ചൂല്‍ | Poetry
| കവിത
പണ്ടൊക്കെ ഈര്‍ക്കില്‍ ചൂലുകളായിരിന്നു.
ഇപ്പോഴും ചിലയിടത്ത് കാണാം
കടക്കല്‍ ഒറ്റ കെട്ട് മതി -
അഴിയാത്ത ഒരു ഊരാകുടുക്ക്
അടങ്ങി ഒതുങ്ങി ഇരുന്നോളും
മരണമില്ലാത്ത ഒന്നാണത്
അകം അടിച്ചുവാരി,
തുമ്പൊടിഞ്ഞാല്‍
മുറ്റത്തേക്കിറക്കും.
മുറ്റം കഴിയുമ്പോ,
പിന്നെയും തുമ്പ് ഒടിഞ്ഞ ചൂല്‍ കുളിമുറിയിലേക്കും
കക്കൂസിലേക്കും കേറും.
പിന്നെ ചിലപ്പോ മാറാല തട്ടാന്‍ ഏതെങ്കിലും കമ്പിന്റെ അറ്റത്ത് കേറും
അങ്ങനെ മരിക്കാതെ...
പക്ഷെ ഇപ്പൊ ചൂലിന്റെ കഥ മാറി
പ്ലാസ്റ്റിക് കുഴലിന്റെ അറ്റത്ത്
ഒരു പിടി പുല്ല്,
അല്ലെങ്കില്‍ പ്ലാസ്റ്റിക് നൂലുകള്‍
'ഒറ്റകെട്ടില്‍ ഒതുങ്ങില്ല'
അര വരെ പ്ലാസ്റ്റിക് കുഴലില്‍ ഒതുക്കിവെക്കണം
തുമ്പൊടിഞ്ഞാല്‍
നൂല് കൊഴിഞ്ഞാല്‍
പിന്നെ കളയാം
ആയുസ്സില്ലാ!
വീട്ടുക്കാര് പരിഭവം പറയും
'എന്തൊക്കെ പറഞ്ഞാലും പണ്ടത്തെ ഈര്‍ക്കിളി ചൂലാണ് നല്ലത്'
ഒറ്റകെട്ട് മതി!
ഒതുങ്ങും!
മരിക്കാതെ പണിയെടുക്കും!