമയം സൂക്ഷിക്കുന്ന അഗസ്റ്റിന്‍ ജോസഫ്, കോമ്രേഡ് മാധവന്‍, ചോര ബാലന്‍, ബീവിജാന്‍ തുടങ്ങി നോവലിലെ കഥാപാത്രങ്ങളെല്ലാം ഇതിഹാസം സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളവരാണ്. ഇങ്ങനെ മനസ്സില്‍ പതിഞ്ഞ ഒരു പാട് കഥാപാത്രങ്ങളുടെ ഓര്‍മ്മകള്‍ അവശേഷിപ്പിച്ചു കൊണ്ടാണ് നോവല്‍ അവസാനിക്കുന്നത്.
''ആജ് രംഗ് ഹേ രീ മാ രംഗ് ഹേ...' അമീര്‍ ഖുസ്രുവിന്റെ വരികള്‍ ആലപിച്ച്, പൈജാമയും തൊപ്പിയും ധരിച്ച് പഠാണി പുരുഷന്മാരും സല്‍വാര്‍ കമീസും ദുപ്പട്ടയും ധരിച്ച് സ്ത്രീകളും അശൂറ ആചരിക്കുന്നത് വിവരിക്കുന്നതിലൂടെ തുടങ്ങി പഠാണി സംസ്‌കൃതിയുടെ വിവിധ വശങ്ങള്‍ സൂക്ഷ്മമായി കൊത്തിവെക്കുന്നുണ്ട് മധുരത്തെരുവില്‍. ഒടുവില്‍ മെഹന്ദിയിട്ട നിലോഫറിന്റെ കൈവിരലുകളെ അബ്ദു ഇഴ ചേര്‍ത്തപ്പോള്‍, രണ്ട് സംസ്‌കാരങ്ങളുടെ സംഗമത്തിന് മാനാഞ്ചിറ സാക്ഷിയാവുമ്പോള്‍ അസ്തമയ സൂര്യനെ നോക്കി അമീര്‍ ഖുസ്രു പാടുകയായിരിക്കും
പ്രണയം വിചത്രമായ ദിശകളിലേക്ക് ഒഴുകുന്നു
അതില്‍ മുങ്ങി മരിച്ചയാള്‍ മറുകര താണ്ടുന്നു
വാക്കുകളുടെ അതിസാര പ്രയോഗമില്ലാതെ ചെറിയ വാക്കുകളില്‍ സൃഷ്ടിച്ച മധുരത്തെരുവ് വായനക്കാര്‍ക്ക് ഗൃഹാതുരത്വമുണര്‍ത്തുന്ന അനുഭൂതി നല്‍കുന്നു.
നിയതം ബുക്സ് ആണ് നോവലിന്റെ പ്രസാധകര്‍.