Quantcast
MediaOne Logo

വി.കെ ഷാഹിന

Published: 23 Sep 2023 7:37 AM GMT

ഓര്‍മകള്‍ക്കും ജീവിതത്തിനുമിടയില്‍ പ്രതിരോധം തീര്‍ക്കുന്ന 'നിള'

ബന്ധങ്ങള്‍ കൊണ്ട് സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും പുറത്തു കടക്കാന്‍ മാര്‍ഗമറിയാതെ എരിഞ്ഞൊടുങ്ങുകയും ചെയ്യുന്ന സ്ത്രീ ജീവിതങ്ങളുടെ പ്രതിനിധിയാണ് 'നിള'

Nila
X

ലോക മറവി രോഗദിനത്തില്‍ (അല്‍ ഷൈമേഴ്‌സ് ഡേ) നഷ്ടമാകുന്ന ഓര്‍മകള്‍ക്കും ജീവിതത്തിനുമിടയില്‍ പ്രതിരോധം തീര്‍ക്കുന്ന ഒരു സ്ത്രീയുടെ ജീവിതം പ്രമേയമാക്കിയുള്ള ഒരു ചലച്ചിത്രം കാണാനിടയായത് ഒരു വിദ്യുല്‍ സ്പര്‍ശം പോലെയായിരുന്നു.

മറവിരോഗം (ഡിമന്‍ഷ്യ, അല്‍ ഷൈമേഴ്‌സ് ) ഏതു പ്രായത്തിലും ബാധിക്കാം. ബ്ലെസ്സിയുടെ തന്മാത്ര എന്ന ചലച്ചിത്രം മലയാളികളുടെ മനസ്സില്‍ മായാതെയുണ്ട്. ഒരു പുരുഷന്‍, പ്രത്യേകിച്ച് യൗവനം പൂര്‍ണമായും പിന്നിട്ടിട്ടില്ലാത്ത ഒരാളെ സംബന്ധിച്ച് ആ അവസ്ഥയെ തരണം ചെയ്യാന്‍ ഭാര്യയുടേയും മറ്റുള്ളവരുടേയും പൂര്‍ണ പിന്തുണയും സഹായവും ഉണ്ടായിരിക്കും. എന്നാല്‍, വിധവയായ ഒരു സ്ത്രീ, അവരുടെ ഏക മകന്‍ വിദേശത്ത് ജോലി ചെയ്യുകയാണ്, മറവി രോഗത്തിന്റെ പ്രാരംഭ ദശയില്‍ വീണ് നട്ടെല്ലിന് അപരിഹാര്യമായ പരുക്കേറ്റ് കിടപ്പിലാവുന്നു. അവരെ പരിചരിക്കാന്‍ ഒരു ഹോം നേഴ്‌സിനെ ഏല്‍പ്പിച്ചിട്ട് മകന്‍ ജോലിക്കായി വിദേശത്തേക്ക് പോകുന്നു. മകന്റെ നഗരത്തിലെ പുതിയ ഫ്‌ളാറ്റില്‍ ഓരോ ശബ്ദങ്ങള്‍ക്ക് കാതോര്‍ത്ത് കിടക്കുമ്പോള്‍, ഇടയ്ക്കിടെ കേള്‍ക്കുന്ന ഇമ്പമേറിയ പാട്ടുകള്‍ പാടുന്ന ഒരു ശബ്ദത്തിന്റെ ഉടമയുമായി അവര്‍ കൂട്ടുകൂടുകയാണ്.

ഒരു കിടപ്പു രോഗിക്കു ചുറ്റും വട്ടംകറങ്ങുന്ന ക്യാമറ സാധാരണ ഗതിയില്‍ പ്രേക്ഷകരെ ബോറടിപ്പിക്കേണ്ടതാണ്. എന്നാല്‍, ഓരോ സീനും വൈകാരിക തീവ്രതയോടെ ചിത്രീകരിക്കാന്‍ രാകേഷ് ധരനും ഒട്ടും ലൗഡാകാത്ത സംഗീതത്തിന്റെ മാസ്മരികതയിലൂടെ കൊണ്ടുപോകാന്‍ ബിജി ബാലിനും കഴിഞ്ഞിട്ടുണ്ട്.

ശരീരം രോഗം കൊണ്ട് ചലനസ്വാതന്ത്ര്യം നിഷേധിക്കുന്ന ഒരു സ്ത്രീയുടെ ആതുരാവസ്ഥയുമായി പൊരുത്തപ്പെടുന്ന പ്രേക്ഷകനെ ഉത്കണ്ഠയുടെ വേവു ചട്ടിയിലേക്കാണ് ഈ കഥാപാത്രം കൊണ്ടുപോകുന്നത്. ബന്ധങ്ങള്‍ കൊണ്ട് സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും പുറത്തു കടക്കാന്‍ മാര്‍ഗമറിയാതെ എരിഞ്ഞൊടുങ്ങുകയും ചെയ്യുന്ന സ്ത്രീ ജീവിതങ്ങളുടെ പ്രതിനിധി - 'നിള' എന്ന പേരിന് അര്‍ഥവ്യാപ്തി വരുന്നതിവിടെയാണ്. ഉള്ളു മാന്തിയെടുക്കുന്നവര്‍ക്കും ഒരു മഴ പെയ്താല്‍ കുതിച്ചൊഴുകി തണ്ണീരും വറ്റാത്ത സ്‌നേഹവുമായി മണല്‍ തിട്ടകളില്‍ തടഞ്ഞു കിടക്കുന്നവളാണ് നമ്മുടെ പ്രിയപ്പെട്ട നിളാ നദി. ജീവിതം പ്രാപഞ്ചിക യാഥാര്‍ഥ്യങ്ങളുടെ നേര്‍പ്പകര്‍പ്പായി മാറുന്നത് തട്ടും തടവുമില്ലാതെ സിനിമയില്‍ കാണാന്‍ കഴിയുന്നു.

നഗരത്തിലെ ഒരു ബഹുനില ഫ്‌ളാറ്റില്‍ കട്ടിലിന്റെ ഇത്തിരി ചത്വരത്തില്‍ കുടുങ്ങിക്കിടക്കുന്ന മാലതി തിരക്കേറിയ ഒരു ഗൈനക്കോളജിസ്റ്റായിരുന്നു. അവരുടെ മകന്‍ മഹിയാകട്ടെ, കേട്ടു പരിചയിച്ച കഥാഖ്യാനങ്ങളില്‍ നിന്നു വ്യത്യസ്തമായി അവരെ സ്‌നേഹിക്കുന്ന ഒരു മകനും. വൈദ്യശാസ്ത്ര രംഗത്തിന്റെ മൂല്യത്തകര്‍ച്ചയെക്കുറിച്ച് വിമര്‍ശനമുന്നയിക്കുന്നവര്‍ക്കു മുമ്പില്‍ ആ പ്രൊഫഷന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുക മാത്രമല്ല, ജോലി ചെയ്യുന്ന സ്ത്രീകളുടേയും ഒരേസമയം കുടുംബഭാരം കൊണ്ടു നടക്കുന്ന അമ്മമാരുടേയും അന്തസ്സിനെ ഉയര്‍ത്തിപ്പിടിക്കുക കൂടി ചെയ്യുന്നുണ്ട്.

സിനിമയിലുടനീളം ജീവിതത്തിന്റെ അനിശ്ചിതത്വം സൂചിപ്പിക്കാനെന്നവണ്ണം മഹാമൗനിയായ ഒരു ഹോം നഴ്‌സിനെ അവതരിപ്പിക്കുന്നുണ്ട്. കെ.എസ്.എഫ്.ഡി.സി നിര്‍മിച്ച 'ഡിവോഴ്‌സ്' എന്ന സിനിമയുടെ സംവിധായികയായ മിനി ഐ.ജി, 'മിനി' എന്ന പേരില്‍ തന്നെയാണ് ഹോം നഴ്‌സായി പ്രത്യക്ഷപ്പെടുന്നത്. ബാങ്ക് ലോണും സാമ്പത്തിക പ്രശ്‌നങ്ങളും അലട്ടുന്ന ആ കഥാപാത്രത്തിന്റെ സാന്നിധ്യം ആശ്വാസമല്ല, മാലതിയെന്ന കിടപ്പുരോഗിയെക്കുറിച്ച് കൂടുതല്‍ ഉത്കണ്ഠയാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. അതിനു ബദലായി ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്ന റഹ്മാന്‍ എന്ന കഥാപാത്രം ഈയിടെ അന്തരിച്ച മാമുക്കോയ എന്ന അനുഗൃഹീത നടന്റെ ഓര്‍മകളില്‍ നനവു പടര്‍ത്തുന്നതാണ്. രോഗംകൊണ്ട് അദ്ദേഹത്തിന്റെ ശബ്ദത്തില്‍ മാറ്റം വന്നിട്ടുണ്ടെങ്കിലും റഹ്മാന്‍ അവിസ്മരണീമായി മാറിയിരിക്കുന്നു. ഡോ. മാലതിയെ അവതരിപ്പിച്ച ശാന്തികൃഷ്ണ കഥാപാത്രത്തിന്റെ ഉള്ളറിഞ്ഞിട്ടുണ്ട്. പക്ഷേ, നരകയറിത്തുടങ്ങിയ മുടിയൊക്കെയുണ്ടെങ്കിലും യൗവനം അസ്തമിക്കാത്ത ഒരാളായാണ് സ്‌ക്രീനില്‍ മാലതിയെ അനുഭവിക്കാനായത്. മറവിരോഗവും ദീര്‍ഘനാളത്തെ കിടപ്പുകൊണ്ടുള്ള ശാരീരികമാറ്റങ്ങളും പ്രത്യക്ഷമാക്കാന്‍ മേക്കപ്പു കൊണ്ടെങ്കിലും സാധിച്ചിട്ടില്ല എന്നത് സിനിമയുടെ പോരായ്മയായി തോന്നി.

ഒരു കിടപ്പു രോഗിക്കു ചുറ്റും വട്ടംകറങ്ങുന്ന ക്യാമറ സാധാരണ ഗതിയില്‍ പ്രേക്ഷകരെ ബോറടിപ്പിക്കേണ്ടതാണ്. എന്നാല്‍, ഓരോ സീനും വൈകാരിക തീവ്രതയോടെ ചിത്രീകരിക്കാന്‍ രാകേഷ് ധരനും ഒട്ടും ലൗഡാകാത്ത സംഗീതത്തിന്റെ മാസ്മരികതയിലൂടെ കൊണ്ടുപോകാന്‍ ബിജി ബാലിനും കഴിഞ്ഞിട്ടുണ്ട്. കെ.എസ്.എഫ്.ഡി.സി നിര്‍മിച്ച ചിത്രം ആഗസ്റ്റ് ആദ്യവാരത്തിലാണ് പുറത്തിറങ്ങിയത്.

ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന 'നിള' യുടെ പ്രദര്‍ശന ശേഷം സിനിമയുടെ സംവിധായിക ഇന്ദുലക്ഷ്മി, സിനിമാട്ടോഗ്രാഫര്‍ രാകേഷ് ധരന്‍, സംഗീത സംവിധായകന്‍ ബിജിബാല്‍ തുടങ്ങിയവരോടൊപ്പം ലേഖിക.

TAGS :