Quantcast
MediaOne Logo

ബൈജു. സി.പി

Published: 3 Jan 2024 9:26 AM GMT

കൗണ്ട് ഡൗണ്‍

| കവിത

കൗണ്ട് ഡൗണ്‍
X

'ഉറക്കം വരാത്ത രാത്രികളാണിപ്പോള്‍ എനിക്കു കൂട്ട്.

ശീതീകരിച്ച മുറിക്കുള്ളില്‍

കാറ്റിനെപ്പോലും കയറ്റി വിടാതെ

ശ്വാസം പിടിച്ചിരിക്കുന്ന

മരണ മണമുള്ള രാത്രികള്‍.

മഷി കൊണ്ട് എഴുതി നിറച്ച

കടലാസുകള്‍ തേടി

അവരെത്തുമെന്ന് ഇന്നും

ഒരശരീരി വന്നിരുന്നു.

'മരിക്കാന്‍ ഭയമുണ്ടോ?'

എന്ന ചോദ്യത്തിന്

ജീവിക്കാനാണിപ്പോള്‍ ഭയം

എന്ന മറുപടിയില്‍ അവര്‍ അസ്വസ്ഥരായിട്ടുണ്ട്.

ഒരു വെടിയുണ്ടയാല്‍ തുളഞ്ഞു തീരുന്നതല്ല

ജീവിതമെന്ന കലാസൃഷ്ടിയെന്ന്

ചൂണ്ടുവിരലില്‍ മഷി മുക്കി

ഞാനീ ചുവരുകളില്‍ എഴുതി വെച്ചിട്ടുണ്ട്.

എനിക്കറിയാം;

വാക്കുകള്‍ക്കും

വരകള്‍ക്കും

നടുവില്‍

നൃത്തം ചവിട്ടുന്ന

ഹൃദയത്തെ നിശബ്ദമാക്കാന്‍

ഒരായുധത്തിനും സാധ്യമല്ലെന്ന്.

എന്റെ സ്വാതന്ത്ര്യത്തിന് മരണം വിധിക്കാന്‍

ഇടനാഴികളിലൂടെ

കാലടികള്‍ ദ്രുതതാളത്തില്‍

അടുത്തടുത്ത് വരുന്നുണ്ട്.

ഏതു നിമിഷവും ഈ വാതിലുകള്‍

തകര്‍ക്കപ്പെടും,

മഷിയുണങ്ങാത്ത അക്ഷരങ്ങള്‍

നെയ്തു വെച്ച കടലാസ്സുകള്‍ എന്റെ രക്തം കൊണ്ട് കുതിരും.

സമയമായി സുഹൃത്തേ

ജനാലകള്‍ തുറക്കൂ.

തെരുവിലേക്ക് നോക്കി

ഒന്നുറക്കെ ശബ്ദമുണ്ടാക്കൂ.

ആരെങ്കിലും

അത് കേള്‍ക്കാതിരിക്കില്ല.

TAGS :