Quantcast
MediaOne Logo

ഡോ. ഷൂബ കെ.എസ്‌

Published: 16 Aug 2022 1:51 PM GMT

'ആവാസ വ്യൂഹം' : ഉണക്കമീനിന്റെ മണമുള്ള മനുഷ്യരും പാരീസിലെ ചരിത്ര മ്യൂസിയവും

കെ-റെയില്‍ മോഡല്‍ വികസന കാലത്തെയും പ്രളയ-കോവിഡാനന്തര കാലത്തെയും നോളജ് ഇക്കോണമിയുടെ കാലത്തെയും സിനിമയാണ് ആവാസവ്യൂഹം. സിനിമയോടുള്ള ചില പ്രതികരണങ്ങളും അതിന്റെ വിശദീകരണങ്ങളും.

ആവാസ വ്യൂഹം : ഉണക്കമീനിന്റെ മണമുള്ള മനുഷ്യരും പാരീസിലെ ചരിത്ര മ്യൂസിയവും
X

ഭൂമിയ്ക്ക് ചരമഗീതമെഴുതുന്നവരും പ്രകൃതി സ്‌നേഹികളായ പാവം മാനവഹൃദയങ്ങളും തീര്‍ച്ചയായും കാണേണ്ട സിനിമ; 'ആവാസ വ്യൂഹം'

വിശദീകരണം: പരിസ്ഥിതി നിര്‍മിക്കുന്നവനെ, ഭൂമിയില്‍ പണിയെടുക്കുന്നവനെ കുറ്റവാളിയാക്കുന്ന പരിസ്ഥിതി സ്‌നേഹം ആണ് 1960കള്‍ മുതല്‍ അധികൃതവും അനധികൃതവുമായ വൈദേശിക ധനസഹായം ഉള്ള, പരിഷത്ത് പോലുള്ള സന്നദ്ധ സംഘങ്ങള്‍ വഴി കേരളത്തില്‍ പ്രചരിപ്പിച്ചത്. ഒ.എന്‍.വി, സുഗതകുമാരി തുടങ്ങിയ ഭരണകൂടകവികള്‍ അതിനു വേണ്ടിയുള്ള വൈകാരികത പ്രചരിപ്പിച്ചു. 'സസ്റ്റയിനബിള്‍ ഡവലപ്‌മെന്റ്' എന്ന പാരിസ്ഥിതിക മുതലാളിത്ത വികസനസങ്കല്‍പവും പശ്ചിമഘട്ട സംരക്ഷണ വൈകാരികതാ പ്രകടനങ്ങളും ഒക്കെ കോര്‍പ്പറേറ്റുകളുടെ സ്വന്തം നാടാക്കി കേരളത്തെ മാറ്റി. റിയല്‍ എസ്റ്റേറ്റ്-റോഡ് വികസനങ്ങളുടെ ഒരേ കുഴിയില്‍ പല പ്രാവശ്യം വീണു മരിക്കുന്നവരായി ജനങ്ങള്‍ മാറി. സര്‍ഗാത്മകനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കപ്പെട്ട, ആജീവനാന്തം 144 പ്രഖ്യാപിക്കപ്പെട്ട ഒരു ജനത. തീരപ്രദേശത്ത് നിന്ന് മത്സ്യത്തൊഴിലാളികളും പശ്ചിമഘട്ടത്തില്‍ നിന്ന് അവിടത്തെ ജനങ്ങളും കുടിയേറ്റക്കാര്‍ എന്ന നില ആരോപിക്കപ്പെട്ട് കുടിയിറക്കപ്പെടേണ്ടവരായി. സ്വന്തം വീട്ടില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടു. പ്രളയം ജനങ്ങളെ പാപികളാക്കി. പാരിസ്ഥിതികപാപത്തിന്റെ ശമ്പളമാണ് മരണം. കോവിഡ് ജനങ്ങളെ അയിത്തക്കാരും കുറ്റവാളികളുമാക്കി. സൈബര്‍ വിപണിയും മരുന്നു വിപണിയും സൃഷ്ടിച്ച വ്യാജഭീതിയായിരുന്നു അതിനു പിന്നില്‍. ദുരന്തനിവാരണ പാരിസ്ഥിതിക സംരക്ഷണപ്രവര്‍ത്തനങ്ങള്‍ അല്‍പം ചിലര്‍ക്ക് കൊടുംലാഭം നേടുന്ന വ്യാവസായിക പ്രവര്‍ത്തനങ്ങളായി മാറി. ഇതൊക്കെ വ്യാവസായികാനുകൂലമായി മനസ്സിലാക്കാന്‍ മാധ്യമങ്ങളില്‍ മാത്രമല്ല, പാഠ്യപദ്ധതികളിലും മുന്നേ തന്നെ പാരിസ്ഥിതികവിശുദ്ധവാദം കടന്നു വന്നിരുന്നു. 'ജലം അമൂല്യമാണ് 'എന്നു കുട്ടികള്‍ പഠിക്കുകയും പോസ്റ്റര്‍ ഉണ്ടാക്കുകയും ചെയ്തു.പഠിച്ചിറങ്ങിയ കുട്ടികള്‍ ജലം അമൂല്യമാണ് അത് പണം കൊടുത്തു വാങ്ങേണ്ടതാണ് എന്നു മനസ്സിലാക്കി. പൊതു ടാപ്പ് നിരോധിച്ചതും വെള്ളം വിലയേറിയ ഉല്‍പന്നമായതും പ്രകൃതിയില്‍ പണിയെടുക്കുന്നവന്‍ കുറ്റവാളിയായി തീരുന്നതും സ്വാഭാവികമായി കണ്ടു. കച്ചവടക്കാര്‍ക്ക് അനുകൂലമായിരുന്നു കേരളീയ പാരിസ്ഥിതിക സ്‌നേഹം. ഇത്തരം പാരിസ്ഥിതിക ഉപരിവര്‍ഗ പൊതുബോധത്തിന്റെ നിഷേധമാണ് പ്രസ്തുത സിനിമ. കൃഷന്ദ് ആര്‍.കെ ആണ് സംവിധായകന്‍. ഒരിക്കലും അവാര്‍ഡ് കിട്ടിക്കൂടാത്ത ചലച്ചിത്രം. അഭിനയം, എഡിറ്റിംഗ് ഉള്‍പ്പെടെ എല്ലാ മേഖലകളിലും അതിശയിപ്പിക്കുന്ന പ്രകടനം.

വംശനാശം സംഭവിക്കുന്ന വിചിത്രജീവികളെ സംബന്ധിക്കുന്ന ഡോക്യുമെന്ററിയുടെ അക്കാദമികശൈലിയില്‍, വംശനാശം സംഭവിക്കുന്ന തൊഴില്‍ ജീവിതത്തെ അവതരിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന മറിച്ചിടല്‍ ദുരന്തഹാസ്യത്തിന്റെ ആഖ്യാനശൈലി സിനിമയ്ക്ക് നല്‍കുന്നു. അക്കാദമിക പാരിസ്ഥിതിക പഠനത്തിനുള്ളില്‍ ഇല്ലാതെ പോകുന്ന ജീവിതം സിനിമയുടെ ആഖ്യാനശൈലിയാല്‍ ഉന്നയിക്കപ്പെടുന്നു.

മലയാളസിനിമ ഇതുവരെ കാണാത്ത ആഖ്യാനവും പ്രമേയവും

വിശദീകരണം: ഈ സിനിമയ്ക്കുള്ള അനുബന്ധ ശീര്‍ഷകം The arbit documentation of an Ambhibian Hunt എന്നാണ്.

വെറുംകാഴ്ചക്കാര്‍ക്ക് വിചിത്രമെന്നു തോന്നുന്ന, വേട്ടയാടപ്പെടുന്ന, വംശനാശം വന്നുകൊണ്ടിരിക്കുന്ന, ഒരു ഉഭയജീവിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണിത്. ഈ ജീവിയുടെ ജീവിതചക്രത്തില്‍ ഭാഗഭാക്കായവരുടെ അഭിമുഖങ്ങളിലൂടെയാണ് ഡോക്യുമെന്റേഷന്‍ മുന്നേറുന്നത്.

Dr. Sebastian Paul(Head of Amphibian Department, UOD),Kochuraman CP(Mangrove Enviromental Activist),Murali karunakaran(Boat owner munanpam Azhicode )Kochuraghavan(fisher man, Azhicode),susheelan Vava(Fisher man, Puthuvype),Neeraj Northlander (Green Enterprenuer of the year 2016), Biju Kannanganad ,Enviromental Activist, Puthuvype),Radhika Issac(Reserach Associate Cancer and stem cell Biology, Pune), Antony Philip (Sublnspector, Njarackal), Madhu smitha ( kudumbasree Worker, Puthuvype) ,vathsan constable, Puthuvype) തുടങ്ങിയവരുടെ അഭിമുഖങ്ങളിലൂടെയാണ് ഡോക്യുമെന്ററി മുന്നേറുന്നത്. ഒപ്പം വിവിധയിനം തവളകള്‍, ആമകള്‍, ഉറുമ്പുകള്‍, ശലഭങ്ങള്‍, പൂച്ചകള്‍ തുടങ്ങിയവയുടെ ശബ്ദങ്ങളും സാനിധ്യങ്ങളും ഉണ്ട്.

അതായത്, ശാസ്ത്രജ്ഞരും തവളകളും ഗവേഷകരും ഉറുമ്പുകളും പരിസ്ഥിതി പ്രവര്‍ത്തകരും ആമകളും ബോട്ടുടമകളും പൂച്ചകളും മത്സ്യത്തൊഴിലാളികളും ശലഭങ്ങളും പൊലീസുദ്യോഗസ്ഥരും പാമ്പുകളും ഒരേ പ്രാധാന്യത്തോടെ ഇതില്‍ കടന്നു വരുന്നു. 'ആമുഖം - Western Ghats 2015', ' ചാപ്റ്റര്‍-1 ലിസി അഴീക്കോട് 2017', 'Chapter-2 വാവ puthuvype 2018 ', 'Chapter 3 മുരളി Puthuvype 2020', 'ഉപസംഹാരം Paris 2023 ' എന്നിങ്ങനെ അഞ്ചു ഭാഗങ്ങള്‍ സിനിമയ്ക്കുണ്ട്.

Dr. Sebastian Paul(Head of Amphibian Department, UOD) ആമുഖ ഭാഗത്ത് ഇങ്ങനെ പറയുന്നു: We are searching for tropical frog This Particular തവള mysteicellus joy പശ്ചിമഘട്ടത്തിലെ തവളയെ അന്വേഷിക്കുന്ന, പര്യടനം നടത്തുന്ന ഗവേഷകരില്‍ ആണ് തുടങ്ങുന്നത്. സുധാമണി, അതിഥി കേരളത്തിലെ തുമ്പികളുടെ വംശനാശത്തെക്കുറിച്ചു പി.എച്ച്.ഡി ചെയ്യുന്ന മധു ഇവരാണ് പോകുന്നത്. mysteicellus joy എന്ന വിചിത്രതവളയെ അന്വേഷിക്കുന്നതിന്റെ ഡോക്യുമെന്റേഷന്‍ എന്ന നിലയില്‍ നിന്നും അധിനിവേശത്താല്‍ വിചിത്രമാക്കപ്പെട്ട ജോയ് എന്ന മനുഷ്യന്റെ ദുരിതജീവിതകഥയായി മാറുന്നതാണ് സിനിമയുടെ പ്രമേയം. ഇത് ലോകത്തെ എവിടത്തെയും അധിനിവേശ ജനതയുടെയും മുതലാളിത്ത കാലത്തെ ഏതുതരം തൊഴിലാളിയുടെയും കഥയായി മാറുന്നു. ശ്രീലങ്കന്‍ അഭയാര്‍ഥിയെന്നും ബംഗാളിയെന്നും നേപ്പാളിയെന്നും തീവ്രവാദിയെന്നും കാഴ്ചകൊണ്ട് തന്നെ ക്രിമിനലെന്നും മാവോയിസ്റ്റെന്നും ആരോപിക്കപ്പെട്ടു കഠിനമായി വേട്ടയാടപ്പെടുന്ന ജോയ് ഒടുവിലാക്കപ്പെടുന്നവരുടെ ആഗോള പ്രതിനിധിവ്യക്തിത്വമാണ്. വംശനാശം സംഭവിക്കുന്ന വിചിത്രജീവികളെ സംബന്ധിക്കുന്ന ഡോക്യുമെന്ററിയുടെ അക്കാദമികശൈലിയില്‍, വംശനാശം സംഭവിക്കുന്ന തൊഴില്‍ ജീവിതത്തെ അവതരിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന മറിച്ചിടല്‍ ദുരന്തഹാസ്യത്തിന്റെ ആഖ്യാനശൈലി സിനിമയ്ക്ക് നല്‍കുന്നു. അക്കാദമിക പാരിസ്ഥിതിക പഠനത്തിനുള്ളില്‍ ഇല്ലാതെ പോകുന്ന ജീവിതം സിനിമയുടെ ആഖ്യാനശൈലിയാല്‍ ഉന്നയിക്കപ്പെടുന്നു.

പണിയെടുക്കുന്നവരെയും അവരുടെ പ്രണയങ്ങളെയും വെടിവച്ചു വീഴ്ത്തുന്ന ഇടനിലക്കാരുടെ നരവേട്ടകള്‍....

15 ബോട്ടുള്ള തൊഴിലുടമയുടെ വിവാഹാഭ്യര്‍ഥനയെ മുഖത്തു നോക്കി തിരസ്‌കരിച്ച ലിസി എന്ന, ഒന്‍പതില്‍ ജയിക്കുകയും പത്തില്‍ രണ്ടു പ്രാവശ്യം തോല്‍ക്കുകയും ചെയ്ത പെണ്‍കുട്ടിയുടെ പ്രണയകഥയും പരിണാമങ്ങളുമാണ് 'ചാപ്റ്റര്‍-1 ലിസി അഴീക്കോട് ' - എന്ന ഭാഗത്തുള്ളത്. ലിസി ഉണക്കമീനിന്റെ മണമുള്ള ജോയിയെ പ്രണയിക്കുന്നു. ചെറുമീനുകളെ പിടിക്കുന്ന ബോട്ടുടമ, തൊഴിലാളിക്ക് ഒന്നും കൊടുക്കാതെ ലാഭം കൊയ്യുന്ന തരകന്‍, ലിസിയാല്‍ തിരസ്‌കരിക്കപ്പെട്ടതുകൊണ്ടു ഹിംസയുടെ മാര്‍ഗം തേടുന്നു. ജോയിയുടെ ചെറുത്തുനില്‍പില്‍ തരകന്‍ കൊല്ലപ്പെടുന്നു. നിരോധനാജ്ഞ ലംഘിച്ച് മീന്‍പിടിച്ചതിനാല്‍ ജോയ് ജയിലിലാകുന്നു. അയാളുടെ അനിയന്‍ പൊലീസുകാരെ പണം കൊടുത്തു സ്വാധീനിച്ച് സാഹചര്യം സൃഷ്ടിച്ചെടുത്ത് ജോയിയെ വെടി വയ്ക്കുന്നു. 'ചെമ്മീന്‍' എന്ന സിനിമയിലെ, കടല്‍ സ്രാവില്‍ നിന്നും രക്ഷപ്പെട്ട പളനിയാണ് ഈ സിനിമയിലെ ജോയ് എന്നു പറയാം. കറുത്തമ്മ മീന്‍പിടുത്തക്കാരനെയല്ല, കൊച്ചുമുതലാളിയെയാണ് സ്‌നേഹിച്ചത്. ലിസി കൊച്ചുമുതലാളിയെ ഉപേക്ഷിച്ച് മീന്‍പിടുത്തക്കാരനെ സ്‌നേഹിക്കുന്നു. പണി ചെയ്യുന്നവന്‍ ആട്ടിയിറക്കപ്പെടുകയും ഇടനിലക്കാര്‍ വാഴ്ത്തപ്പെടുകയും ചെയ്യുന്ന മുതലാളിത്തകാലത്തെ നിവൃത്തികേടുകളും പ്രണയം കൊണ്ടുള്ള പ്രതിരോധവുമാണ് 'ആവാസവ്യൂഹ'ത്തില്‍.


നല്ല വാര്‍ത്തകളും സ്‌തോഭജനകമായ കൗതുക വാര്‍ത്തകളുമായി ജീവിതത്തെ നിര്‍വ്വചിച്ച് ഡോക്യുമെന്ററിയാക്കുന്ന മാധ്യമ ജീവിതങ്ങള്‍...

വിശദീകരണം: രക്ഷാപ്രവര്‍ത്തനങ്ങളുടെയും സന്നദ്ധസംഘ പ്രവര്‍ത്തനങ്ങളുടെയും നല്ല വാര്‍ത്തകളും വിചിത്രമായ കുറ്റകൃത്യങ്ങളുടെ സംഭ്രമജനകമായ വാര്‍ത്തകളും ആണ് മാധ്യമങ്ങള്‍ നമുക്ക് നല്‍കുന്നത്. എതോ വിചിത്രമായ ലോകത്തേയ്ക്കുള്ള ഉദ്യോഗജനകമായ യാത്രയാണ് വാര്‍ത്തകള്‍. തവളകളെ ഗവേഷകര്‍ക്ക് പിടിച്ചു കൊടുക്കുന്ന ഒരു വ്യക്തിയുടെ ജീവിതം ഒരു ഞായറാഴ്ചപ്പതിപ്പിലെ നെടുനീളന്‍ കളര്‍ഫോട്ടോയുള്ള ഫീച്ചറായിരുന്നു, 'പ്രാണി ജീവിതം' എന്ന പേരില്‍, ഒരു മലയാള പത്രത്തില്‍. സാധാരണക്കാരുടെ ജീവിതം ഒരു ഞായറാഴ്ചയിലെ ഉദ്യോഗജനകമായ വിശിഷ്ട വിഭവമായി മാറുന്നു. നിങ്ങളുടെ കൗതുകവാര്‍ത്തകള്‍ക്ക് വേണ്ടി മരിച്ചു വീഴുന്നവരായി ഞങ്ങള്‍ മാറിയിരിക്കുന്നു. സാധാരണക്കാരന്റെ ഗതികേടുകളെ മഹത്വവത്കരിച്ച് അത്ഭുതമാക്കുന്നു. എന്നും തിളയ്ക്കുന്ന പാത്രം അടുപ്പത്ത് നിന്ന് കൈപൊള്ളാതെ ഇറക്കി വയ്ക്കുന്നത് ആവര്‍ത്തനത്തിലൂടെ ഒരു വീട്ടമ്മയ്ക്ക് കൈവരുന്ന വൈഭവമാണ്. അതു വ്യക്തിപരമായ കഴിവായിരിക്കുമ്പോള്‍ തന്നെ അതു ആജീവനാന്തം അടുക്കളയിലായ സ്ത്രീയുടെ ഗതികേടിന്റെ അടയാളം കൂടിയാണ്. എന്നാല്‍, അത് അമ്മയുടെ അത്ഭുതമായി നിര്‍വ്വചിച്ചാല്‍ വ്യക്തിപരമായ കഴിവിനെ ഇല്ലാതാക്കാം, ഗതികേടിലായ ജീവിതത്തെ മറച്ചു പിടിക്കാം. അതുപോലെ മീനുമായി ആശയവിനിമയം നടത്തുന്ന ജോയിയുടെ കഴിവ് തുടക്കത്തില്‍ പണം ഉണ്ടാക്കാനുള്ള വഴിയായി ആളുകള്‍ എടുക്കുന്നു. എന്നാല്‍, സിനിമയുടെ മൂന്നാമത്തെ ചാപ്റ്ററില്‍ മധുസ്മിത എന്ന അച്ചാറു വില്പനക്കാരിയുടെ വീട്ടില്‍ നിറയെ വ്രണങ്ങളോടെ ജോയ് എത്തപ്പെടുമ്പോള്‍ അതെല്ലാം അത്ഭുത ശക്തിയായി മാറുന്നു. ജോയ് ദൈവവും മാലാഖയും അത്ഭുത മനഷ്യനും തവള മനുഷ്യനുമൊക്കെയായി മാധ്യമങ്ങളില്‍ നിറയുന്നു. സ്വന്തം വീട്ടില്‍ നിന്നും മധുസ്മിത കുടിയിറക്കപ്പെടുന്നു. വിഷയ വിദഗ്ധരെ കൊണ്ടുവന്നു എന്നും മാധ്യമങ്ങള്‍ വിചിത്ര വിഷയങ്ങള്‍ ഉണ്ടാക്കി ഉദ്യോഗജനകമായി ചര്‍ച്ച ചെയ്യുമ്പോള്‍, തര്‍ക്കിക്കുമ്പോള്‍, ആ അസംബന്ധതകള്‍ക്ക് അടിയില്‍ വീടും പ്രണയവും ശരീരവും മനസ്സും തകര്‍ന്നു പുഴുവരിക്കുന്ന ജീവിതങ്ങള്‍ ഉണ്ട്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദൈവം ഇതാണ്. എല്ലാ സൂപ്പര്‍മാന്റെയും അവതരണം മറയ്ക്കുന്നത് ഇതാണ്. ഫാസിസവും ഫാസിസ്റ്റ് വിരുദ്ധതയും യുക്തിയും ശാസ്ത്രവും ചരിത്രവും കാണാതെ പോകുന്നത് അഴുകുന്ന ജീവിതങ്ങളെയാണ്. തവളമനുഷ്യന്‍ എന്ന അത്ഭുത വാര്‍ത്തയുടെ പ്രൈം ടൈം ചര്‍ച്ചയില്‍ മതവും ശാസ്ത്രവും ചരിത്രവും ഒക്കെ തര്‍ക്കിക്കുന്നു.

കുടിയിറക്കപ്പെടുന്നവര്‍, തൊഴിലില്‍ നിന്നും കുടിയിറക്കപ്പെടുകയും ഇടനിലക്കാരും കൂട്ടിക്കൊടുപ്പുകാരുമായി മാറുകയും ചെയ്യുന്നു. തുറമുഖങ്ങളുടെ അത്ഭുതലോകം കോര്‍പ്പറേറ്റുകള്‍ നിര്‍മിച്ചെടുക്കുമ്പോള്‍ തൊഴിലാളികള്‍ക്കുണ്ടാകുന്ന ദയനീയ പരിണാമമാണത്. ദൈവത്തിന്റെ സ്വന്തം നാട് ഇടനിലക്കാരുടെ നാടാണ്. ടൂറിസ്റ്റു മനസ്സുകളുടെ കാഴ്ചവസ്തു.

Thanthri Damodharan sreejith, Religious expert), sethadevi scientist, SaajanValim kuzhi, Historian ഇവരൊക്കെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരാണ്. 'ആഫ്രിക്കയില്‍ നിന്നും കാപ്പിരികളെ അടിമകളായി കൊണ്ടുവന്നു. സായിപ്പന്മാര്‍ പോകുമ്പോള്‍ അവരെ കൊന്നു കുഴിച്ചുമൂടും. മരിച്ച കാപ്പിരികള്‍ പ്രകൃതിയുമായി ലയിച്ചു ശക്തിയായി പ്രാപിച്ചു അങ്ങനെ യുണീക്കായിട്ടുള്ള സ്പിരിറ്റായി എത്തിയതാണ് ഈ തവളമനുഷ്യന്‍' എന്നു ചരിത്രകാരന്‍. 'മത്സ്യം അതായത് ഫിഷ് '' എന്നു പറഞ്ഞു തുടങ്ങി വരുണന്‍ ഉള്ളത് കൊണ്ടാണല്ലോ ദൈവം കടലിനു മുകളില്‍ സഞ്ചരിച്ചത് എന്നു പറയാനൊരുങ്ങുന്ന മതപക്ഷം അഭിനയിക്കുന്ന തന്ത്രി. ഇത്തരം അസംബന്ധ ചര്‍ച്ചകളും വാര്‍ത്തകളും നമ്മുടെ ജീവിതത്തെ മറയ്ക്കാനായി മാധ്യമങ്ങളില്‍ പെയ്തു കൊണ്ടിരിക്കുന്നു.

കൊള്ളലാഭത്തിനും ആരാധനയ്ക്കും വേണ്ടി പ്രകൃതി ആക്രമിക്കപ്പെടുമ്പോള്‍, അത്ഭുതമാക്കപ്പെടുമ്പോള്‍ പിടഞ്ഞൊടുങ്ങുന്ന അധ്വാനിക്കുന്ന മനുഷ്യര്‍....

വിശദീകരണം: മീന്‍ പിടിക്കുമ്പോള്‍ ജോയ് പറയുന്നുണ്ട് നമുക്ക് ആവശ്യത്തിനെടുത്തിട്ട് ബാക്കി വെള്ളത്തില്‍ വിടാം എന്നു. നമ്മുടെ അത്യാവശ്യത്തിന് വേണ്ടി മാത്രം പ്രകൃതിയില്‍ നടത്തുന്ന അക്രമങ്ങളെയാണ് പാരിസ്ഥിതിക പ്രവര്‍ത്തനം എന്നു പറയുന്നത്. എന്നാല്‍, ഭൂമിയില്‍ അത്യാര്‍ത്തി കാണിയ്ക്കുകയും അതിനെ പ്രതിയാക്കി പ്രകൃതിയെ പൂജിക്കുകയും ചെയ്യുന്ന നിലപാടുകള്‍ ഉണ്ട്. മധുസ്മിതയുടെ വീട് ദൈവത്തിന്റെ സ്വന്തം വീടായി പൂജിക്കപ്പെടുമ്പോള്‍ വീട്ടുകാരി കുടിയിറക്കപ്പെടുന്നു. സ്വന്തംവീട്ടില്‍ നിന്നും കുടിയിറക്കി വസ്തു സ്വന്തമാക്കാന്‍ അവിടെ നിന്നു വിഗ്രഹം കണ്ടെടുക്കുന്ന തന്ത്രം കെ.ജി ജോര്‍ജ്ജിന്റെ 'മണ്ണ്' (1978) എന്ന സിനിമയില്‍ കാണാം. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ഭൂമി സ്വന്തമാക്കാനും തദ്ദേശീയമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയാനും കുടിയിറക്കപ്പെട്ടവരെ പണം കൊടുത്തു സാന്ത്വനിപ്പിക്കാനുമാണ് അവരുടെ തന്നെ ധനസഹായത്താല്‍ പരിസ്ഥിതി സംഘടനകള്‍ ഉണ്ടാകുന്നത്. പരിസ്ഥിതി സംഘടനയുടെ പേരിലാണ് മണി ചെയിന്‍ ബിസിനസ്സ് സിനിമയില്‍ കാണിക്കുന്നത്. വീട്ടില്‍ നിന്നും പുറത്തായ കുടുംബശ്രീ പ്രവര്‍ത്തക സ്വന്തം വീട്ടിലെ ദൈവത്തെ കാണാന്‍ നില്‍ക്കുന്നവരില്‍ നിന്നും അതിനു വേണ്ടി കൈക്കൂലി വാങ്ങുന്നു. പൊലീസുകാരന്‍ അവരുടെ ഇടനിലക്കാരനാകുന്നു. അയാള്‍ ഇരട്ടി പൈസ കൈക്കൂലി വാങ്ങുന്നു. എല്ലാരെയും ഇടനിലക്കാരനാകാന്‍ നിര്‍ബന്ധിക്കുകയാണ് വ്യാവസായിക ശക്തികള്‍. കുടുംബശ്രീ പ്രവര്‍ത്തക ആദ്യം അച്ചാറു വില്‍ക്കുകയും പിന്നീട് ഇടനിലക്കാരിയാകാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്നു. കുടിയിറക്കപ്പെടുന്നവര്‍, തൊഴിലില്‍ നിന്നും കുടിയിറക്കപ്പെടുകയും ഇടനിലക്കാരും കൂട്ടിക്കൊടുപ്പുകാരുമായി മാറുകയും ചെയ്യുന്നു. തുറമുഖങ്ങളുടെ അത്ഭുതലോകം കോര്‍പ്പറേറ്റുകള്‍ നിര്‍മിച്ചെടുക്കുമ്പോള്‍ തൊഴിലാളികള്‍ക്കുണ്ടാകുന്ന ദയനീയ പരിണാമമാണത്. ദൈവത്തിന്റെ സ്വന്തം നാട് ഇടനിലക്കാരുടെ നാടാണ്. ടൂറിസ്റ്റു മനസ്സുകളുടെ കാഴ്ചവസ്തു.

കോര്‍പ്പറേറ്റുകള്‍ നമ്മുടെ കടല്‍ത്തീരങ്ങളും പ്രകൃതിയും തൊഴിലിടങ്ങളും വിഴുങ്ങുമ്പോള്‍, കടലിലും കരയിലും ജീവിക്കാനാവാതെ വരുമ്പോള്‍, ഇഹലോകത്തും സൈബര്‍ പരലോകത്തും ജീവിച്ചു മരിക്കുന്ന ഉഭയജീവികളായി അത്ഭുതമനുഷ്യരായി നാം മാറുന്നു, നിവൃത്തികേടുകളുടെ വിപരീതപരിണാമം.

തൊഴില്‍ നഷ്ടപ്പെട്ട്, വീട് നഷ്ടപ്പെട്ട്, പ്രണയം നഷ്ടപ്പെട്ട് ആട്ടിയോടിക്കപ്പെട്ട് പുഴുവരിച്ചു കിടക്കുമ്പോള്‍ അതിനെക്കുറിച്ചു ഒരു ചുക്കും അറിയാത്ത ഭരണകൂട പ്രതിനിധികള്‍ ജനങ്ങളെ മാസ്‌ക് ധരിക്കാന്‍ ഉപദേശിക്കുന്ന ഒന്നിലധികം ദൃശ്യങ്ങള്‍ സിനിമയിലുണ്ട്. ഇഹലോകനരകജീവിതത്തെ കൂടുതല്‍ നരകമാക്കുന്ന ഭരണകൂട രക്ഷാസ്വര്‍ഗവാഗ്ദാനങ്ങള്‍, പരലോക വാഗ്ദാനങ്ങള്‍ ഉണ്ട്. സൈബര്‍ ലോകം അത്തരത്തിലൊന്നാണ്. ക്വാറന്റൈനും ഏകാന്തവാസവും 144 ഉം കൊണ്ട് തൊഴിലും ജീവിതവും നഷ്ടപ്പെട്ട് ലോണടയ്ക്കാനാകാതെ കടത്തില്‍ മുങ്ങിയ രണ്ടാം ചാപ്റ്ററിലെ വാവയ്ക്ക് മുന്നില്‍ പരിസ്ഥിതി സ്‌നേഹവും സൈബര്‍ സ്‌പെയ്‌സും മണി ചെയിനുമാണ് രക്ഷാപുരുഷനായി എത്തുന്നത്്. Neeraj Northlander

(Green Enterprenuer of the year 2016) അയാളാണ് രക്ഷാപുരുഷന്‍.'എന്തോ പ്രകൃതിയെ സംരക്ഷിക്കും എന്നു പറഞ്ഞു വന്നതാ, നമ്മള്‍ അതൊന്നും അല്ല പെട്ടെന്നു പൈസ കിട്ടും എന്നുള്ളതുകൊണ്ട് ' ചേര്‍ന്നു എന്നു വാവ പറയുന്നു. ഇവിടെ ജീവിക്കാന്‍ കൊള്ളാത്തതു കൊണ്ട് സൈബര്‍ സ്‌പെയിസില്‍ സ്ഥലം വാങ്ങാന്‍ ഒരുങ്ങുന്നു. അങ്ങനെ ഉള്ളതും പോകുന്നു. ആ കെടുതിയില്‍ രക്ഷയ്ക്ക് എത്തുന്നത് ജോയ് എന്ന മത്സ്യത്തൊഴിലാളിയാണ്. എന്നാല്‍, മത്സ്യത്തൊഴിലാളിയെയും നേരിടുന്നത് ഈ ജീവിതം തന്നെ. കരയിലും വെള്ളത്തിലും ജീവിക്കുന്ന ജീവിയാണ് ഉഭയജീവി. തവളയെ പോലുള്ള ജീവികള്‍. അതു പരിണാമത്തിലെ പൂര്‍വ്വ ഘട്ടമാണ്. ജോയിയ്ക്ക് കരയിലും വെള്ളത്തിലും ജീവിക്കാന്‍ കഴിയുന്നില്ല. മാധ്യമങ്ങളിലെ ആഘോഷിക്കപ്പെടുന്ന അത്ഭുത ജീവി/അഴുകിത്തീരുന്ന തൊഴിലാളി ഇത്തരം ഉഭയജീവിതം നയിക്കേണ്ടി വരുന്ന ഒരു വിചിത്ര ജീവിയായി ജോയ് മാറുന്നു. തവളയുടെ കാലുകളും മനുഷ്യന്റെ തലയും. വിപരീതപരിണാമം.


ചരിത്ര മ്യൂസിയങ്ങള്‍ നിര്‍മിക്കപ്പെടുമ്പോള്‍, വലുത് ചെറുതിനെ വേട്ടയാടുന്ന ജിയോഗ്രഫിക്കല്‍ ചാനലിലെ ഡോക്യുമെന്ററിയായി ജൈവിക ചരിത്രം മാറ്റപ്പെടുമ്പോള്‍ മറയ്ക്കപ്പെടുന്നത് ചരിത്രം നിര്‍മിക്കുന്നവരാണ്.

വിശദീകരണം: സാധാരണക്കാരന്റെ ഉഭയജീവിതം നിങ്ങള്‍ക്ക് വിചിത്രവും അത്ഭുതകരവും കൗതുകകരവുമായ മ്യൂസിയംകാഴ്ചയാണ്. അതില്‍ നമ്മള്‍ സന്തോഷിക്കുന്നു. പാരീസിലെ ചരിത്രമ്യൂസിയത്തില്‍ നമ്മുടെ ഗ്രാമത്തിലെ 'തവളമനുഷ്യ'ന്റെ അസ്ഥികൂടം ഉള്ളതില്‍ നാം അഭിമാനിക്കുന്നു. Dr. Bob Carlman(Director of National History musuem) നമ്മുടെ ഗ്രാമത്തെക്കുറിച്ചു പറയുമ്പോള്‍ നമ്മള്‍ രോമാഞ്ചം കൊള്ളേണ്ടതാണ്. വംശനാശം സംഭവിക്കുന്ന വിചിത്രജീവികളായി തൊഴില്‍ ചെയ്യുന്നവര്‍ മാറുമ്പോഴും വലിയ ജീവികള്‍ ചെറിയ ജീവികളെ വിഴുങ്ങുന്ന ജൈവികചരിത്രഡോക്യുമെന്ററിയായി മനുഷ്യചരിത്രം മാറുമ്പോഴും നാം കാഴ്ചക്കാരായി തീരുന്നു. ഉള്ളവര്‍ ഇല്ലാത്തവരെ വിഴുങ്ങുന്നതല്ല ചരിത്രം. പക്ഷെ, കേരളം മ്യൂസിയം പഠനങ്ങള്‍ കൊണ്ടു നിറയും. മ്യൂസിയം കാവല്‍ക്കാരായി അധ്യാപകര്‍ മാറും.

അവരുടെ അസ്ഥികളില്‍ നിന്നും മാംസത്തില്‍ നിന്നും പുതിയ ഒരു ആവാസവ്യവസ്ഥ ഉദയം ചെയ്യും

വിശദീകരണം: പാരീസിലെ ചരിത്ര മ്യൂസിയത്തില്‍ തവളകളുടെ വീക്ഷണകോണിലൂടെ കാണപ്പെടുന്ന, ജോയിയുടെ അസ്ഥികൂടത്തിലെ കൈകളില്‍ നിന്നും ചെടികള്‍ കിളിര്‍ത്തു വരുന്നു. മുന്‍പ് ജോയിയുടെ ശരീരത്തില്‍ നിന്നും കിട്ടിയ പുഴുവും ചെടികളായി തീര്‍ന്നിരുന്നു. കിംകിം ഡുക്കിന്റെ സിനിമകളില്‍ കാണും പോലെ റിയലിസവും ഫാന്റസിയും ഇടകലര്‍ത്തുന്ന 'സെമി -അബ്‌സ്ട്രാക്ട് 'ആഖ്യാന ഘടന ഇവിടെ കാണാം. നിങ്ങള്‍ മ്യൂസിയമാക്കുന്ന ജീവിതത്തില്‍ നിന്നും ചരിത്രം പൊട്ടിക്കിളര്‍ന്നു വരിക തന്നെ ചെയ്യും.

TAGS :