ലാപതാ ലേഡീസ് കണ്ണ് മൂടിക്കെട്ടിയ ഗാന്ധാരികള്‍ക്ക് സമര്‍പ്പിക്കാം
ഒരു തീവണ്ടിയാത്രയില്‍ ഓടിത്തുടങ്ങിയ ചിത്രം മറ്റൊരു തീവണ്ടി യാത്രയില്‍ ശുഭമായി അവസാനിക്കുന്നു. കൃത്യം അവിടെ തന്നെ ജയയുടെ പുതിയ ജീവിതയാത്ര തുടങ്ങുകയാണ്. | സിനിമ
ചില മുന്‍വിധികളോടെയാണ് ഞാന്‍ ഈ ചത്രത്തെ സമീപിച്ചത്. ലാപതാ എന്ന വാക്കിനോട് അന്വേഷണം എന്ന വാക്ക് ചേര്‍ത്ത്, സംഭവിക്കാവുന്ന സാധ്യതകളെ മനസ് തീര്‍ച്ചപ്പെടുത്തുകയായിരുന്നു. കാണാതായ പെണ്‍കുട്ടികളെക്കുറിച്ചൊരുക്കിയ അന്വേഷണാത്മക ചിത്രമായതിനാല്‍ ഇതില്‍ ഉണ്ടാകാനിടയുള്ള ദുരൂഹത, ഉദ്വേഗജനകമായ രംഗങ്ങള്‍, അന്വേഷണ രംഗങ്ങളിലെ സന്ദേഹ സാധ്യതകള്‍, ഒരു സംഭ്രമജനക ചിത്രമാകാനുള്ള സാധ്യത ഇതെല്ലാം പ്രതീക്ഷാപാത്രത്തിലുണ്ടായിരുന്നു. ശ്വാസം അടക്കിപ്പിടിച്ചിരുന്ന് കാണേണ്ട രംഗങ്ങള്‍, കുറ്റകൃത്യസാധ്യതകള്‍, അടിമുടി അന്വേഷണ ഗാംഭീരത ഇതൊക്കെയാകണം ചിത്രത്തിന്റെ ഉള്ളടക്കം എന്നൊരു മനക്കണക്കും ഉള്ളില്‍ സൂക്ഷിച്ചിരുന്നു.
പക്ഷെ, ചിത്രം തുടങ്ങിയതും അവസാനിച്ചതും വളരെ സാധാരണതയോടെയാണ്. എന്റെ മുന്‍വിധികളെ മുഴുവനായും വടിച്ചുമാറ്റി സങ്കീര്‍ണതകളേതുമില്ലാതെ ചിത്രം അവസാനിക്കുമ്പോള്‍ ഒരു പേരിന്റെ പേരില്‍ ഒന്നും കണക്ക് കൂട്ടേണ്ടതില്ല എന്ന് ഇതിനകം എന്നോട് ഞാന്‍ പറഞ്ഞു കഴിഞ്ഞിരുന്നു. പോസ്റ്ററുകളിലും ബാനറുകളിലും ചില പേരുകള്‍ ചേര്‍ന്നിരിക്കുന്നത് കാണുന്നത് പ്രേക്ഷകര്‍ക്ക് പ്രതീക്ഷയാണ്. ലാപതാ പോസ്റ്ററുകളില്‍ കണ്ട കിരണ്‍ റാവു-അമീര്‍ഖാന്‍ ചേര്‍ത്തെഴുത്ത് സന്തോഷവും അതിലേറെ പ്രതീക്ഷയും സമ്മാനിച്ചിരുന്നു.
ഭര്‍തൃസമാഗമത്തിനായി കാത്തിരിക്കുന്ന ഫൂലിന്റെ എതിര്‍ദിശയിലൂടെ സഞ്ചരിക്കുന്ന ജയ ഒരിക്കലും അത് സംഭവിക്കരുതെന്നാണ് ആഗ്രഹിക്കുന്നത്. പഴമകളും, പൈതൃകവും മുറുകെ പിടിക്കുന്ന തികച്ചും നിഷ്‌ക്കളങ്കയായ ഫൂലും, വ്യാജനാമത്തില്‍ ദീപുവിന്റെ ഗൃഹത്തില്‍ ഇടം പിടിക്കുന്ന ജയയും രണ്ട് നേര്‍ രേഖയിലെ യാത്രക്കാരാണ്. ഒരിക്കലും കൂട്ടിമുട്ടാന്‍ സാധ്യതയില്ലാത്ത ചിന്തകളും, സ്വഭാവരീതികളും അവരെ വ്യത്യസ്തരാക്കുന്നു.
വിവാഹം കഴിഞ്ഞ ഉടനെ നടത്തുന്ന യാത്രയ്ക്കിടയില്‍, രണ്ട് നവ ദമ്പതികളുടെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം. തികഞ്ഞ ഉള്‍ഗ്രാമം എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന രണ്ട് ഗ്രാമങ്ങളിലെ പെണ്‍കുട്ടികള്‍ വിവാഹശേഷം ഭര്‍തൃഗൃഹത്തിലേയ്ക്ക് യാത്രചെയ്യുകയാണ്. പുതു ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ട്രാക്ക് മാറി ഓടി യാത്ര ചെയ്യുന്ന പുതുമോടികളാണ് ഇതിലെ യാത്രക്കാര്‍. പാളം തെറ്റി, പാത മാറിപ്പോയ ജയ എന്ന പുഷ്പ റാണിയും, ഫൂല്‍കുമാരിയുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. രണ്ട് പെണ്‍കുട്ടികളുടെയും ഗ്രാമപശ്ചാത്തലം ഏകദേശം ഒരുപോലെ തന്നെ എങ്കിലും രണ്ട് യുവതികളും രണ്ടു വശത്തേക്കായി യാത്ര ചെയ്യുന്നവരായാണ് സംവിധായിക രേഖപ്പെടുത്തിയിരിക്കുന്നത്. തന്റെ ജീവിതത്തെ കുറിച്ച് ഉറച്ച നിലപാടുകളും, കാഴ്ചപ്പാടുകളും ഉള്ള ജയയും, വിദ്യാഭ്യാസമോ ലോകവിവരമോ ഇല്ലാത്ത ഫൂലും രണ്ട് ദിശകളിലേക്കായി യാത്ര ചെയ്യുമ്പോള്‍ ഇതിന് നിമിത്തമായ ദീപുവിന്റെ ജീവിതത്തിലും, കുടുംബത്തിലും ഉണ്ടാകുന്ന ഉലച്ചിലുകളാണ് ചിത്രത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്.
ജയയെ വിവാഹം കഴിച്ചിരിക്കുന്നത് പ്രദീപ് എന്ന യുവാവാണ്. ദീപു, ഫൂല്‍ കുമാരിയുടെ ഭര്‍ത്താവാണ്. കേന്ദ്രകഥാപാത്രങ്ങളോടൊപ്പം തന്നെ, അതേ പ്രാധാന്യത്തോടെ ഈ കഥാപാത്രവും അവരോടൊപ്പം യാത്ര ചെയ്യുകയാണ്. വിവാഹശേഷം വധൂവരന്മാരെ ഭര്‍തൃവീട്ടിലേക്ക് യാത്ര അയക്കുന്ന ഒരു രംഗത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. വരിവരിയായി നടന്നു നീങ്ങുന്ന ബന്ധുജനങ്ങള്‍ക്കിടയില്‍ ഫൂല്‍കുമാരിയും ഉണ്ട്.
മുന്നോട്ട് നോക്കി സഞ്ചരിക്കുകയായിരുന്ന ഫൂലിന്റെ കാല് ഒരു കല്ലില്‍ തട്ടുകയാണ്. വേദനയോടെ മുന്നോട്ട് നടക്കുന്ന നവവധുവായ ഫൂലിനോട്, 'ശിരോവസ്ത്രം (ഗൂംഗട്ട്) ധരിച്ചു കഴിഞ്ഞാല്‍ പിന്നെ, സ്ത്രീ നേരെ നോക്കി മുഖം ഉയര്‍ത്തിയല്ല യാത്ര ചെയ്യേണ്ടത് താഴെ നോക്കിയാണ്' എന്ന് ഒരു ബന്ധു പ്രതികരിക്കുന്നത് കേള്‍ക്കാം. ഈ ചിത്രം സഞ്ചരിക്കുന്നത് മുഖമില്ലാത്ത സ്ത്രീ മനസുകളിലേക്കാണെന്ന് ബോധ്യപ്പെടുന്നതിങ്ങനെയാണ്. വിവാഹത്തോടെ സ്ത്രീയുടെ ജീവിതത്തില്‍ നിവര്‍ന്നു നില്‍ക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടാന്‍ പോവുകയാണെന്നും സ്വന്തം മുഖം പോലും, അന്യപ്പെടാന്‍ പോകുന്നതിന് തയ്യാറായിക്കോളൂ എന്നും സൂചിപ്പിക്കുന്നത് ഇതിലും നന്നായി എങ്ങനെ വിവരിക്കാനാണ്?
ഒരു ട്രെയിന്‍ യാത്രയിലൂടെ കഥ സഞ്ചരിച്ചു തുടങ്ങുമ്പോള്‍ ഒരേ നിറത്തില്‍ വസ്ത്രം ധരിച്ച പെണ്‍കുട്ടികള്‍ ഏകദേശം ഒന്ന് തന്നെ എന്ന് തോന്നിക്കുന്ന ശിരോവസ്ത്രം ധരിച്ച നിലയില്‍ ഒരേ കൂപ്പയില്‍ ഭര്‍ത്താക്കന്മാരോടൊന്നിച്ച് യാത്ര ചെയ്യുകയാണ്. ഫൂലും ദീപുവും ഓടിക്കറിയ കൂപ്പയിലെ നവവധുക്കളുടെ വസ്ത്രങ്ങളുടെ നിറവും, ഫൂലിന്റെ വസ്ത്രങ്ങളുടെ നിറവും ഒന്ന് തന്നെ. യാത്രാമധ്യേ ഒന്ന് രണ്ട് തവണ ഭക്ഷണ സമയത്ത് ശിരോവസ്ത്രം മാറ്റിയതിനാല്‍ ഫൂലിന്റെ മുഖം ദീപക്കിന് അറിയാം. ഒരുമിച്ചുണ്ടായിരുന്ന സമയങ്ങളിലെല്ലാം തന്നെ ദീപു ഫൂലിനോട് സ്‌നേഹവും പ്രണയവും കരുതലും പ്രകടമാക്കുന്നുണ്ട്. പക്ഷെ, സഹയാത്രികയും മറ്റൊരു പ്രധാന കഥാപാത്രവുമായ ജയയുടെ ഭര്‍ത്താവിന്റെ അധികാരഭാവം, തുടക്കത്തില്‍ തന്നെ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. ഈ അസ്വസ്ഥതകള്‍ സംഭാഷണങ്ങളിലൂടെ അടയാളപ്പെടുത്തുന്നുമുണ്ട്.
യാത്രയ്ക്കിടെ, നവവധുവിന് എത്ര സ്ത്രീധനം ലഭിച്ചു? എന്തൊക്കെയായിട്ടാണ് കിട്ടിയത്? സ്വര്‍ണമെത്ര? പണമെത്ര? തുടങ്ങിയ അളവ് തൂക്ക അന്വേഷണങ്ങള്‍ ജയയുടെ ഭര്‍തൃവീട്ടുകാരില്‍ നിന്നുണ്ടാകുന്നുണ്ടെങ്കിലും ദീപു അതിനോട് നിസംഗതയോടെയാണ് പ്രതികരിക്കുന്നത്. സ്ത്രീധനമായി മകന് ലഭിച്ച മൊബൈലിനെ കുറിച്ച് ഗര്‍േവാടെ വിവരിക്കുന്ന സ്വന്തം അമ്മയോട്, പുച്ഛത്തോടെ പ്രതികരിക്കുന്ന ജയയുടെ ഭര്‍ത്താവിന്റെ മറുപടിയില്‍ നിന്ന് അയാളുടെ ധാര്‍ഷ്ട്യ സ്വഭാവം മനസിലാക്കാം.
രാത്രി സമയം ആയതിനാലും, ധൃതിയിലിറങ്ങിയതിനാലും, വെളിച്ചക്കുറവുകൊണ്ടും, ഫൂല്‍ ആണെന്ന് കരുതി ജയയുമായാണ് ദീപു ട്രെയിനില്‍ നിന്നും പുറത്തിറങ്ങുന്നത്. ഫൂലിന് പകരം ജയയാണ് തന്റെ കൂടെ എന്ന് മനസ്സിലാക്കിയ ദീപു, എന്തുകൊണ്ട് നിനക്ക് നിന്റെ ഭര്‍ത്താവിനെ മനസ്സിലായില്ല എന്ന് കുറ്റപ്പെടുത്തുന്നുണ്ട്. സത്യത്തിലത് ജയക്ക് മനസ്സിലാകാഞ്ഞിട്ട് തന്നെയായിരുന്നോ എന്നത് ചിത്രം അവസാനിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് തോന്നിക്കാണണം.
അവനവനെ രക്ഷിക്കാന്‍ അവനവന്‍ തന്നെ ഇടപെടുക എന്ന് പറയാന്‍ ശ്രമിക്കുന്ന സംവിധായിക, മഞ്ചു മായി എന്ന കഥാപാത്രത്തിലൂടെ ആണ് ഈ ഉദ്യമത്തില്‍ വിജയിക്കുന്നത്. ഫൂലിലേക്കും, ഒറ്റപ്പെട്ടുപോയ മറ്റു സ്ത്രീകളിലേക്കും ഈ സന്ദേശമെത്തിക്കാന്‍ വേണ്ടി മാത്രമാണോ ഈ സംഭാഷണങ്ങള്‍ എന്ന തോന്നല്‍ പ്രേക്ഷകര്‍ക്ക് സ്വാഭാവികമായും ഉണ്ടായേക്കാം.
എല്ലാ സിനിമകളിലും ഒരാള്‍ അശരണരുടെ രക്ഷകനായി അവതരിക്കാറുള്ളത് പോലെ ഇവിടെയും സംഭവിക്കുന്നു. സാധാരണ നിലയില്‍ വഴികാട്ടിയുടെ രൂപത്തിലോ, സഹായിയുടെ രൂപത്തിലോ ഇതൊന്നുമല്ലെങ്കില്‍ വില്ലനില്‍ നിന്നും നായികയെ കാത്ത് പരിപാലിക്കുക എന്ന ദൗത്യം നിര്‍വഹിക്കാനോ നിയോഗിക്കപ്പെട്ടവരാണിവര്‍. ഈ ചിത്രത്തിലും കൃത്യസമയത്ത് വഴിതെറ്റിപ്പോയ ഫൂലിന്റെ ജീവിതത്തില്‍ അവര്‍ ഇടപെടുന്നുണ്ട്. സ്റ്റേഷനില്‍ കണ്ടുമുട്ടുന്ന മഞ്ചു മായിയും കൂട്ടരുമാണ് ഫൂലിന് വേണ്ടി നിയോഗിക്കപ്പെട്ട രക്ഷകര്‍.
അവള്‍ക്ക് സംരക്ഷണം നല്‍കുകയും തുണയാകുകയും ചെയ്യുന്ന മഞ്ചു മായി പിന്നീട് അവളുടെ സംരക്ഷകയാകുന്നു. മഞ്ചു ധീരയായ സ്ത്രീയാണ്. തന്റെ തിക്താനുഭവങ്ങളിലൂടെ പാകപ്പെട്ട് സ്വന്തം വ്യക്തിത്വത്തില്‍ മാത്രം വിധേയപ്പെട്ട് ജീവിക്കുന്നവരാണ്. ഭര്‍ത്താവ് വേദനിപ്പിക്കുന്നത് സ്‌നേഹം കൊണ്ടാണെങ്കില്‍ തിരിച്ചു ഭാര്യക്കും ആ രീതിയില്‍ സ്‌നേഹം പ്രകടിപ്പിക്കാമല്ലോ എന്നതാണ് മഞ്ചു മായിയുടെ ശരി. ആ ശരിയുടെ പേരിലാണ് അവര്‍ വീടു വിട്ടിറങ്ങുന്നതും.
റെയില്‍വേ സ്റ്റേഷനോടു ചേര്‍ന്നുള്ള അവരുടെ ചെറിയ ചായക്കടയില്‍ അവരുടെ നിലപാടുകളും ഇടപെടലുകളും ഇടയ്‌ക്കെല്ലാം ഉയര്‍ന്നു കേള്‍ക്കാം. സ്വതവേ വളരെ കൂര്‍മതയോടെ എങ്കിലും ശാന്തതയോടെ താഴ്ന്ന സ്വരത്തില്‍ സംസാരിക്കുന്ന ഇവര്‍ പുരുഷനെ ഭയപ്പെടുത്തേണ്ട സാഹചര്യങ്ങളില്‍ സ്വരം ഉയര്‍ത്തുന്നതും ശാന്തതയുടെ ആവരണം അഴിച്ചുമാറ്റുന്നതും കാണാം. അവനവനെ രക്ഷിക്കാന്‍ അവനവന്‍ തന്നെ ഇടപെടുക എന്ന് പറയാന്‍ ശ്രമിക്കുന്ന സംവിധായിക, മഞ്ചു മായി എന്ന കഥാപാത്രത്തിലൂടെ ആണ് ഈ ഉദ്യമത്തില്‍ വിജയിക്കുന്നത്. ഫൂലിലേക്കും, ഒറ്റപ്പെട്ടുപോയ മറ്റു സ്ത്രീകളിലേക്കും ഈ സന്ദേശമെത്തിക്കാന്‍ വേണ്ടി മാത്രമാണോ ഈ സംഭാഷണങ്ങള്‍ എന്ന തോന്നല്‍ പ്രേക്ഷകര്‍ക്ക് സ്വാഭാവികമായും ഉണ്ടായേക്കാം.
പരാതി നല്‍കുന്നതിനായി സ്റ്റേഷനിലേക്കെത്തുന്ന ഫൂല്‍ ഭര്‍ത്താവിന്റെ പേര് ചോദിക്കുന്ന മാത്രയില്‍, കയ്യിലണിഞ്ഞ മൈലാഞ്ചിയില്‍ എഴുതിയ പേരു കാണിക്കുന്നതും വരന്റെ ഗ്രാമത്തിന്റെ പേര് ചോദിക്കുന്ന മാത്രയില്‍ ഒരു പൂവിന്റെ പേരിലുള്ള ഗ്രാമമാണെന്ന് പറയുന്നതും വിദ്യാസമ്പന്നരായ പ്രേക്ഷകര്‍ക്ക് അത്ഭുതം തന്നെയാണ്. അതുപോലെ ആശ്ചര്യപ്പെടുത്തുന്ന ഒന്നാണ് ഭര്‍ത്താവിനേക്കുറിച്ചുള്ള ഫൂലിന്റെ വിശ്വാസം.
വളരെ കുറച്ചു മാത്രം ഇടപഴകിയ, കുറച്ച് സമയം മാത്രം ഒരുമിച്ചിരുന്ന ഒരുവനെക്കുറിച്ച് അവളുടെ മനസ്സിലുള്ള വിശ്വാസം ആഴമേറിയതാണ്. മാത്രമല്ല, ഒരു നുള്ള് സംശയത്തിന് തിരി നാളമാകാന്‍ പോലും അവളുടെ മനസ്സോ ചുണ്ടുകളോ വഴങ്ങുന്നില്ല. തന്റെ അനുഭവത്തിലെ ഏടുകള്‍ സാക്ഷിയാക്കി, മഞ്ചു മായി അവളോട് തിരിച്ചു സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുവാന്‍ ആവശ്യപ്പെടുമ്പോഴെല്ലാം അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ കുറിച്ചുള്ള പ്രതീക്ഷയും ആത്മവിശ്വാസവുമാണ് അവള്‍ പങ്കുവയ്ക്കുന്നത്.
ഭര്‍തൃസമാഗമത്തിനായി കാത്തിരിക്കുന്ന ഫൂലിന്റെ എതിര്‍ദിശയിലൂടെ സഞ്ചരിക്കുന്ന ജയയാകട്ടെ ഒരിക്കലും അത് സംഭവിക്കരുതെന്നാണ് ആഗ്രഹിക്കുന്നത്. പഴമകളും, പൈതൃകവും മുറുകെ പിടിക്കുന്ന തികച്ചും നിഷ്‌ക്കളങ്കയായ ഫൂലും, വ്യാജനാമത്തില്‍ ദീപുവിന്റെ ഗൃഹത്തില്‍ ഇടം പിടിക്കുന്ന ജയയും രണ്ട് നേര്‍ രേഖയിലെ യാത്രക്കാരാണ്. ഒരിക്കലും കൂട്ടിമുട്ടാന്‍ സാധ്യതയില്ലാത്ത ചിന്തകളും, സ്വഭാവരീതികളും അവരെ വ്യത്യസ്തരാക്കുന്നു.
ഗ്രാമാന്തരീക്ഷത്തില്‍ വളരുന്ന ജയ, വിവാഹത്തിന് മുന്‍പ് തന്നെ വിദ്യാഭ്യാസം നേടുന്നതിനായി പരമാവധി പോരാടുന്നുണ്ടെങ്കിലും അമ്മയുടെ നിസ്സഹായതയില്‍ അവളുടെ സ്വപ്നങ്ങള്‍ അടിയറവയ്ക്കുകയാണ്. ദീപുവിന്റെ വീട്ടിലെത്തിയ ശേഷം, വിദ്യാഭ്യാസം നേടുക എന്ന ലക്ഷ്യത്തിനായി, സ്ത്രീധനമായി ലഭിച്ച സ്വര്‍ണം വിറ്റ് തന്റെ സ്വപ്നത്തിലേക്കുള്ള വഴി ഒരുക്കുന്ന ജയയെന്ന പുഷ്പയ്ക്ക് ശ്യാം എന്ന പൊലീസുകാരന്റെ അന്വേഷണാത്മക ഇടപെടലുകളുടെ ഭാഗമായി തടസ്സം നേരിടുന്നു.
തുടക്കം മുതല്‍ ഒടുക്കം വരെ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രീതിയിലാണ് ശ്യാം എന്ന പൊലീസുകാരന്‍ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അവസാന രംഗത്തിന് തൊട്ടു മുന്‍പാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ മുഖം വെളിപ്പെടുന്നത്. കൈക്കൂലിക്കാരനും, ദുഷ്ടനുമായ ഒരുവന്‍ എന്ന് തോന്നുമാറാണ് പൊലീസുകാരന്‍ ആദ്യ ദൃശ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പൊലീസ് സ്റ്റേഷനിലെ ആദ്യ രംഗങ്ങളിലൊന്നില്‍ മകന്റെ മോചനത്തിനായി ഒരമ്മ പണം നല്‍കുന്നതും അദ്ദേഹത്തെ പാട്ട് പാടി സന്തോഷിപ്പിക്കുന്നതും കാണുന്നതോടെ അയാളെ കുറിച്ചുള്ള ധാരണ ഏതാണ്ട് ഉറച്ചു പോകുന്നു.
ചിത്രത്തില്‍ തമാശ രംഗങ്ങള്‍ കുറവാണ്. പൊലീസ് സ്റ്റേഷന്‍ പരിസരത്തും ശ്യാം എന്ന പൊലീസുകാരന്റെ കേസന്വേഷണത്തിന്റെ ഭാഗമായും ചില തമാശ രംഗങ്ങള്‍ കാണാനാകും. ചിന്തിപ്പിക്കുന്ന തമാശകളാണണധികവും. പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടാനെത്തുന്ന രംഗത്തില്‍ ദീപുവിനോടും കൂട്ടരോടും പൊലീസുകാരന്‍ പണം ആവശ്യപ്പെടുകയാണ്. പണം തികയില്ലെന്ന് മനസിലാക്കിയപ്പോള്‍ ബാക്കി പണത്തിന് പകരമായി ഇവനും പാടും എന്ന് പറയുന്ന രംഗം ചിരിയും ചിന്തയും നല്‍കുന്നു.
അന്വേഷണത്തിന്റെ ഭാഗമായി വധുവിന്റെ ചിത്രം ആവശ്യപ്പെടുന്ന സന്ദര്‍ഭത്തില്‍ വധുവിന്റെ ഒറ്റയ്ക്കുള്ള ചിത്രത്തിന് പകരം, വധുവും വരനും ഒരുമിച്ചു നില്‍ക്കുന്ന ചിത്രമാണ് വരന്‍ നല്‍കുന്നത്. അതാകട്ടെ വധു മുഖം മറച്ച രീതിയിലുള്ള വിവാഹദിന ചിത്രം. മുഖം മറച്ച രീതിയില്‍ നില്‍ക്കുന്ന വധുവിന്റെ ചിത്രം പൊലീസുകാരന് കൈമാറുന്ന രംഗം തമാശ ചേര്‍ത്ത് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ഒരു സ്ത്രീക്ക് മാത്രം മനസിലാകുന്ന വേദന ആ മറയ്ക്കപ്പെട്ട മുഖത്തിനുള്ളിലുണ്ട്. മുഖമില്ലാത്ത ഈ വധുവിനെയാണ് പൊലീസ് അന്വേഷിക്കേണ്ടത്.
വിദ്യാഭ്യാസം കൊണ്ട് സമ്പന്നരല്ലെങ്കിലും മനസിന്റെ വലുപ്പം കൊണ്ട് ധനികരായ മനുഷ്യരുടെ ഇടയിലേക്കാണ് ജയ ചെന്നെത്തുന്നത്. അബദ്ധത്തില്‍ ആ കുടുംബത്തിലെത്തപ്പെട്ട അവളോട് പരമാവധി മര്യാദയോടെയാണ് ദീപുവും കുടുംബാംഗങ്ങളും ഇടപഴകുന്നത്. ഗ്രാമാന്തരീക്ഷത്തിന്റെ വ്യത്യസ്തമായ മുഖങ്ങളാണ് ഈ ചിത്രത്തില്‍ കാണാനാകുക. സ്ത്രീകള്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്ന കുടുംബാന്തരീക്ഷത്തിലേക്ക് എത്തിപ്പെടുന്നതിനാലാണ് ജയക്ക് സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങാനും വിദ്യാഭ്യാസത്തിനായി മുന്നോട്ടു വേണ്ട പടവുകള്‍ ഒരുക്കാനുമാകുന്നത്.
അവളെ വഴിയിലുപേക്ഷിക്കാനോ ആ വീട്ടില്‍ നിന്ന് പുറത്താക്കാനോ അവര്‍ ശ്രമിക്കുന്നില്ല. മറിച്ച് കൃത്യമായ സ്ഥലത്ത് ഏല്‍പിച്ച് ഉത്തരവാദിത്വം നിര്‍വഹിക്കാനാണ് ആ കുടുംബം ശ്രമിക്കുന്നത്. ദീപു നോട്ടം കൊണ്ടു പോലും ജയയെ മുറിവേല്‍പ്പിക്കുന്നില്ല. മാത്രമല്ല, സ്വന്തം വീട്ടിലേക്കാള്‍ സന്തോഷവും സ്വാതന്ത്ര്യവും അവള്‍ ആ വീട്ടില്‍ അനുഭവിക്കുന്നു എന്ന് അവളുടെ ഭാവചലനങ്ങളിലൂടെ വ്യക്തമാകുന്നുണ്ട്. കൃഷിയോടുള്ള അവളുടെ താല്‍പര്യവും കീടങ്ങളെ പായിക്കുന്നതിനായി അവള്‍ സ്വീകരിക്കുന്ന വഴികളും ആ വീട്ടില്‍ സ്വാഗതം ചെയ്യപ്പെടുന്നുണ്ട്. അവളുടെ അഭിപ്രായങ്ങള്‍ അവളുടെ സ്വന്തം വീട്ടില്‍ സ്വീകരിക്കപ്പെടാതിരുന്ന സന്ദര്‍ഭങ്ങള്‍ ആദ്യ രംഗങ്ങളില്‍ പ്രേക്ഷകര്‍ കണ്ടതുമാണല്ലോ.
ആ വീട്ടില്‍ എല്ലാവരോടും അവള്‍ അടുപ്പം സൂക്ഷിക്കുന്നുണ്ട്. കുടുംബാംഗങ്ങള്‍ പരസ്പരവും വൈകാരികമായ ഇഴയടുപ്പമുണ്ട് എന്ന് മനസ്സിലാക്കാനാകുന്ന സന്ദര്‍ഭങ്ങള്‍ അനേകമുണ്ട്. ഒരു റേഡിയോ സദാ പ്രവര്‍ത്തനക്ഷമമായി പുറം ലോകത്തേക്ക് മനസിനെ തുറന്ന് വയ്ക്കുന്ന ഒരു ജാലകം പോലെ ആ വീട്ടിലെ മുത്തച്ഛന്റെ കൈവശം ഉണ്ട്. പുറംലോകത്തെ പുരോഗമനപരമായ മാറ്റങ്ങള്‍ ചിലതെല്ലാം അവരിലേക്ക് എത്തിപ്പെടുന്നതും ഇങ്ങനെയൊക്കെയാകാം. ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ചിന്തകളിലും പ്രവൃത്തിയിലും ആ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് ജീവിക്കുന്ന മനുഷ്യരായതിനാലാണ് ജയയുടെ പഠനം അവര്‍ക്കും ആനന്ദം നല്‍കിയത്.
'സ്വപ്നം കാണണുന്നതിന് ക്ഷമ ചോദിക്കേണ്ടതില്ല' എന്ന ദീപുവിന്റെ ഒരേയൊരു സംഭാഷണക്കഷണം ദീപുവിനെ എന്തുകൊണ്ട് ഫൂല്‍ ഇത്ര പ്രതീക്ഷയോടെ കാത്തിരുന്നു എന്നതിന് ഒരുത്തരമാണ്. ചിരിയുണ്ട്, ചിന്തയുണ്ട്, നിലപാടുകളിലെ വ്യക്തതയുണ്ട്. പ്രതീക്ഷയുണ്ട്. സര്‍വോപരി സ്ത്രീ ശരീരത്തിന്റെ അഭിമാനത്തിന് മങ്ങലേല്‍പിക്കുന്ന ഒരു തൊട്ടാവാടി തുമ്പുപോലുമില്ല.
അവളെ യാത്ര അയക്കുന്ന വേളയില്‍ അവളുടെ വീടായിക്കരുതി തിരിച്ചു കയറാനുള്ള വാതിലും ആ കുടുംബം അവള്‍ക്ക് മുന്നില്‍ തുറന്നിടുന്നുണ്ട്. സാങ്കേതികതയും, സൗകര്യങ്ങളും തീരെ ഇല്ലാത്ത ആ ഗ്രാമത്തില്‍ ജയയുടെ കാര്യക്ഷമത കൊണ്ടും, ബുദ്ധിപരമായ ഇടപെടല്‍ കൊണ്ടുമാണ് ഫൂലിനെ കണ്ടെത്താനായതും ദീപുവിനരികിലേക്ക് തിരിച്ചെത്തിക്കാനായതും. കലാപരമായ കഴിവുകളുള്ള ചേട്ടത്തിയുടെ ചിത്രരചനപാടവം നാലുചുവരുകള്‍ക്കള്ളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഒന്നായിരുന്നു. ആ കഴിവിനെ വേണ്ട സമയം, വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ ജയ കാണിച്ച വിവേകത്തിന്റെ ഫലമാണ് ദീപു-ഫൂല്‍ സമാഗമം.
ജയയുടെ ചലനങ്ങള്‍ക്ക് പുറകെ ക്യാമറക്കണ്ണുകളുമായി സദാ സഞ്ചരിക്കുന്ന പൊലീസുകാരന് പലകുറി നിരാശനായി മടങ്ങേണ്ടി വരുന്നുണ്ട്. ഒരുപാട് കാലം മറച്ചു വയ്ക്കാനാകാത്ത ഒന്നാണ് കളവ് എന്നതിനാല്‍ ഇടയ്ക്ക് ജയയുടെ പദ്ധതികള്‍ പാളുകയും അവള്‍ പിടിക്കപ്പെടുകയും ചെയ്യുന്നു. തുടക്കം മുതല്‍ വളരെ പതുക്കെ സഞ്ചരിക്കുന്ന ചിത്രം അവസാന രംഗങ്ങളിലെത്തിയപ്പോള്‍ നല്ല വേഗതയില്‍ പായുന്നല്ലോ എന്ന് തോന്നും. കൂടുതല്‍ ചുറ്റിക്കെട്ടുകളോ വളവുകളോ ഇല്ലാതെ നേരെ സഞ്ചരിച്ച് അവസാന രംഗത്തേയ്ക്ക് ഓടിയെത്തിയ കഥവണ്ടി, ഒരു തീവണ്ടിയാത്രയില്‍ ഓടിത്തുടങ്ങിയ ചിത്രം മറ്റൊരു തീവണ്ടി യാത്രയില്‍ ശുഭമായി അവസാനിക്കുന്നു. കൃത്യം അവിടെ തന്നെ ജയയുടെ പുതിയ ജീവിതയാത്ര തുടങ്ങുകയാണ്. ശുഭപ്രതീക്ഷയോടെ അശ്രാന്ത പരിശ്രമങ്ങള്‍ക്ക് ശുഭാന്ത്യം.
സ്ത്രീധനം പുരുഷന്റെ അവകാശമാണെന്ന ഒരു വരിയില്‍ അടിപതറുന്ന ജയയുടെ ഭര്‍ത്താവിനെ പിന്നീട് നിയന്ത്രിക്കുന്നത് അത്ര നേരം പ്രേക്ഷകരുടെ മുറുമുറുപ്പിന് വിധേയനായ പൊലീസുകാരനാണ്. ജയയുടെ ഭര്‍ത്താവായ പ്രദീപിന്റെ വരവോടെ കഥയുടെ ഗതി മാറുകയാണ്. ശേഷം ആ തീവണ്ടി കൃത്യം പാതയില്‍ അവസാന സ്റ്റേഷനെ ലക്ഷ്യമിട്ട് സഞ്ചരിക്കുന്നു. പ്രദീപീനെ പിരിയുമ്പോള്‍ താലിയും വളയുമടക്കം തന്റേതല്ലാത്തതൊന്നും സ്വീകരിക്കാന്‍ ആത്മാഭിമാനിയായ ജയ തയ്യാറാകുന്നില്ല. മാത്രമല്ല, തനിക്ക് പഠിക്കണം എന്ന അവളുടെ തീരുമാനത്തിന് സമ്മര്‍ദങ്ങള്‍ക്ക് ശേഷവും മാറ്റമില്ല.
പ്രണയമടക്കം അനേകം കാരണങ്ങളാല്‍ മരിക്കാന്‍ വരെ തയ്യാറാകുന്ന യുവതലമുറക്ക് പ്രചോദനം നല്‍കുന്ന കഥാപാത്രമാണ് ജയ. ഫൂലായിരുന്നു പ്രദീപിന്റെ ഭാര്യയായി ജയയുടെ സ്ഥാനത്തെങ്കില്‍ എന്ന് ഒന്ന് ചിന്തിച്ചു നോക്കാം. അവരുടെ ഗതി എന്തായിരുന്നേനെ? ഇങ്ങനെ ആലോചിച്ചു നോക്കുന്ന പക്ഷം വിദ്യാഭ്യാസം കൊണ്ടും, ആത്മധൈര്യം കൊണ്ടും നിലപാടുകള്‍കൊണ്ടും ഒരു സ്ത്രീക്ക് ജീവിതം എങ്ങനെ മാറ്റിയെടുക്കാനാകും എന്ന മറുപടി ലഭിക്കും. ജയയെ പോലെ.
ഭര്‍ത്താവിനെ ദൈവത്തെപോലെ കാണുന്ന, പേര് പോലും ഉച്ഛരിക്കുന്നതില്‍ ഭയപ്പെടുന്ന, നിഷ്‌കളങ്കയും ലോകവിവരവുമില്ലാത്ത ഫൂലിനെ പോലെ ഒരുവളെ പ്രദീപിന് ഭാര്യയായി കിട്ടിയാല്‍ എപ്രകാരമാകും അയാള്‍ അവളെ കരുതുക എന്ന ചിന്ത പോലും ഭയം ജനിപ്പിക്കുന്നതാണ്. ഭയപ്പെടുത്തിയും, അധികാരം ഉപയോഗിച്ചും സ്ഥാനം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഒരുവന്റെ മുന്‍പില്‍ എത്രകാലം അവളെപ്പോലൊരുവള്‍ക്ക് പിടിച്ചു നില്‍ക്കാനാകും? ഒരു പക്ഷെ കാലം പോകെ അവളാ റെയില്‍പാളങ്ങളിലൊന്നില്‍ തലചേര്‍ത്ത് പേടിയോടെ കണ്ണിറുക്കിയടച്ച് മരണത്തെ കൂട്ടുപിടിച്ചേക്കാനും ഇടയുണ്ട്.
ചുരുക്കത്തില്‍, ഒരു നവവധുവിന്റെ ജീവിതം, ദീപുവിനെ പോലെ ഒരാളുടെ കൈയിലെത്തുന്നവരുടെ ഭാഗ്യം എന്നും പ്രദീപിനെപ്പോലെ ഒരാളുടെ കൈയിലെത്തുന്നവളുടെ തലവിധി എന്നും പറയേണ്ടിവരും. ദീപുവിന്റെ ജീവിതത്തിലേക്കെത്തിയതു കൊണ്ടും അതുപോലൊരു കുടുംബത്തിലെത്തിച്ചേര്‍ന്നത് കൊണ്ടും ഫൂലിന് വേവലാതിപ്പെടേണ്ട. കുടുംബാംഗങ്ങളൊന്നായി ജയയെ യാത്രയാക്കുന്ന രംഗം പറയുന്നതും മറ്റൊന്നുമല്ലല്ലോ?
ഈ കഥ, വിദ്യാസമ്പന്നരായ കേരളീയര്‍ക്ക് ഒരു പക്ഷെ തീര്‍ത്തും അപരിചിതമായി തോന്നിയേക്കാം, ഒരുപക്ഷെ അവിശ്വസനീയമായും തോന്നിയേക്കാം. കേരളത്തിലെ അവസ്ഥ ഒരുപാട് മാറിയിട്ടുണ്ട്. വിദ്യാഭ്യാസം സ്ത്രീകളില്‍ വരുത്തിയ മാറ്റമാണിത്. വിവാഹമല്ല വിദ്യാഭ്യാസമാണ് പ്രധാനം എന്ന് പെണ്‍കുട്ടികള്‍ തീരുമാനിക്കുന്നതോടെ ഒരു ലോകം തന്നെ മാറുകയാണ്. ഇന്ത്യയുടെ പലയിടങ്ങളിലും സ്ത്രീകളുടെ അവസ്ഥ ഇതിലും വേദനാജനകമാണ്. വിദ്യാഭ്യാസവും, വികസനവും തൊട്ടു തലോടുക പോലും ചെയ്യാത്ത ഇന്ത്യന്‍ ഗ്രാമങ്ങളിലെ പെണ്‍കുട്ടികള്‍ കേവലം വില്‍പനച്ചരക്കുകള്‍ മാത്രമാണ്.
കന്നുകാലിചന്തയിലെ കാലികളുടെ പല്ലും, വാലും, നഖവും നോക്കി അളക്കും പോലെ പെണ്‍കുട്ടികളെ അളവും തൂക്കവും നോക്കി കച്ചവടം ഉറപ്പിക്കുകയാണ്. കച്ചവടത്തിനായി, ഭംഗിയില്‍ ഒരുപോലെ അടുക്കിവച്ച തിളങ്ങുന്ന പാത്രങ്ങള്‍ പോലെ - ഒരേ നിറത്തിലുള്ള വസ്ത്രങ്ങളാല്‍ അലങ്കരിച്ച് ഭര്‍തൃഗൃഹത്തലേക്ക് യാത്ര തിരിക്കുന്ന നവവധുക്കള്‍. ചിത്രം തുടങ്ങുന്നതും ഇങ്ങനെ ആയിരുന്നല്ലോ?
പുരോഗതി എത്തി നോക്കാത്ത ഇടങ്ങളില്‍ ഒരു സ്ത്രീക്ക് ഒറ്റക്ക് പടവെട്ടുക തികച്ചും അസാധ്യമായി തീരുകയാണ് എന്നതിന് തെളിവാണ് ജയയുടെ ജീവിതം. ഇത്തരം കുടുംബങ്ങളില്‍, ഒരു പുരുഷന്റെ തുണയും, സുരക്ഷയും സ്ത്രീകള്‍ക്ക് കൂടിയേ തീരു എന്ന് വിശ്വസിക്കുന്നവര്‍. അതില്ലാത്ത പക്ഷം ജയയുടെ അമ്മയുടെ വെപ്രാളം ആ അമ്മമാരില്‍ ഉടലെടുക്കും. പെണ്‍മക്കളുടെ വിവാഹം നടത്തുക എന്നതാണ് ആത്യന്തികമായി ചെയ്തു തീര്‍ക്കേണ്ട കടമ എന്ന അന്ധവിശ്വാസത്തിന്റെ കണ്‍കെട്ടഴിക്കാന്‍ അവരാരും തന്നെ തയ്യാറാകുകയില്ല. വിവാഹം, ജീവിതത്തിലെ നിര്‍ണായകവും നിര്‍ബന്ധിതവുമായ ഒന്നായി മാറുകയാണ്.
ഉത്തരവാദിത്വം കൈമാറുന്നതിലൂടെ മാത്രമെ തങ്ങള്‍ സ്വതന്ത്രരാകുന്നുള്ളൂ എന്നാണ് ഈ ഗ്രാമങ്ങളിലെ കുടുംബിനികളുടെ വിശ്വാസം. അതിനാല്‍ എത്രയും പെട്ടന്ന് കടമ തീര്‍ത്ത് സ്വസ്ഥരാകാനുള്ള തയ്യാറെടുപ്പിലാകും ഈ അമ്മമാര്‍. പെണ്‍കുട്ടികളുടെ എണ്ണം കൂടുതലുള്ള കുടുംബമെങ്കില്‍ ആണ്‍തുണ ഇല്ലാത്ത ജയയുടേത് പോലുള്ള കുടുംബമെങ്കില്‍, ഈ വീട്ടിലെ മൂത്ത പെണ്‍കുട്ടിയുടെ തലക്ക് മുകളില്‍ തൂങ്ങിയാടുന്ന ഒരു വാളാകും വിവാഹം. വരിവരിയായി പുറകില്‍ നിരക്കുന്ന അനുജത്തിമാരുടെ സുരക്ഷയെ ഓര്‍ത്ത്, അമ്മയുടെ മനഃസമാധാനത്തിന്റെ വിലയായി അവള്‍ അവളുടെ കഴുത്ത് നല്‍കുന്നു.
'സ്വപ്നം കാണണുന്നതിന് ക്ഷമ ചോദിക്കേണ്ടതില്ല' എന്ന ദീപുവിന്റെ ഒരേയൊരു സംഭാഷണക്കഷണം ദീപുവിനെ എന്തുകൊണ്ട് ഫൂല്‍ ഇത്ര പ്രതീക്ഷയോടെ കാത്തിരുന്നു എന്നതിന് ഒരുത്തരമാണ്. ചിരിയുണ്ട്, ചിന്തയുണ്ട്, നിലപാടുകളിലെ വ്യക്തതയുണ്ട്. പ്രതീക്ഷയുണ്ട്. സര്‍വോപരി സ്ത്രീ ശരീരത്തിന്റെ അഭിമാനത്തിന് മങ്ങലേല്‍പിക്കുന്ന ഒരു തൊട്ടാവാടി തുമ്പുപോലുമില്ല. പതറിയ സ്ത്രീമനസുകളേയും, ചേര്‍ന്നു സഞ്ചരിക്കുന്ന പുരുഷന്റെ ഹൃദയവിശാലതയേയും ലാളിത്യ വൈഭവത്തോടെ അവതരിപ്പിക്കാനായതിനാലാണ് ലാപതാ ലേഡീസ് ചുരുങ്ങിയ സമയംകൊണ്ട് സിനിമാപ്രേമികളുടെ മനസ്സിലിടം നേടിയത്.
പുഷ്പറാണിയും, ഫൂല്‍കുമാരിയും ചേര്‍ന്നൊരുക്കിയ ഈ വസന്തകാലം ലാളിത്യം കൊണ്ട് ചായം പൂശിയ അഭിനേതാക്കളാലും, അമിതമാകാത്ത സാങ്കേതികതയാലും, സങ്കീര്‍ണമല്ലാത്ത കഥയാലും സമൃദ്ധമാണ്. ക്യാമറയും, സംവിധായികയുടെ കയ്യടക്ക മികവും എടുത്തു പറയേണ്ട ഒന്നാണ്. ലാപതാ ലേഡീസ് കണ്ണ് മൂടിക്കെട്ടിയ ഗാന്ധാരികള്‍ക്ക് സമര്‍പ്പിക്കാം. ഇനിയെങ്കിലും അന്യായങ്ങളുടെ നേര്‍ക്ക് കണ്ണടക്കാതിരിക്കട്ടെ !