വെടിക്കെട്ട്: ദൈവത്തിന്റെ നിറമെന്താണ്, വിശപ്പിന്റെ ജാതിയും?
ജാതിയുടേയും, നിറത്തിന്റേയും പേരില്‍ മാറ്റി നിര്‍ത്തപ്പെടുന്ന മനുഷ്യരെക്കുറിച്ചും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നു വെടിക്കെട്ട് എന്ന സിനിമ.
വെളുപ്പിനാണ് പ്രാധാന്യമെന്ന മിഥ്യാധാരണ ഏറ്റവും കൂടുതല്‍ പടര്‍ത്തിയത് സിനിമാ വ്യവസായമാണ്. അടിച്ചമര്‍ത്തപ്പെട്ടവരെയും പാര്‍ശ്വവല്‍കരിക്കപ്പെട്ടവരെയും കള്ളനും കൊലപാതകികളുമായ വികൃത മനുഷ്യരാക്കിയാണ് സിനിമകളില്‍ കാണിക്കാറുള്ളത്. പുതിയ സിനിമാലോകം മാറ്റത്തിന്റെ വഴിയിലാണ് അതിനൊരു ഗംഭീര വഴി വെട്ടിയൊരുക്കിയിരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും വെടിക്കെട്ടിലൂടെ. ആദ്യ സംവിധാന സംരംഭം തന്നെ മികച്ച വിജയമാക്കി മാറ്റാന്‍ രണ്ടു പേര്‍ക്കും കഴിഞ്ഞിട്ടുണ്ട്.
ജാതിയുടേയും, നിറത്തിന്റേയും പേരില്‍ മാറ്റി നിര്‍ത്തപ്പെടുന്ന മനുഷ്യരെക്കുറിച്ചും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന സിനിമയാണ് വെടിക്കെട്ട്. കറുപ്പിന് ഒരു രാഷ്ട്രീയമുണ്ട്. കറുത്തവരെ എങ്ങനെ ഉപയോഗിക്കാം എന്നുള്ള വെളുത്തവന്റെ ചിന്തകളും രാഷ്ട്രീയ വിശകലനം ചെയ്യേണ്ടതാണ്. ഈ സിനിമയിലെ തിരക്കഥ സമൂഹത്തിലെ പല അകറ്റിനിര്‍ത്തലുകളെയും ശക്തമായി ചോദ്യം ചെയ്തിട്ടുണ്ട്. വിശക്കുന്നവന് ജാതിയല്ല വിശപ്പകറ്റാനുള്ള ഭക്ഷണം തന്നെയാണ് ആവശ്യമെന്ന് സിനിമ പറഞ്ഞുവെക്കുമ്പോള്‍ പ്രേക്ഷകര്‍ കയ്യടിയോട് കൂടിയാണ് ആ രംഗത്തെ സ്വീകരിക്കുന്നത്.
മഞ്ഞപ്ര, കറുങ്കോട്ട എന്നീ രണ്ട് ഗ്രാമങ്ങളെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുനന്നത്. പുഴയുടെ രണ്ടു കരകളിലായി താമസിക്കുന്ന മനുഷ്യര്‍ നേരിട്ട് കാണുമ്പോള്‍ തന്നെ അടിയുടെ പൂരമാണ്. ജിത്തുവിന് (ബിബിന്‍ ജോര്‍ജ്) ഷിമിലി എന്ന പെണ്‍കുട്ടിയോട് തോന്നുന്ന പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുടെയും ആകെ തുകയാണ് 'വെടിക്കെട്ട്'. എന്നാല്‍, വെറുമൊരു പ്രണയചിത്രമല്ല എന്നതാണ് ഈ സിനിമയെ ആകര്‍ഷകമാക്കുന്നത്. കുടുംബം, സൗഹൃദം, മനുഷ്യ സ്‌നേഹം അങ്ങനെ എല്ലാത്തരം പ്രേക്ഷകര്‍ക്കും വേണ്ടത് ചിത്രത്തിലുണ്ട്.
ഒരു നടന്റെ അഭിനയ ജീവിതത്തെ രണ്ടായി തിരിക്കാമെങ്കില്‍ വിഷ്ണുവിന്റെ സിനിമാ ജീവിതം വെടിക്കെട്ട് സിനിമയ്ക്ക് മുമ്പും അതിനുശേഷവും എന്ന് കാണേണ്ടി വരും. പലരംഗങ്ങളിലും എഴുന്നേറ്റുനിന്ന് കയ്യടിക്കാന്‍ തോന്നുന്ന വിധത്തിലുള്ള ഗംഭീര പ്രകടനം. ബിബിന്‍ ജോര്‍ജ് തന്റെ പേര് മലയാള സിനിമയില്‍ ഉറപ്പിക്കുന്നത് ഈ സിനിമയിലൂടെയാകും. സ്വന്തം ജീവിതം തീരുമാനിക്കേണ്ടത് അച്ഛനും അമ്മയും അല്ല താന്‍ തന്നെയാണെന്ന് തിരിച്ചറിയുന്ന ഈ സിനിമയിലെ നായിക കാലത്തിന്റെ ആവശ്യകതയാണ്. പേരറിയാത്ത ഒരുപാട് കലാകാരന്മാരുടെ ഗംഭീര പ്രകടനം കൂടിയാകുമ്പോള്‍ വെടിക്കെട്ട് നല്ലൊരു ദൃശ്യവിരുന്നാവുകയാണ്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും ഇരുവരും ചേര്‍ന്നാണ്. പുതുമുഖങ്ങളായ ശ്രദ്ധ ജോസഫ്, ഐശ്വര്യ അനില്‍കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.