Quantcast
MediaOne Logo

കെ.എ ബീന

Published: 22 Dec 2023 6:24 AM GMT

പെണ്‍കുട്ടികള്‍ ധൈര്യത്തോടെ യാത്ര ചെയ്യുന്ന, ആനന്ദിക്കുന്ന സ്വപ്നമിതാ പുലര്‍ന്നിരിക്കുന്നു - കെ.എ ബീന

ആത്മീയമായ ആഴമുള്ള ചിന്തകള്‍, വായിച്ചു കൂട്ടിയ പുസ്തകങ്ങളില്‍നിന്നും കണ്ട സിനിമകളില്‍ നിന്നുമൊക്കെയുള്ള വരികള്‍, കാഴ്ചകള്‍. അവളിലെ മനുഷ്യത്വം കൂടിയാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത. ഹന്ന മെഹ്തര്‍ എഴുതിയ 'കൂബകൂ.co' യാത്രാ പുസ്തകത്തിന്റെ വായന.

ഹന്ന മെഹ്തര്‍ എഴുതിയ കൂബകൂ.CO യാത്രാ പുസ്തകത്തിന്റെ വായന.
X

ഹന്നത്ത് മുന്നറിയിപ്പില്ലാതെ കടന്നുവരികയായിരുന്നു. ആദ്യം വന്നത് 'പറുദീസ.' തിരക്കുകള്‍ക്കിടയില്‍ ഒന്നോടിച്ച് പിന്നെ വായിക്കാന്‍ മാറ്റിവച്ചു. പിന്നെ വന്നത് ഇന്‍ലന്റില്‍ ഒരു കത്ത്. ഇളം നീല നിറമുള്ള ഇന്‍ലന്റ് പഴയ കാലത്തേക്ക് പെട്ടെന്നെത്തിച്ചു. 13 വയസ്സില്‍ ഞാന്‍ എഴുതിയ 'ബീന കണ്ട റഷ്യ' വായിച്ചതും ഇഷ്ടപ്പെട്ടതും ഹന്നത്തിന്റെ കത്തില്‍ ഉണ്ടായിരുന്നു. ഹന്നത്ത് ഏറ്റവും പുതിയ തലമുറയിലെ യാത്രിക, എഴുത്തുകാരി. 45 വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ പുസ്തകം ഏറ്റവും പുതിയ തലമുറക്കാരിക്ക് പ്രിയമായി എന്ന് കേള്‍ക്കുമ്പോള്‍ എഴുത്തുകാരിക്ക് സന്തോഷമായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

വൈകാതെ ഹന്നത്ത് വിളിച്ചു, പുതിയ യാത്രാപുസ്തകത്തിന് അവതാരിക എഴുതുമോ എന്ന് ചോദിച്ച്. പുസ്തകത്തിന്റെ പി.ഡി.എഫ് ഷെയര്‍ ചെയ്തുതന്നു. വായന തുടങ്ങിയപ്പോള്‍ മനസ്സിലായി, ഹന്നത്ത് ചെറിയൊരു കുട്ടിയാണെങ്കിലും വലിയൊരു യാത്രികയാണെന്ന്. ആ യാത്രിക വായനക്കാരെ തന്റെ യാത്രകളില്‍ കൂടെ കൂട്ടാന്‍ കഴിവുള്ളവളാണ്. പുസ്തകം വായിക്കവെ അവളുടെ യാത്രകളില്‍ കുറച്ചു നേരത്തേക്കെങ്കിലും ഞാനും കൂടി.

യാത്രകള്‍ ഒട്ടുമിക്കതും തീവണ്ടികളിലെ ജനറല്‍ കമ്പാര്‍ടുമെന്റെകളിലും സാദാ ബസുകളിലുമൊക്കെയായതിനാല്‍ മനുഷ്യന്മാര്‍ നിറയുന്നത് സ്വാഭാവികമാണ്. ജയ്പൂരിലെ അഹിംസാഗ്രാമില്‍ വോളന്റീറിംഗിനു പോയ ഹന്നത്തിനെയാണ് പിന്നീട് നാം കാണുന്നത്. ഭക്ഷണമുണ്ടാക്കാനും ഹിന്ദി പഠിക്കാനും കാഴ്ചകള്‍ കാണാനും അനുഭവങ്ങളില്‍ ഊളിയിടാനും ഈ കാലം അവള്‍ക്ക് വഴിയൊരുക്കുന്നു.

' Never go on trips with anyone whom you do not love' എന്ന ഹെമിംഗ് വേയുടെ വാക്കുകള്‍ ഹന്നത്തിന്റെ യാത്രകളില്‍ തിരുത്തപ്പെടുന്നു. ഒപ്പം യാത്ര ചെയ്യുന്നവര്‍ സ്‌നേഹം മാത്രമായി മാറുന്ന അത്ഭുത കാഴ്ച ഈ കുറിപ്പുകളില്‍ തെളിഞ്ഞുവരുന്നു.


'പറുദീസ ' എന്ന തന്റെ ആദ്യ പുസ്തകം പ്രകാശനം ചെയ്ത ദിവസം വൈകീട്ട് ഒരു സുഹൃത്ത് ഹന്നത്തിനോട് താന്‍ രാജസ്ഥാനിലേക്ക് പോകുന്നുവെന്ന് പറയുന്നു. പഴയ റഷ്യന്‍ കഥയിലെ കോഴിക്കുഞ്ഞ് താറാക്കുഞ്ഞിനോട് പറയുംപോലെ 'ഞാനും' (കുട്ടിക്കഥകളും ചിത്രങ്ങളും വി. സുത്യേ യവ്.) എന്ന് പറഞ്ഞ് ഹന്നത്ത് അന്ന് രാത്രി അതേ തീവണ്ടിയില്‍ രാജസ്ഥാനിലേക്ക് പോകുന്നു. ആ യാത്രയില്‍ ഹന്നത്ത് കണ്ടുമുട്ടുന്ന ഓരോരുത്തരും സ്‌നേഹംകൊണ്ടും സൗഹൃദംകൊണ്ടും നിറക്കുമ്പോള്‍ പറയാതിരിക്കാന്‍ കഴിയുന്നില്ല; 'യാത്രകളുടെ സുകൃതം വഴികളില്‍ കണ്ടുമുട്ടുന്നവരാണ്. അവര്‍ പകര്‍ന്നു തരുന്ന സ്‌നേഹമാണ്.' ഹന്നത്ത് രാജസ്ഥാനില്‍ എത്തി LSUC ക്യാമ്പില്‍ പങ്കെടുക്കുമ്പോള്‍ unschooling ,Unconferencing തുടങ്ങിയ വാക്കുകള്‍ സമ്പ്രദായങ്ങളായി നിലനില്‍ക്കുന്നുണ്ടെന്നത് നമ്മള്‍ മനസ്സിലാക്കുന്നു.

Shikantar antholan India 2002 മുതല്‍ രാജസ്ഥാനില്‍ നടത്തുന്ന Learning Societies Unconference (LS U C) വ്യവസ്ഥാപിത വിദ്യാഭ്യാസത്തിന് ബദല്‍ മാതൃകകള്‍ തേടുന്ന ഒരു കൂട്ടം മനുഷ്യരുടെ ഒത്തുചേരലാണ് എന്ന് ഹന്നത്ത് പറഞ്ഞു തരുന്നു. വളരെ അത്ഭുതകരമായ നാല് ദിവസങ്ങള്‍ ചെലവഴിച്ച് മടങ്ങുന്ന അവള്‍ തിരിച്ചെത്തുന്നത് കോവിഡ് ഐസൊലേഷനിലേക്കാണ്. പ്രശ്‌നങ്ങള്‍ ഇല്ലാതെ 28 ദിവസത്തെ ഐസൊലേഷന്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ അവള്‍ക്കൊപ്പം 'അല്‍ഹംദു ലില്ലാഹ് ' സ്വാഭാവികമായും പറഞ്ഞു പോയി.

പിന്നീടുള്ള യാത്ര മഞ്ഞ് തേടിയായിരുന്നു. കശ്മീരിലേക്ക്. ഈ യാത്രയില്‍ ഒപ്പമുണ്ടായിരുന്ന കൂട്ടുകാര്‍ ആസിഫും ഫയാസും നസീറും അന്‍ഫാദും അര്‍സലും അമീറും സൈനുവുമൊക്കെയാണ്. വഴിയിലെ കൊറോണ ടെസ്റ്റ്, മണിക്കൂറുകള്‍ നീണ്ട ട്രാഫിക് ബ്ലോക്ക്, മണ്ണിടിച്ചില്‍, പിന്നെ മഞ്ഞ്. ഹന്നത്തും കൂട്ടുകാരും പെടുന്ന ഹലാക്കിലൊക്കെ വായനക്കാരും പെട്ടുപോകുന്ന രീതിയിലാണ് എഴുത്ത്. എവിടെയും സ്‌നേഹ സാന്നിധ്യമാകുന്ന മനുഷ്യര്‍ ഹന്നത്തിന്റെ യാത്രകളില്‍ ഉടനീളമുണ്ട്.


ഹന്നത്ത് എഴുതുന്നു: 'ഈ യാത്രയില്‍ എടുത്തു പറയാന്‍ മാത്രം മനുഷ്യരുടെ സ്‌നേഹം അനുഭവിച്ചിട്ടുണ്ട്. നേരിട്ട് അറിയാത്ത പരിചയമില്ലാത്ത, മനുഷ്യന്മാര്‍. പക്ഷേ, അവര് നമുക്ക് നല്‍കുന്നതോ ഒരുപാട് ഒരുപാട് സ്‌നേഹവും പുതിയ അറിവുകളും അനുഭവങ്ങളും. വെള്ളത്തെപോലെ ഇങ്ങനെ ഒഴുകാന്‍ സാധിക്കുന്നത് ഇവരുടെയൊക്കെ സാന്നിധ്യംകൊണ്ടാണ്. യാത്ര ചെയ്യാനുള്ള പ്രചോദനവും ഇത്തരം മനുഷ്യന്മാരാണ്. '

യാത്രകള്‍ ഒട്ടുമിക്കതും തീവണ്ടികളിലെ ജനറല്‍ കമ്പാര്‍ടുമെന്റെകളിലും സാദാ ബസുകളിലുമൊക്കെയായതിനാല്‍ മനുഷ്യന്മാര്‍ നിറയുന്നത് സ്വാഭാവികമാണ്. ജയ്പൂരിലെ അഹിംസാഗ്രാമില്‍ വോളന്റീറിംഗിനു പോയ ഹന്നത്തിനെയാണ് പിന്നീട് നാം കാണുന്നത്. ഭക്ഷണമുണ്ടാക്കാനും ഹിന്ദി പഠിക്കാനും കാഴ്ചകള്‍ കാണാനും അനുഭവങ്ങളില്‍ ഊളിയിടാനും ഈ കാലം അവള്‍ക്ക് വഴിയൊരുക്കുന്നു. കൂട്ടുകാരി ഹിബയുമൊത്തുള്ളതാണ് ബംഗാള്‍ യാത്ര. കോവിഡ് ടെസ്റ്റ് എടുക്കുന്നതു മുതല്‍ വിശദമായ വിവരണമുണ്ട്. സമഗ്രമായ നരേഷനാണ് പുസ്തത്തിന്റെ വ്യത്യസ്തത. ഒരു കാഴ്ച പോലും നഷ്ടപ്പെടുത്താതെ, ഒരു ഒച്ച പോലും മാറ്റിവക്കാതെ, എല്ലാ മണവും രുചിയും ആസ്വദിപ്പിക്കാനിട്ടു തരന്ന ഒരെഴുത്ത്. അതിലെവിടെയും അവളിലെ കുട്ടിയെ നമുക്ക് കാണാനാവും. ഒപ്പം സമൂഹത്തെക്കുറിച്ചും രാഷ്ട്രത്തെക്കുറിച്ചും മനുഷ്യരെക്കുറിച്ചും നിരന്തരം ചിന്തിച്ചു കൊണ്ടേയിരിക്കുന്ന ഒരുവളെയും കാണാം.


'അഹം വൃത്തിയാണ് മുഖ്യം. ഞാനെന്ന അഭിമാന സ്വഭാവം ഇല്ലാതാക്കുക. അപ്പോള്‍ മാത്രമാണ് മറ്റു കര്‍മങ്ങള്‍ വികാസത്തിലെത്തുന്നതും ഏതു ജാതി മനുഷ്യനെയും സ്‌നേഹിക്കാന്‍ മനസ്സിനെ പരുവംവരുത്തുന്ന തത്ത്വശാസ്ത്രത്തിന്റെ സംസ്‌കാരം പഠിപ്പിക്കാനാവൂ ' എന്ന മൊയ്തു കിഴിശ്ശേരിയുടെ വാക്കുകള്‍ ഉദ്ധരിച്ച് എല്ലാവരെയും സ്‌നേഹിക്കാനും പരിഗണിക്കാനും ബഹുമാനിക്കാനും കഴിയുന്ന ഒരു ഹൃദയം വികസിപ്പിച്ചെടുക്കാനാണ് താനും പരിശ്രമിക്കുന്നതെന്ന് ഗ്രന്ഥകാരി വ്യക്തമാക്കുന്നുണ്ട്.

അവളും ഞാനും യാത്രാ ചിന്തകളില്‍ ഏറെ സാമ്യതകള്‍ വച്ചു പുലര്‍ത്തുന്നുവെന്ന് വായന മനസ്സിലാക്കിത്തന്നു. ഈ നിമിഷത്തില്‍ ജീവിക്കാന്‍ യാത്ര നമ്മളെ പഠിപ്പിക്കുന്നു - ഓരോ നിമിഷത്തിലും സജീവത നിലനിര്‍ത്തുന്നത് ഈ കുറിപ്പുകളില്‍ ഞാന്‍ കാണുന്നു.

ജീവിതത്തില്‍ ആര്‍ഭാടങ്ങളും അലങ്കാരങ്ങളും നിറയുമ്പോഴും ജീവിക്കാനറിയാത്തതുകൊണ്ട് ജീവിതം നഷ്ടമായിപ്പോകുന്ന ധാരാളം പേരെ ചുറ്റും കാണാറുണ്ട്. ജീവിക്കാന്‍വേണ്ടത് സ്‌നേഹമാണ്, അലിവാണ്, കരുണയാണ്. മറ്റുള്ളവരെ ഉള്‍ക്കൊള്ളാനുള്ള ഹൃദയവിശാലതയാണ് എന്നറിയാത്തവര്‍.

യാത്രയിലൂടെ സ്വയം നവീകരിക്കാനാണ് ഈ പെണ്‍കുട്ടിയുടെ ശ്രമം. എങ്ങനെയാണ് ജീവിക്കേണ്ടത് എന്ന് യാത്രയിലൂടെ പഠിക്കുന്നവരാണ് യഥാര്‍ഥ യാത്രികര്‍. എത്തിച്ചേരേണ്ട ഇടം ലക്ഷ്യമല്ലാതിരിക്കുന്ന, യാത്രയിലെ ഓരോ നിമിഷവും അനുഭവവും യാത്ര തന്നെയാകുന്ന മനോഹരമായ അവസ്ഥ. ഓരോ യാത്രയില്‍നിന്നും നമ്മള്‍ മടങ്ങിയെത്തേണ്ടത് മറ്റൊരാളായിട്ടാണ്.

ആത്മീയമായ ആഴമുള്ള ചിന്തകള്‍, വായിച്ചു കൂട്ടിയ പുസ്തകങ്ങളില്‍നിന്നും കണ്ട സിനിമകളില്‍ നിന്നുമൊക്കെയുള്ള വരികള്‍, കാഴ്ചകള്‍. അവളിലെ മനുഷ്യത്വം കൂടിയാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത. രാജ്യം കടന്നുപോകുന്ന അപകട സന്ധി നിരന്തരമായി അവളുടെ ചിന്തകളിലുണ്ട്. ഫാസിസത്തിന്റെ അടിവച്ചുള്ള വരവ് അവളുടെ വാക്കുകളെ അസ്വസ്ഥമാക്കുന്നു. പലയിടങ്ങളില്‍ ഹന്നത്ത് കണ്ട ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളായ പട്ടിണി, ദാരിദ്ര്യം, ലിംഗ അസമത്വം എല്ലാം അവളെ നോവിക്കുന്നു. ലളിത ജീവിതം എങ്ങനെ സാധ്യമാക്കാമെന്ന് ബംഗാളിലെ സീറോ ഫൗണ്ടേഷനിലെ നാസര്‍ ബന്ധുവില്‍ നിന്നവള്‍ പഠിക്കുന്നത് വളരെ വിശദമായി വായനക്കാരോട് പങ്കുവയ്ക്കുന്നുണ്ട്.

ഹന്നത്തിന്റെ ഈ യാത്രാ പുസ്തകത്തിന് മുന്‍വരികള്‍ കുറിക്കുമ്പോള്‍ എനിക്കത്യധികം സന്തോഷമുണ്ട്. ഞാനെന്നും സ്വപ്നം കണ്ടിരുന്ന ഒന്നുണ്ട് - പെണ്‍കുട്ടികള്‍ ധൈര്യത്തോടെ യാത്ര ചെയ്യുന്നതും ആനന്ദിക്കുന്നതും. ആ സ്വപ്നമിതാ പുലര്‍ന്നിരിക്കുന്നു. എന്റെ യാത്രകള്‍ തുടങ്ങിയത് കുട്ടിക്കാലത്ത് ആണ്. ഹന്നത്തിന്റെ വീട്ടുകാരെപ്പോലെ നല്ല അമ്മയും അച്ഛനും ഉണ്ടായിരുന്നത് കൊണ്ടാണ് ആ കുട്ടിക്കാലയാത്രകള്‍ എനിക്ക് സാധ്യമായത്. യാത്രകളാണ് എന്നെ ഇന്നത്തെ ഞാനാക്കിയത്. എനിക്ക് പിന്നാലെ വന്ന പെണ്‍കുട്ടികള്‍ക്ക് യാത്രയും യാത്ര എഴുത്തും ഹരമാകുമ്പോള്‍ വല്ലാത്ത ഒരു തൃപ്തി ഉള്ളില്‍ നിറയുന്നു. ആ തൃപ്തിയോടെ എഴുത്തുകാരിക്കും പുസ്തകങ്ങള്‍ക്കും യാത്രകള്‍ക്കും നന്മകള്‍ നേരുന്നു.

(പുസ്തകത്തിന് കെ.ആര്‍ ബീന എഴുതിയ അവതാരിക) ബുക്പ്ലസ് പബ്ലിക്കേഷന്‍സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.

TAGS :