Quantcast
MediaOne Logo

വി.കെ ഷാഹിന

Published: 9 Dec 2023 9:31 AM GMT

അധികാരത്തിനും സമഭാവനയ്ക്കും ഇടയില്‍ 'ഗുഡ് ബൈ ജൂലിയ'

അക്രം കൈയിലേന്തിയ തോക്ക് സംരക്ഷണത്തിനാണെന്ന അയാളുടെ ധാരണ അയാള്‍ക്കു തോന്നുന്നതു പോലെ മോനയ്‌ക്കോ ജൂലിയയ്‌ക്കോ അനുഭവപ്പെടുന്നില്ല. അധികാര വെറിയും സമഭാവനയും ഒരുമിച്ചു പോവുക അസാധ്യമാണെന്നതിന് സിനിമ അടിവരയിടുന്നു.

Goodbye Julia
X

ദക്ഷിണ സുഡാന്‍ എന്ന രാജ്യത്തിന്റെ രൂപീകരണത്തിനു കാരണമായ 2011 ജനുവരിയിലെ ഹിത പരിശോധനയും അതിലേക്ക് വഴിതെളിച്ച സംഭവവികാസങ്ങളും ഒട്ടും നാടകീയത കലര്‍ത്താതെ ഒരു കുടുംബാന്തരീക്ഷത്തില്‍ നിന്നുള്ള നേര്‍ക്കാഴ്ചകളായി അനുഭവിപ്പിക്കുകയായിരുന്നു ഗുഡ്‌ബൈ ജൂലിയ എന്ന IFFK 2023 ലെ ഉദ്ഘാടന ചിത്രം. ഇന്ത്യയുടെ വിഭജന സമയത്ത് നമ്മളില്‍ പലരും ജനിച്ചിട്ട് തന്നെ ഉണ്ടായിരുന്നില്ല. വംശീയതയും അപരവിദ്വേഷവും എപ്രകാരമാണ് ഒരു ജനതയെ ഭിന്നിപ്പിക്കുന്നതെന്നും ദയാരഹിതമായ ഒരു ജീവിതവ്യവസ്ഥ തികച്ചും സാധാരണമാണെന്ന് വിചാരിക്കുകയും അതിനെതിരെ ചെറുവിരല്‍ അനക്കാതിരിക്കുകയും ചെയ്യുന്നത് എങ്ങനെയാണെന്ന് ഒരു ചെറു ഞെട്ടലോടെ നാം മനസ്സിലാക്കും.

അറിയാതെ ചെയ്തുപോയ ഒരു തെറ്റ് വലിയ കുറ്റബോധമായി തീരുന്നതും തിരുത്താന്‍ ആവാത്ത വിധത്തിലാണെങ്കില്‍ കഠിനമായ മാനസികവ്യഥയ്ക്ക് കാരണമാകുന്നതും നിരവധി സിനിമകള്‍ക്ക് വിഷയമായി തീര്‍ന്നിട്ടുണ്ട്. ഈ കുറ്റബോധത്തെ മറികടക്കാന്‍ ചെയ്തുകൂട്ടുന്നതെല്ലാം കൂടുതല്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് വഴിതെളിച്ചാല്‍ ഏതൊരാളും നിസ്സഹായനായിത്തീരും. മോന എന്ന അറബി യുവതിയുടെ മാനസിക സംഘര്‍ഷങ്ങളാണ് സിനിമയിലെ പ്രമേയം. മോനയ്ക്കുള്ള പി.സി.ഒ.ഡി മൂലം കുട്ടികള്‍ ജനിക്കാത്തതിന്റെ വിഷമത്തിലാണ് മോനയും ഭര്‍ത്താവ് അക്രമും. വടക്കന്‍ സുഡാനില്‍ സാമന്യം ഭേദപ്പെട്ട ഒരു വീട്ടിലാണ് രണ്ടുപേരും കഴിയുന്നത്. മോന വിവാഹത്തിനുമുന്‍പ് അറിയപ്പെടുന്ന ഒരു ഗായികയായിരുന്നു. വിവാഹിതയായതിനു ശേഷം അവള്‍ പാട്ടുപാടുന്നതും സംഗീത പരിപാടിയില്‍ പങ്കെടുക്കുന്നതും അക്രം വിലക്കുകയാണ്. ഏകാന്തമായ ജീവിതം മോനയെ വിഷാദത്തിലാഴ്ത്തുന്നുണ്ട്.

ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ സുഡാനിലുള്ളവര്‍ കറുത്തവരും വടക്കന്‍ സുഡാനിലുള്ളവര്‍ മുസ്‌ലിംകളുമാണ്. രാജ്യത്തിന്റെ ഭരണം വടക്കന്‍ സുഡാനികളുടെ കയ്യിലായിരുന്നു. തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഇടയ്ക്കിടെ പ്രക്ഷോഭങ്ങളുമായി തെരുവില്‍ ഇറങ്ങുകയും പേരറിയാത്തവരായി മരണപ്പെടുകയും ചെയ്യുക എന്നത് തെക്കന്‍ സുഡാനികളുടെ വിധിയായിരുന്നു.

ഡോക്ടറെ കണ്ട് തിരിച്ചുവരുന്ന ഒരു ദിവസമാണ് ആകസ്മികമായി ഡാനിയല്‍ എന്ന അഞ്ചു വയസ്സുകാരന്റെ ദേഹത്ത് മോനയുടെ കാര്‍ ഇടിക്കുന്നത്. ഭയന്നുവിറച്ച് കാര്‍ നിര്‍ത്താതെ ഓടിച്ചു പോയ മോനയെ ഡാനിയലിന്റെ അച്ഛന്‍ സാന്തിനോ ബൈക്കില്‍ പിന്തുടരുന്നു. ഫോണില്‍ അക്രമിനോട് തന്നെ ഒരാള്‍ പിന്തുടരുന്നു എന്നാണ് മോന വിളിച്ചു പറയുന്നത്. വീട്ടില്‍ നിന്നും ഷോട്ട് ഗണ്ണുമായി പുറത്തേക്ക് ഇറങ്ങിയ അക്രം വീടിനടുത്ത് എത്തിയ സാന്തിനോയെ വെടിവെച്ചു വീഴ്ത്തുകയും അയാള്‍ തല്‍ക്ഷണം മരിക്കുകയും ചെയ്യുന്നു. അപ്രതീക്ഷിതമായ ഈ മരണം മോനയെ നിതാന്തമായ കുറ്റബോധത്തിന്റെ പടുകുഴിയിലേക്ക് ആഴ്ത്തുകയാണ്. ഉറങ്ങാനായി മരുന്നുകളെ ആശ്രയിക്കേണ്ടി വരുന്നു. തെക്കന്‍ സുഡാനില്‍ നിന്നുള്ള സാന്തിനോയുടെ കൊലപാതകം ആഭ്യന്തര കലാപത്തിലെ ഒരു മരണമാക്കി തീര്‍ക്കാന്‍ അക്രത്തിനും അയല്‍വാസികള്‍ക്കും തീരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നില്ല. പക്ഷേ, താന്‍ ചെയ്ത തെറ്റിന് ഒരു പരിഹാരം വേണമെന്ന് മോന ആഗ്രഹിക്കുന്നു.


തന്റെ ഭര്‍ത്താവിന് എന്തു സംഭവിച്ചു എന്നറിയാന്‍ ജൂലിയ പലവട്ടം പൊലീസ് സ്റ്റേഷനില്‍ കയറി ഇറങ്ങുന്നുണ്ട്. ആഭ്യന്തര കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ശവശരീരങ്ങള്‍ ഒരുമിച്ച് സംസ്‌കരിക്കാനായി പള്ളിയുടെ അങ്കണത്തില്‍ നിരത്തി കിടത്തിയപ്പോള്‍ തന്റെ ഭര്‍ത്താവും അതിനിടയില്‍ ഉണ്ടോ എന്ന് തിരക്കാന്‍ അവള്‍ ശ്രമിക്കുന്നുണ്ട്. അതിന് പോലും ജൂലിയയെ ആരും അനുവദിക്കുന്നില്ല. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ സുഡാനിലുള്ളവര്‍ കറുത്തവരും വടക്കന്‍ സുഡാനിലുള്ളവര്‍ മുസ്‌ലിംകളുമാണ്. രാജ്യത്തിന്റെ ഭരണം വടക്കന്‍ സുഡാനികളുടെ കയ്യിലായിരുന്നു. തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഇടയ്ക്കിടെ പ്രക്ഷോഭങ്ങളുമായി തെരുവില്‍ ഇറങ്ങുകയും പേരറിയാത്തവരായി മരണപ്പെടുകയും ചെയ്യുക എന്നത് തെക്കന്‍ സുഡാനികളുടെ വിധിയായിരുന്നു. തന്റെ മകന് നേരിട്ട അപകടത്തെക്കുറിച്ച് ചോദ്യംചെയ്യാന്‍ ഇറങ്ങിയ സാന്തിനോയും അപ്രകാരമൊരു പേരറിയാത്ത കലാപകാരിയും മൃതദേഹവുമായി മാറി.

തന്റെ തെറ്റിന് പരിഹാരം ചെയ്യണമെന്ന് ആഗ്രഹിച്ച മോന ജൂലിയയെയും മകനെയും തങ്ങളുടെ വീട്ടിലേക്കും കൂട്ടിക്കൊണ്ടുവരുന്നു. അവരെ കുറിച്ചുള്ള യാഥാര്‍ഥ്യം അക്രത്തിന് അറിയില്ല. പിന്നീട് സംഭവിക്കുന്ന സംഭ്രമജനകമായ കഥകളാണ് സിനിമയുടെ പ്രമേയം. ചെയ്ത തെറ്റുകള്‍ ബ്ലഡ് മണി കൊണ്ട് മറച്ചുവെക്കേണ്ടതല്ല, ശാശ്വതമായി പരിഹരിക്കപ്പെടണ്ടതാണെന്നും സുഡാന്റെ വിഭജനം ബോധ്യപ്പെടുത്തി തരുന്നു. ഏറ്റവും വലിയ ആഫ്രിക്കന്‍ രാജ്യമായിരുന്ന സുഡാന്‍ എണ്ണയുടെ സാന്നിധ്യം കണ്ടെത്തിയതോടുകൂടിയാണ് ആഭ്യന്തര കലാപത്തിന് വേദിയായിത്തീര്‍ന്നത്. ഇന്നും സുഡാനിലെ സംഘര്‍ഷങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.

എല്ലാ മനുഷ്യരെയും മനുഷ്യരായി കാണുകയും തുല്യരായി പരിഗണിക്കുകയും ഒരുമിച്ച് ജീവിക്കാനുള്ള ഒരു മാനസികാവസ്ഥ ഉണ്ടാക്കിയെടുക്കുകയുമാണ് ഏറ്റവും പ്രധാനം. മറ്റുള്ളവരോടുള്ള ദയവായ്പല്ല, സ്‌നേഹമാണ് മുന്നോട്ടു നയിക്കേണ്ടതെന്ന 'ഗുഡ് ബൈ ജൂലിയ' വീണ്ടും വീണ്ടും നമ്മെ ഓര്‍മിപ്പിക്കുന്നു. കൂട്ടില്‍ കിടക്കുന്ന പാട്ടു പാടുന്ന പക്ഷികളെ ആകാശത്തേക്ക് പറത്തിവിടുന്ന, നിങ്ങളില്ലെങ്കില്‍ ഞങ്ങള്‍ എങ്ങനെ പാടാനാണ് എന്ന് ജൂലിയയുടെ മടിയില്‍ തലവെച്ച് കുറ്റബോധത്തോടെ തന്റെ അപരാധം ഏറ്റുപറയുന്ന മോനയെ പോലെ ഓരോ പ്രേക്ഷകനും തങ്ങളുടെ ചെറിയ ചെറിയ എല്ലാ അപര വിദ്വേഷങ്ങളും അറിയാതെയാണെങ്കിലും ഉള്ളൊഴിച്ചിട്ടാണ് സിനിമ കണ്ട് തിരിച്ചു പോകുന്നത്.


IFFK യില്‍ വേള്‍ഡ് സിനിമാ വിഭാഗത്തില്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ച 'ഗുഡ് ബൈ ജൂലിയ ' കാന്‍ ഫിലിം ഫെസ്റ്റിവലിലെയും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. നിശാഗന്ധിയിലെ ആയിരക്കണക്കിന് കാണികള്‍ ഇന്നലെ വീര്‍പ്പടക്കിയിരുന്നാണ് സിനിമ കണ്ടു തീര്‍ത്തത്. സുഡാന്‍ സംവിധായകനായ മുഹമ്മദ് കുര്‍ദോഫാനി രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ അറബി ചലച്ചിത്രം ഒരേസമയം ചരിത്രപരവും സാംസ്‌കാരികവും സ്ത്രീവിമോചനപരവുമായ ആശയങ്ങള്‍ പങ്കുവെക്കുന്നു. അക്രം കൈയിലേന്തിയ തോക്ക് സംരക്ഷണത്തിനാണെന്ന അയാളുടെ ധാരണ അയാള്‍ക്കു തോന്നുന്നതു പോലെ മോനയ്‌ക്കോ ജൂലിയയ്‌ക്കോ അനുഭവപ്പെടുന്നില്ല. അധികാര വെറിയും സമഭാവനയും ഒരുമിച്ചു പോവുക അസാധ്യമാണെന്നതിന് സിനിമ അടിവരയിടുന്നു.


TAGS :