Quantcast
MediaOne Logo

എം. നൗഷാദ്

Published: 19 Jun 2024 9:33 AM GMT

വൈരാഗിയുടെ അനുരാഗം

ലോകം ചുമരുകളില്ലാത്ത അനാഥാലയമാണെന്ന് തിരിച്ചറിഞ്ഞ ഒരാളുടെ കരുണ 'വെറുമൊരോര്‍മ്മതന്‍ കുരുന്നുതൂവല്‍' വായിക്കുമ്പോള്‍ ഓരോ താളിലും അനുഭവപ്പെടുന്നു. ബോബി ജോസ് കട്ടികാടിന്റെ ബാല്യകാല ഓര്‍മക്കുറിപ്പുകള്‍ക്ക് എം. നൗഷാദ് എഴുതുന്ന ആസ്വാദനം.

വൈരാഗിയുടെ അനുരാഗം
X

ആര്‍ദ്രതയുടെ ഒരാവരണം ബോബിയച്ചന്റെ വാക്കുകളില്‍ എപ്പോളുമുണ്ട്. എഴുതുമ്പോളും പറയുമ്പോളും നമുക്കത് അനുഭവിക്കാനാവും. 'വെറുമൊരോര്‍മ്മതന്‍ കുരുന്നുതൂവല്‍' വായിക്കുമ്പോള്‍ നമ്മുടെ മുന്നിലിരുന്ന് അച്ചന്‍ പതിയെ മിണ്ടിപ്പറയുകയാണെന്നേ തോന്നൂ. വലിയ അലങ്കാരപ്പണികളൊന്നുമില്ലാത്ത ആലപ്പുഴയുടെ നാട്ടുമൊഴി. അപ്പോളും ആഴത്തില്‍ പതിഞ്ഞുകിടക്കുന്ന ജീവിതസ്‌നേഹവും ദാര്‍ശനിക വ്യഥകളും. തുമ്പോളി എന്ന കടലോര ഗ്രാമത്തില്‍ ചെലവിട്ട ഒരു സാധാരണ കേരളീയ ബാല്യത്തിന്റെ ഓര്‍മകളെയാണ് ഈ പുസ്തകത്തില്‍ ബോബിയച്ചന്‍ ആനയിക്കുന്നത്. കൂടെയുണ്ടായിരുന്നവരും പിരിഞ്ഞുപോയവരുമായ മനുഷ്യര്‍, കൂട്ടുകാര്‍, ബന്ധുക്കള്‍, വിരുന്നുകാര്‍, നാട്ടിലെ ചേട്ടന്മാര്‍, ചേച്ചിമാര്‍, കുസൃതികള്‍, കലഹങ്ങള്‍, പ്രണയങ്ങള്‍ എല്ലാം ഇവിടെ വളരെ മിനിമലായി കടന്നുവരുന്നു. ഒരു കുട്ടി അനുഭവിക്കുന്ന പള്ളിക്കൂടവും പള്ളിപ്പെരുന്നാളും ഇതിന്റെ താളുകളില്‍ മിഴിവോടെ എഴുന്നുനില്‍ക്കുന്നുണ്ട്. കടപ്പുറവും കുളിക്കടവും മനുഷ്യന്റെ സ്‌നേഹകാമനകളും ജീവിത സമരങ്ങളും സദാചാര വിധിതീര്‍പ്പുകളൊന്നുമില്ലാതെ ആവിഷ്‌കരിക്കപ്പെടുന്നു. മുതിര്‍ന്ന മനുഷ്യരുടെ ജീവിതത്തെ നോക്കിനില്‍ക്കുന്ന, അവരുടെ തീരുമാനങ്ങളുടെ കാര്യകാരണങ്ങള്‍ പലപ്പോഴും പിടികിട്ടാതെ പോകുന്ന ഒരു കുഞ്ഞിന്റെ ദാര്‍ശനിക നിഷ്‌കളങ്കത അയത്‌നലളിതമായി ഓരോ ഓര്‍മയിലും തെളിയുന്നതുകാണാം. 'ഈ മുതിര്‍ന്നവര്‍ക്ക് എന്തിന്റെ കേടാണ്?' എന്ന ചോദ്യം ആ കുട്ടി നമ്മുടെ ചെയ്തികളോട് ഊന്നലോടെ ഉന്നയിക്കുന്നു.

ഷൂസെ സരമാഗോയുടെ Small Memories എന്ന 'കുഞ്ഞു'പുസ്തകമാണ് ഇതെഴുതാനുള്ള ധൈര്യം തന്നതെന്ന് അച്ചന്‍ പുസ്തകത്തില്‍ പറയുന്നുണ്ട്. എന്നുവെച്ചാല്‍ കഥയായി കെട്ടിയെഴുന്നള്ളിക്കാന്‍ മാത്രം വിപുലമോ സംഭവബഹുലമോ ആയ ഒന്നുമില്ല അച്ചനോര്‍ത്തെഴുതാന്‍. വളരെ ചെറിയ അധ്യായങ്ങളാണ് ഓരോന്നും. സാധാരണ മനുഷ്യരുടെ സാധാരണ സങ്കടങ്ങളും ആനന്ദങ്ങളും വേവലാതികളുമാണ് നിറയെ. പക്ഷെ, ലോകം ചുമരുകളില്ലാത്ത അനാഥാലയമാണെന്ന് തിരിച്ചറിഞ്ഞ ഒരാളുടെ കരുണ ഓരോ താളിലുമുണ്ട്. അതുമതി നമ്മുടെ കണ്ണും ഹൃദയവും നിറയ്ക്കാന്‍. ഗൃഹാതുരത്വത്തിന്റെ പൊടിപ്പും തൊങ്ങലും തൊട്ടുതീണ്ടാതെ, പോയ കാലത്തെ ചൊല്ലിയുള്ള കാല്‍പനിക മഹത്വവത്കരണങ്ങളില്ലാതെയാണ് രചന.

ഫ്രാന്‍സിസ് പുണ്യാളനും പൊയ്കയില്‍ അപ്പച്ചനും നക്‌സലൈറ്റ് ചേട്ടന്മാരും മുട്ടത്തു വര്‍ക്കിയും ഇ.എം. എസ്സുമൊക്കെ ചെറുതോ വലുതോ ആയ സ്വാധീനങ്ങളായി ബോബിയച്ചനെ ചെറുപ്പത്തിലേ തൊടുന്നുണ്ട്. ഏറ്റവും ആവര്‍ത്തിക്കുന്നത് സ്വന്തം പിതാവ് തന്നെ. തുമ്പോളിയുടെ ആത്മാവില്‍ ആണ്ടുകിടക്കുന്ന ക്രൈസ്തവ മിത്തുകളും മൂല്യങ്ങളും അതില്‍തന്നെയുള്ള സംഘര്‍ഷങ്ങളും അച്ചന്‍ സൂക്ഷമായി ശ്രദ്ധിക്കുന്നു.

ഞാന്‍ എന്ന വാക്കിന്റെ ബോധപൂര്‍ണമായ അസാന്നിധ്യം ഒരോര്‍മക്കുറിപ്പിനെ സംബന്ധിച്ച് ഏതാണ്ടസാധ്യമാണ്. ഓര്‍മ പങ്കിടുന്ന ആഖ്യാതാവ് സന്നിഹിതനാവാതെ ഒളിഞ്ഞിരിക്കുക എന്നത് എഴുത്തില്‍ വലിയ കടമ്പയാണ്. സാധനയുടെ, ആത്മനിഗ്രഹത്തിന്റെ സാഫല്യത്തില്‍ ബോബി അച്ചനത് വലിയ പരിക്കില്ലാതെ സാധിച്ചെടുക്കുന്നുണ്ട്. നര്‍മവും കരുണയും സമം ചേരുന്ന ഒരിടം കൂടിയാണ് അച്ചന്റെ സംസാരങ്ങളും എഴുത്തും. ദാര്‍ശനികരുടെ നര്‍മം ഉപരിപ്ലവമായ പൊട്ടിച്ചിരികളെ പ്രോത്സാഹിപ്പിക്കുന്നില്ല. ഉള്‍ക്കാഴ്ചയുടെ മായാത്ത പുഞ്ചിരികളാണ് അതിന്റെ നടപ്പുരീതി. വൈരാഗികളില്‍ നിറയുന്ന ഒരുതരം അനുരാഗമുണ്ട്. സൂഫികള്‍ ഇഷ്ഖ് എന്നൊക്കെ പറയുന്നതരം. ജീവിതത്തോട് സദാ ആദരത്തിലായിരിക്കുക. ഒന്നിനെയും നിസാരമായി ഗണിക്കാതിരിക്കുക. എല്ലാവരെയും എല്ലാത്തിനെയും സ്‌നേഹിക്കുക. അത് പ്രയോഗത്തിലുള്ള ഒരാളുടെ വാക്ക് ഔഷധമായി ഭവിക്കും. അതുനമ്മെ കഴുകും, ഒഴുക്കും.

എഴുത്തിന്റെ മിതത്വത്തിന് അച്ചനെ ഒരു പാഠപുസ്തകമാക്കാം എന്നുതോന്നുന്നു. കൂടിപ്പോയാല്‍ മൂന്നുപേജില്‍ എല്ലാ അധ്യായവും തീരും. കഥ പറച്ചിലിന്റെ എല്ലാ രസങ്ങളും നിലനിര്‍ത്തുമ്പോള്‍ തന്നെ ഒരിത്തിരിക്കൂടി നീട്ടിപ്പറഞ്ഞിരുന്നെങ്കില്‍ എന്ന് കൊതിപ്പിക്കുന്ന തരത്തില്‍ പിശുക്കിക്കളയും. ചിലതൊക്കെ ഒരാവര്‍ത്തി കൂടി വായിപ്പിക്കും ഉള്ളില്‍ ഒളിപ്പിച്ചുവെച്ച സൂചകങ്ങളെ മുങ്ങിയെടുക്കാന്‍. അതുകൊണ്ടുള്ള വേറൊരു ഗുണം ഒരു കുറിപ്പ് തീരുമ്പോള്‍ അടുത്തതിലേക്ക് നമ്മുടെ മനസ്സ് അറിയാതെ വെമ്പിപ്പോകും എന്നതുതന്നെ.


ഫ്രാന്‍സിസ് പുണ്യാളനും പൊയ്കയില്‍ അപ്പച്ചനും നക്‌സലൈറ്റ് ചേട്ടന്മാരും മുട്ടത്തു വര്‍ക്കിയും ഇ.എം. എസ്സുമൊക്കെ ചെറുതോ വലുതോ ആയ സ്വാധീനങ്ങളായി ബോബിയച്ചനെ ചെറുപ്പത്തിലേ തൊടുന്നുണ്ട് ഈ താളുകളില്‍. ഏറ്റവും ആവര്‍ത്തിക്കുന്നത് സ്വന്തം പിതാവ് തന്നെ. തുമ്പോളിയുടെ ആത്മാവില്‍ ആണ്ടുകിടക്കുന്ന ക്രൈസ്തവ മിത്തുകളും മൂല്യങ്ങളും അതില്‍തന്നെയുള്ള സംഘര്‍ഷങ്ങളും അച്ചന്‍ സൂക്ഷമായി ശ്രദ്ധിക്കുന്നു. തുമ്പോളിയുടെ കഥയിലൂടെ, പലതരം മനുഷ്യരിലൂടെ അദ്ദേഹം ദേശത്തെയും സമുദായത്തെയും അതിവര്‍ത്തിക്കുന്നുമുണ്ട്. അഥവാ, തുമ്പോളിയുടെ ജീവിതം മാത്രമല്ല ഇതിലെഴുതുന്നത്. തീരെച്ചെറിയതെന്നു തോന്നിക്കുന്ന ഈ കുറിപ്പുകളിലേക്ക് മൊത്തം ദേശത്തെ, തലമുറകളെ, മനുഷ്യ സമുദായത്തെ അദ്ദേഹം സ്‌നേഹസ്‌നാനം ചെയ്യിക്കുന്നു. ഇറങ്ങിപ്പോയ മനുഷ്യരാണ് നമ്മെ ഏറ്റവും വേദനിപ്പിക്കുക. കെട്ടിയവളോടോ കുട്ടികളോടോ ഒരുവാക്കുരിയാടാതെ നാടുവിട്ടുപോയ ആണുങ്ങള്‍, ആത്മഹത്യയുടെ കയങ്ങളിലേക്ക് കാരണമൊന്നും ബോധിപ്പിക്കാതെ എടുത്തുചാടിയവര്‍, പിഴച്ചുപോയവരെന്ന് മുദ്ര ചാര്‍ത്തപ്പെട്ട പെണ്ണുങ്ങള്‍, വേണ്ടത്ര പരിചരണമോ ശ്രദ്ധയോ കിട്ടാതെ വഴിവക്കുകളില്‍ വെയിലും മഴയും മഞ്ഞും കൊണ്ട് പാഴായിപ്പോയ ഭിന്നശേഷിക്കാര്‍, പ്രായമായിട്ടും അല്ലാതെയും മരിച്ചുപോകുന്നവര്‍ എന്നിങ്ങനെ എണ്ണമറ്റ മനുഷ്യരെ കാണിച്ചുതന്നിട്ട് അവരുടെ വ്യസനപ്രപഞ്ചങ്ങളിലേക്കുള്ള കിളിവാതില്‍ തുറന്നിടുകയാണ് ഗ്രന്ഥകാരന്‍.


നര്‍മം കൊണ്ട് അദ്ദേഹം നമുക്കേകുന്ന പ്രതീക്ഷ എടുത്തുപറയേണ്ടതാണ്. ആത്മപരിഹാസമാണല്ലോ ഏറ്റവും ഉദാത്തമായ കല എന്ന് നമ്മള്‍ വീണ്ടും വീണ്ടും ഓര്‍ത്തുപോകും. ഒരു ദേശത്തിന്റെ ജീവചരിത്രമെന്ന നിലയില്‍ പരസ്പരം പൂരിപ്പിച്ചു വായിക്കാവുന്ന ഒരു നോവലായും ഇടക്ക് പുസ്തകം അനുഭവപ്പെടും. കുഞ്ഞു വിവരണങ്ങള്‍ ഒരു തിരക്കഥയിലെന്നപോലെ ദൃശ്യങ്ങള്‍ സമ്മാനിക്കുന്നു. ഓരോ അധ്യായത്തിനു മുന്നിലും കൊടുത്തിരിക്കുന്ന ഉദ്ധരണികള്‍ ബോബിയച്ചന്റെ ഓര്‍മയുടെ ആത്മാംശത്തെ എടുത്തണിയുന്നത് അത്ഭുതപ്പെടുത്തുന്ന ഔചിത്യത്തോടെയാണ്. സംഗീത് ബാലചന്ദ്രന്റെ ലളിതവും അര്‍ഥഗര്‍ഭവുമായ ചിത്രങ്ങള്‍ വായനയെ കൂടുതല്‍ മനോഹരമാക്കുന്നു. വി.ജി തമ്പിയുടെ അവതാരിക ഗ്രന്ഥകാരനിലെ സാധകനോടുള്ള ആദരവ് തുടിച്ചുനില്‍ക്കുന്നതാണ്. ബോബിയച്ചന്‍ തന്നെ പിന്നീടൊരവസത്തില്‍ പറഞ്ഞ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍, കുറച്ചുകൂടി ഭേദപ്പെട്ട ഒരു ബാല്യം കുട്ടികള്‍ക്ക് കൊടുക്കാനുള്ള ബാധ്യത മുതിര്‍ന്നവര്‍ക്കുണ്ട് എന്ന് ഈ പുസ്തകം വ്യംഗ്യമായി നമ്മോട് അപേക്ഷിക്കുന്നു. നമ്മളെല്ലാം നമ്മുടെ ബാല്യത്തിന്റെ ഉല്‍പന്നങ്ങളോ തുടര്‍ച്ചകളോ ആണെന്നിരിക്കെ മനുഷ്യനെന്ന ജീവിവര്‍ഗത്തിന്റെ നല്ല ഭാവിക്ക് കുഞ്ഞുങ്ങള്‍ കുറേക്കൂടി കരുണ അര്‍ഹിക്കുന്നുണ്ട്. മുതിര്‍ന്നവരുടെ പിണക്കങ്ങളും പിടിവാശികളും ഏല്‍പ്പിക്കുന്ന ആഘാതങ്ങളും ഭാരങ്ങളും താങ്ങാനാവാത്ത വിധം നിസഹായരും ദുര്‍ബലരുമാണ് കുട്ടികള്‍. നനുത്ത ഓര്‍മകളുടെ കുരുന്നു തൂവലുകള്‍ ആണ് അവര്‍ക്ക് പേറാനാവുക. അതുവെച്ചാണ് അവര്‍ക്ക് ഉയരങ്ങളിലേക്ക് പറക്കാനാവുക. ഡി.സി ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.


TAGS :