നാടകം, സംഗീതം, ചിത്രം, ശില്‍പം; ഇറ്റ്‌ഫോക്കിന് വീണ്ടും മൂന്നാം മണി
നാടകവും സംഗീതവും ചിത്ര-ശില്‍പ കലയും ഇഴച്ചേര്‍ത്ത് പുത്തന്‍ മുഖമോടിയോടെയും പുതു ഭാവങ്ങളോടെയുമാണ് ഇക്കുറി രാജ്യാന്തര നാടകോത്സവത്തിന് മൂന്നാം മണി മുഴങ്ങുന്നത്. |Itfok2023
'കാച്ചണോ, ചുടണോ' - തുപ്പേട്ടന്റെ പ്രശസ്ത നാടകം 'ഡബ്ള്‍ ആക്ടി'ലെ സംഭാഷണമാണിത്. മനുഷ്യ മനസ്സിന്റെ ഇരുഭാവങ്ങളാണ് നാടകം വരച്ചുകാണിക്കുന്നത്. രാജ്യാന്തര നാടകോത്സവ (ഇറ്റ്‌ഫോക്ക്) വേദിയായ സംഗീത നാടക അക്കാദമി അങ്കണത്തില്‍ ഇറ്റ്‌ഫോക്കിന്റെ തന്നെ ഭാഗമായി ആര്‍ട്ടിസ്റ്റ് സിദ്ധാര്‍ത്ഥ് ചെയ്ത ഇന്‍സ്റ്റലേഷന്‍ കണ്ടാല്‍ തുപ്പേട്ടന്റെ ഈ നാടകം ഓര്‍മ വരും. ഒറ്റനോട്ടത്തില്‍ കെട്ടുകുതിരയാണെന്ന് തോന്നുന്ന, ചൂടിപ്പടം (കയര്‍ മാറ്റ്) കൊണ്ട് ചെയ്ത ശില്‍പത്തിന് രണ്ട് മനുഷ്യമുഖങ്ങളാണ്. രണ്ടു ഭാവങ്ങളുള്ള മുഖങ്ങള്‍. കയ്യില്‍ കിട്ടുന്ന പാഴ്വസ്തുക്കള്‍ കൊണ്ട് ശില്‍പങ്ങള്‍ മെനയുന്ന സിദ്ധാര്‍ത്ഥിന്റെ ദിവസങ്ങളെടുത്ത നിര്‍മിതി.
ആര്‍ട്ടിസ്റ്റ് സിദ്ധാര്‍ത്ഥ്, സംഗീത നാടക അക്കാദമി അങ്കണത്തില്‍ തന്റെ ഇന്‍സ്റ്റലേഷനരികെ
മറുഭാഗത്ത് സാംസ്‌കാരിക നഗരത്തില്‍ തെരഞ്ഞെടുത്ത 40 തെരുവുകളിലെ ചുമരുകള്‍ ജീവസുറ്റ ചിത്രങ്ങള്‍ക്ക് വഴിമാറി. ഇറ്റ്‌ഫോക്കിന്റെ ഭാഗമായി അരങ്ങേറിയ 'തെരുവര'- ലളിതകലാ അക്കാദമിയുടെ പങ്കാളിത്തം. ആര്‍ട്ടിസ്റ്റ് അന്‍പു വര്‍ക്കിയാണ് ഇത് ക്യൂറേറ്റ് ചെയ്തത്. ഇതുവരെ തൃശൂര്‍ നഗരത്തിലും സംഗീത നാടക അക്കാദമിയിലും പരിസരത്തും നടന്ന തയാറെടുപ്പുകളും ഫെബ്രുവരി അഞ്ച് മുതല്‍ പത്ത് ദിവസം അരങ്ങേറുന്ന നാടകങ്ങളും സംഗീതവുമെല്ലാം നയിക്കുന്നത് ഒറ്റ ആശയത്തിലേക്കാണ് - ഒന്നിക്കണം മാനവികത എന്ന ഇറ്റ് ഫോക്ക് 13-ാം ദളത്തിന്റെ പ്രമേയത്തിലേക്ക്. ചേര്‍ത്ത് പിടിക്കലിന്റെ ആശയമാണ് ഇത് മുന്നോട്ടു വെക്കുന്നത്. മാനവികതക്ക് കാവല്‍ ആകാന്‍ തിയറ്ററിനും കാവല്‍ക്കാരാവാന്‍ തിയറ്റര്‍ ആക്ടിവിസ്റ്റുകള്‍ക്കും കഴിയണമെന്ന ആഹ്വാനവും ഈ പ്രമേയം ഉയര്‍ത്തുന്നു.
നാടകവും സംഗീതവും ചിത്ര-ശില്‍പ കലയും ഇഴച്ചേര്‍ത്ത് പുത്തന്‍ മുഖമോടിയോടെയും പുതു ഭാവങ്ങളോടെയുമാണ് ഇക്കുറി രാജ്യാന്തര നാടകോത്സവത്തിന് മൂന്നാം മണി മുഴങ്ങുന്നത്. മഹാമാരിയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ നാടകോത്സവത്തിന് ഒട്ടേറെ പ്രത്യേകതകളുണ്ട്. കോവിഡ് മൂലം നിര്‍ത്തിവെച്ച നാടകോത്സവം വന്‍ ആവേശം വിതറിയാണ് മൂന്നു വര്‍ഷത്തെ ഇളവേളക്കുശേഷം കടന്നു വരുന്നത്. അക്കാദമി സെക്രട്ടറി കരിവള്ളൂര്‍ മുരളിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഇതുവരെ നടന്ന ഇറ്റ്‌ഫോക്കില്‍ വെച്ച് ഏറ്റവും വലുത്. ഇതിന്റെ അധ്വാനവും ഫണ്ടും വൈവിധ്യവും പങ്കാളിത്തവും കൊണ്ടാണ് ഈ വിലയിരുത്തല്‍ എന്ന് അദ്ദേഹം വിശദീകരിക്കുന്നു.
ഇതാദ്യമായി വന്‍കിട സംഘങ്ങള്‍
അന്തരിച്ച നാടകാചാര്യന്‍ പീറ്റര്‍ ബ്രൂക്കിന്റെ (പീറ്റര്‍ സ്റ്റീഫന്‍ പോള്‍ ബ്രൂക്ക്) തിയറ്റര്‍ ഡെസ് ബൊഫ്യൂസ് ഡ്യൂ നോര്‍ഡ് അവതരിപ്പിക്കുന്ന 'ദ ടെമ്പസ്റ്റ് പ്രോജക്ട് ', ദക്ഷിണാഫ്രിക്കന്‍ സംഘം തേഡ് വേള്‍ഡ് ബണ്‍ഫൈറ്റ് അരങ്ങിലെത്തിക്കുന്ന 'സാംസണ്‍' എന്നിവ അടക്കം പത്ത് വിദേശ നാടകങ്ങളുണ്ട് ഇത്തവണ. വന്‍കിട നാടക സംഘങ്ങളായ തിയറ്റര്‍ ഡെസ് ബൊഫ്യൂസ് ഡ്യൂ നോര്‍ഡും തേഡ് വേള്‍ഡ് ബണ്‍ഫൈറ്റും ആദ്യമായാണ് ഇറ്റ്‌ഫോക്കിന് എത്തുന്നത്. ആഗോള പ്രശസ്തമായ വമ്പന്‍ സംഘങ്ങള്‍ക്ക് അരങ്ങൊരുക്കുകയെന്ന ഭരത് മുരളിയുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യവത്കരിക്കുന്നതിന്റെ ആദ്യ ചുവടാണ് 13-ാം ദളത്തിന്റെ പ്രത്യേകതകളിലൊന്ന്. ഇതില്‍ സാംസണ്‍ ദലീലയുടെ കഥയുമായി എത്തുന്ന 'സാംസണ്‍ ' ഉദ്ഘാടന ദിനമായ ഞായറാഴ്ച്ച രാത്രി ഏഴിന് മുരളി തിയറ്ററില്‍ അരങ്ങേറും. അപമാനവും പ്രണയവും വിശ്വാസവഞ്ചനയും പ്രതികാരവും അക്രമവുമെല്ലാം കടന്നു വരുന്നതാണ് ബിബ്ലിക്കല്‍ കഥ പറയുന്ന സാംസണ്‍. ഞായറാഴ്ച ഉച്ച മൂന്നിന് കെ.ടി മുഹമ്മദ് തിയറ്ററില്‍ ദേശീയ നാടകങ്ങള്‍ക്ക് തുടക്കം കുറിച്ച്, അതുല്‍കുമാര്‍ സംവിധാനം ചെയ്ത 'ടേക്കിങ്ങ് സൈഡ്‌സ്' അരങ്ങേറും. രണ്ടാം ലോക യുദ്ധത്തിന് ശേഷമുള്ള ജര്‍മ്മനിയിലെ ഡീ നാസിഫിക്കേഷന്‍ കാലഘട്ടമാണ് നാടകകാലം. 3.30ന് ബ്ലാക്ക് ബോക്സില്‍ കെ.എസ് പ്രതാപന്‍ സംവിധാനം ചെയ്ത 'നിലവിളികള്‍, മര്‍മ്മരങ്ങള്‍, ആക്രോശങ്ങള്‍' അരങ്ങേറും.
വര്‍ണാഭമായ തായ് വാന്‍ ഓപ്പറേയാണ് ഇത്തവണത്തെ മറ്റൊരു ആകര്‍ഷണം. 94 വര്‍ഷത്തെ പഴക്കവും പാരമ്പര്യവുമുള്ള മിംഗ് ഹ്വാ യുവാന്‍ (എം.എച്ച്.വൈ) ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ഗ്രൂപ്പാണ് 40 ഓളം കലാകാരന്മാരെ പങ്കെടുപ്പിച്ച് ഓപ്പറേ അവതരിപ്പിക്കുന്നത്. ഉസ്‌ബെക്കിസ്ഥാന്‍, താഷ്‌ക്കന്റ്, ലെബനാന്‍, ഫലസ്തീന്‍, ഇസ്രായേല്‍, ഇറ്റലി, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ളവയാണ് മറ്റു നാടകങ്ങള്‍. മൊത്തം 28 നാടകങ്ങളാണ് അവതരിപ്പിക്കുക. തമിഴ് ഉള്‍പ്പെടെ ഇതര ഭാഷകളിലെ 14 നാടകങ്ങളും നാല് മലയാളം നാടകങ്ങളും അടക്കമാണിത്. റോയ്സ്റ്റന്‍ ആബേ അണിയിച്ചൊരുക്കിയ സംഗീത അവതരണമായ ' മാങ്കനിയര്‍ സെഡക്ഷനും' ദേശീയ നാടകങ്ങളുടെ പട്ടികയിലുണ്ട്. ഇറ്റ്‌ഫോക്കിന്റെ ചരിത്രത്തില്‍ ഇതും നവ്യാനുഭവമായിരിക്കുമെന്ന് നാടകോത്സവ കോ-ഓഡിനേറ്റര്‍ വി. ശശികുമാര്‍ അവകാശപ്പെടുന്നു.
സാംസണില്‍ നിന്ന്
മെഗാ സംഗീത ബാന്റുകള്‍
ഇറ്റ്‌ഫോക്കിന്റെ രാവുകള്‍ താളലയം തീര്‍ക്കുന്നതാവും എന്നതാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. സംഗീതലയങ്ങളുടെ പുതിയ തീരത്തേക്ക് ആസ്വാദകരെ ആനയിക്കുന്ന ആറ് മെഗാ സംഗീത ബാന്റുകളുടെ സാന്നിധ്യംകൊണ്ടും നാടകോത്സവം സമ്പന്നമാവും. ഇറ്റ്‌ഫോക്കിന്റെ മറ്റു എഡിഷനുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇതും പുതിയ ചുവടാണ്. സംഘാടകരായ സംഗീത നാടക അക്കാദമിക്ക് ചേരുംവിധമുള്ള ചേരുവകള്‍ ചേര്‍ത്ത് നാടകോത്സവത്തെ ഏറ്റവും രുചികരമായ വിരുന്നാക്കുക എന്നതാണ് ദീപന്‍ ശിവരാമനും അനുരാധാ കപൂറും പ്രൊഫ. അനന്തകൃഷ്ണനും അടങ്ങിയ ഫെസ്റ്റിവല്‍ ഡയറക്ടറേറ്റ് ഉള്‍പ്പെട്ട സംഘാടകരുടെ ലക്ഷ്യം.
രാജ്യത്തെ ഏറ്റവും പഴയ ബാന്റുകളിലൊന്നായ 'ഇന്ത്യന്‍ ഓഷ'ന്റെ സംഗീത വിരുന്ന് ഉദ്ഘാടന ദിവസം രാത്രി 9 ന് അരങ്ങേറും. രണ്ടാം ദിവസം അര്‍ബന്‍ ഫോക്ക് സിംഗര്‍ എന്ന് അറിയപ്പെടുന്ന സുസ്മിത് ബോസിന്റെ പരിപാടിയാണ്. കവി അന്‍വര്‍ അലി ക്യൂറേറ്റ് ചെയ്യുന്ന ദ്വീപ് സംഗീത പരിപാടി 'പുള്ളിപ്പറവ, അന്തരിച്ച സംഗീതജ്ഞന്‍ പാരിസ് ചന്ദ്രന് സമര്‍പ്പണമായി അവതരിപ്പിക്കുന്ന ഇന്തോ-ആഫ്രിക്കന്‍ പോയട്രി മ്യൂസിക് എന്‍സെംപിള്‍, അന്തരിച്ച ഗിറ്റാറിസ്റ്റ് ജോണ്‍ പി വര്‍ക്കിക്ക് അനുസ്മരണമായി മലയാള ബാന്റ് 'അവിയല്‍', 'ബാന്‍ഡിഷ് ഔര്‍ ഗാട്ട് ജുഗല്‍ബന്ധി' എന്നിവയുമുണ്ടാകും.
സുസ്മിത് ബോസ്
ആര്‍ട്ടിസ്റ്റ് സുജാതന്‍
രംഗപടം: ആര്‍ട്ടിസ്റ്റ് സുജാതന്‍ എന്ന് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. മലയാള നാടകങ്ങളുടെ രംഗ ചിത്രീകരണം നിര്‍വഹിക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് പ്രത്യേകം പറയേണ്ടതില്ല. അദ്ദേഹം ചെയ്ത പ്രധാനപ്പെട്ട 40 ഓളം രംഗപടങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി വെളിച്ചത്തിന്റെ പിന്തുണയോടെയുള്ള തികച്ചും തിയറ്ററിക്കലായ വേദി - ആര്‍ട്ടിസ്റ്റ് സുജാതന്‍ സീനിക് ഗാലറി - ഇത്തവണത്തെ മറ്റൊരു ആകര്‍ഷണമാണ്. വിദഗ്ധര്‍ പങ്കെടുക്കുന്ന കൊളോക്വിയം, പൊതു പ്രഭാഷണങ്ങള്‍ എന്നിവ ഇവിടെ നടക്കും.
ആര്‍ക്കിടെക്ടുകളെ തിയറ്ററുമായി ബന്ധപ്പെടുത്തി എന്നതാണ് ഇത്തവണത്തെ നാടകോത്സവത്തെ ശ്രദ്ധേയമാക്കുന്ന മറ്റൊരു കാര്യം. അവരുടെ സഹകരണത്തോടെ ചില വേദികള്‍ക്ക് രൂപം നല്‍കി. ആര്‍ട്ടിസ്റ്റ് സുജാതന്‍ സീനിക് ഗാലറിയും ആര്‍ക്കിടെക്ട് - തിയറ്റര്‍ ഭാവനയുടെ ഉല്‍പ്പന്നമാണ്. 1200 ഓളം പേര്‍ക്ക് ഇരുന്ന് നാടകം കാണാനാവുന്ന പവലിയന്‍ തിയറ്ററാണ് മറ്റൊന്ന്. തൃശൂരിലെ ആര്‍ക്കിടെക്ട് ദമ്പതികളായ റെജി - റെനി, കോഴിക്കോട്ടെ ബ്രിജേഷ് ഡിസൈന്‍ ആശ്രം എന്നിവരാണ് ഇതിന് നേതൃത്വം നല്‍കിയത്.
രാമനിലയം അങ്കണത്തില്‍ 2011 ല്‍ കത്തിപ്പോയ കൂത്തമ്പലത്തിന് പുതിയ രൂപവും ഭാവവും നല്‍കി തയാറാക്കിയ വേദിയാണ് മറ്റൊന്ന്. ചാരത്തില്‍ നിന്ന് വിഹായസിന്റെ തുറസിലേക്ക്് (From Ashes to Open Sky - FAOS) എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.
കേരളത്തിലെ കുടുംബശ്രീ അംഗങ്ങളില്‍ നിന്നും ദേശീയ തലത്തില്‍ നിന്നും തെരഞ്ഞെടുത്ത 51 വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന തിയറ്റര്‍ ശില്‍പശാലയാണ് പുതിയ എഡിഷനെ വേറിട്ടതാക്കുന്ന മറ്റൊരു ഘടകം. ഫെബ്രുവരി ഏഴിന് കിലയില്‍ നടക്കുന്ന ശില്‍പശാല ഈ ഗണത്തില്‍ ആദ്യമായാണ്. ആചാര്യ സ്ഥാനത്തുള്ള നാടക പ്രതിഭകളായ ആര്‍.കെ റെയ്‌ന, അനുരാധാ കപൂര്‍, നീലംമാന്‍ സിംഗ് എന്നിവരാണ് ശില്‍പശാലക്ക് നേതൃത്വം നല്‍കുക.
ദ ടെമ്പസ്റ്റ് പ്രോജക്ടില്‍ നിന്ന്