ക്ഷമിക്കണം, ഞങ്ങള്‍ അന്ധരും ബധിരരും മൂകരുമാണ്
അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ശബ്ദങ്ങള്‍. നിസ്സഹായരായ ഒരു ജനതയുടെ നേരുകള്‍. ഈ ഇരുണ്ട രാഷ്ട്രീയ സാമൂഹിക സാഹചര്യത്തില്‍ ഉറക്കെ പറയുന്ന പുസ്തകവും എഴുത്തുകാരനും നല്‍കുന്ന പ്രതീക്ഷ, പക്ഷേ എഴുതപ്പെട്ട ജനവിഭാഗത്തിന് എന്നോ നഷ്ടപ്പെട്ടു പോയതാണ് വേദനാജനകം. ആ പ്രക്രിയയാവട്ടെ അതിനേക്കാള്‍ ഭീകരവും. ടി.ഡി രാമകൃഷ്ണന്റെ 'അന്ധര്‍ ബധിരര്‍ മൂകര്‍' നോവല്‍ വായന.
സുഗന്ധിയും ഇട്ടിക്കോരയും വായിച്ചത് കൊണ്ട് ടി.ഡി രാമകൃഷ്ണന്റെ ഭാഷയെ കുറിച്ച്, നോവലിന്റെ ആഴത്തെ കുറിച്ച് ചെറിയ ധാരണയുണ്ട്. പക്ഷേ, 'അന്ധര്‍ ബധിരര്‍ മൂകര്‍' അതില്‍ നിന്നും വളരെ വ്യത്യസ്തമായി തോന്നി. വലിയ വളച്ചുകെട്ടലുകളോ ഭാഷയുടെ ആലങ്കാരികതയോ ഇല്ലാതെ ലളിതമായി അത്യന്തം സങ്കീര്‍ണമായ കശ്മീരിന്റെ കഥ പറയുന്നു.
നിലോഫര്‍ ഭട്ട് ഈ നോവലിലെ വെറുമൊരു കഥാപാത്രം മാത്രമല്ല, ശാരീരികമായും മാനസികമായും തകര്‍ത്തെറിഞ്ഞു കീറി കളഞ്ഞ അനേകമനേകം കശ്മീരി സ്ത്രീകളെ ഓര്‍മയാണ്. ഭരണാധികാരിളും മത മൗലിക വാദികളും അധികാര കൊതിയന്മാരും കൊത്തി നുറുക്കിയ കശ്മീരിന്റെ തകര്‍ന്ന ഹൃദയത്തിലൂടെയുള്ള ഒരു സഞ്ചാരം. ഒരിത്തിരി ദിവസത്തെ ജീവിതം തന്നെ ഹൃദയത്തെ കൊത്തി നുറുക്കാന്‍ പാകത്തിലുള്ളതാണ്. അങ്ങിനെയെങ്കില്‍, എഴുപത് വര്‍ഷത്തിലധികം വേദനയിലും വഞ്ചനയിലും കഴിയുന്ന കശ്മീരികളുടെ ഹൃദയത്തിന്റെ ഭാരമെത്രയായിരിക്കും. എന്ത് പറഞ്ഞാണ് അവസാനിപ്പിക്കേണ്ടത്? എന്ത് പറഞ്ഞാണ് തുടങ്ങേണ്ടത്?
പെല്ലറ്റുകള്‍ അന്ധരാക്കിയ അനേകം കുഞ്ഞുങ്ങള്‍. സ്ത്രീകളുടെ ഉടലില്‍ കയറി വെട്ടിയ പട്ടാളവും അധികാരികളും. കൊതി മൂത്ത് കണ്ണു പോയ ലജ്ജയില്ലാത്ത വിഭാഗങ്ങള്‍. സത്യം പറഞ്ഞവനെ വെടിവെച്ചു കളയുന്ന ആയുധധാരികള്‍. എത്രയെത്ര മനുഷ്യരെയാണ് കൊന്നുകൊണ്ടിരിക്കുന്നത്. ഭൂമിയിലെ പറുദീസ കാണാന്‍ പറന്നവള്‍ക്കും നാണിക്കേണ്ടി വന്നു. ഭീതികൊണ്ട് ശ്വാസം മുട്ടി. എന്തൊരു അവസ്ഥയാണിത് പടച്ചവനേയെന്ന് നെടുവീര്‍പ്പിട്ടു. നേരിട്ട് കണ്ടത് കൊണ്ട് ഈ വായന നല്‍കിയത് വീണ്ടും കുറ്റബോധമാണ്. ഒന്നും ചെയ്യുന്നില്ലല്ലോ. എല്ലാം കണ്ടും കേട്ടും പറഞ്ഞും അറിഞ്ഞും, ഒന്നും കാണാത്ത പോലെ കേള്‍ക്കാത്ത പോലെ ജീവിക്കേണ്ടി വരുന്ന അവസ്ഥ.
ഒരു ലോകവും ഒരു ജനതയും ഒരു നേതാവും വരില്ലെന്ന്, രക്ഷ തരില്ലെന്ന് അറിവുള്ളത് കൊണ്ട് വിമോചനത്തിന് വേണ്ടി അങ്ങേയറ്റം വേദനയിലും ഭീതിയുടെ കണിക പോലുമില്ലാതെയാണ് അവര്‍ പൊരുതുന്നത്. കശ്മീരിന്റെ ചരിത്ര വിധികളുണ്ട്, മണ്ണിന്റെയും മനസ്സുകളുടെയും നേരുകളുണ്ട്, നൊന്തവരുടെയും വെന്തു പോയവരുടെയും പൊള്ളുന്ന വാക്കുകളുണ്ട്. കണ്ടില്ലെന്ന് നടിക്കുന്നവര്‍ക്ക് മുന്നിലേക്ക് വീണ്ടും കശ്മീരിനെ കൊണ്ട് തരുന്ന, ആ മോഹിപ്പിക്കുന്ന ഭൂമിയിലെ ദുരന്ത വര്‍ത്തമാനങ്ങളുടെ, അവിടത്തെ മനുഷ്യരുടെ ഭയപ്പെടുത്തുന്ന വിധിയുടെ ഏടുകള്‍.
ആമിറിന്റെ വാക്കുകള്‍ വീണ്ടും ഓര്‍മയിലേക്ക് വന്നു, 'ഇന്ത്യന്‍ ആണെന്ന് ഞാന്‍ ഒരിക്കലും പറയില്ല, അതില്‍ തെല്ലൊരു അഭിമാനം പോലുമെനിക്കില്ല'.
ഉത്തരം പറയാന്‍ വാക്കുകള്‍ ഇല്ലായിരുന്നു. ഒരുപാട് വാക്കുകള്‍ ഉള്ളില്‍ കലഹിക്കുമ്പോള്‍ പുറമേക്ക് മൗനം മാത്രമായിരുന്നു.
ഇത്രയും പ്രതിസന്ധികളില്‍ കാലുഷ്യങ്ങളില്‍ ജീവിക്കുന്ന ജനതയുണ്ടായിട്ടും അന്ധരായി ബധിരരായി മൂകരായി നില്‍ക്കുന്ന നമ്മളെ പോലുള്ളവര്‍ക്ക് പുനര്‍വിചിന്തനത്തിനുള്ള അവസരം. അതോടൊപ്പം അവകാശങ്ങളെ കുറിച്ചും അനീതികളെ കുറിച്ചും സ്വാതന്ത്ര്യത്തെ കുറിച്ചും സംസാരിച്ചു കൊണ്ടിരിക്കുന്ന മനുഷ്യരെ അന്ധരും ബധിരരും മൂകരുമാക്കി തീര്‍ക്കുന്ന ഭരണകൂടത്തിന്റെ നെറികേടുകള്‍.
'അന്ധര്‍ ബധിരര്‍ മൂകര്‍'എന്ന തലക്കെട്ട് തന്നെ പല ബോധ്യങ്ങളാണ് നല്‍കുന്നത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ശബ്ദങ്ങള്‍. നിസ്സഹായരായ ഒരു ജനതയുടെ നേരുകള്‍. ഈ ഇരുണ്ട രാഷ്ട്രീയ സാമൂഹിക സാഹചര്യത്തില്‍ ഉറക്കെ പറയുന്ന പുസ്തകവും എഴുത്തുകാരനും നല്‍കുന്ന പ്രതീക്ഷ, പക്ഷേ എഴുതപ്പെട്ട ജനവിഭാഗത്തിന് എന്നോ നഷ്ടപ്പെട്ടു പോയതാണ് വേദനാജനകം. ആ പ്രക്രിയയാവട്ടെ അതിനേക്കാള്‍ ഭീകരവും.
ഡി.സി ബുക്‌സ് ആണ് നോവലിന്റെ പ്രസാദകര്‍.
♦ ടി.ഡി രാമകൃഷ്ണന്‍