Quantcast
MediaOne Logo

അശ്വതി അശോകന്‍

Published: 11 Oct 2024 2:49 PM GMT

കടല്‍ | Short Story

| കഥ

കടല്‍ | Short Story
X

ട്രെയിന്‍ പുറപ്പെടാന്‍ തുടങ്ങിയെങ്കിലും അവള്‍ക്ക് ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ കടന്നുകൂടാന്‍ കഴിഞ്ഞു. നല്ല തിരക്കുണ്ട്. അധികവും പുരുഷന്മാരാണ്. അതില്‍ കൂടുതലും അന്യസംസ്ഥാനക്കാര്‍. തെക്കോട്ടുള്ള ട്രെയിനായതുകൊണ്ട് തമിഴന്മാരാണ് അവരില്‍ പലരും. ആണുങ്ങളുടെ ഇടയില്‍ തിക്കി തിരക്കി നില്‍ക്കുന്നത് കണ്ടിട്ടാകും ഒരു ചെറുപ്പക്കാരന്‍ അവളോട് ചോദിച്ചത്,

'' ചേച്ചിക്ക് ലേഡീസ് കമ്പാര്‍ട്‌മെന്റ്‌റില്‍ കയറിക്കൂടായിരുന്നോ? അതല്ലേ സേഫ്?''

അവള്‍ അവനെ നോക്കി പുഞ്ചിരിച്ചു. തലയില്‍ നിറയെ മുടിയുണ്ട്. എന്നാല്‍ മീശ മുളയ്ക്കുന്നതേയുള്ളൂ.

വെളുത്ത നിറം, ആറടി പൊക്കം, വലിയ കണ്ണുകള്‍. നെറ്റിയിലേക്ക് അനുസരണക്കെട്ട തലമുടി ഊര്‍ന്നു വീണുകൊണ്ടിരുന്നു.

അവന്റെ തൊട്ടടുത്ത നില്‍ക്കുന്ന അവനെക്കാള്‍ പൊക്കം കുറഞ്ഞ കൂട്ടുകാരനും അതേ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അവള്‍ ചിരിച്ചുകൊണ്ട് അവരോട് ചോദിച്ചു:

''നിങ്ങള്‍ എങ്ങോട്ടാ?''

''തിരുവനന്തപുരം''

''ഞാനും അങ്ങോട്ടാ. ഇനിയെന്തിന് പേടിക്കണം നിങ്ങള്‍ ഉള്ളപ്പോള്‍ ഞാന്‍ സെയ്ഫ് അല്ലേ?

നിന്റെ പേര് എന്താണ്?''

അവള്‍ ആദ്യത്തെ ചെറുപ്പക്കാരനോട് ചോദിച്ചു.

''നിസാമുദ്ദീന്‍'

''നിന്റെയോ''

അവള്‍ രണ്ടാമത്തെ ചെറുപ്പക്കാരനോടും ചോദിച്ചു.

''അന്‍സാജ്''

അവര്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാരാണെന്ന് പരിചയപ്പെടുത്തി.

''ചേച്ചിയുടെ പേര്?''

''പേരിലെന്തിരിക്കുന്നു അനിയാ''

അവള്‍ നിസാമിന്റെ ചോദ്യത്തെ മറുചോദ്യം കൊണ്ട് മൂടി.

''അല്ല,ചേച്ചി എന്തിനാ തിരുവനന്തപുരം പോകുന്നത്?''

അന്‍സാജ് ചോദിച്ചു.

''വെറുതെ കടല്‍ കാണാന്‍''

അവളുടെ മറുപടിയില്‍ ആശ്ചര്യത്തിന്റെ മറ്റൊരു കടല്‍ അവന്റെ കണ്ണുകളില്‍ നിറഞ്ഞു. അവളോളം പൊക്കത്തില്‍ ഉയര്‍ന്നു പൊങ്ങിയ തിരകള്‍. കൃഷ്ണമണിയില്‍ കുടുങ്ങിയത് കൊണ്ടാകണം അവക്കിപ്പോ കറുപ്പ് നിറം. കറുത്തതിര കരയോളം വന്നിട്ടും അവളെ തൊടാതെ, മിണ്ടാതെ തിരികെ കടലിലേക്ക്.

''ഒറ്റയ്‌ക്കോ? ശരിക്കും കടല്‍ കാണാന്‍ തന്നെയാണോ? ഏത് കടല്‍?''

അവനില്‍ നിന്ന് ചോദ്യമഴ പെയ്തുകൊണ്ടിരുന്നു. ചെറുതില്‍ നിന്നും വലുത്തിലേക്കെന്ന പോലെ കുതിച്ചു ചാടുന്നതുള്ളികള്‍. കുടയില്ലാത്ത അവളെ നനക്കുന്നു. നനഞ്ഞു പറ്റിച്ചേര്‍ന്ന അവളുടെ വസ്ത്രം മെയ്യ് ചൂടില്‍ പെട്ടന്ന് ഉണങ്ങുന്നു. പിന്നേയും പിന്നെയും മഴ പെയ്തിറങ്ങുന്നു. ഉണങ്ങാന്‍ അനുവദിക്കാതെ നനഞ്ഞു കുതിര്‍ന്ന് അവളും.

''എനിക്ക് വെറുതെ ഇരുന്നപ്പോള്‍ ഒരു ആഗ്രഹം കടല്‍ കാണണമെന്ന്, പിന്നെ ഒന്നും നോക്കിയില്ല

പുറപ്പെട്ടു''

''ചേച്ചി കൊള്ളാലോ. ഇവിടെ കൊച്ചിയിലെ കടല്‍ കൊള്ളില്ലേ. അതുകൊണ്ടാണോ തിരുവനന്തപുരത്തേക്ക്?''

വീണ്ടും വീണ്ടും അവന്റ മുഖത്ത് അതിശയ കടലുകള്‍ അലയടിച്ചു. ഇത്തവണ തിരക്കും തീരത്തിനും അടുപ്പത്തിന്റെ കരിനീല നിറം. തിരയ്ക്ക് പഴയതിലും കൂടുതല്‍ കരുത്ത്. തിരമാലകള്‍ കൂടുതല്‍ ശക്തിയോടെ വീണ്ടും അവള്‍ക്ക് മുകളില്‍ ഉയരുന്നു. എന്തിനാണ് തിരുവനന്തപുരത്തെ കടല്‍? കൊച്ചിയിലും കടല്‍ ഉണ്ടല്ലോ? ഉണ്ട്. കൊച്ചിയിലും കടലുണ്ട്. എങ്കിലും തന്റെ ഓര്‍മകളുടെ വേരുകള്‍ തിരയുന്നത് അവിടെ ശംഖുമുഖത്തെ നനവാണ്. കയ്യുകള്‍ കൊതിക്കുന്നത് ആ പൂഴിമണ്ണില്‍ പരതാനാണ്. മെയ്യ് ആ ജലത്തില്‍ കഴുകി തുവരാനും.

''ചേച്ചി..''

''എനിക്കിഷ്ടം ശംഖുമുഖം കടലാണ്''

''ഓഹ്. ഓക്കേ''

മറുചോദ്യങ്ങള്‍ക്കു അവസരം നല്‍കാതെ അവള്‍ ജനല്‍ പാളിയിലൂടെ പുറത്തേക്കു നോക്കി. ഏതോ വനത്തിലൂടെയാണ് ട്രെയിന്‍ പോകുന്നത്. കാണാത്ത ദൂരത്തെ ഇരുട്ട് നിഴലിനെ പുണരുന്നു. നിറയെ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. എല്ലാറ്റിനും ഒരു നിറം ഇരുട്ട്. അവളുടെ ചെവികളില്‍ എവിടെ നിന്നോ അമ്മമ്മയുടെ സ്വരം.

''അസമയത്ത് പുറത്തിറങ്ങരുത് കുട്ടി.. ഇരുട്ടത്ത് ഭൂതം പതിയിരിക്കുന്നുണ്ടാവും.''

''അമ്മമ്മേ.. മതി ഇനി പറയണ്ട.. നിര്‍ത്തു. എനിക്ക് പേടിയാവുന്നു''

''മോളു, പേടിക്കണ്ട. ഭൂതത്തിനെ ഭസ്മമാക്കി നമുക്ക് ശംഖുമുഖത്തെ കടലില്‍ കളയാം. അവിടുത്തെ കടലിനു ഒരു ശക്തി ഉണ്ട്. അവിടെ അകപ്പെട്ട ഭൂതങ്ങള്‍ക്ക് പിന്നെ ഒരിക്കലും പുറത്തേക്കു വരാന്‍ പറ്റില്ല''.

ആ അമ്മമ്മയുടെയും അച്ഛന്റെയും വിരലില്‍ തൂങ്ങി പിന്നെ എത്രയോ വട്ടം ശംഖുമുഖത്ത് പോയിരിക്കുന്നു. പുറത്തു കാണിച്ചില്ലെങ്കിലും കടല്‍ ജലത്തില്‍ തളക്കപ്പെട്ട ഭൂതങ്ങളെ ഓര്‍ത്തു പേടിച്ച രാവുകള്‍. അമ്മമ്മയെ ചേര്‍ത്തുപിടിച്ചു ആരും കേള്‍ക്കാതെ ചൊല്ലി തീര്‍ത്ത രാമ നാമങ്ങള്‍!

എറണാകുളം ജംഗ്ഷന്‍ കഴിഞ്ഞപ്പോള്‍ അവര്‍ക്കിരിക്കാന്‍ സ്ഥലം കിട്ടി.

''ചേച്ചി ഇന്‍സ്റ്റയില്‍ ഉണ്ടോ?''

ചോദ്യം ഇപ്പോഴും രണ്ടാമത്തെ ചെറുപ്പക്കാരനില്‍ നിന്ന്.

''ഇല്ല''

അവള്‍ മധുരമായി നുണ പറഞ്ഞു.

ജീന്‍സിന്റെ പോക്കറ്റിനുള്ളിലിരുന്നു സ്വിച്ച് ഓഫ് ചെയ്യപ്പെട്ട ഫോണ്‍ അവളോടു പരിഭവവും.

''നുണയാണെന്ന് മനസ്സിലായി. എന്തായാലും കുഴപ്പമില്ല. നിങ്ങള്‍ പെണ്ണുങ്ങള്‍ അങ്ങനെയാണ്. പരിചിതര്‍ക്ക് മാത്രമേ ഐഡി ഒക്കെ പറഞ്ഞു കൊടുക്കു. സാരമില്ല. ഞാന്‍ ഇനി ഒന്നും ചോദിക്കുന്നില്ല''

അവന്‍ സീറ്റില്‍ ചാരി ഉറങ്ങാനിരുന്നു. അവള്‍ ആ ബോഗി ആകെ കണ്ണോടിച്ചു. അവിടെ സ്ത്രീ ആയി താന്‍ മാത്രം. വേഷം പുരുഷന്റെയാണെങ്കിലും നീണ്ടു പറന്നു കിടക്കുന്ന തലമുടി അവളെ അവരില്‍ നിന്നും വ്യത്യസ്തയാക്കുന്നു. ട്രെയിന്‍ ഏതോ സ്റ്റേഷനില്‍ എത്തി.

''ചായ്.. കോഫി... ചായ്...കോഫി..''

കച്ചവടക്കാരുടെ ബഹളമാണ്.

''ചേച്ചി ചായ കുടിക്കുന്നോ''

രണ്ടാമത്തെ ചെറുപ്പക്കാരന്‍ ചോദിച്ചു.

''ഇല്ല. വേണ്ട.''

അവന്‍ രണ്ടു ചായ വാങ്ങിച്ചു. ഒന്ന് തന്റെ സുഹൃത്തിനു നല്‍കി. രണ്ടാമത്തെ ചെറുപ്പക്കാരനും അവളും അടത്തടുത്താണ് ഇരിക്കുന്നത്. നിസാമുദീന്‍ അവര്‍ക്കെതിരെയുള്ള സീറ്റിലും. ചായയുടെ ആവി അവളുടെ മുഖത്തെ പൊള്ളിച്ചു കടന്നു പോയി. അവള്‍ എതിരെ ഇരിക്കുന്ന നിസാമിനെ ശ്രദ്ധിച്ചു. ട്രെയിനില്‍ കയറിയ സമയം മുതല്‍ അവന്‍ ഫോണിലാണ്. ഇടക്കൊക്കെ ചിരിക്കുന്നു. ചിലപ്പോള്‍ ഗൗരവം. കാര്യമായ ചാറ്റിംഗിനിടയില്‍ ചായയില്‍ ഒന്ന് നോക്കുന്നത് പോലുമില്ല. അവന്റെ മുഖത്തെ ആ പുഞ്ചിരി അവളുടെ ഉള്ളിലേക്കാഴ്ന്നിറങ്ങി. അതേ പൊക്കം, വലിപ്പമുള്ള കണ്ണുകള്‍. വെളുത്ത നിറം, തല നിറയെ മുടി. തന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും പ്രണയം. ട്രെയിന്‍ മുന്നോട്ട് കുതിക്കുകയാണ്. അവള്‍ പിന്നിലേക്കും. പത്താം ക്ലാസും പാഠപുസ്തകവും, കള്ള നോട്ടങ്ങളും കണ്മുന്നില്‍. അവള്‍ ഒരു ഇറേസര്‍ എടുത്ത് അതെല്ലാം മായ്ച്ചു കളഞ്ഞു. കാറ്റത്തു പാറിപറന്ന് അവനും അവനെക്കുറിച്ചെഴുതി തീര്‍ത്ത പേപ്പറുകളും.


താനെന്തിനാണവനെ ഓര്‍ക്കുന്നത്? അവനെ അവിടെ വെണ്മണി പള്ളിയില്‍ പൂമരത്തിനു കീഴെ ആറടി മണ്ണില്‍ ഒരു നുള്ളു മണ്ണിട്ടു മൂടി കളഞ്ഞതല്ലേ. അവള്‍ കണ്ണുകള്‍ മുറുക്കിയടച്ചു. ഓര്‍മകളെ തിരികെ വിളിച്ചു. പള്ളിയില്‍ അവന്റെ കുഴിമാടത്തില്‍ കെട്ടിപ്പിടിച്ചു തേങ്ങുന്ന ഓര്‍മകള്‍ വരാനൊന്ന് വിതുമ്പി. ഓടുവില്‍ അവളുടെ ശക്തമായ നിര്‍ബന്ധത്തില്‍ തിരിഞ്ഞുനോക്കി നോക്കി അവളിലേക്ക് കയറി. ഹൃദയത്തില്‍ സൂചിദ്വാരത്തിന്റെ വലുപ്പത്തിലുള്ള കോണില്‍ ആരും കാണാതെ ഒളിച്ചു. കുറച്ചു സമയം നിസാമിനെ ശ്രദ്ധിച്ചത് കൊണ്ടാവാം അവനവളെ നോക്കി പുഞ്ചിരിച്ചു. അവന്റെ ചാറ്റിങ് കഴിഞ്ഞിരിക്കുന്നു. ഏറെ കുറെ എല്ലാവരും മയക്കത്തിലാണ്. ട്രെയിനില്‍ കയറിയ നേരം മുതല്‍ അവളെ തന്നെ ഒളിക്കണ്ണിടുന്ന ചെറുപ്പകാരനെ അവള്‍നോക്കി. അയാള്‍ ചിരിച്ചു. അവള്‍ പിന്നെയും പിന്നെയും നോക്കി. ഒടുവിലയാള്‍ ചിരിക്കാതെയായി. ട്രെയിന്‍ കൊല്ലത്ത് എത്തി. നിസാം പുറത്തേക്കിറങ്ങി. അന്‍സാജ് ഉറക്കത്തില്‍ നിന്നുണര്‍ന്നു.

''ചേച്ചി ഉറങ്ങിയില്ലേ?''

''ഇല്ല. കൊല്ലമെത്തി. ഇനി ഒത്തിരിയില്ല''

പുറത്തേക്കു പോയ നിസാം മൂന്ന് സ്‌നിക്കേഴ്‌സുമായി തിരിച്ചു വന്നു. വേണോ എന്ന് ചോദിക്കാതെ അവള്‍ക്കു നല്‍കി. എന്തോ ആ പെരുമാറ്റം അവള്‍ക്കിഷ്ട്ടമായി. അവന്‍ വീണ്ടും ഫോണില്‍ കണ്ണും നട്ടിരുന്നു. അവള്‍ക്കു വിന്‍ഡോ സീറ്റ് കിട്ടി. നേരം പുലര്‍ന്നു തുടങ്ങുന്നതേയുള്ളൂ. ഇളം കാറ്റ് അവളെ തൊടാതെ എവിടേക്കോകടന്നു പോയി. അവളുടെ കയ്യിലിരുന്നു സ്‌നിക്കേഴ്‌സ് അലിഞ്ഞു.

വൈകാതെ ട്രെയിന്‍ തിരുവനന്തപുരത്തെത്തി. ഇപ്പോഴും നേരം പുലര്‍ന്നിട്ടില്ല. അവള്‍ ട്രെയിനില്‍ നിന്നും പുറത്തു കടന്നു. ഓട്ടോറിക്ഷക്കാര്‍ ഉറുമ്പിന്‍ നിര പോലെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. നിസാം അവിടേക്കു ഓടി എത്തി.

''ചേച്ചി ഞാന്‍ ഒരു ചോദ്യം ചോദിച്ചാല്‍ തെറ്റിദ്ധരിക്കുമോ?''

''നീ ചോദിക്ക്''

''കടല്‍ കാണാന്‍ പോകുമ്പോള്‍ ഞാനും കൂടെ വന്നോട്ടെ?''

അവള്‍ അതിശയത്തോടെ അവനെ നോക്കി.

''ചേച്ചി, എന്താ ഒന്നും പറയാത്തത്?''

''ഏയ് വേണ്ട മോനെ. ഞാന്‍ തനിച്ചാണ് നല്ലത്. അതാണെനിക്കിഷ്ടവും.''

''ഒരു കാര്യം കൂടി, ചേച്ചിയുടെ ഭര്‍ത്താവ്?''

അവള്‍ ഒരു നിമിഷം നിശബ്ദയായി. പിന്നെ ഒന്നും പറയാതെ മുന്നോട്ട് നടന്നു കടല്‍ക്കരയില്‍ എത്തി. പ്രഭാതത്തിലെ കടല്‍ അവള്‍ക്കപരിചിതയായിരുന്നു. തിരക്കൊഴിഞ്ഞ തീരം. അവളുടെ ചെവികള്‍ അസ്വസ്ഥമാകുന്ന പോലെ വീണ്ടും വീണ്ടും നിസാമിന്റെ ചോദ്യം.

'ചേച്ചിയുടെ ഭര്‍ത്താവ്'

നല്ല പ്രഹരശേഷിയുള്ള ആയുധം കൊണ്ടു കുത്തി നോവിക്കുന്ന വേദന അവളില്‍ നിറഞ്ഞു. വേദന മുറുകെപ്പിടിച്ചു തന്റെ ബാഗ് തുറന്നു ഒരു കലം പുറത്തെടുത്തു. അത് കടലിലേക്ക് വലിച്ചെറിഞ്ഞു. അപ്പോഴവളില്‍ ചിരി മഴ പെയ്തു. ആ മഴ കൊണ്ടിട്ടവള്‍ പൊട്ടിചിരിച്ചു. വെള്ളത്തിലേക്കു മറിഞ്ഞും കടലില്‍ കിടന്നുരുണ്ടും ചിരിച്ചു. ശേഷം നെടുവീര്‍പ്പോടെ തീരത്ത് ഇരുന്നു. ഇരുന്നപ്പോഴാണ് തന്നെതന്നെ നോക്കി നില്‍ക്കുന്ന കുറച്ചു പൊലീസുകാരെ അവള്‍ കണ്ടത്. അയാള്‍ ഫോണ്‍ എടുത്ത് പറഞ്ഞു.

''ബ്രെക്കിങ് ന്യൂസ്‌കൊടുത്തോ. ഏഴ് വയസുകാരി പെണ്‍കുട്ടിയുടെ മുന്നില്‍ വച്ച് പിതാവിനെ കുത്തിക്കൊന്നു. മണ്ണണ്ണ ഒഴിച്ച് കത്തിച്ച യുവതിയെ പിടികൂടി. അവളെയും വഹിച്ച് ആ വാഹനം മുന്നിലേക്ക്. അവരെ യാത്രയാക്കാനെത്തിയ തിര തീരത്ത് അവള്‍ പറയാതെ പോയ കഥ എഴുതി.

അവളുടെ രൂപസാദൃശ്യമുള്ള സുന്ദരിയായ മകള്‍.

''അമ്മേ അച്ഛന്‍ രാത്രിയില്‍ ഒരു ഭൂതത്തെ പോലെവന്നെന്നെ പേടിപ്പിക്കുന്നു. എനിക്ക് അച്ഛനെ പേടിയാ''

ഒടുവില്‍ അവളുടെ കണ്‍ മുന്നിലും. നിമിഷ നേരത്തില്‍ അവളുടെ കഠാരക്കിരയായ അയാള്‍. പിന്നെ മകളോട് ഒരു വാക്കും.

''മോളെ ഈ ഭൂതത്തെ അമ്മ കുടത്തിലാക്കി കടലില്‍ എറിയാം. പിന്നെ ഒരിക്കലും ഭൂതത്തിനു രക്ഷപ്പെടാന്‍ കഴിയില്ല.''

ഇനിയും ഇരുളില്‍ എത്ര ഭൂതങ്ങള്‍. മുന്നോട്ടു കുതിച്ച വാഹനത്തില്‍ നിന്നും പുകയുന്ന അവളുടെ ചിന്തകള്‍ കടലിലേക്കൊഴുകി. തിര അവയെ കടലിലേക്കും കരയിലേക്കും ഒഴുക്കി രസിച്ചു.

TAGS :