Quantcast
MediaOne Logo

അനിത അമ്മാനത്ത്

Published: 18 Dec 2023 6:01 AM GMT

റൂം നമ്പര്‍ 333, ഇന്‍ ഹോട്ടല്‍ ലൂസിഫര്‍

ലിവിങ് ടുഗെതര്‍ - നോവല്‍ | അധ്യായം 03

റൂം നമ്പര്‍ 333 ഇന്‍ ഹോട്ടല്‍ ലൂസിഫര്‍, ലിവിങ് ടുഗെതര്‍ - നോവല്‍, ലിവിങ് ടുഗെതര്‍,  അനിത അമ്മാനത്ത്
X

ഫ്‌ളാറ്റില്‍ വെച്ചുള്ള കണ്ടുമുട്ടലുകള്‍ അത്ര സേഫ് അല്ല. നമ്മുടെ വാസസ്ഥലം ഏതാണെന്ന് അറിഞ്ഞു കഴിഞ്ഞാല്‍ അത് പിന്നീട് പ്രശ്‌നങ്ങള്‍ക്ക് സാധ്യതയാണ്. ആദം ആ കാര്യത്തില്‍ ഏറെ നിര്‍ബന്ധ ബുദ്ധി കാണിക്കുന്നവനാണ്.

ഇടപാടുകള്‍ എല്ലാം ഏതെങ്കിലും ഹോട്ടലുകളില്‍ വച്ച് ഏര്‍പ്പാടാക്കും. താമസസ്ഥലം അതാത് പാര്‍ട്ടിയുടെ ചിലവില്‍ ഒരു ഫ്‌ളാറ്റില്‍ ഒതുക്കും; ഇതാണ് പതിവ്. അപ്പോഴാണ് ഡേവിസേട്ടന്‍ എന്ന എന്റെ ഇച്ചായന്‍ പഴയ കുറ്റി എന്ന് സംശയിക്കുന്ന ഒരാളെ കുറിച്ചുള്ള വിവരം വിളിച്ച് പറയുന്നത്. ആദത്തിനോട് പറയണമോ എന്ന് അവള്‍ കുറെ നേരം ആലോചിച്ചു. അവനോട് പറയാതെ ഒന്നും ചെയ്യാറില്ല. മാത്രവുമല്ല ഇപ്പോള്‍ കുറെ കാലമായി ഇച്ചായന്‍ അങ്ങനെ വിളിക്കാറുമില്ല. ഇതെന്താണാവോ പറ്റിയത് എന്തായാലും ആദത്തിനെ അറിയിക്കാനായി അവള്‍ മൊബൈല്‍ ഫോണ്‍ എടുത്തു. അവനുള്ള വോയ്‌സ് മെസ്സേജ് അയച്ച് മറുപടിക്കായി കാത്തുനിന്നു. പ്രതീക്ഷിച്ച പോലെ തന്നെ മറുപടി 'സൂക്ഷിക്കുക' എന്ന് മാത്രമാണ് വന്നത്.

എന്തായാലും ഹോട്ടല്‍ ലൂസിഫറിലെ ഹോട്ടല്‍ മാനേജര്‍ സാം മാത്യുവിനെ വിളിച്ചു.

'എന്താണ് കുറേക്കാലമായല്ലോ ഇങ്ങോട്ടൊക്കെ കണ്ടിട്ട്?'

'ഹാ... സാം ഇപ്പോള്‍ വേറെ കുറിച്ച് തിരക്കിലാണ്. എനിക്ക് നിങ്ങളുടെ ഹോട്ടലില്‍ എന്റെ പഴയ റൂം ഒന്ന് കിട്ടാന്‍ വഴിയുണ്ടോ?'

'റൂം നമ്പര്‍: 333 അല്ലേ? അതിലിപ്പോള്‍ ആളുണ്ടല്ലോ മാഡം. 335 മതിയോ?'

അവള്‍ കുറച്ചുനേരം ആലോചിച്ചു.

'333 ല്‍ ഉള്ളവര്‍ എപ്പോള്‍ പോകും? '

'അവര്‍ നാളെ വെക്കേറ്റ് ചെയ്യും. ഒരാഴ്ചത്തോളമായി അവിടെ താമസിച്ചു വരികയാണ്. '

'ശരി... അങ്ങനെയെങ്കില്‍ അവര്‍ വെക്കേറ്റ് ചെയ്തതിനു ശേഷം എന്നെ വിളിച്ച് അറിയിക്കൂ. എനിക്ക് ആ മുറി തന്നെ വേണം.'

'ഞാന്‍ അതുപോലെ തന്നെ ചെയ്യാം മാഡം.'

ഫോണ്‍ വെച്ചശേഷം അവള്‍ ഇച്ചായനെ വിളിച്ചു.

'നാളെ ഞാന്‍ ഹോട്ടല്‍ ലൂസിഫറില്‍ റൂം നമ്പര്‍: 333 ല്‍ ഉണ്ടായിരിക്കും. ഈ പറഞ്ഞ കക്ഷിക്ക് നാളെ വൈകുന്നേരം എന്നെ വന്ന് കാണാന്‍ സാധിക്കുമോ എന്ന് ചോദിച്ചു നോക്കൂ.'

'ശരി മോളെ... ഞാന്‍ അങ്ങനെ തന്നെ ചെയ്യാം. പിന്നെ നിന്നോട് മറ്റു കാര്യങ്ങളൊന്നും ഞാന്‍ ചോദിച്ചില്ലല്ലോ. എങ്ങനെ പോകുന്നു ജീവിതം? ഇപ്പോള്‍ കുറച്ചായി വിളികള്‍ ഒന്നുമില്ലല്ലോ.'

'സുഖമായി പോകുന്നു. ആദം ദുബായില്‍ തന്നെയുണ്ട്. രണ്ടു മാസത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ ഞാനിപ്പോള്‍ ഫീല്‍ഡില്‍ അത്ര ആക്റ്റീവ് ഒന്നുമല്ല.'

'മോള്‍ എന്നോട് കളവു പറയല്ലേ. ഞാന്‍ എല്ലാ വിവരങ്ങളും അറിയുന്നുണ്ട്. ഏതോ ഒരു വലിയ ഇര വന്നു കുടുങ്ങിയിട്ടുണ്ട്. അല്ലേ? അതുകൊണ്ടല്ലേ ഇപ്പോള്‍ എന്നെ ഒന്നും വിളിക്കാത്തത്?' അയാള്‍ പരിഭവത്തോടെ പറഞ്ഞു.

'എനിക്കറിയാം എല്ലാം അറിയുന്നുണ്ടെന്ന്. അറിഞ്ഞുതന്നെയാണ് ഇതെല്ലാം ചോദിക്കുന്നതെന്നും അറിയാം. അതുകൊണ്ട് ഞാന്‍ വെറുതെ ഒന്ന് തള്ളിയതാണ്. 'അവള്‍ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

'എന്തായാലും അറിഞ്ഞത് ശരിയാണ്. ഒരുത്തന്‍ വന്ന് പെട്ടിട്ടുണ്ട്. അവനെ ഒന്ന് സെറ്റാക്കട്ടെ. അതോടുകൂടി ഞാനും എന്റെ ഭര്‍ത്താവും സെറ്റില്‍ ആവാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. ഡേവിസ് ഏട്ടന്റെ വിശേഷങ്ങള്‍ എന്തൊക്കെയാണ്? അത് ചോദിച്ചില്ലല്ലോ?'

'നമുക്ക് വലിയ പുള്ളികള്‍ ഒന്നുമില്ലായേ. വലിയ പുള്ളികളെല്ലാം നിങ്ങളുടെയൊക്കെ കൂടെയല്ലേ. നമുക്ക് പഴയതുപോലെതന്നെ ചെറിയ ചെറിയ കേസുകള്‍.'

അതുകേട്ട അവള്‍ ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു, 'പൊലീസ്‌കേസ് ആവാതെ നോക്കിക്കോളണം. ഊരി പോരാന്‍ ഇപ്പോള്‍ പഴയപോലെയല്ല. കുറച്ച് അല്‍പ്പം ബുദ്ധിമുട്ടേണ്ടി വരും.'

'അത് ഞാന്‍ മോളോടും പറയുന്നു. വലിയ ചാക്ക് കെട്ടുകള്‍ക്ക് പിന്നാലെ എടുത്തു ചാടുമ്പോള്‍ പത്ത് തവണയെങ്കിലും ചിന്തിക്കണം. ഇവന്മാരെ ഒന്നും വിശ്വസിച്ചുകൂടാ. നമ്മളെപ്പോലെയുള്ളവരെ സമീപിച്ച് കുളം കലക്കി മീന്‍ പിടിക്കുന്ന ഈ ചെറ്റകള്‍ എത്രത്തോളം വലിയ ക്രിമിനലുകള്‍ ആയിരിക്കും എന്നുകൂടി നമ്മള്‍ ചിന്തിക്കണം. അതുകൊണ്ട് തീരുമാനങ്ങള്‍ ശ്രദ്ധിച്ച് എടുക്കണം. പ്രത്യേകിച്ചും മോളെപ്പോലെ കാണാന്‍ കൊള്ളാവുന്ന സുന്ദരികളായ ചെറുപ്പകാരികളുടെ പിന്നാലെ പൊതിയാന്‍ നിറയെ ഈച്ച കൂട്ടങ്ങള്‍ കാണും. എല്ലാത്തിനും പിന്നാലെയും എടുത്ത് ചാടരുത്. '

'ശ്രദ്ധിക്കുന്നുണ്ട് ഇച്ചായാ. വിശ്വസിക്കാന്‍ കൊള്ളാവുന്ന ആളുകളെ മാത്രമേ അടുപ്പിക്കുന്നുള്ളു. അതുകൊണ്ടുതന്നെയല്ലേ ഞാന്‍ എവിടെ താമസിക്കുന്നു എന്നുപോലും പുറത്ത് പറയാത്തത്.'

'ശരി... ശരി മോളെ. ഞാന്‍ അയാളോട് മോളെ വന്ന് കാണാന്‍ വിളിച്ചു പറയാം. കുറച്ചു കഴിഞ്ഞ് ഞാന്‍ മോളെ തിരിച്ചു വിളിക്കാം.'

ഒരു അരമണിക്കൂറെങ്കിലും കഴിഞ്ഞു മാത്രമേ ഇനി ഡേവിസ് ഏട്ടന്‍ വിളിക്കാന്‍ സാധ്യതയുള്ളൂ. അവള്‍ ഭക്ഷണം എന്തെങ്കിലും ഉണ്ടാക്കുന്നതിനുവേണ്ടി ഫ്രിഡ്ജ് തുറന്നു. ബ്രഡും മുട്ടയും ഇരിപ്പുണ്ട്. ബ്രെഡ് ടോസ്റ്റ് ഉണ്ടാക്കി കഴിക്കുന്നതിനിടയിലാണ് കോള്‍ വന്നത്.

'മോളെ ഞാന്‍ അയാളെ വിളിച്ചു. കാണാം എന്നാണ് പറഞ്ഞിട്ടുള്ളത്.'

'ഓക്കേ ഡേവിസേട്ടാ... ഞാന്‍ ആളെ കാണട്ടെ. എന്താണ് കാര്യം എന്നുള്ളത് അന്വേഷിക്കട്ടെ. എന്തു പറയാന്‍ വേണ്ടിയാണ് എന്നെ നേരില്‍ കാണാന്‍ വന്നത് എന്ന് അറിയണമല്ലോ.

'മോള്‍ക്ക് ഭയമുണ്ടോ? നമ്മുടെ ആരെയെങ്കിലും അങ്ങോട്ട് വിടണോ?'

'എന്തു ഭയം? ഞാന്‍ ഒന്നും ചെയ്തിട്ടില്ല. എന്താണ് കാര്യം എന്നുള്ളത് അന്വേഷിച്ചു നോക്കട്ടെ. നമ്മള്‍ പേടിക്കുന്ന പോലെ ഒന്നും ഉണ്ടാകണമെന്നില്ല.'

'ഒരിക്കല്‍ ലിങ്ക് വിട്ട ആളുകള്‍ പിന്നീട് അന്വേഷിച്ചു വരുന്നു എന്നാകുമ്പോള്‍ നമ്മുടെ ഈ ഫീല്‍ഡില്‍ വളരെയധികം സൂക്ഷിക്കണം. അതുകൊണ്ട് ഞാന്‍ പറഞ്ഞതാണ്. അനുഭവത്തില്‍ നിന്നുള്ള ഒരു ഉപദേശമായി കണക്കാക്കിയാല്‍ മതി. മോള്‍ക്ക് എന്തെങ്കിലും ആവശ്യം വരികയാണെങ്കില്‍ ഒരു കോളിന്റെ ദൂരത്തില്‍ ഇച്ചായന്‍ ഉണ്ടായിരിക്കും. നമ്മുടെ ആളുകള്‍ എപ്പോഴും റെഡി ആയിരിക്കും മോളെ സഹായിക്കാന്‍.'

'എനിക്കിപ്പോള്‍ തല്‍ക്കാലം കൊട്ടേഷന്‍ ടീമിന്റെ ആവശ്യമൊന്നുമില്ല. ഞാനാരെയും ഒന്നും ചെയ്തിട്ടില്ല. എന്തായാലും ഞാന്‍ അയാളോട് സംസാരിക്കട്ടെ. ഒരാള്‍ വന്നു കാണണമെന്ന് പറയുമ്പോഴേക്കും നമ്മള്‍ ഇത്രയൊന്നും ഭയക്കേണ്ട ആവശ്യവുമില്ല. ഞാന്‍ നാളെ കണ്ടതിനു ശേഷമേ ഇനി വിളിക്കുകയുള്ളൂ.'

'ശരി മോളെ...'

ഫോണ്‍ വെച്ചതിനുശേഷം അവള്‍ ഉണ്ടാക്കിയ ബ്രെഡ് ടോസ്റ്റ് കഴിച്ചു. ഫ്രിഡ്ജില്‍ തന്നെ ഉണ്ടായിരുന്ന ചോക്ലേറ്റും പുഡിങ്ങും എല്ലാം കഴിച്ച് അവള്‍ക്ക് ശ്വാസംമുട്ടുന്ന പോലെ വയറു നിറഞ്ഞു. മ്യൂസിക് സിസ്റ്റം ഉറക്കെ വെച്ച് ഫാസ്റ്റ് സോങ്ങ്‌സ് കേട്ട് കുറച്ചുനേരം മുറിയില്‍ ഡാന്‍സ് ചെയ്തു. വയറ് നിറഞ്ഞിരിക്കുന്നതിനാല്‍ കൂടുതല്‍ സ്റ്റെപ്പ് ഇടാന്‍ വയ്യ. പതിവിലും കവിഞ്ഞ സന്തോഷമാണ് അന്ന് രാത്രി അവള്‍ക്ക് തോന്നിയത്. എങ്കിലും ഒരാളെയും നേരിട്ട് ഡീല്‍ ചെയ്യാത്ത അവളുടെ അടുത്തേക്ക് നേരിട്ട് ഒരാള്‍ മുട്ടാന്‍ നാളെ വരുന്നു എന്നത് അവളെ ചെറിയ ഒരു ചിന്താകുഴപ്പത്തില്‍ ആക്കിയിരുന്നു. ആധി പുറത്തു കാണിക്കാന്‍ കഴിയുന്നില്ല.

ചിത്രീകരണം: ഷെമി

(തുടരും)

അനിത അമ്മാനത്ത്: മലയാളത്തിലും ഇംഗ്ലീഷിലുമായി ഏഴ് കഥ-കവിതാ സമാഹാരങ്ങളില്‍ എഴുതിയിട്ടുണ്ട്. ഡി.സി ബുക്സ് വായനാ വാരാഘോഷം-2023 ലെ ബുക് റിവ്യു മത്സര വിജയി. 1111 സ്വന്തം തത്വചിന്ത ഉദ്ധരണികള്‍ തുടര്‍ച്ചയായ 11 ദിവസങ്ങളിലായി എഴുതി പ്രസിദ്ധീകരിച്ച് പുതിയ വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ടൈറ്റില്‍ റെക്കോര്‍ഡ് സെറ്റ് ചെയ്തു. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക പുരസ്‌കാര ജൂറി അവാര്‍ഡ്, ഗാര്‍ഗി മാധ്യമ കൂട്ടായ്മയുടെ മാധവിക്കുട്ടി സ്മാരക ജൂറി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.


TAGS :