കശ്മീര്‍ - ഹര്‍നിത് കൗറിന്റെ കവിത
| കവിത
67 വര്‍ഷമായി
കശ്മീര്‍...
നിനക്ക് ഞാന്‍ നിരന്തരം
പ്രാതലിനും ഉച്ചക്കും അത്താഴത്തിനും വെടിയുണ്ടകള്‍ വിളമ്പുകയാണ്.
67 വര്‍ഷം.
മദ്ധ്യാഹ്നത്തില്‍ ചായയില്‍ മുക്കി അലിയിച്ച്
നീനുണയുന്ന നാന്‍വൈ ബ്രെഡില്‍,
കാബേജ് വിഭവത്തിന്റെപാടല വര്‍ണ്ണ പാളികള്‍ക്കുള്ളില്‍,
ശരീരവും മനസും നൊന്തു തളര്‍ന്ന
അതിക്ഷീണ ദിവസങ്ങളില്‍
നീ കഴിക്കുന്ന ആട്ടിറച്ചിയില്‍ പൊതിഞ്ഞ
നിഗൂഢതയില്‍ വേവിച്ചെടുത്ത
ഗുഷടാബ ഉരുളകളില്‍,
ഒളിച്ചിരിക്കുന്ന
ഒരു ലോഹത്തിളക്കം നീകണ്ടിട്ടില്ലേ..?
താടിയെല്ലില്‍ ബലമായി കുത്തിപ്പിടിച്ചമര്‍ത്തി
വാ തുറപ്പിച്ച്
നിന്റെ പിളര്‍ന്ന വായില്‍,
ഇതെല്ലാം ഞാന്‍ കുത്തിയിറക്കും..
ശ്വാസം നിലക്കുമ്പോള്‍ പിടയുന്ന നീ
എന്റെ മുഖത്തേക്കതു തുപ്പിയെന്നിരിക്കട്ടെ
ആ നിമിഷം ഞാന്‍ നിന്നെ ക്രൂരമായി വെടിവെച്ച് വീഴ്ത്തും
അപ്പോഴും നിന്റെ
കടവായിലൂടെ വായ്‌നീരും
പാതിചവച്ച ഭക്ഷണവുംപതയും
പുറത്തേക്ക് നുരഞ്ഞൊഴുകുന്നുണ്ടാകും...
(വിവര്‍ത്തനം: പി.എ പ്രേംബാബു)
ഹര്‍ണിദ് കൗര്‍ കവിയും സംരംഭകയുമാണ്. ദി ഈസ് ഓഫ് ഫോര്‍ഗെറ്റിംഗ്, ദ ഇന്‍ബിലിറ്റി ഓഫ് വേഡ്‌സ് എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവാണ്.