Quantcast
MediaOne Logo

അനിത അമ്മാനത്ത്

Published: 13 April 2024 7:46 AM GMT

അപവാദങ്ങളുടെ പോസ്റ്റ്മാര്‍ട്ടം

ലിവിങ് ടുഗെതര്‍ - അനിത അമ്മാനത്ത് എഴുതിയ നോവല്‍ | അധ്യായം 14

അപവാദങ്ങളുടെ പോസ്റ്റ്മാര്‍ട്ടം  ലിവിങ് ടുഗെതര്‍ - അനിത അമ്മാനത്ത് എഴുതിയ നോവല്‍ | അധ്യായം 14
X

'കൊന്നോ എന്ന് ഞങ്ങള്‍ ചോദിച്ചോ?'

അപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധം നഥാന് മനസിലായത്.

'നീ അവളുമായുള്ള ബന്ധത്തിന്റെ കഥ ആദ്യം പറഞ്ഞ് തുലക്ക്, ബാക്കി പിന്നീട്.' ഇത്രയും പറഞ്ഞു പൊലീസുകാരന്‍ മുമ്പിലേക്ക് അവിടെ കിടന്നിരുന്ന ചെയര്‍ എടുത്തിട്ട് ഇരുന്നു.

രംഗങ്ങള്‍ ചന്ദ്രികയുടെയും ബാഹുലേയന്റെയും മുന്നിലും പൊലീസുകാര്‍ ആവര്‍ത്തിച്ചു. ഒരേസമയം മൂന്നിടങ്ങളിലും ഒരേ ചോദ്യങ്ങളുമായും ഒരേ ഫോട്ടോകളും വീഡിയോകളുമായി ചോദ്യം ചെയ്യലിന്റെ രംഗം പുരോഗമിക്കുകയായിരുന്നു. ഇതെല്ലാം സി.സിടിവിയിലൂടെ കണ്ടു കൊണ്ട് ഭാവന ഒഫീഷ്യല്‍ റൂമില്‍ ഇരിക്കുന്നുണ്ടായിരുന്നു. ആവശ്യമുള്ള ചില ഭാഗങ്ങളില്‍ ചില റെക്കോര്‍ഡ് സീനുകള്‍ സേവ് ചെയ്തും ചിലതെല്ലാം നോട്ട് ചെയ്തുകൊണ്ടും അവളുടെ ബുദ്ധിയും സഹപ്രവര്‍ത്തകര്‍ക്കൊപ്പം തന്നെ സഞ്ചരിച്ചുകൊണ്ടിരുന്നു. പക്ഷേ, ഒരു കാര്യം വ്യക്തമായിരുന്നു, ചോദ്യം ചെയ്യലില്‍ മൂന്നുപേര്‍ക്കും അധിക നേരം പിടിച്ചുനില്‍ക്കാന്‍ കഴിയില്ല എന്നത്. ചില രഹസ്യങ്ങള്‍ ഇവിടെ പൊന്തി വന്നേ മതിയാകു. അതങ്ങനെ പുരോഗമിക്കുമ്പോഴാണ് ഭാവനയ്ക്ക് നഥാന്റെ ഭാര്യയെ കുറിച്ച് ഓര്‍മവരുന്നത്. ഇനിയും മുന്നിലേക്ക് വരാത്ത ആ വ്യക്തി തന്നെ അന്വേഷിച്ചു ഇങ്ങോട്ട് വന്നതാണ്. ഇവരുടെ ചോദ്യം ചെയ്യലില്‍ നിന്നും ഒരുകാര്യം വ്യക്തമാണ്. ഇതിലെ ഒഴിഞ്ഞു കിടക്കുന്ന ഭാഗങ്ങള്‍ പൂരിപ്പിക്കാന്‍ ഇനി ആ വീട്ടിലെ മരുമകള്‍ക്കേ കഴിയൂ. അവളില്‍ നിന്നും കേള്‍ക്കാന്‍ ഉള്ളതിനെക്കുറിച്ച് ഓര്‍ത്തു കഴിഞ്ഞപ്പോള്‍ ഭാവനയ്ക്ക് ഒന്ന് ഉറപ്പായി, ഇവര്‍ മൂന്നു പേര് പറയുന്നതും മരുമകള്‍ പറയുന്നതും ചേര്‍ത്തുവച്ചുകഴിഞ്ഞാല്‍ തന്റെ എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങള്‍ ലഭിക്കും. എന്തായാലും നഥാന്റെ ഭാര്യ താരകയെ ഓഫീസില്‍ എത്തിക്കാന്‍ ഉടന്‍ തന്നെ ടീമിലേക്ക് ഫോണ്‍ ചെയ്ത് ഭാവന ഓര്‍ഡര്‍ കൊടുത്തു. തുടര്‍ന്ന് സി.സി.ടി.വിയിലേക്ക് തന്നെ സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരുന്നു.

'എന്തിനായിരുന്നു നിങ്ങള്‍ ഇത്ര വലിയൊരു വൃത്തികെട്ട കളിക്ക് മകനെ നിര്‍ബന്ധിച്ചത്?'

'ഞാന്‍ നിര്‍ബന്ധിച്ചതല്ല, നഥാന് താല്‍പര്യമുണ്ടായിരുന്നു. അവന് താല്‍പര്യമുണ്ടെങ്കില്‍ അത് ആയിക്കൊള്ളട്ടെ എന്ന് ഞാന്‍ വിചാരിച്ചു അത്രമാത്രം. '

'ചന്ദ്രികാ.. നിങ്ങള്‍ വീണ്ടും വീണ്ടും കളവ് പറയുന്നു. മകന് ആ മരിച്ച സ്ത്രീയെ യാതൊരു മുന്‍ പരിചയം ഉണ്ടായിരുന്നില്ല, കഴിഞ്ഞ അഞ്ചു മാസങ്ങളിലെ പരിചയം ഒഴിച്ച്. അവര്‍ തമ്മില്‍ ഒരു കോണ്‍ട്രാക്ടിലൂടെയാണ് പരിചയപ്പെടുന്നത്. അവന്റെ താല്‍പര്യപ്രകാരം തുടങ്ങിയത് അല്ലായിരുന്നു ആ ബന്ധം എന്ന് ഞങ്ങള്‍ ഉറപ്പിച്ചു പറയുന്നു.' ശിഹാബുദ്ദീന്‍ ചന്ദ്രികയെ നോക്കി ആക്രോശിച്ചു. സംയമനത്തിന്റെ അവസാന പാദവും കഴിഞ്ഞ് ശിഹാബുദ്ദീന്‍ കളവുകള്‍ കേട്ടു കേട്ട് സഹികെട്ടിരുന്നു.

ആ ശബ്ദം ചന്ദ്രികയില്‍ ഭയം നിറച്ചു. ചന്ദ്രികയുടെ അഹങ്കാരത്തിന്റെ പുറംപൂച്ചുകളെല്ലാം അവസാനിച്ച് കഴിഞ്ഞിരുന്നു. എല്ലാം മനസ്സിലാക്കിയാണ് പൊലീസ് തങ്ങളെ ഇങ്ങോട്ട് കൊണ്ടുവന്നിരിക്കുന്നത് എന്ന് അവള്‍ക്ക് വ്യക്തമായി കഴിഞ്ഞു. ദയനീയമായി പൊലീസുകാരനെ നോക്കിക്കൊണ്ട് ചന്ദ്രിക പതിഞ്ഞ ശബ്ദത്തില്‍ എന്തോ പറഞ്ഞു.

'മറ്റുള്ളവര്‍ക്ക് കേള്‍ക്കുന്ന ശബ്ദത്തില്‍ പറയാം. നിങ്ങളുടെ ശബ്ദം എത്രമാത്രം ഉയര്‍ന്നതും ഒച്ചയുള്ളതുമാണെന്ന് ഞങ്ങള്‍ക്കറിയാം. മറ്റുള്ളവരെ അടക്കി ഭരിച്ചും തന്റെ താല്‍പര്യങ്ങള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിച്ചും വീട് ഭരിക്കുന്ന നിങ്ങളെക്കുറിച്ച് ഞങ്ങള്‍ എല്ലാം അറിഞ്ഞു കഴിഞ്ഞു. നിങ്ങളുടെ ഭൂതവും വര്‍ത്തമാനവും ഇപ്പോള്‍ ഞങ്ങളുടെ കയ്യിലുണ്ട്. ഇനി ഭാവി എന്താണ് എന്നുള്ളത് നിങ്ങള്‍ ഇവിടുന്ന് അങ്ങോട്ട് തരുന്ന ഉത്തരങ്ങള്‍ അനുസരിച്ചിരിക്കും.'

'ഞാന്‍ എല്ലാം പറയാം.'

'അതായിരിക്കും നല്ലത്.'

'മകന്റെ വിവാഹമോചന കേസ് നടത്തുവാന്‍ വേണ്ടി ഞങ്ങള്‍ പ്ലാന്‍ ചെയ്ത ഒരു നാടകമായിരുന്നു അവന്റെ ലിവിംഗ് ടുഗതര്‍. പക്ഷേ, അത് നാടകമാണെങ്കിലും അവന്‍ ഒരു കോണ്‍ട്രാക്ടില്‍ ഒപ്പിട്ടാല്‍ മാത്രമേ അത് ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്ന് പറഞ്ഞിരുന്നു ഇസബെല്ല.'

'എന്തിനു വേണ്ടിയാണ് അത്തരമൊരു കോണ്‍ട്രാക്റ്റ് എന്ന് നിങ്ങള്‍ ചോദിച്ചില്ലേ?'

'ചോദിച്ചു. സേഫ്റ്റിക്ക് വേണ്ടിയാണ് എന്നു പറഞ്ഞു. അവളുടെ നിലനില്‍പിന് വേണ്ടിയാണ്, എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാലും കച്ചിത്തുരുമ്പ് വേണ്ടേ എന്നാണ് അവള്‍ പറഞ്ഞത്.'

'നിങ്ങള്‍ക്ക് എങ്ങനെയാണ് ഇസബെല്ലയെ പരിചയം?'

'മകന്റെ വിവാഹമോചന കേസ് വാദിച്ചിരുന്ന വക്കീലിന്റെ അടുത്ത സുഹൃത്ത് വഴിയാണ് പരിചയപ്പെടുന്നത്. അവര്‍ ഇങ്ങനെയെല്ലാം കക്ഷികളെ സഹായിക്കുന്ന ഒരു സ്ത്രീയാണെന്ന് അറിഞ്ഞു. അതുകൊണ്ടാണ് മുന്‍പിന്‍ ആലോചിക്കാതെ അങ്ങനെയൊരു സാഹചര്യത്തിന് മുതിര്‍ന്നത്.'

'മുന്‍പിന്‍ എന്ന് പറയരുത്. കാരണം, നിങ്ങള്‍ എല്ലാവശവും ആലോചിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, നിങ്ങളെ യാതൊന്നും ഏല്‍ക്കില്ല എന്ന് നിങ്ങള്‍ അന്ധമായി വിശ്വസിച്ചു. അതല്ലേ സത്യം?'

'അത് സത്യമാണ്. ലിവിംഗ് ടുഗതറില്‍ മറ്റൊരു രീതിയിലും ഉള്ള റിസ്‌ക് ഞങ്ങള്‍ക്കില്ലെന്ന് തെറ്റിദ്ധരിച്ചു. അവന്‍ അങ്ങനെയൊരു ബന്ധത്തില്‍ പോയി ചാടിയാല്‍ എങ്കിലും അവന്റെ ഭാര്യ മ്യൂച്ചല്‍ ഡൈവേഴ്‌സിന് സമ്മതിക്കും എന്നായിരുന്നു ഞങ്ങളുടെ കണക്കുകൂട്ടല്‍. അതല്ലെങ്കില്‍ അവള്‍ ആയിട്ട് തന്നെ വിവാഹം മോചന കേസ് കൊടുക്കും. അങ്ങനെ ആയാലും ഞങ്ങള്‍ക്ക് ലാഭമാണ്.'

'ലാഭമോ? നിങ്ങള്‍ എന്താ വിവാഹ ബന്ധം വെച്ച് ബാര്‍ഗെയ്ന്‍ ചെയ്ത് ബിസിനസ് ഡീല്‍ നടത്തുകയാണോ? ബിസിനസില്‍ നിന്നും ഷെയര്‍ ഹോള്‍ഡേഴ്‌സിനെ പിന്‍വലിച്ച് സ്ഥാപനം നഷ്ടകച്ചവടമാക്കി ഷട്ടര്‍ ഇടീയ്ക്കുന്ന പോലെ ഈ ബന്ധത്തില്‍ നിന്നും മകനെ പിന്തിരിപ്പിച്ച് ലാഭം കൊയ്യാമെന്ന് കണക്കു കൂട്ടി. വിവാഹ മോചനം അവള്‍ ഡിമാന്‍ഡ് ചെയ്യുമ്പോള്‍ ജീവനാംശം ഒന്നും അവള്‍ക്ക് കൊടുക്കേണ്ടി വരില്ല എന്നായിരുന്നു നിങ്ങളുടെ കുബുദ്ധിയില്‍ തെളിഞ്ഞത്. എന്താ സത്യമല്ലേ അത്? '

പറഞ്ഞതത്രയും സത്യമെന്ന ഭാവത്തില്‍ ചന്ദിക തലയാട്ടി.

'ഇത് നിങ്ങള്‍ അവളോട് നേരിട്ട് പറഞ്ഞിരുന്നോ?'

'അവളോട് പലരീതിയില്‍ ഞങ്ങള്‍ പറഞ്ഞു നോക്കി. പക്ഷേ അവള്‍ ഒന്നിനും വഴങ്ങിയില്ല.'

'പറഞ്ഞു എന്നാണോ അതോ ഭീഷണിപ്പെടുത്തി എന്നാണോ?'

ചന്ദ്രിക ചോദ്യം കേട്ടതായി ഭാവിച്ചില്ല.

'ചോദ്യം മനസ്സിലായില്ല എന്നുണ്ടോ? നിങ്ങള്‍ ഭീഷണിപ്പെടുത്തിയിരുന്നു, എല്ലാ രീതിയിലും മരുമകളെ ഉപദ്രവിച്ച് അതില്‍ രസം കണ്ടെത്തിയിട്ടുണ്ടായിരുന്നു. സമുദായത്തിനേയും സമൂഹത്തിനേയും കൂടെ നിര്‍ത്താനും അവളെ ഒറ്റപ്പെടുത്താനും ഭീഷണിപ്പെടുത്താനും നിങ്ങളുടെ മരുമകന്റെ ഒത്താശയോടെ ലക്ഷങ്ങള്‍ ചിലവാക്കി. അതല്ലേ സത്യം?'

'അതെ. അവളെ ഞങ്ങളുടെ വീട്ടില്‍ നിന്നും ഒഴിവാക്കാന്‍ വേണ്ടി കുറച്ച് കളികള്‍ കളിച്ചിരുന്നു എന്നത് സത്യമാണ്. പക്ഷേ, അവള്‍ എന്നിട്ടും പോകാന്‍ കൂട്ടാക്കിയില്ല. അങ്ങനെ വന്നപ്പോഴാണ് അവര്‍ക്കിടയിലേക്ക് മറ്റൊരു സ്ത്രീ വന്നാല്‍ അവള്‍ പോകുമെന്ന് കരുതിയത്. ഞങ്ങള്‍ക്ക് ഭയങ്കര കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. കാരണം...' വാചകം മുഴുവനാക്കാതെ ചന്ദ്രിക നിര്‍ത്തി.

ശിഹാബുദ്ദീന്‍ തുടര്‍ന്നു, 'കാരണം ഞാന്‍ പറയാം. കല്യാണം കഴിച്ചു കൊണ്ടുവന്ന ഭാര്യ തന്നെ തലയില്‍ നിന്നും പോകുന്നില്ല. അങ്ങനെയിരിക്കെ മറ്റൊരുത്തി കൂടി തലയിലാകാതെ നോക്കണം. അതിനു പറ്റിയ ഒരാളെയായിരുന്നു നിങ്ങള്‍ തേടിക്കൊണ്ട് ഇരുന്നത്. അപ്പോഴാണ് രോഗി ഇച്ഛിച്ചതും പാല്, വൈദ്യന്‍ കല്‍പ്പിച്ചതും പാല് എന്ന രൂപേണ നിങ്ങളുടെ മുന്‍പിലേക്ക് ഒരു ഇര വന്ന് വീഴുന്നത്. അവസരം മുതലാക്കാന്‍ നിങ്ങള്‍ തീരുമാനിച്ചു. അല്ലേ?'

ഇത്രയും കേട്ടുകൊണ്ടാണ് ചോദ്യം ചെയ്യുന്ന റൂമിലേക്ക് ഭാവന കയറി ചെല്ലുന്നത്. എസ്.പിയുടെ സാന്നിധ്യം മറ്റുളളവരില്‍ കൂടുതല്‍ ചടുലത പകര്‍ന്നു. ഇനിയങ്ങോട്ട് എസ്.പിയുടെ വെടിക്കെട്ട് ചോദ്യം ചെയ്യല്‍ ആണെന്ന് ഓര്‍ത്ത് എല്ലാവരും സന്തോഷിച്ചു. വനിതാ എസ്.പിയുടെ തീ പാറുന്ന ചോദ്യം ചെയ്യല്‍ ഡിപാര്‍ട്ട്‌മെന്റില്‍ ഏറെ പ്രശസ്തമാണ്. എത്ര വലിയ ക്രിമിനലും അടിതെറ്റി വീഴുന്ന ചോദ്യം ചെയ്യല്‍ ആണ്. അത് നേരിട്ട് കാണാന്‍ സി.ഐയും എസ്.ഐയും ഡ്യൂട്ടിയിലുള്ള വനിതാ കോണ്‍സ്റ്റബിളും മുമ്പിലേക്ക് വന്നു.

ചന്ദ്രിക ഇരിക്കുന്ന ചെയറില്‍ പിടിച്ചു കൊണ്ട് പല്ലിറുമ്മി പരിഹാസ ചുവയില്‍ ഭാവന തുടര്‍ന്നു...

Interrogation to another level...!

(തുടരും)

അനിത അമ്മാനത്ത്: മലയാളത്തിലും ഇംഗ്ലീഷിലുമായി ഏഴ് കഥ-കവിതാ സമാഹാരങ്ങളില്‍ എഴുതിയിട്ടുണ്ട്. ഡി.സി ബുക്‌സ് വായനാ വാരാഘോഷം-2023 ലെ ബുക് റിവ്യു മത്സര വിജയി. 1111 സ്വന്തം തത്വചിന്ത ഉദ്ധരണികള്‍ തുടര്‍ച്ചയായ 11 ദിവസങ്ങളിലായി എഴുതി പ്രസിദ്ധീകരിച്ച് പുതിയ വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ടൈറ്റില്‍ റെക്കോര്‍ഡ് സെറ്റ് ചെയ്തു. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക പുരസ്‌കാര ജൂറി അവാര്‍ഡ്, ഗാര്‍ഗി മാധ്യമ കൂട്ടായ്മയുടെ മാധവിക്കുട്ടി സ്മാരക ജൂറി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.



TAGS :