Quantcast
MediaOne Logo

വെള്ളിയോടന്‍

Published: 21 Dec 2022 7:11 AM GMT

നവ ഭാവുകത്വത്തിന്റെ കഥാഖ്യാനം

മലയാള കഥാശാഖയ്ക്ക് പുതിയ ഭാവുകത്വം നല്‍കുന്ന കഥകളാണ് ഹുസ്‌ന റാഫിയുടേത്. തേമിസ് എന്ന കഥാ സമാഹാരം അത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.

നവ ഭാവുകത്വത്തിന്റെ കഥാഖ്യാനം
X

മലയാള കഥാസാഹിത്യം നൂറ് വര്‍ഷം പിന്നിടുമ്പോള്‍ മലയാള ചെറുകഥകള്‍ ഒട്ടേറെ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. വേങ്ങയില്‍ കുഞ്ഞിരാമന്‍ നയനാരുടെ വാസനാ വികൃതി എന്ന കഥയില്‍ തുടങ്ങി, ബഷീറിലൂടെയും, കാരൂരിലൂടെയും, എം.ടിയിലൂടെയും എല്ലാം സഞ്ചരിച്ച്, ഇങ്ങേത്തലക്കല്‍, അമലിന്റെയും ഷിനിലാലിന്റെയും കഥകളിലൂടെ സഞ്ചരിച്ച്, ഹുസ്‌ന റാഫിയുടെ തേമിസ് എന്ന കഥാ സമാഹരത്തില്‍ എത്തി നില്‍ക്കുന്നു. ഹുസ്നയുടെ കഥകളെ ഒറ്റ വാചകത്തില്‍ വിശേഷിപ്പിക്കുകയാണെങ്കില്‍ അത് വായനയുടെ വിരുന്നൂട്ടുകയും, ഒപ്പം തന്നെ നമ്മുടെ ചിന്തകളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയും ചെയ്യുന്നു എന്ന് പറയാം.

ജീവന്റെ തുടിപ്പുള്ള കഥാപാത്രങ്ങളും, ഒരു പെരുമഴത്തോര്‍ച്ചയുടെ നനവ് ബാക്കി നില്‍ക്കുകയും ചെയ്യുന്ന കഥാ പരിസരങ്ങളാണ് ഹുസ്നയുടേത്. ഓരോ കഥയും മറ്റൊരു കഥയില്‍ നിന്നും പൂര്‍ണ്ണമായും വേറിട്ട നില്‍ക്കുകയും, നമ്മുടെ ചിന്താ മണ്ഡലങ്ങളെ വ്യത്യസ്ത ധാരകളിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട്. ഹുസ്നയുടെ കഥകള്‍, ലളിതമോ, നിസ്സാരമോ ആയ വായനകള്‍ കൊണ്ട് മനസ്സിലാക്കാന്‍ സാധിക്കുന്നതല്ല. ഒന്നില്‍ കൂടുതല്‍ തവണ ഈ കഥകള്‍ വായിക്കുമ്പോള്‍, ഓരോ വായനയിലും, പുതിയ അര്‍ഥ തലങ്ങളാണ് അവ നമുക്ക് മുമ്പില്‍ അനാവൃതമാക്കുന്നത്.

മെറ്റഫര്‍ ഉപയോഗിച്ചുള്ള കഥാ രചനാ ശൈലിയാണ് ഹുസ്നയുടേത്. മണം ആ ഗണത്തില്‍ പെട്ട ശ്രേഷ്ഠമായ ഒരു കഥയാണ്. വിചിത്രമായ ഒരു ഉന്മാദത്തിന്റെ പിടിയിലമര്‍ന്ന ഒരു പെണ്ണിന്റെ, ഒരു ദിവസത്തെ ജീവിതത്തിലൂടെ ഏകാകിനിയും അനപത്യതാ ദുഃഖിതയുമായ ഒരു സ്ത്രീയുടെ, ആത്മ സംഘര്‍ഷങ്ങളുടെ ഹേതുവാണ് ഈ കഥയിലൂടെ പറയുന്നത്.

വെള്ളക്കരടി എന്ന കഥ തന്നെയാണ് അതിന് ഏറ്റവും നല്ല ഉദാഹരണം. കാല്‍പനികമായ ഒരു ഭാഷയില്‍ പല രൂപകങ്ങള്‍ നല്‍കിക്കൊണ്ടാണ് ഈ കഥ മുന്നോട്ട് പോകുന്നത്. ഒരു എഴുത്തുകാരന്റെ സൃഷ്ടി വായിക്കുമ്പോള്‍, അതിലെ കഥാപാത്രങ്ങളിലേക്ക് സ്വയം പരകായ പ്രവേശം നടത്തുന്ന, പേരറിയാത്ത ഒരു മനുഷ്യന്‍. ആമനുഷ്യനെ നമുക്ക് വെള്ളക്കരടി എന്ന് വിളിക്കാം. അയാളെ പരിചരിക്കാന്‍ വരുന്നതാകട്ടെ ട്രീസയും. ഈ രണ്ടു കഥാപാത്രങ്ങളും രണ്ടില്‍ നിന്നും ഒന്നായി പരിണമിക്കുന്ന വായനയാണ് കഥ നല്‍കുന്നത് . അത് ദ്വന്ദ വ്യക്തിത്വത്തിന്റെ ആവിഷ്‌കാരമാണ്. അല്ലെങ്കില്‍ വ്യത്യസ്തമായ മനസികാവസ്ഥകള്‍ ഒന്നായിച്ചേരുന്നതിന്റെ ആവിഷ്‌കാരമാണ്. അത് എഴുത്തുകാരിയുടെ തന്നെ പരിച്ഛേദവുമാണ്.

പല പല കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ച്, വലിയ വലിയ ജീവിത ദര്‍ശനങ്ങള്‍ വായനക്കാരന് പകര്‍ന്നു കൊടുക്കുന്ന കഥയാണിത്. ഭ്രാന്തന്‍ പൂവിന്റെ കഥ പറയുന്നത് പിലാശി മുത്തിയാണ്. നോക്കൂ, കഥാപാത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പേരുകള്‍. പിലാശി മുത്തി, ഇത് പോലെ വേറെയുമുണ്ട്. തപ്പോയി, വെള്ളായി മുത്തി തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്. ഒരൊറ്റ കഥാ പരിസരത്ത് നിന്ന് കൊണ്ട് തന്നെ വിവിധങ്ങളായ ആശയ തലത്തിലേക്ക് വായനക്കാരനെ നടത്തിക്കാന്‍ എഴുത്തുകാരിക്ക് ഈ കഥയിലൂടെ കഴിയുന്നുണ്ട്. ഭ്രാന്തന്‍ പൂവിനകത്ത് മാതാമ്മ എന്നൊരു കഥാ പാത്രമുണ്ട്.

മനുഷ്യനും മൃഗവും തമ്മിലുള്ള ജൈവികമായ ബന്ധത്തെയും മനുഷ്യനില്‍ നിന്നും മൃഗത്തിലേക്കും, മൃഗത്തില്‍ നിന്നും മനുഷ്യനിലേക്കുമുള്ള ആത്മീയമായ പരിവര്‍ത്തനത്തെയും ആവിഷ്‌കരിക്കുന്ന ഒരു വാങ്മയച്ചിത്രമാണ് മാതാമ്മയുടേത്. നമ്മള്‍ ജീവിതത്തില്‍ വെട്ടിപ്പിടിച്ചിരിക്കുന്നതെല്ലാം ഒരൊറ്റ നിമിഷത്തില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു പോകാവുന്നതേയുള്ളൂ എന്ന് വായനക്കാരനെ ബോധ്യപ്പെടുത്തുന്നുണ്ട് ഈ കഥ. ഭ്രാന്തന്‍ പൂവ് വിരിയുമ്പോള്‍ മാത്രമാണ് ഇതിലെ അപ്പന്റെ വിഷാദങ്ങളും ഉന്മാദങ്ങളും ഇല്ലാതാകന്നത്. ഭ്രാന്തന്‍ പൂവ് ഒരു ബിംബമാണ്. ഓര്‍മകളുടെ ഒരു ബിംബം. നിറങ്ങള്‍ നഷ്ടപ്പെട്ടു പോകുന്ന മനുഷ്യര്‍ക്ക് ഓര്‍മകള്‍ മാത്രമാണ് നിറങ്ങള്‍ പകരുന്നത്.


ഇനി വെള്ളായി മുത്തി എന്ന കഥയിലെത്തുമ്പോള്‍, മനുഷ്യന്റെ അടിസ്ഥാനം മത രഹിതമാണ് എന്ന് പറയുന്നു. കല്ലിനും മഴയ്ക്കും പൂവിനും പുഴയ്ക്കുമൊന്നും മതമില്ലാത്ത പോലെ, വെള്ളായി മുത്തിക്കും മതമില്ല. വെള്ളായി മുത്തിയാണ് മനുഷ്യന്റെ അടിസ്ഥാന സ്വത്വം. ആ അടിസ്ഥാന സ്വത്തിലേക്ക് മനുഷ്യന്‍ പലതും കൂട്ടിച്ചേര്‍ക്കുന്നു. തപ്പൊയിയുടെ മരണമെന്തിനാണ് എഴുത്തുകാരിയെ ഇത്രമേല്‍ വേദനിപ്പിച്ചത്..? അത് തപ്പോയിയോടുള്ള സ്‌നേഹം കൊണ്ടാണ്. തപ്പോയി ഒരു തപ്പോയി മാത്രമല്ല, അവന്‍ ഇടം നഷ്ടപ്പെട്ട മനുഷ്യരുടെയും ബന്ധുത്വം നിഷേധിക്കപ്പെട്ടവരുടെയും ഒക്കെ പ്രതീകമാണ്. എന്നിട്ടും എന്തിനാണ് തപ്പോയി ആത്മഹത്യ ചെയ്തത്..? ചായ്പ് മുറിയിലെ ഒറ്റപ്പെടലില്‍ നിന്നും പ്രതീക്ഷാരഹിതമായ ഒരു ജീവിതത്തിന്റെ വിരസതയില്‍ നിന്നും ഒക്കെയുള്ള ഒരു മോചനം. ഹൃദയത്തില്‍ നിന്നും ഒരിക്കലും പുറത്തേക്കെടുക്കാന്‍ കഴിയാത്ത പ്രണയത്തിന്റെ ഒരു കണം തപ്പോയിയിലുണ്ട്. അഥവാ, സഹോദര്യത്തിന്റേതോ..? വായനക്കാരന്, ഓരോ വായനയിലും പുതിയ ആശയ പ്രപഞ്ചം നല്‍കുന്നു ഈ കഥ.

മെറ്റഫര്‍ ഉപയോഗിച്ചുള്ള കഥാ രചനാ ശൈലിയാണ് ഹുസ്നയുടേത്. മണം ആ ഗണത്തില്‍ പെട്ട ശ്രേഷ്ഠമായ ഒരു കഥയാണ്. വിചിത്രമായ ഒരു ഉന്മാദത്തിന്റെ പിടിയിലമര്‍ന്ന ഒരു പെണ്ണിന്റെ, ഒരു ദിവസത്തെ ജീവിതത്തിലൂടെ ഏകാകിനിയും അനപത്യതാ ദുഃഖിതയുമായ ഒരു സ്ത്രീയുടെ, ആത്മ സംഘര്‍ഷങ്ങളുടെ ഹേതുവാണ് ഈ കഥയിലൂടെ പറയുന്നത്. പരസ്ത്രീയാവേശിതനായ ഭര്‍ത്താവിന്റെ മണം ഇഷ്ടമല്ലാതാകുന്നത്, അയാള്‍ക്ക് ഓരോ ദിവസവും ഓരോ മണമാകുന്നത് കൊണ്ടാണ്. ആ മണങ്ങളൊക്കെയും പല പല പെണ്‍ശരീരങ്ങളുടേതാണ്. ജിന്ന് എന്ന കഥയില്‍ ഒരു ഗന്ധര്‍വ പ്രണയത്തിന്റെ അനിര്‍വചനീയവും അവാച്യവുമായ അനുഭൂതിയെ ഗുപ്തമാക്കി വെച്ചിട്ടുണ്ട് എഴുത്തുകാരി. ജിന്നിനെ പ്രണയിക്കുന്ന ഒരു മദ്രസ്സാ വിദ്യാര്‍ഥിനിയില്‍ നിന്നും യൗവ്വന യുക്തയായി വൈവാഹിക ജീവിതത്തിന്റെ പടിയിറങ്ങുമ്പോള്‍ ജിന്ന് അവളില്‍ നിന്നും അപ്രത്യക്ഷയാകുന്നു. ഒരു പെണ്ണ് തന്റെ വിവാഹ പൂര്‍വ ജീവിതത്തില്‍ കാത്ത് സൂക്ഷിച്ച സ്വപ്നങ്ങളും മോഹങ്ങളും ലക്ഷ്യങ്ങളും കാമനകളും ഒക്കെ തന്നെ, ദാമ്പത്യത്തിന്റെ ആദ്യ നിമിഷത്തില്‍ അവളില്‍ നിന്ന് ഇല്ലാതാകുന്നു. ഇനി തന്റെ സ്വപ്നങ്ങളും മോഹങ്ങളും കാമനകളും മറ്റൊരാളുടെ ഇച്ചക്കയ്ക്കനുസൃതമായിട്ടായിരിക്കും എന്നതിന്റെ ആവിഷ്‌കാരമാണ് ഈ കഥ. അവള്‍ക്ക് മാത്രം ദൃശ്യമായ ജിന്ന്, അവളുടെ മാത്രം ഉള്ളില്‍ ഉണര്‍ന്നിരിക്കുന്ന വികാരങ്ങളാണ്. അവള്‍ക്ക് മാത്രം അനുഭവിച്ചറിയാന്‍ കഴിയുന്നത്.


നിലയ്ക്കാത്ത നിശ്വാസങ്ങള്‍ എന്ന കഥയില്‍, ഒരു സ്ത്രീയുടെ ജീവിത മോഹത്തെയും മോഹഭംഗങ്ങളെയും കോറിയിടുന്നുണ്ട്. ആണ്‍ ആഘോഷങ്ങളെയും പെണ്‍ പരിദേവനങ്ങളെയും കൃത്യമായിത്തന്നെ ഈ കഥയില്‍ അടയാളപ്പെടുത്തി വെക്കുന്നുണ്ട്. ഫാന്റസിയും യാഥാര്‍ഥ്യവും, ദാര്‍ശനികതയും ഇടകലര്‍ന്ന ഒരു രചനാ ശൈലിയാണ് ഈ കഥയില്‍ എഴുത്തുകാരി സ്വീകരിച്ചിട്ടുള്ളത്. ഇരുട്ടിന്റെ അനുഗ്രഹത്തെയും വെളിച്ചത്തിന്റെ അസ്വസ്ഥതകളെയും പകലൊഴിയാതിരിക്കുമ്പോള്‍ വെളിപ്പെടുന്ന ജീവിതാവസ്ഥകളെയും ആവിഷ്‌കരിക്കുന്ന രചനയാണ് പകലുകളൊഴിയാതെ. കാല്‍പനികതയുടെ സൗന്ദര്യം തീര്‍ത്ത കഥയാണ് ജീവനറ്റ ഓറഞ്ചു മണങ്ങള്‍. കിനാവുകള്‍ പോലും മരവിച്ച രാത്രികള്‍ മാത്രം സ്വന്തമായുള്ള പലസ്തീന്‍ ജീവിതങ്ങളുടെ നേര്‍ചിത്രമാണ് രക്തച്ചവര്‍പ്പുള്ള ഒലീവ് മരങ്ങള്‍. പുഴ കാണാന്‍ കൊതിക്കുന്ന മഴയുടെ ഭാവസാന്ദ്രമായ സഞ്ചാരമാണ് മഴയ്ക്കൊപ്പം. ശീര്‍ഷക കഥയായ തേമിസ്, കോടതിയും നീതിയും അനീതിയും എല്ലാം ചേര്‍ന്ന ഒരു ശരാശരി ഇന്ത്യന്‍ ജീവിതത്തിന്റെ ആവിഷ്‌കാരമാണ്. പേ പിടിച്ച മനുഷ്യരുടെ കുരയ്ക്കലുകള്‍ ഈ കഥയില്‍ ഹുസ്‌ന അനാവരണം ചെയ്യുന്നുണ്ട്. പ്രണയത്തിന്റെ പെണ്‍മുഖമാണ് രണ്ട് പെണ്ണുങ്ങള്‍ എന്ന കഥയില്‍. മലയാള കഥാശാഖയ്ക്ക് പുതിയ ഭാവുകത്വം നല്‍കുന്ന കഥകളാണ് ഹുസ്‌ന റാഫിയുടേത്. തേമിസ് എന്ന കഥാ സമാഹാരം അത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.

ഫാബിയന്‍ ബുക്ക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് 133 പേജുകളാണ് ഉള്ളത്. വില 200 രൂപ.

TAGS :