Quantcast
MediaOne Logo

സബീല നാലകത്ത്

Published: 11 Oct 2024 5:28 AM GMT

നീലഗിരിക്കുന്നിലെ ജക്രാന്തപ്പൂക്കള്‍ | Short Story

| കഥ

നീലഗിരിക്കുന്നിലെ ജക്രാന്തപ്പൂക്കള്‍ | Short Story
X

ആടിയുലഞ്ഞ് ആനവണ്ടിയിപ്പോള്‍ ചുരം കേറാന്‍ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അനന്തപുരിയില്‍ നിന്നും യാത്ര പുറപ്പെട്ടത്. ഒരു വ്യാഴവട്ടത്തിനുശേഷം വീണ്ടും പിറന്ന മണ്ണിലേക്കുളള യാത്ര. അടര്‍ന്നു വീണ ചരക്കൊന്നപ്പൂക്കള്‍ ഒന്നാം വളവിനെ സ്വര്‍ണ മയമാക്കിയിരിക്കുന്നു. ഇല്ലിക്കാട്ടിലെ മൈനകള്‍ പാതയോരം ചേര്‍ന്ന് തത്തി നടക്കുന്നു. ആളൊഴിഞ്ഞ വ്യൂ പോയന്റില്‍ ആദിത്യന്‍ തന്റെ കിരണങ്ങള്‍ കണ്ണിലേക്ക് പായിച്ചു. ചാഞ്ഞും ചെരിഞ്ഞും വളവുകള്‍ താണ്ടി വണ്ടി മുന്നോട്ടോടി. അണ്ണാനഗറിലെ സ്മാരകശിലക്കു മുന്നില്‍ വണ്ടി നിന്നു.

തോമാച്ചന്റെ ചായ പീടികയും അന്ത്രുക്കാന്റെ പല ചരക്കു കടയും വിസ്മൃതിയിലാണ്ടിരിക്കുന്നു. ഇരുനില കെട്ടിടങ്ങളുടെ ഇടയില്‍ നേര്‍ത്ത നാടയെന്നോണം പഴയ പ്രതാപം നഷ്ടപ്പെട്ട് പനച്ചിത്തോട്.

ഗ്ലന്‍മോര്‍ഗനിലെ ജന്മഗൃഹം വിട്ട് ഒരു ഒന്നാം ക്ലാസുകാരന്‍ നീലഗിരിക്കുന്നിലെ മലയാളി ഗ്രാമത്തിലെത്തിയത് നിറഞ്ഞ പ്രതാപത്തില്‍ തന്നെയായിരുന്നു. കൂപ്പിലെ തടികള്‍ ലേലത്തിനെടുത്ത വകയില്‍ അച്ഛന്‍ എസ്റ്റേറ്റിനടുത്തു തന്നെ ഒരു വീട് വാങ്ങി. വെള്ള ചായം പൂശിയ ചില്ലു ജാലകങ്ങളുളള ഞങ്ങളുടെ കൊച്ചു ബംഗ്ലാവ്.

തിരക്കു പിടിച്ച ടൗണിലെ വിശാലമായ ബസ് സ്റ്റാന്റില്‍ വണ്ടി ആഞ്ഞു ബ്രേക്കിട്ടു. തോള്‍ ബാഗെടുത്ത് പുറത്തിറങ്ങി. വീണ്ടും തിരിച്ചറിയപ്പെടാനാവാത്ത മാറ്റങ്ങളിലേക്ക് ദൃഷ്ടികള്‍ പാഞ്ഞു.

വികസനം അതിന്റെ ഉത്തുംഗതയിലെത്തുമ്പോഴും ഗ്രാമത്തിലേക്കുള്ള ജീപ്പ് സര്‍വീസുകള്‍ ഇന്നും തുടരുന്നുണ്ട്. ജീപ്പ് സര്‍വീസിനിടക്കെത്തിയ ഗ്രാമത്തിലേക്കുള്ള സര്‍ക്കാരിന്റെ നീളന്‍ ബസ്സിലേക്ക് ധൃതിപ്പെട്ട് കയറി. ആള്‍ത്തിരക്കില്ലാത്തതിനാല്‍ ഒരു വിന്‍ഡോ സീറ്റ് തന്നെ തരപ്പെട്ടു കിട്ടി. കയ്യിലെ ബാഗ് സീറ്റിനരികിലേക്ക് ചാരി വെച്ചു. കാലുകള്‍ മുന്‍സീറ്റിനടിയിലെ കമ്പിയിലേക്ക് കേറ്റി വെച്ചു. ടൗണില്‍ നിന്നും വണ്ടി ഗ്രാമത്തിലേക്കുളള വീതി കുറഞ്ഞ റോഡിലേക്ക് കേറി. എത്ര പെട്ടെന്നാണ് വഴിയുടെ കെട്ടും മട്ടും മാറിയത്.

മിനിറ്റുകള്‍ക്കകം ഗ്രാമവീഥി പിന്നിട്ട് വിജനമായ വനപാതകള്‍.

ലാറിസ്റ്റണ്‍ ടീ സ്റ്റോപ്പില്‍ നിന്നും ഭാരിച്ച ചുമടുമായി ഒന്ന് രണ്ടാളുകള്‍ ബസ്സിലേക്ക് കേറി. ഇടതിങ്ങിയ തേയിലത്തോട്ടവും ഏലക്കാടുകളും കടന്ന് വീണ്ടും വീതികുറഞ്ഞ പാതയിലൂടെ വണ്ടി ഓടിക്കൊണ്ടിരുന്നു. കത്തുന്ന വേനലിലും കുളിരേകുന്നൊരു തെന്നല്‍ വിന്‍ഡോ സീറ്റ് കടന്നെത്തി.

ഇടക്കെപ്പോഴോ ഇടമുറിഞ്ഞു കേട്ട ചീവീടിന്‍ സീല്‍ക്കാരങ്ങള്‍ കാതിനെത്തുളച്ച് കടന്നുപോയി. പാറക്കെട്ടുകളിലെ കുഴികളില്‍ നിന്നും പേരിനെന്നോണമൊഴുകുന്ന നീര്‍ച്ചാലുകള്‍.

സാന്‍ഡ് ഹില്ലിലെ തേയിലത്തോട്ടങ്ങളില്‍ ചപ്പ് നുള്ളിയിറങ്ങുന്ന ദൈന്യത നിറഞ്ഞ കുറെ പേക്കോലങ്ങള്‍. സെമിത്തേരിയിലെ കല്ലറയില്‍ പൂക്കളര്‍പ്പിച്ച രണ്ട് പേര്‍ ബസിലേക്ക് കയറി. മധ്യവയസ്‌കന്റെ പിറകേ കയറിയ സ്ത്രീ തന്റെ സാരിത്തലപ്പുകൊണ്ട് നിറഞ്ഞ മിഴികള്‍ തുടച്ചു. എന്റെ മുന്‍സീറ്റിലിരുന്ന അവരുടെ ശൂന്യത നിഴലിക്കുന്ന നയനങ്ങള്‍ എന്നെ വീണ്ടും മരിക്കാത്ത ചില ഓര്‍മകളിലെത്തിച്ചു.

''ന്യൂ ഹോപ്പ്.. ന്യൂ ഹോപ്പ്'' കണ്ടക്ടര്‍ ഉറക്കെ വിളിച്ചു പറഞ്ഞു.

പ്രണയ പുഷ്പങ്ങള്‍ അടര്‍ന്നു വീണ ജക്രാന്ത മരച്ചോട്ടിലെ സിമന്റു തിണ്ണയില്‍ ഞാനിരുന്നു.

കുട്ടന്‍ വണ്ടിയുമായി എത്താമെന്ന് പറഞ്ഞതാണല്ലോ.

ഇളം വയലറ്റ് നിറത്തില്‍ മരം നിറഞ്ഞ് നില്‍ക്കുന്ന ജക്രാന്തപ്പൂക്കള്‍

അവള്‍ക്കേറെയിഷ്ടമായിരുന്നല്ലോയെന്നോര്‍ത്തപ്പോള്‍ മനസ്സിനകത്ത് വല്ലാത്തൊരാന്തല്‍.

ഒരു വീട്ടിലെ അംഗങ്ങളെപ്പോലെ കഴിഞ്ഞവരായിരുന്നു ഞങ്ങളും കുട്ടന്റെ വീട്ടുകാരും. ആനിക്കും അമ്മുവിനും ഒരേ പ്രായം. എന്നേക്കാള്‍ നാല് വയസ്സിന് ഇളയതാണെങ്കിലും ആനിയുടെ ചില ചോദ്യങ്ങള്‍ക്കും ചിന്തകള്‍ക്കും മുന്നില്‍ പലപ്പോഴും ഞാന്‍ മുട്ടുമടക്കാറായിരുന്നു. സീഫോര്‍ത്തിലെ സ്‌കൂളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ആനിക്കും അമ്മുവിനും രക്ഷകര്‍ത്താക്കളായി രണ്ട് ആങ്ങളമാര്‍.

ന്യൂ ഹോപ്പിലെ ബസ് സ്റ്റോപ്പില്‍ നിന്ന് വണ്ടി കേറുന്നത് വരെ ഞാനും കുട്ടനും ജക്രാന്ത തണലിലെ സിമന്റു തിണ്ണയില്‍ നോക്കിയിരിക്കും.

പകലാണെങ്കിലും കാട്ടുമൃഗങ്ങള്‍ക്കിപ്പോ കാലോം നേരോംന്നില്ലെന്നാ കുട്ടന്റെ വല്ല്യമ്മ പറയാറ്. പതിവു തെറ്റാതെ രാവിലേയും വൈകീട്ടും ബസ് സ്റ്റോപ്പിലെത്തി പെങ്ങന്‍മാരെ കൂടെ കൂട്ടുന്ന ആങ്ങളമാര്‍. ചന്ദന മലയിറങ്ങിയെത്തിയ നേര്‍ത്ത കാറ്റില്‍ ഒന്ന് രണ്ട് ജക്രാന്തപ്പൂക്കള്‍ മടിയി ലേക്ക് കൊഴിഞ്ഞ് വീണു.

എന്റെ ആനിക്ക് ഏറ്റവും പ്രിയമേറിയ പൂക്കളിതാ കിടക്കുന്നു. മഞ്ചാടിക്കുന്നിലെ അത്തിച്ചോട്ടില്‍ വെച്ചാണ് അവളാ കഥ പറഞ്ഞത്.

''പരീക്ഷാ സമയത്ത് തലയിലേക്ക് ജക്രാന്തപ്പൂക്കള്‍ കൊഴിഞ്ഞു വീണാല്‍ നല്ല മാര്‍ക്ക് കിട്ടൂത്രെ. ബാര്‍വുഡ് ബംഗ്ലാവിലെ സായിപ്പിന്റെ മോളാ പറഞ്ഞത്''

''ഇന്ന് അവസാനത്തെ പരീക്ഷയാ. ഇന്ന് കൂടി പൂക്കള്‍ വീഴാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കും..'

അവളുടെ ആകാംക്ഷയും കൗതുകവും നിറഞ്ഞ വര്‍ത്തമാനങ്ങളില്‍ പലപ്പോഴും ഞാന്‍ മൗനം പൂണ്ടു.

അവസാന പരീക്ഷ കഴിഞ്ഞ് പിന്നെയൊരിക്കലും ജക്രാന്തച്ചോട്ടില്‍ അവരെത്തിയില്ല. പൊലീസും പരാതിയുമായി ഓടി നടന്ന കുറെ നാളുകള്‍. പിന്നെപ്പിന്നെ പൊരുത്തപ്പെടലിലേക്കുള്ള തയ്യാറെപ്പുകള്‍.

ചന്ദനമലയിലെ ദുര്‍ഭൂതത്തെ നാടുകടത്താന്‍ കുട്ടന്റെ മുത്തശ്ശി പലതവണ കോവിലില്‍ വഴിപാട് നേര്‍ന്നു.

പഴയ ഫോര്‍ഗിയര്‍ ജീപ്പിന്റെ മുരടിച്ച ശബ്ദം താഴെ നിന്നു തന്നെ കേള്‍ക്കാമായിരുന്നു. കുട്ടന്റെ പഴയ വണ്ടി ഇന്നും ഈ വീഥികളിലൂടെ ഒരായിരം ഓര്‍മകളുമായി കടന്നുപോകുന്നു. വര്‍ഷങ്ങള്‍ക്കു ശേഷമുള്ള സമാഗമത്തില്‍ ഇരുവരും ഹൃദയം ചേര്‍ത്തു വെച്ചു.


കോട്ടപ്പുഴയുടെ പാലം കടന്ന് വണ്ടി ആ പഴയ ചായക്കടക്കുമുന്നില്‍ ബ്രേക്കിട്ടു. പതിവു തെറ്റാതെ ഓരോ സായാഹ്നവും കുട്ടനോടൊപ്പം ചെലവഴിച്ച സൈനാത്താന്റെ ചായ പീടികക്ക് മാത്രം ഇപ്പഴും ഒരു മാറ്റവുമില്ല.

''സൈനാത്താ.. രണ്ട് കട്ടന്‍ ചായ''

''ആരാ കുട്ടാ.. പുതിയൊരാള്?''

''ഇത് പഴയ ആള് തന്നെയാ. നിങ്ങള് തന്നെ പറയ്''

കുഴിഞ്ഞ കണ്ണിനുമീതെ കട്ടി കണ്ണട നേരാക്കി സൈനാത്ത അടുത്ത് വന്നു.

പിന്നെ ഒഴുകി വന്ന കണ്ണീര് തുടച്ചു.

''മോനേ.. അനൂ.. സൈനാത്താക്ക് വയസ്സേറെയായെടാ. പഴയ കാഴ്ച്ചയൊക്കെ പോയി. ഒന്നും തോന്നരുത്.

ദേ... നോക്ക്. പീട്യേല്‍ക്ക് വരുമ്പോ ഞാനിന്നും കേറീതാ. വേണ്ടപ്പെട്ടോരുടെ ആത്മാവുകളുറങ്ങുന്നേടം ചെല്ലാതിരിക്കാന്‍ പറ്റ്വോ ഞമ്മക്ക്''

''കയിഞ്ഞ ദെവസോം കാട്ടാന വന്നൂന്ന് കടക്കാരന്‍ വാസു പറഞ്ഞാ അറ്ഞ്ഞത്. തൊട്ടപ്പറ്‌ത്തെ രണ്ട് കല്ലറമ്മലും കയറിയെറങ്ങീന്റെ പാട്ണ്ട്. പക്ഷേങ്കി... ഓല് രണ്ടാളും ഈ നാട്ടാര്ക്ക് ഒരുപാട് പുണ്യം ചെയ്‌തോരാ. അതോണ്ട് അബ്ട്ക്ക് ഏത് കൊമ്പനും കേറൂലാന്ന് സൈനാത്താക്ക് ഒറപ്പാ.''

''ആനീനേം അമ്മൂനേം ഓല്ക്ക് രണ്ടാള്‍ക്കും ജീവനേനീം. ആനീനെപ്പോലെത്തന്നെ സ്വന്തം മോളായിട്ടാ അമ്മൂനേം ഓല് രണ്ടാളും കണ്ടത്. കുട്ട്യോള് രണ്ടാളും പോയപ്പോ തൊട്ട് ഓലെ രണ്ടാളേം ഖല്‍ബും തകര്‍ന്നു.

ഇന്നോ നാളേന്ന് കരുതി ഓലെ വെരവും കാത്ത് ഈ കരേലെല്ലാരും നോക്കിയിര്ന്ന ആ കാലം. വിധീന്ന് കെര്തി സമാധാനപ്പെടാനല്ലേ പറ്റൂ. നീറി നീറി പോയതാ ഓര് രണ്ടാളും''

തട്ടത്തലപ്പ് കൊണ്ട് കണ്ണുകള്‍ അമര്‍ത്തിത്തുടച്ച് സൈനാത്ത സമോവറിനടുത്തെത്തി.

കുട്ടന്റെ പിറകെ സെമിത്തേരിയിലേക്കുള്ള കല്‍പ്പടവുകള്‍ കേറുമ്പോള്‍ കാലിടറുന്നുണ്ടായിരുന്നു.

ടൗണില്‍ നിന്നും വാങ്ങിയ മഞ്ഞയും ചുവപ്പും കലര്‍ന്ന ബന്തിപ്പൂക്കള്‍ കല്ലറയില്‍ ചാര്‍ത്തുമ്പോള്‍

വല്ലാത്തൊരു വിങ്ങലായി മനോമുകുരത്തില്‍ തെളിഞ്ഞു വന്ന രണ്ട് മുഖങ്ങള്‍. സെമിത്തേരിപ്പടിയില്‍ നിന്നും ബസില്‍ കേറിയ സ്ത്രീയുടെ മുഖം മനസ്സില്‍ തെളിഞ്ഞു. അവര്‍ക്ക് അമ്മയുടെ ഛായയുണ്ടായിരുന്നോ?

മുത്തശ്ശീടെ കൈപിടിച്ച് സെമിത്തേരിയുടെ പടവിറങ്ങിയ ആ പതിനേഴുകാരനില്‍ നിന്നും ഒട്ടും പക്വതയെത്താത്ത യൗവനം. പരിമിതമായ അവധിയില്‍ ഗ്ലന്‍ മോര്‍ഗനും ബാല്യം പിച്ചവെച്ച ബംഗ്ലാവുമൊക്കെയൊന്ന് കണ്ട് വന്നു. വെള്ള ചായം പൂശിയ ചുമരില്‍ ആനി കോറിയിട്ട കരിക്കട്ടച്ചിത്രങ്ങള്‍ കാലം മായ്ച്ചു കളഞ്ഞിരിക്കുന്നു. കൊലുസിന്റെ താളം തുടിച്ചിരുന്ന: കുഞ്ഞു പാദങ്ങള്‍ പതിഞ്ഞു നടന്ന പടിഞ്ഞാറേ മുറ്റവും മാഞ്ചോട്ടിലെ ഊഞ്ഞാലുമൊക്കെ തോരാത്ത ഓര്‍മപ്പെയ്ത്തായി.

അനന്തപുരിയിലേക്കുളള രാത്രി ട്രെയിന്‍ പിടിക്കണമെങ്കില്‍ പുലര്‍ച്ചെ പുറപ്പെടണം. ജക്രാന്ത ചോട്ടിലെ സിമന്റു തിണ്ണയില്‍ കുട്ടനോടൊപ്പം ബസ് കാത്തിരിക്കുമ്പോള്‍ ചന്ദന മലയിറങ്ങി വന്ന വിരഹ കാറ്റില്‍ വീണ്ടും കുറെ വയലറ്റ് പൂക്കള്‍ അടര്‍ന്നു വീണു..

TAGS :