ഏജന്റ് നഥാന്‍ - ലിവിങ് ടുഗെതര്‍ | നോവല്‍
ലിവിങ് ടുഗെതര്‍ | അനിത അമ്മാനത്ത് എഴുതിയ നോവല്‍ - അധ്യായം 22
'എന്റെ അളിയന്‍ കൂട്ടിക്കൊടുത്തുകൊണ്ടിരുന്നത് എട്ടുംപൊട്ടും തിരിയാത്ത പെണ്‍കുട്ടികളെയോ, തട്ടിക്കൊണ്ടുവന്നിരുന്ന പെണ്‍കുട്ടികളെയോ ആയിരുന്നില്ല. വിവാഹം കഴിഞ്ഞ ഭര്‍ത്തൃമതികളായിട്ടുള്ള സ്ത്രീകളെ ആയിരുന്നു. അതും അവരുടെ അറിവോടും സമ്മതത്തോടും കൂടി തന്നെ. ഇത് ഇവിടം കൊണ്ടൊന്നും നില്‍ക്കില്ല. ഞാനും എന്റെ രണ്ടു സുഹൃത്തുക്കളും ചേര്‍ത്ത് ഇതിനെക്കുറിച്ച് രഹസ്യ അന്വേഷണം നടത്തി. അതില്‍ നിന്നും മനസ്സിലാകുന്നത് ഇങ്ങനെ വരുന്ന സ്ത്രീകള്‍ ചെയ്യുന്ന കാര്യങ്ങളും തെറ്റുകളും എല്ലാം അവരുടെ ഭര്‍ത്താക്കന്മാര്‍ക്കും അറിയാം എന്നുള്ളതാണ്. വിവാഹം കഴിച്ച് കുടുംബമായി താമസിക്കുന്ന സ്ത്രീകളെ അവരുടെ ഭര്‍ത്താവിന്റെ സമ്മതത്തോടുകൂടി അവസരം ഉണ്ടാക്കി കൊടുക്കുന്ന അളിയനെ ഞാന്‍ എന്ത് ചെയ്യണം? മാഡം തന്നെ പറയു, ഞാന്‍ എന്ത് ചെയ്യണം?' അലക്‌സ് തലയില്‍ കൈ വെച്ച് കരഞ്ഞു കൊണ്ട് നിലത്തേക്ക് ഊര്‍ന്നിറങ്ങി തറയില്‍ കുമ്പിട്ട് ഇരുന്നു.
ഭാവന ജയദേവനെ നോക്കിയപ്പോള്‍ ജയദേവന്‍ അലക്‌സിനെ പിടിച്ച് എഴുന്നേല്‍പ്പിച്ച് അടുത്തുള്ള ബെഞ്ചിലേക്ക് ഇരുത്തിയപ്പോള്‍ ഏങ്ങലിന് ഇടയിലൂടെയും അലക്‌സ് പറഞ്ഞു കൊണ്ടേ ഇരുന്നു,' ഇതിലെ ഭീതിപ്പെടുത്തുന്ന കാര്യം എന്തെന്നാല്‍ ഈ നാറിയ പരിപാടിക്ക് ഇറങ്ങി തിരിക്കുന്ന പുരുഷന്മാരും വിവാഹിതരാണ് എന്നതാണ്. പിന്നെ ഇവരെയെല്ലാം പൊലീസിനെ കൊണ്ട് പിടിപ്പിച്ചിട്ടും കാര്യമെന്ത്? പ്രായപൂര്‍ത്തി ആയവരല്ലേ? 'മ്യൂച്ചല്‍ കണ്‍സന്റ് ' എന്ന രണ്ട് വാക്കില്‍ പുഷ്പം പോലെ ഊരി പോരില്ലേ? എന്നിട്ട് വലിയ കുട്ടപ്പന്‍മാരായി റോഡില്‍ ഇറങ്ങി വിലസും.'അലക്‌സ് ചുണ്ടിന്റെ കോണില്‍ വന്ന പരിഹാസം ഉള്ളില്‍ ഒതുക്കി എസ്.പിയെ ഒന്ന് നോക്കി.
അധികം വൈകാതെ എസ്.പി ജീപ്പില്‍ കയറി ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് തിരിച്ചു.
'മാഡം... അവന്‍ പറഞ്ഞതിന്റെ അര്‍ഥം...?' ജയദേവന്‍ പാതിയില്‍ നിര്‍ത്തി.
'സംശയിക്കേണ്ടടോ... അത് തന്നെ... അവള്‍ സ്വന്തം ഭര്‍ത്താവിനെയും കൊന്ന് മക്കളെയും കൂട്ടി ആത്മഹത്യ ചെയ്തു.''
''സമാനമായ മറ്റ് കേസുകളിലെല്ലാം അതിലെ ലിവിംഗ് പാര്‍ട്ട്ണറായ സ്ത്രീകളുടെ ഭര്‍ത്താക്കന്‍മാരെല്ലാം ഒന്നോ രണ്ടോ ആഴ്ചക്കുള്ളില്‍ വിവിധ റോഡ് ആക്‌സിഡന്റുകളില്‍ മരിച്ചിരുന്നു. അവന്റെ സംസാരത്തില്‍ എനിക്കൊരു ലിങ്ക് ഫീല്‍ ചെയ്തു. എവിടെയോ പഴയ കേസുകളും സംഭവങ്ങളും അവന്‍ തൊടാതെ തൊട്ടുള്ള സംസാരം.' ജയദേവന്‍ ആവര്‍ത്തിച്ചു.
'അതേ... അവന്‍ ഉപയോഗിച്ച വാക്കുകളുടെ ഓര്‍ഡര്‍ താന്‍ ശ്രദ്ധിച്ചിരുന്നുവോ?
വിവാഹിതരായ സ്ത്രീകള്‍ - അവരുടെ ഭര്‍ത്താക്കന്‍മാര്‍ - മരണം '
'അങ്ങനെ പറയുമ്പോള്‍... അടുത്തത്?' അത്രയും പറഞ്ഞ് സി.ഐ നടപ്പിന്റെ വേഗം നിര്‍ത്തി എസ്.പിയെ നോക്കി...
'ആദം...?' വിശ്വാസം വരാതെ ജയദേവന്‍ ചോദിച്ചപ്പോള്‍ ഭാവന നിഗൂഢമായ ചിരി മാത്രം മറുപടിയായി കൊടുത്തു.
'ഇപ്പോള്‍ ഇവന്റെ സംസാരത്തില്‍ നിന്നും മനസ്സിലായില്ലേ അതൊന്നും സ്വാഭാവികമായ റോഡ് ആക്‌സിഡന്റ് അല്ലായിരുന്നുവെന്ന്. വെല്‍പ്ലാന്റ്ഡ് മര്‍ഡേഴ്‌സ്.. അവനല്ലെങ്കില്‍ മറ്റൊരുത്തന്‍ ഉദ്ദേശിച്ച കാര്യം നടത്തും. അത്രമാത്രം കുടുംബങ്ങള്‍ ഈ റാക്കറ്റ് നശിപ്പിച്ചു കഴിഞ്ഞു. സ്വന്തം സഹോദരിയുടെയോ മകളുടേയോ ജീവിതം നശിപ്പിച്ച പകയില്‍ അവര്‍ സ്വയം ചാവേറുകളായി ഇറങ്ങിയിരിക്കുകയാണ്. ആ ഇമോഷണല്‍ ബ്രെയ്ക്ക്-അപ്പിന് മുമ്പില്‍ നമുക്കൊന്നും പിടിച്ച് നില്‍ക്കാന്‍ ആകില്ലെടോ. അര്‍ഹിക്കുന്ന ശിക്ഷയാണ് ഓരോരുത്തരും ഇരന്ന് വാങ്ങുന്നത്. പെണ്ണിനെ പീഡിപ്പിച്ചും കെട്ടി തൂക്കിയും ജയിലില്‍ പോകുന്നവന്‍മാര്‍ തിരിച്ചു വരുന്നത് ഓസ്‌കാര്‍ വേദിയില്‍ നിന്നും വരുന്നതുപോലെയാണ്. താന്‍ ഉറപ്പിച്ചോ...അടുത്ത കൊലപാതകം ആദത്തിന്റെ തന്നെ. '
സംസാരത്തിനെ മുറിച്ചു കൊണ്ട് വന്ന് ഡിസ്‌പ്ലേയില്‍ തെളിഞ്ഞ ഫോണ്‍ നമ്പര്‍ ഓണ്‍ ആക്കി ചെവിയിലേക്ക് വെച്ചു.
'ഹലോ... ആരാണ്... 'മൊബൈലില്‍ മറുഭാഗത്തിന്റെ വര്‍ത്തമാനം അനുസരിച്ച് ഭാവനയുടെ മുഖത്തിന്റെ ഭാവവും നിറവും മാറി വരുന്നു.
റോഡ് ആക്‌സിഡന്റില്‍ കുറച്ച് സീരിയസ് ആയി ആദം ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയിരുന്നു, കുറച്ചു മുമ്പ് മരിച്ചു. ഡോക്ടര്‍ അവരുടെ ബന്ധുക്കളെ വിവരമറിയിച്ചിരിക്കുന്നു.
അങ്ങനെ ആദവും യാത്രയായി.
***** ***** *****
'ഏല്‍പ്പിച്ച കാര്യം എന്തായി? അനന്തരാമനെ നോക്കി കൊണ്ട് ഷാജഹാന്‍ ചോദിച്ചു. ഭാവനയുടെ ക്യാബിനില്‍ ആണ് മൂന്നു പേരും.
പോക്കറ്റില്‍ നിന്നും ഒരു പെന്‍ ഡ്രൈവ് എടുത്ത് എസ്.പിക്ക് നേരെ നീട്ടി. അത് കയ്യില്‍ കിട്ടിയ ഉടന്‍ ലാപ് ടോപ്പ് തുറന്നു.
കഴിഞ്ഞ ദിവസം തന്റെ ഓഫീസില്‍ വന്ന നഥാന്റെ ഭാര്യ എസ്.പിയെ കണ്ടതിനു ശേഷം ഭര്‍ത്താവിനെ കാണണം എന്ന് അഭ്യര്‍ഥിച്ചിരുന്നു. അവരുടെ കൂടിക്കാഴ്ചയില്‍ നിന്നും കേസിനാവശ്യമായ എന്തെങ്കിലും തുമ്പ് തടയുമെന്ന പ്രതീക്ഷയില്‍ പൊലീസിന്റെ അദൃശ്യയന്ത്രങ്ങളും പ്രവര്‍ത്തിച്ചിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യല്‍ സങ്കേതത്തിലേക്ക് താരക കടന്നു ചെല്ലുന്നു... അത് ലാപ്‌ടോപ്പില്‍ കണ്ട് ഷാജഹാനും ഭാവനയും പരസ്പരം നോക്കി.
'താര... നീയോ...'
'ഒട്ടും പ്രതീക്ഷിച്ചില്ല എന്നെ... അല്ലേ? ജയിലിലേക്ക് പോകാനുള്ള തയ്യാറെടുപ്പ് ആണല്ലേ!' അവളുടെ സ്വരത്തില്‍ പുച്ഛവും അമര്‍ഷവും കലര്‍ന്നു.
നഥാന്‍ മറുപടി ഒന്നും പറയാതെ താഴേക്ക് നോക്കി നിന്നു.
'എന്തേ നാവിറങ്ങി പോയോ? അമ്മയുടെ കൂടെ ചേര്‍ന്ന് എന്നെ കൂട്ടം ചേര്‍ന്നാക്രമിക്കുമ്പോള്‍ ആഹ്‌ളാദിച്ചിരുന്ന ആളല്ലേ? ഞാനെപ്പോഴും പറയാറുള്ളതല്ലേ മറ്റുള്ളവരുടെ വാക്കുകള്‍ കേട്ട് തുള്ളുന്നവര്‍ കുഴിയില്‍ വീഴുകയേ ഉള്ളൂ എന്ന്. അവരെല്ലാം കുഴിയിലേക്ക് തള്ളിയിടാന്‍ മാത്രമേ കാണൂ. പക്ഷേ, കുഴിയില്‍ വീണത് നിങ്ങള്‍ മാത്രമാണ്. അന്ന് ഞാന്‍ അത് പറയുമ്പോള്‍ നിങ്ങള്‍ക്ക് പുച്ഛമായിരുന്നു. എന്നെ ഒഴിവാക്കാന്‍ വേണ്ടി നിങ്ങളെക്കൊണ്ട് വേണ്ടാത്ത പ്രവര്‍ത്തികളെല്ലാം അവര്‍ ചെയ്യിച്ചു. പക്ഷേ, ജയിലില്‍ പോകാന്‍ അവരൊക്കെ കൂടെ ഉണ്ടോ? ഒന്നു സഹതപിക്കാന്‍ പോലും നിങ്ങളുടെ ആ പ്രിയപ്പെട്ടവര്‍ കടന്നു വരില്ല. കാരണം, അവര്‍ ഉദ്ദേശിച്ച കാര്യം നടന്നു കഴിഞ്ഞു. നമ്മുടെ കുടുംബം താറുമാറാക്കുക എന്ന അവരുടെ അജണ്ട ഭംഗിയായി നടത്തി കൊടുത്തതിന് എന്റെ ഭര്‍ത്താവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. സ്വന്തം അമ്മയുടെ ആഗ്രഹമാണല്ലോ നിങ്ങള്‍ക്ക് എല്ലാ കാലത്തും വലുത്. അമ്മയുടെ ആഗ്രഹപ്രകാരം സ്വന്തം കുടുംബം തകര്‍ത്തെറിഞ്ഞ നിങ്ങളെ എങ്ങനെ അനുമോദിച്ചാലും മതിയാകില്ല. അമ്മയ്ക്ക് സന്തോഷം ഉണ്ടാകാന്‍ ജയിലില്‍ കിടന്നാലും കുഴപ്പമില്ല, അല്ലേ?'
'താര... പ്ലീസ്... ഒന്നു പോയി തരാമോ...' അയാള്‍ ദയനീയമായി കേണു. അവളുടെ പരിഹാസ വാക്കുകളില്‍ അയാള്‍ തീപ്പൊള്ളലേറ്റ പോലെ വെന്ത് കരിഞ്ഞു.
'അയ്യോ! ഞാന്‍ ഇവിടെ സമാധാനിപ്പിക്കാന്‍ വന്നതോ സഹതപിക്കാന്‍ വന്നതോ ഒന്നുമല്ല. നിങ്ങളറിയാത്ത കുറച്ച് വിഷയങ്ങളുണ്ട്. അതിനെക്കുറിച്ച് പറയാന്‍ വേണ്ടി മാത്രം വന്നിട്ടുള്ളതാണ്. പിന്നെ നിങ്ങളുടെ കേസ്, ജാമ്യം തുടങ്ങിയ കാര്യങ്ങള്‍ ഞാന്‍ നോക്കേണ്ടതില്ലല്ലോ. അതിനെല്ലാം നിങ്ങള്‍ക്ക് വിശ്വസ്തര്‍ ഉണ്ടായിരിക്കുമല്ലോ. അവര്‍ അവരുടെ താല്‍പര്യപ്രകാരം ചെയ്യട്ടെ . ഞാന്‍ അതിലൊന്നും ഇടപെടുന്നില്ല.'
'ഇനിയെന്താണ് നിനക്ക് വേണ്ടത്. നീ പറയുന്നത് എന്തും ഞാന്‍ കേള്‍ക്കാം. എനിക്ക് അബദ്ധം പറ്റി പോയി... ക്ഷമി....'
ഠപ്പേ... വാചകം മുഴുവനാക്കും മുമ്പ് താര അയാളുടെ മുഖത്ത് കൈ വീശി ആഞ്ഞ് അടിച്ചിരുന്നു. ചെവിയിലൂടെ പൊന്നീച്ച പാറിയ ആദ്യ നിമിഷത്തില്‍ അയാള്‍ സ്തബ്ധനായി മിഴിച്ച് നിന്നു. എന്താണ് സംഭവിച്ചതെന്ന് പോലും മനസിലായില്ല. ചുവന്ന് കലങ്ങിയ ഇടത്തെ കവിള്‍ത്തടം തടവി അയാള്‍ വിങ്ങിക്കൊണ്ട് പറഞ്ഞു.
'നീ...നീ... നീയെന്നെ തല്ലാന്‍ മാത്രം വളര്‍ന്നോ?'
'ഫ.......തല്ലുകയല്ല, കൊല്ലുകയാണ് വേണ്ടത്! നിന്നെയൊക്കെ പോലെയുള്ള സാമൂഹ്യദ്രോഹികളെ കൊന്ന് ജയിലില്‍ പോയി കിടക്കാന്‍പോലും കുറച്ചിലായോണ്ട് ചെയ്യുന്നില്ല. പിന്നെ ഇപ്പോള്‍ തന്ന സമ്മാനം ഇനിയങ്ങോട്ടുള്ള നടയടിയുടെ തുടക്കമായി എടുത്താല്‍ മതി. പണ്ടൊരിക്കല്‍ നിങ്ങള്‍ എന്റെ മുഖത്ത് കൈ വെച്ചിരുന്നു. അന്ന് ഞാന്‍ ആ അടി സഹിച്ചത് കേവലം ഭാര്യ-ഭര്‍തൃ ബന്ധത്തിന്റെ പുറത്ത് ആയിരുന്നു. ഞാന്‍ ആയി ഒരു പ്രശ്‌നവും തുടങ്ങേണ്ട എന്ന് കരുതി. പക്ഷേ, ഇന്ന് അതേ ബന്ധം തകര്‍ത്ത് താറുമാറാക്കി. സ്വന്തം ഭാര്യക്ക് എതിരേ പരപുരുഷ ബന്ധം വ്യാജമായി സൃഷ്ടിക്കാന്‍ ക്വൊട്ടേഷന്‍ കൊടുക്കാന്‍ മാത്രം നിങ്ങള്‍ വളര്‍ന്നതിനുള്ള ആദ്യ കൂലിയാണ് ഇപ്പോള്‍ തന്നത്. മുതല് മാത്രേ ഇപ്പോള്‍ തരുന്നുള്ളു. ബാക്കി പലിശയും കൂട്ടുപലിശയും താങ്കളുടെ വീട്ടിലെ സ്ത്രീകള്‍ക്ക് അവകാശപ്പെട്ടതാണ്. തങ്ങളും ഒരു സ്ത്രീയാണെന്ന് ഓര്‍ക്കാതെ അവസരം മുതലെടുത്ത് കുടുംബത്തിലേക്ക് കയറി വന്ന പെണ്ണിന്റെ മാനത്തിനെ ബലിയാക്കി സ്വന്തം താല്‍പര്യങ്ങള്‍ ഊട്ടിവളര്‍ത്താനും വെട്ടിപ്പിടിക്കാനും വേണ്ടി നിങ്ങളെ തന്നെ മുന്‍ നിരയില്‍ ഇറക്കി ചാവേറാക്കാന്‍ ഒത്താശ ചെയ്തതിന്. നീയൊക്കെ വിളവ് പഠിച്ച സ്‌കൂളിലെ ഹെഡ്മാഷാണ് ഞാന്‍ എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ. അതുകൊണ്ടാണ് എനിക്കെതിരെ നീ കൊടുത്ത ക്വട്ടേഷന്‍ അറിഞ്ഞും ഒരേ വീട്ടില്‍ നിന്റെയൊക്കെ നിഷ്‌കളങ്ക നാടകം കാണാന്‍ ഞാന്‍ കയ്യും കെട്ടി മുമ്പില്‍ ഇരുന്ന് തന്നത്.
സ്വന്തം ഭാര്യയെ മുംബൈയിലേയും കൊല്‍ക്കത്തയിലേയും റെഡ് സ്ട്രീറ്റില്‍ കൊണ്ടു വില്‍ക്കുന്ന ഭര്‍ത്താക്കന്‍മാരുടെ കഥകള്‍ പത്രങ്ങളില്‍ മാത്രമേ വായിച്ചിട്ടുള്ളു. ഇന്ന് അതേ നിലവാരത്തിലേക്ക് എന്റെ ഭര്‍ത്താവും അധഃപതിച്ചുവെന്ന് ഓര്‍ത്ത് സ്വയം പുച്ഛം തോന്നുന്നു. ആ പദ്ധതി പാളിപ്പോയ ശേഷം നേര്‍ക്കുനേര്‍ കാണുമ്പോഴെല്ലാം നിങ്ങളുടെ മുഖത്ത് കാണുന്ന ജാള്യതയാണ് നിങ്ങള്‍ക്കുള്ള ഏറ്റവും വലിയ ശിക്ഷ.' ഇത്രയും പറഞ്ഞ് മുഖത്തേക്ക് അവള്‍ കാര്‍ക്കിച്ച് തുപ്പി.
നഥാന്‍ മറുപടിയൊന്നും പറയാതെ കള്ളങ്ങള്‍ പിടിക്കപ്പെട്ടത് മനസിലാക്കി കണ്ണിറുക്കി പിടിച്ച് നിന്നു. അതേ... ഇനിയിവളുടെ മുഖത്ത് നോക്കാന്‍ തന്നിലെ ആണത്തത്തിന്റെ ലേശം പോലും അവശേഷിക്കുന്നില്ല. കള്ളങ്ങള്‍ യഥാസമയം പിടിക്കപ്പെട്ടാല്‍ ഇത്രയും അപമാനിതനാകുമോ? ശിരോലിഖിതം പിന്നീട് മറ്റൊന്നു തന്നെ!
'നിങ്ങളുടെ മറ്റവള്‍ ഇസബെല്ലയുടെ അമ്മായി അച്ഛനെ അറിയുമോ? നിങ്ങള്‍ക്ക് അറിയില്ലായിരിക്കാം. പക്ഷേ, എനിക്കറിയാം, മിസ്റ്റര്‍ വര്‍ഗീസ് ഇമ്മാനുവല്‍. സമൂഹത്തില്‍ ഏറെ വിലയും നിലയും അഭിമാനവുമുള്ള അദ്ദേഹം മരുമകളുടെ അപഥസഞ്ചാരം അറിഞ്ഞിട്ടുണ്ടായിരുന്നു. അല്ലെങ്കില്‍ തന്നെ ആദം അവളെ വിവാഹം കഴിച്ചതില്‍ അദ്ദേഹം താല്‍പര്യമില്ലാതെ നില്‍ക്കുകയായിരുന്നു. എങ്കിലും മകന്റെ ജീവിതം അല്ലേ എന്നോര്‍ത്ത് ഒന്ന് ഒതുങ്ങിയതായിരുന്നു. പക്ഷേ, അവളുടെ വഴിവിട്ട ജീവിതത്തിന് മകനും കൂടി അറിവും സമ്മതവും ഉണ്ടെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് സമനില തെറ്റി. മരുമകളെ അവസാനിപ്പിക്കുക എന്നത് മാത്രമായി അദ്ദേഹത്തിന് ഊണിലും ഉറക്കത്തിലും ചിന്ത. എന്നാല്‍, മകനോടുള്ള അത്യധികമായ വാത്സല്യത്താല്‍ അവളെ കൊല്ലാന്‍ ആഗ്രഹിച്ചതുമില്ല, അല്ലെങ്കില്‍ ധൈര്യപ്പെട്ടില്ല. പക്ഷേ, മരുമകളെ യഥാര്‍ഥമായി പിന്തുടര്‍ന്ന് അവളുടെ അപഥസഞ്ചാരങ്ങള്‍ എല്ലാം അറിഞ്ഞു. അവരുടെ വിവാഹം വഴി കുടുംബത്തിന് നേരിട്ട അപമാനത്തിന് കൂടി പകരം ചെയ്യാന്‍ അദ്ദേഹം തുനിഞ്ഞു. അങ്ങനെ ഡേവിസ് വഴി സുഹൃത്ത് ബന്ധം സ്ഥാപിച്ച് അവളുടെ ക്ലയന്റ് എന്ന വ്യാജേന ആ ഹോട്ടല്‍ റൂമില്‍ എത്തി ചേരുകയായിരുന്നു. ഇതിനെല്ലാം വേണ്ട സഹായം ചെയ്തുകൊടുത്തത് ഡേവിസിന്റെ ഭാര്യ ട്രീസയും ആങ്ങള അലക്‌സും തന്നെയായിരുന്നു. '
'അലക്‌സ്?' നഥാന്‍ ഞെട്ടലോടെ ചോദിച്ചു.
'അലക്‌സ്?' ഭാവന കസേരയില്‍ നിന്നും ചാടി എഴുന്നേറ്റു.
ഒരേ സമയം നഥാനും ഭാവനയും ഞെട്ടലില്‍ നിന്നും മുക്തരാകാതെ രണ്ടിടങ്ങളില്‍ ശിലാബിംബങ്ങളായി.
.............
അനിത അമ്മാനത്ത്: മലയാളത്തിലും ഇംഗ്ലീഷിലുമായി ഏഴ് കഥ-കവിതാ സമാഹാരങ്ങളില്‍ എഴുതിയിട്ടുണ്ട്. ഡി.സി ബുക്‌സ് വായനാ വാരാഘോഷം-2023 ലെ ബുക് റിവ്യു മത്സര വിജയി. 1111 സ്വന്തം തത്വചിന്ത ഉദ്ധരണികള്‍ തുടര്‍ച്ചയായ 11 ദിവസങ്ങളിലായി എഴുതി പ്രസിദ്ധീകരിച്ച് പുതിയ വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ടൈറ്റില്‍ റെക്കോര്‍ഡ് സെറ്റ് ചെയ്തു. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക പുരസ്‌കാര ജൂറി അവാര്‍ഡ്, ഗാര്‍ഗി മാധ്യമ കൂട്ടായ്മയുടെ മാധവിക്കുട്ടി സ്മാരക ജൂറി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.