Quantcast
MediaOne Logo

ജോസ് പ്രസാദ്

Published: 28 Aug 2024 10:10 AM GMT

'എ.ഐ'ക്കാലത്തെ കുട്ടികള്‍; 'ആല്‍. 2.0' സംവദിക്കുന്നത്

കമ്പ്യൂട്ടറും സ്മാര്‍ട്ട് ഫോണും ഉപയോഗിക്കുന്ന, വിശ്രമ വേളകളിലൊക്കെ ഇ-ഗെയിം കളിക്കാന്‍ ഇഷ്ടപ്പെടുന്ന, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്തെ കുട്ടികളുടെ ആശങ്കകളും സാഹസങ്ങളുമാണ് നോവലിന്റെ പ്രമേയം - ഡോ. മുഹ്‌സിന കെ. ഇസ്മായിലിന്റെ ബാലസാഹിത്യ നോവല്‍ 'ആല്‍. 2.0'ന്റെ വായന.

എ.ഐക്കാലത്തെ കുട്ടികള്‍; ആല്‍. 2.0 സംവദിക്കുന്നത്
X

''ഈ ലോകത്ത് സ്‌നേഹം നിലനില്‍ക്കുന്നിടത്തോളം കാലം കുട്ടികള്‍ക്ക് ഒന്നും സംഭവിക്കുകയില്ല. നിങ്ങള്‍ സമ്മതിക്കാതെ നിങ്ങളെ ആര്‍ക്കും വഴിതെറ്റിക്കാനും കഴിയില്ല. അതിനു നിങ്ങള്‍ കണ്ണു തുറന്നു ചുറ്റും നോക്കണം, പ്രകൃതിയെ അറിയണം, യഥാര്‍ഥ സന്തോഷമെന്താണെന്ന് കണ്ടെത്തണം, സ്‌നേഹം അനുഭവിക്കണം. മാതാപിതാക്കളും ടീച്ചര്‍മാരും കൂട്ടുകാരും നിങ്ങളെ സഹായിക്കാനുണ്ട്.'' ഡോ. മുഹ്‌സിന കെ. ഇസ്മായിലിന്റെ 'ആല്‍ 2.0' എന്ന ബാലസാഹിത്യ നോവലിന്റെ അവസാന ഭാഗത്ത് നോവലിലെ ഹീറോയായ 'ആല്‍', തന്റെ കൂട്ടുകാരായ കുട്ടികളോട് പറയുന്ന വാചകങ്ങളാണ് മുകളില്‍ ഉദ്ധരിച്ചത്.

നിങ്ങള്‍ കരുതുന്നതു പോലെ 'ആല്‍' ഒരു ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ ഡിറ്റക്ടീവോ ഒന്നുമല്ല, കുട്ടികളുടെ ലാപ്‌ടോപ്പിനുള്ളില്‍ നിന്നും പുറത്തുവന്ന ഐസ്‌ക്രീം കൊതിയനായ ഒരു കുഞ്ഞു മനുഷ്യനാണ്. ഒരു പാവയുടെ അത്രയും മാത്രം വലിപ്പമുള്ള, കുട്ടികളെപ്പോലെ സംസാരിക്കുന്ന ഒരു കുഞ്ഞു മനുഷ്യന്‍. പക്ഷെ, ഈ പ്രപഞ്ചത്തിലെ സകല വിവരങ്ങളുമറിയുന്നവന്‍! ശരിക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (AI) പ്രതിരൂപം!

'ഡിറ്റക്ടീവ് ക്ലീവ്' എന്ന കമ്പ്യൂട്ടര്‍ ഗെയിമിനുള്ളിലേക്ക് പല്ലവിയുടെ 'ടിങ്കി' എന്ന പൂച്ച കയറിപ്പോവുന്നതോടെയാണ് കഥയുടെ തുടക്കം. അവളുടെ പ്രിയപ്പെട്ട പൂച്ചയെ വീണ്ടെടുക്കണമെങ്കില്‍ ഗെയിമിന്റെ അഞ്ച് ലെവലുകള്‍ തുടര്‍ച്ചയായി വിജയിക്കേണ്ടതുണ്ട്. അതിനായി അവള്‍ കൂട്ടുകാരായ നാദിയ, ജഹനാര, സമേഹ, ഇഷാന്‍ തുടങ്ങിയവരുടെ സഹായം തേടുന്നു.

കുട്ടികളുടെ ബുദ്ധിശക്തികൊണ്ട് പരിഹരിക്കാനാവുന്നതാവുമോ ഗെയിമിനുളളിലെ പ്രശ്‌നങ്ങള്‍? ആല്‍ തന്റെ നിര്‍മിത ബുദ്ധികൊണ്ട് കുട്ടികളെ സഹായിക്കുമോ? അതോ ആല്‍ അവരെ വഴിതെറ്റിക്കുമോ? ഗെയിം സോള്‍വ് ചെയ്യാനുള്ള ശ്രമത്തിനിടയില്‍ കുട്ടികളും ഗെയിമിനുള്ളിലേക്ക് കയറിപ്പോയാല്‍ എന്തായിരിക്കും അവസ്ഥ? ഈ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം ലഭിക്കണമെങ്കില്‍ പുസ്തകം വായിക്കുക തന്നെ വേണം.

എല്ലാറ്റിനുമുപരി ലഹരിമരുന്നുകള്‍ നല്‍കി കുട്ടികളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരായുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ നോവല്‍. സ്‌നേഹം നടിച്ച് കൂട്ടുകൂടുന്നവരൊക്കെ ചങ്ങാതിമാരല്ലെന്നും കരുതി ജീവിക്കണമെന്നുമുള്ള ആശയം കഥയിലൂടെ മുഹ്‌സിന കുട്ടികളുടെ മനസ്സിലേക്കെത്തിക്കുന്നു.


2024 ലെ ഡി.സി ബാലസാഹിത്യ നോവല്‍ മത്സരത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ കൃതിയാണ് ഡോ. മുഹ്‌സിനയുടെ ആല്‍ 2.0. കമ്പ്യൂട്ടറും സ്മാര്‍ട്ട് ഫോണും ഉപയോഗിക്കുന്ന, വിശ്രമ വേളകളിലൊക്കെ ഇ-ഗെയിം കളിക്കാന്‍ ഇഷ്ടപ്പെടുന്ന, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്തെ കുട്ടികളുടെ ആശങ്കകളും സാഹസങ്ങളുമാണ് നോവലിന്റെ പ്രമേയം.

ഇന്നത്തെ കാലത്തെ കുട്ടികളുമായി സംവദിക്കാന്‍ കഴിയണമെങ്കില്‍ എഴുത്തുകാരന് അവരിലൊരാളായി മാറാന്‍ കഴിയണം. മുഹ്‌സിന അതില്‍ വിജയിച്ചിരിക്കുന്നുവെന്നാണ് നോവല്‍ വായിച്ച കുട്ടികളുടെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാവുന്നത്.

TAGS :