Quantcast
MediaOne Logo

അനിത അമ്മാനത്ത്

Published: 22 Aug 2024 12:34 PM GMT

സീക്രട്ട് ഫയല്‍ - ലിവിങ് ടുഗെതര്‍ നോവല്‍

| അനിത അമ്മാനത്ത് എഴുതിയ നോവല്‍ - അധ്യായം 25

സീക്രട്ട് ഫയല്‍ - ലിവിങ് ടുഗെതര്‍ നോവല്‍
X

'സ്വന്തം അമ്മയുടെ സാരിത്തുമ്പില്‍ തീര്‍ക്കാനുള്ളതാണ് ജീവിതം എന്ന ബോധ്യം ആദ്യമേ ഉണ്ടായിരുന്നുവെങ്കില്‍ വിവാഹം കഴിക്കാന്‍ പാടില്ലായിരുന്നു. അച്ഛനെയും അമ്മയേയും പെങ്ങളേയും അളിയനേയും ഭയക്കാതെ ഭാര്യയുടെ മുഖത്തുനോക്കി ചിരിക്കാനുള്ള തന്റേടമെങ്കിലും ഉണ്ടെങ്കില്‍ മാത്രം പെണ്ണു കെട്ടുക, മനസ്സിലായോ! ലൈംഗിക ചോദനകള്‍ തീര്‍ക്കുന്നതിനുള്ള ഒരു ഉപകരണം മാത്രമാണ് നിങ്ങള്‍ക്ക് സ്ത്രീ. ഒരു പെണ്ണിനെയും സംതൃപ്തിപ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയില്ല. സംതൃപ്തി എന്ന് പറഞ്ഞാല്‍ ലൈംഗിക സംതൃപ്തിയാണെന്ന് മാത്രം ചിന്തിക്കരുത്. സ്ത്രീക്ക് അതിനും അപ്പുറം ചില കാര്യങ്ങള്‍ ഉണ്ട്.

നിങ്ങളുടെ അച്ഛന്‍ തുടക്കം മുതല്‍ അമ്മയുടെ സാരിത്തുമ്പില്‍ മാത്രം ജീവിച്ചു തീര്‍ത്ത മലയാള സീരിയല്‍ തറവാട്ടിലെ ഒരു കാരണവരാണ്. എന്നാലോ മകന്‍ ഭാര്യയുടെ കൂടെ ജീവിക്കുന്നതിനേക്കാള്‍ അദ്ദേഹം താല്‍പര്യപ്പെട്ടത് മകനും അമ്മയുടെ അടിമയായി ജീവിക്കണം എന്നുള്ളതാണ്. ഇതെല്ലാം ഇങ്ങനെ സംഭവിച്ചാല്‍ പോലും വഴിപിഴച്ചു പോയ മകള്‍ക്ക് ജീവിതം നഷ്ടപ്പെടരുത് എന്നും നിങ്ങള്‍ മൂന്നുപേരും ആഗ്രഹിച്ചു. അതിനുവേണ്ടി അവളുടെ ജീവിതകഥ എന്റെ കഥയാക്കി നാട്ടില്‍ പരത്തി. ആ പരിപ്പ് ഈ കലത്തില്‍ വേവില്ല. നിങ്ങള്‍ പാടി പറഞ്ഞു നടക്കുന്ന കഥകള്‍ ആരുടെ കഥയാണെന്ന് ഇന്ന് എല്ലാവര്‍ക്കും അറിയാം. മാനഹാനി എല്ലാവര്‍ക്കും ഒരുപോലെയാണ്. അതുകൊണ്ടുതന്നെ ഇതെല്ലാം ഞാന്‍ വിളിച്ച് പറയുന്ന അവസ്ഥയിലേക്ക് എത്തിക്കാതെ നിങ്ങള്‍ ഈ യുദ്ധം അവസാനിപ്പിക്കണമായിരുന്നു.

നിങ്ങളുടെ അച്ഛന്റെയും അമ്മയുടെയും ഈഗോ ഒന്നുകൊണ്ട് മാത്രമാണ് നമ്മുടെ ജീവിതം തകര്‍ന്നതും ഇതെല്ലാം എനിക്ക് ചെയ്യേണ്ടി വന്നതും. ഇത് അവര്‍ ചോദിച്ചു വാങ്ങിച്ചതാണ്. തിരിച്ച് നിങ്ങളെ ഒന്നും പറയരുത് എന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരുന്നെങ്കില്‍ അതൊന്നും നിങ്ങള്‍ എന്നോടും പറയാന്‍ പാടില്ലായിരുന്നു. സ്വന്തം മകന്റെ ജീവിതം തകര്‍ന്നാലും മൃദുല വിമര്‍ശനങ്ങള്‍ക്ക് അതീതമാണെന്ന് നിങ്ങള്‍ വിശ്വസിച്ചു. എന്റെ ദേഹത്തേക്ക് എറിഞ്ഞ ചെളി ഞാന്‍ തിരികെ എറിയുന്നു എന്നുമാത്രം കരുതുക. കൂടെ കഴിഞ്ഞവളുടെ മാനത്തിന് ഇന്ന് വിലയിട്ട നിന്നെ നിന്റെ അമ്മയും പെങ്ങളും പേടിക്കണം. ആവശ്യം വന്നാല്‍ അവരോടും നീ ഇതെല്ലാം ചെയ്യും. അത്രയ്ക്ക് അധഃപതിച്ചവനാണ് നഥാന്‍ എന്ന ക്രിമിനല്‍.'

മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ വര്‍ത്തിക്കണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അതുപോലെതന്നെ അവരോടും വര്‍ത്തിക്കുക.

(ബൈബിള്‍ വചനം : ലൂക്ക 6:31 )

നഥാന് മറുപടി ഇല്ലായിരുന്നു.

ഹിഡന്‍ ക്യാമറയിലെ രംഗങ്ങള്‍ കണ്ട ശേഷം ഭാവന ഷാജഹാനോട് പറഞ്ഞു, 'താരക തന്റെ ഭര്‍ത്താവിനെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തന്നെ ഹിഡന്‍ കാമറ സ്ഥാപിച്ച തീരുമാനം അസ്ഥാനത്തായില്ല.' ദീര്‍ഘനിശ്വാസത്തോടെ തന്റെ ചെയറിലേക്ക് ഒന്ന് അമര്‍ന്ന് ഇരുന്നു. കണ്ണുകള്‍ അടച്ച് ആലോചിച്ചു കേസ് ഫയലിന്റെ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് സമര്‍പ്പിക്കണം.

'മൃദുലയുടേയും പ്രിയദര്‍ശന്റേയും മൊഴികളും ഈ കുറ്റകൃത്യത്തിലേക്ക് അവരെ നയിച്ച മോട്ടീവ് വ്യക്തമാക്കുന്നുണ്ട് മാഡം. എല്ലാം ആരംഭിക്കുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സ്വന്തം മകളായ മൃദുലയുടെ കോട്ടയം സ്വദേശിയുമായുള്ള ബന്ധത്തില്‍ നിന്നാണ്. തുടര്‍ന്ന് മകളുടെ വഴിവിട്ട ജീവിതം അവസാനിപ്പിക്കാന്‍ ചന്ദ്രികയും ബാഹുലേയനും നഥാനും അവള്‍ക്ക് മുമ്പില്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നു. അവള്‍ എവിടെ താമസിച്ചാലും അതിന് മുന്നില്‍ വന്ന് ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുടെ മുമ്പില്‍ അവള്‍ മറ്റൊരുവനെ വിവാഹം ചെയ്യാനും വിവാഹിത എന്ന ലേബലിന്റെ മറവില്‍ പഴയ ജീവിതം തുടരാനും തീരുമാനിക്കുന്നു. സ്വന്തം വൈകല്യങ്ങള്‍ കാരണം കാമുകി ഉപേക്ഷിച്ച അവസ്ഥയില്‍ മോങ്ങി കൊണ്ടിരുന്ന പ്രിയദര്‍ശനെ മൃദുലയുടെ പൂര്‍വ്വകാലം പ്രശ്‌നമാകാത്ത രീതിയില്‍ സ്ത്രീധനം കൊണ്ട് മൂടുന്നു. എന്നാല്‍, നഥാന്റെ വിവാഹം കഴിഞ്ഞതോടെ കാര്യങ്ങള്‍ മാറി മറയുന്നു. മൃദുലയുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളില്‍ സ്വതവേ അസ്വസ്ഥരായവര്‍ അവള്‍ക്കും അത്തരമൊരു ജീവിതം കാണുമെന്നും മൃദുല നാണം കെട്ട അതേ രീതിയില്‍ മരുമകളും നാണം കെടണമെന്നും ആ കടുത്ത മാനസിക രോഗികള്‍ തീരുമാനിക്കുന്നു. അവരുടെ ഭ്രാന്തന്‍ ചിന്തകള്‍ നഥാന്റെ ജീവിതത്തിനെ ഇത്രയിടം അവരെ എത്തിച്ചു. അതിന്റെ ഭാഗമായാണ് സ്വന്തം ജീവിതത്തില്‍ ലിവിംഗ് ടുഗതറിനെ കുറിച്ച് ആലോചിക്കുന്നതും ഭാര്യയുടെ ജീവിതം കൂടി നശിപ്പിക്കണമെന്ന ചിന്തയില്‍ പരപുരുഷ ബന്ധത്തില്‍ സ്വന്തം വീടിന്റെ ഉള്ളില്‍ വെച്ചു തന്നെ അവളെ പിടികൂടണമെന്ന പ്ലാനുകളാല്‍ ക്വൊട്ടേഷന്‍ കൊടുക്കുന്നതും. എല്ലാവരും മൃദുലയെ പോലെ ആണെന്നുള്ള ചിന്തയാണ് കുറ്റകൃത്യത്തിലേക്കുള്ള അവരുടെ മോട്ടീവ്. ഭ്രാന്തിന്റെ വ്യത്യസ്തമായ തലം എന്നു വേണമെങ്കില്‍ പറയാം. അതിന് ഉപയോഗിച്ച ഇര മാത്രമായിരുന്നു ഇസബെല്ല. ഈ കൊച്ചു കേരളത്തിന് ഇതെല്ലാം താങ്ങാന്‍ കഴിയുമോ എന്നതാണ് ഭയം' ഷാജഹാന്‍ കൃത്യത്തിനെ ക്രോഡീകരിച്ചു കൊണ്ട് പറഞ്ഞു നിര്‍ത്തി.

'എടോ ഇതൊന്നും ആദ്യ സംഭവം അല്ല. ഇങ്ങനെയെല്ലാം ചിന്തിക്കാന്‍ കഴിയുമോ എന്ന് അതിശയപ്പെടുത്തുന്ന എത്രയോ ക്രിമിനല്‍ കേസുകള്‍ നമ്മള്‍ നിത്യേന കാണുന്നതാണ്. മനുഷ്യന്റെ ഇമോഷന്‍സിന് ഏല്‍ക്കുന്ന മുറിവുകള്‍ അവനെ കൊടും കുറ്റവാളിയാക്കാന്‍ മടിക്കില്ല. സ്വന്തം ഭാര്യയുടെ പൂര്‍വ്വ ചരിത്രവും വിവാഹ ശേഷവും അവള്‍ തുടര്‍ന്നു വന്ന അന്യ പുരുഷന്‍മാരുമായുള്ള പരിധിയില്‍ കവിഞ്ഞ ബന്ധങ്ങളും പ്രിയദര്‍ശനെ അവളെ തലയില്‍ വെച്ചു തന്ന വീട്ടുകാരെ വേരോടെ നശിപ്പിക്കാനുള്ള പകയില്‍ എത്തിച്ചു. അത് അയാളെ യവനികയ്ക്ക് പുറകില്‍ നിന്നും തന്ത്രപൂര്‍വ്വം ചരടു വലിയ്ക്കുന്ന സൂത്രധാരനാക്കി.' ഭാവന പറഞ്ഞു നിര്‍ത്തി.

'യെസ് മാഡം. വിവാഹത്തിന് മുമ്പ് പോക്കറ്റ് മണിക്കായി മൃദുലയെ പോലെ വേശ്യാവൃത്തി ചെയ്യുന്ന പെണ്‍കുട്ടികളെ കുറിച്ച് ഒരു ഡോക്യുമെന്ററി കണ്ടത് ഓര്‍ക്കുന്നു. ഇവളുമാരുടെ വഴിവിട്ട ജീവിതം പൊന്നും പണവും കാശും വെച്ച് ഒതുക്കി തീര്‍ത്ത് അവളുടെ വീട്ടുകാര്‍ ഏതെങ്കിലും ഒരുത്തന്റെ പെടലിക്ക് കെട്ടി വെയ്ക്കും. കഥകള്‍ അറിയാതെ കെട്ടുന്നവന്‍ ഭാഗ്യവാന്‍. എന്നാല്‍, കഥകള്‍ അറിഞ്ഞ് കെട്ടുന്നവന്‍ സ്ത്രീധനത്തുകയുടെ പകിട്ട് അവസാനിച്ചാല്‍ ഇതുപോലെ പക ആളിക്കത്തിച്ചും ഊതിപ്പെരുപ്പിച്ചും സ്വയം മനോരോഗിയായി മറ്റുള്ളവരെ നശിപ്പിക്കും. നമ്മള്‍ ക്ലോസ് ചെയ്ത ലിവിംഗ് ടുഗതര്‍ പാര്‍ട്‌ണേഴ്‌സിന്റെ കൊലപാതകങ്ങളില്‍ ഇതുപോലെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു ഇന്‍സിഡന്റിന്റെ ഒരു തീപ്പൊരി കാണാം മാഡം. പിന്നീട് ആളിക്കത്തുന്ന ആ തീ മൊത്തം കുടുംബത്തെയും വിഴുങ്ങിയ ശേഷമേ അടങ്ങുകയുള്ളു.'

ഓരോരുത്തരും ചെയ്ത പ്രവൃത്തിയുടെ കൂലിയാണ് ഇന്ന് ഇവിടെ വാങ്ങുന്നത്. താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍ താന്താന്‍ അനുഭവിച്ചീടുകെന്നേ വരൂ...

ആദത്തിന്റെ അച്ഛന്‍ വര്‍ഗീസ് ആണ് മരുമകളെ കൊല ചെയ്ത് മകന്റെ ജീവിതം കുട്ടിച്ചോറാവാതിരിക്കാന്‍ ശ്രമിച്ചത്, അതാണ് ഇപ്പോള്‍ താരക തുറന്നു പറഞ്ഞിരിക്കുന്നത്. സ്വന്തം മകനെ കൊല്ലാന്‍ കൈവിറച്ച ആ അച്ഛനുവേണ്ടി വിശ്വസ്തനായ ഡ്രൈവര്‍ അലക്‌സ് മകനേയും കൊലപ്പെടുത്തി. എല്ലാത്തിനും കൂട്ടു പ്രതിയായ താരകയുടെ മൊഴിയുമുണ്ട്. നഥാനും ബാഹുലേയനും ചന്ദ്രികയും ചേര്‍ന്ന് നടത്തിയ കൂട്ടുകൃഷിയുടെ പിന്നാമ്പുറങ്ങള്‍ ഇനിയുമുണ്ട്. അവരെ പൂട്ടാനുള്ള വകുപ്പുകള്‍ ഇട്ട് അങ്ങ് മണിച്ചിത്രത്താഴ് ഇട്ട് പൂട്ടണം. സ്വന്തം ഭാര്യയെ നോക്കാന്‍ സമയമില്ലാതെ നാടു മുഴുവന്‍ പെണ്ണുപിടിച്ച് നടന്ന് കുഞ്ഞുങ്ങളെ അനാഥരാക്കുന്ന ഇവനെ പോലെയുള്ള കാമപ്പിശാചുക്കള്‍ ഇനി കുറച്ച് കാലം ജയിലില്‍ വിശ്രമിക്കട്ടെ.'

'നിസാരമെന്ന് തോന്നുമെങ്കിലും സംഗതി എത്ര ഭീകരമാണ് മേഡം. അവന്റെ തള്ളയുടേയും തന്തയുടേയും ദുര്‍വാശി എത്ര ജീവിതങ്ങളെയാണ് ബലി കൊടുത്തത്. കുടുംബത്തിലെ നിലവിളക്ക് ആകാനും കരിവിളക്കായി കുടുംബം നാനാവിധമാക്കാനും ചന്ദ്രികയെ പോലെ പക പെറ്റ ഒരു പെണ്ണ് തന്നെ ധാരാളമാണ്. ദ മോസ്റ്റ് ഡെയ്ഞ്ചറസ് ഏന്റ് വേഴ്സ്റ്റ് ആനിമല്‍ ആണ് ചന്ദ്രിക. അതുകൊണ്ട് അര്‍ഹിക്കുന്ന കൂലി എല്ലാവരേയും പോലെ അവര്‍ക്കും കിട്ടാതിരിക്കുമോ ഷാജഹാന്‍. കാലം പകരം ചോദിക്കാത്ത ഒരു കണക്കും അവശേഷിക്കുന്നില്ല. ഒന്ന് പിന്തിരിഞ്ഞ് നോക്കിയാല്‍ സംഭവിച്ചതെല്ലാം അവര്‍ ഇരന്ന് വാങ്ങിയതാണെന്ന് കാണുന്നില്ലേ. ഒരു വാക്കും നോക്കും പ്രവൃത്തിയും അണുവിട തെറ്റാതെ തിരിച്ച് കിട്ടുന്നില്ലേ. ഇതു തന്നെയാണ് നീതി. എല്ലാ തെറ്റുകളും നന്മയുടെ മാര്‍ഗത്തിലൂടെ തിരുത്തുക സാധ്യമല്ല, ചില തിന്മയെ തിന്മ കൊണ്ടു തന്നെ നേരിടേണ്ടിവരും. അത്തരത്തില്‍ ഒന്നാണ് ഇതും.'

'ഇതിനെയാണോ മാര്‍ഗം ലക്ഷ്യത്തെ സാധൂകരിക്കും എന്ന് നിങ്ങളുടെ പുസ്തകത്തില്‍ പറയുന്നത്. 'ഷാജഹാന്‍ ചോദിച്ചു.

'അത് വെറും പുസ്തകം അല്ല, ഭഗവത്ഗീതയാണ്. അതില്‍ പറഞ്ഞത് ഏറെ ശരിതന്നെയാണ്.'

***********************

കഥയുടെ അവസാന പേജിലെ അവസാന വരിയും വായിച്ച് കഥാകൃത്ത് ലക്ഷ്മണന്‍ ശ്രീവാസ്തവ മുമ്പിലിരിക്കുന്ന ലോകപ്രശസ്ത സിനിമ സംവിധായകനെ നോക്കി.

മൃണാള്‍ ദ്വാവിക്!

കഥ കേള്‍ക്കാന്‍ അദ്ദേഹത്തിന്റെ സമയം കിട്ടിയാല്‍ തന്നെ പടം വിജയിക്കുമെന്നാണ് പ്രൊഡ്യൂസേഴ്‌സ് ഒറ്റ ശബ്ദത്തില്‍ പറയുന്നത്. ഏത് കഥയിലും അദ്ദേഹത്തിന്റേതായ മാജിക്കല്‍ ടച്ച് വന്നാല്‍ പടം സൂപ്പര്‍ ഹിറ്റാണ്. ബോക്‌സോഫീസും നിറയും അവാര്‍ഡുകളും പെയ്തിറങ്ങും.

മൃണാള്‍ പ്രതിമ കണക്കെ ഇരിക്കുകയാണ്. ഒരു നിമിഷം ലക്ഷ്മണന്‍ ശങ്കിച്ചു.

'സര്‍... ഇതാണ് കഥ. അഭിപ്രായം പറയുമോ? ഇഷ്ടമായോ?'

അപ്പോഴാണ് വാതില്‍ പാളിക്ക് അടുത്ത് മൃണാളിന്റെ ഭാര്യ ദക്ഷയെ കണ്ടത്. കഥയുടെ ആഴത്തിലേക്ക് ഇറങ്ങിയ അവര്‍ അവിടെ ദക്ഷയുടെ സാന്നിധ്യം അറിഞ്ഞിരുന്നില്ല. അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകള്‍ മൃണാളിനോട് സംവദിക്കുന്നുണ്ടായിരുന്നു.

'ഈ കഥ സംവിധാനം ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ, കഥ പൂര്‍ണ്ണമല്ലല്ലോ ലക്ഷ്മണ്‍. ക്ലൈമാക്‌സ് ഇതല്ല.'

''അതെന്താ സര്‍ അങ്ങനെ തോന്നിയത്.'' പുഞ്ചിരിച്ചു കൊണ്ട് ലക്ഷ്മണ്‍ ചോദിച്ചു.

'യു ആര്‍ അബ്‌സൊല്യൂട്ടലി റൈറ്റ് സര്‍. സാറിന് കഥ ഇഷ്ടപ്പെട്ടെങ്കില്‍ മാത്രം പ്ലാന്‍ ബി പറയാമെന്ന് കരുതിയാണ്. മാത്രവുമല്ല പ്ലാന്‍ ബിയുടെ കഥ എനിക്ക് അജ്ഞാതമാണ്. അത് മറ്റൊരാളുടെ പെര്‍മിഷന്‍ ഇല്ലാതെ എനിക്ക് എഴുതാന്‍ സാധിക്കുന്നതല്ല. അവരെ കാണാന്‍ ഉള്ള അപ്പോയന്റ്‌മെന്റ് എടുക്കാം. സര്‍ കൂടെ വന്നാല്‍ അത് സിനിമയ്ക്ക് ഗുണം ചെയ്യും. എന്റെ സുഹൃത്ത് സച്ചിനും കൂടെ ഉണ്ടാകണമെന്ന അഭിപ്രായവുമുണ്ട്.'

'സച്ചിന്‍ ? അതാര് ? '

'സച്ചിന്‍ സുഗന്ധ്. അവനെ സാര്‍ അറിയുമായിരിക്കും. മീഡിയ പേഴ്‌സണ്‍ ആണ്.'

'ഓ... എസ്.. ഐ നോ ഹിം.. ഹി ഈസ് ഫാബുലസ് ഇന്‍ ഹിസ് വര്‍ക്ക്. പ്ലീസ് ടെല്‍ ഹിം ടു ജോയിന്‍ അസ്.'

'ഷുവര്‍ സര്‍..'

ഒരാഴ്ചക്ക് ശേഷം നീണ്ടു നിവര്‍ന്ന് കിടക്കുന്ന ഹൈവേയിലൂടെ ലക്ഷ്മണിന്റെ കാര്‍ ലക്ഷ്യ സ്ഥാനത്തേക്ക് കുതിക്കുകയാണ്. മൃണാളുമായി ആദ്യമായാണ് കഥയും സിനിമയും അല്ലാതെ ലക്ഷ്മണ്‍ ഇടപെടുന്നത്. മൃണാളിന്റെ ഓരോ വാക്കും ലക്ഷ്മണിനെ അതിയായി ഉത്സാഹഭരിതനായി. എറണാകുളത്ത് നിന്നും ആരംഭിച്ച യാത്ര ഇടുക്കിയിലെ ഒരു റിസോര്‍ട്ടിന് മുമ്പില്‍ അവസാനിച്ചു.

'താന്‍ എന്താ കഥ കേള്‍ക്കാന്‍ വന്നതാണോ അതോ ലോക്കേഷന്‍ നോക്കാനോ?''കാടിന്റെ മനോഹാരിതയും വെള്ളച്ചാട്ടവും കണ്ടപ്പോള്‍ മൃണാള്‍ ചോദിച്ചു.

'നമുക്ക് തെറ്റിയിട്ട് ഒന്നുമില്ല, ഇവിടെ വന്നത് കഥ കേള്‍ക്കാന്‍ തന്നെ. ഈ റിസോര്‍ട്ടിലാണ് നമ്മളെ കാത്തിരിക്കുന്ന ക്ലൈമാക്‌സ് ഉള്ളത്.'

'ഈ സസ്‌പെന്‍സ് കളഞ്ഞിട്ട് ആ ട്വിസ്റ്റ് എന്താണെന്ന് പറഞ്ഞിട്ടുണ്ടായിരുന്നെങ്കില്‍ വളരെ നന്നായിരുന്നു.' തമാശരൂപണ മൃണാള്‍ ചുമലില്‍ തട്ടി പറഞ്ഞു.

അവര്‍ ഇറങ്ങി റിസപ്ഷനില്‍ എത്തി റിസപ്ഷനിസ്റ്റിനോട് സംസാരിച്ചുകൊണ്ടിരിക്കെ സച്ചിന്‍ കടന്നുവന്നു രണ്ടുപേരെയും വിഷ് ചെയ്തുകൊണ്ട് സച്ചിന്‍ അവരെ ബുക്ക് ചെയ്തിട്ടുള്ള മുറിയിലേക്ക് കൊണ്ടുവന്നു. പിന്നാലെ അവരുടെ ലഗേജുമായി റൂംബോയും എത്തി. ഒരു ചെറിയ വിശ്രമത്തിനുശേഷം അവര്‍ കാര്യത്തിലേക്ക് കടന്നു.

'ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സമൂഹത്തിലെ പല പ്രശ്‌നങ്ങളും എന്റെ അടുക്കലേക്ക് എത്താറുണ്ട്. ചിലതെല്ലാം മാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിക്കാന്‍ സാധിക്കുന്നവ ആയിരിക്കും. മറ്റു ചിലത് ഭരണാധികാരികളെയും നിയമപാലകരെയും ഞങ്ങള്‍ക്ക് അറിയിക്കേണ്ടതായും വന്നേക്കും. ലക്ഷ്മണ്‍ എന്റെ അടുത്ത സുഹൃത്താണ്. ഒരു സിനിമ ചെയ്യുക എന്ന അവന്റെ ആഗ്രഹം എനിക്ക് അറിയാവുന്നതും ആണ്. ഞങ്ങളുടെ ഇടയിലേക്ക് കടന്നു വരികയും ഊണും ഉറക്കവും നഷ്ടപ്പെടുത്തിയ താരക എന്ന സഹോദരിയുടെ കഥ ജനങ്ങള്‍ അറിയണമെന്ന് തോന്നി. അങ്ങനെ ലക്ഷ്മണ്‍ കഥയെഴുതുകയും സാറിനെ വായിച്ച് കേള്‍പ്പിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഞങ്ങള്‍ സാറിന്റെ ഡേറ്റിനു വേണ്ടി പിന്നാലെ നടക്കുന്നു. സാര്‍ അല്ലാതെ മറ്റാരു ചെയ്താലും ഇത് ശരിയാകുമെന്ന് വിശ്വസിക്കുന്നില്ല. സര്‍ ഒ.കെ പറയുകയാണെങ്കില്‍ മാത്രം ഈ കഥയുടെ അവസാന ഭാഗം വെളിപ്പെടുത്തിയാല്‍ മതിയെന്ന തോന്നലില്‍ ആണ് ആ ഭാഗം മൂടി വെച്ചത്. എന്നാല്‍, മൂടിവെച്ച ആ രഹസ്യം ഒരു സംവിധായകന്‍ എന്നതിലുപരി പ്രേക്ഷകന്‍ എന്ന നിലയില്‍ കഥ കേട്ടതിനാല്‍ സര്‍ കൃത്യമായും മനസിലാക്കുകയും ചെയ്തിരിക്കുന്നു.'

'എനിക്ക് സച്ചിനെ മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് മാത്രമാണ് അറിയുന്നത്. എന്റെ ഒന്നോരണ്ടോ ഇന്റര്‍വ്യൂ സച്ചിന്‍ എടുത്തതായും ഞാന്‍ ഓര്‍ക്കുന്നുണ്ട്. ലക്ഷ്മണന്റെ ഫ്രണ്ട് എന്ന നിലയില്‍ സച്ചിന്‍ ഇവിടെ ഉണ്ടാകും എന്ന് സൂചിപ്പിച്ചിരുന്നു. വായിച്ചു കേട്ട കഥയെക്കാള്‍ കൂടുതല്‍ നിഗൂഢമായ മറ്റെന്തൊക്കെയോ ഉണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു.'

'സാറിന്റെ ഊഹം തെറ്റിയിട്ടില്ല ഈ കഥയ്ക്ക് പിന്നില്‍ രണ്ടുപേര്‍ കൂടിയുണ്ട്. ഒന്ന് ബാങ്ക് ഉദ്യോഗസ്ഥനായി റിട്ടയര്‍ ചെയ്ത കേശവശങ്കരന്‍, പിന്നെ അദ്ദേഹത്തിന്റെ മകളും എന്റെ ചേച്ചിയുമായ ഭാവന ശങ്കര്‍ ഐ.പി. സ്.'

'ഭാവന... ഭാവന ഐ.പി.എസ് നിങ്ങളുടെ സഹോദരി ആണല്ലേ! ഇപ്പോഴും ഭാവന ഐ.പി.എസിനും സച്ചിന്‍ സുഗന്ധനും ഞങ്ങള്‍ സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയിലുള്ള റോള്‍ എന്തെന്ന് മാത്രം മനസ്സിലായില്ല!'

ഇത് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ആണ് അവര്‍ സംസാരിച്ചുകൊണ്ട് ഇരിക്കുന്നതിന് അടുത്തേക്ക് ഒരു സ്ത്രീയുടെ നിഴല്‍രൂപം വന്നു പതിച്ചത്. അത് ആരാണെന്ന് അറിയാന്‍ മുഖമുയര്‍ത്തി നോക്കി.

'മേഡം ഇവിടെയുണ്ടായിരുന്നോ?'

'ലക്ഷ്മണ്‍ ഞങ്ങളുടെ കുടുംബ സുഹൃത്താണ്. മൃണാളിന് നിങ്ങളുടെ സിനിമാ ചര്‍ച്ചയില്‍ എന്റെ റോളാണ് അറിയാന്‍ ആണ് ആകാംക്ഷ എന്നറിയാം. പക്ഷേ, അതിനു മുമ്പ് ലക്ഷ്മണ്‍ പറയാന്‍ ബാക്കി വെച്ച കഥ ഞാന്‍ മുഴുമിപ്പിക്കാം.

''ലക്ഷ്മണ്‍ എഴുതിയ കഥയിലെ താരക ഏല്‍പ്പിച്ച ഫയല്‍... ആ ഫയലില്‍ ഉണ്ടായിരുന്നത് ചില കോണ്‍ഫിഡന്‍ഷ്യല്‍ രേഖകളും ഒരു കംപ്ലൈന്റും ആയിരുന്നു. ആ കംപ്ലൈന്റില്‍ പറഞ്ഞ പ്രകാരം ഞങ്ങള്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. തന്റെ ജീവിതം ഏത് നിമിഷവും അപകടത്തില്‍ ആകാമെന്ന തോന്നലില്‍ എല്ലാ രേഖകളും സംഭവങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ഫയല്‍ മലയാളത്തിലെ ഏറ്റവും റേറ്റിംഗ് ഉള്ള നമ്പര്‍ വണ്‍ ന്യൂസ് ചാനലിനെ അറിയിക്കാന്‍ അവള്‍ ഒരുങ്ങി. അവളുടെ അവസ്ഥ അറിയാവുന്ന ഒരു സുഹൃത്ത് വഴിയാണ് സച്ചിനെ കാണാന്‍ എത്തുന്നത്. അവള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വിവരങ്ങള്‍ ടെലികാസ്റ്റ് ചെയ്യണം എന്നതായിരുന്നു സച്ചിനോട് ആവശ്യപ്പെട്ടത്. എന്നാല്‍, വിവരങ്ങള്‍ എല്ലാം മനസിലാക്കിയ സച്ചിന്‍ അതെല്ലാം പൊലീസിന് കൈമാറാന്‍ താരകയെ നിര്‍ദേശിച്ചു. എന്തെങ്കിലും സംഭവിച്ചതിനുശേഷം മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതിലല്ല കാര്യമെന്നും അത് സംഭവിക്കാതെ തടയാനുള്ള കഴിവ് പൊലീസിനാണെന്നും പറഞ്ഞപ്പോള്‍ അവള്‍ എന്നെ കാണാന്‍ വന്നു. എന്നാല്‍, ഒരു ദിവസം മുഴുവന്‍ ഓഫീസില്‍ വെയ്റ്റ് ചെയ്തിട്ടും കാണാന്‍ സാധിക്കാതെ അവള്‍ മടങ്ങി പോയി. എന്നാല്‍, അടുത്ത തവണത്തെ കണ്ടുമുട്ടലില്‍ ഞങ്ങള്‍ക്ക് മുന്നിലേക്ക് ഒരു സീക്രട്ട് ഫയല്‍ ഓപ്പണ്‍ ആയി. ഇസബെല്ല കൊലപാതകത്തോടൊപ്പം സമാന്തരമായി താരകയുടെ കേസ് രഹസ്യമായി അന്വേഷണം ആരംഭിച്ചു.

ബട്ട് ആഫ്ടര്‍ എ സെര്‍ട്ടൈയ്ന്‍ പോയിന്റ് രണ്ടു കേസും ഒരേ ദിശയില്‍ ഒരേ പുഴയായി ഒഴുകി തുടങ്ങി. അതായത് ഇസബെല്ലയുടെ കൊലപാതകത്തിനും താരകയുടെ കൊലപാതക ശ്രമത്തിനും പിന്നിലുള്ള കറുത്ത കൈകള്‍ ഒന്നു തന്നെ ...'

'വാട്ട് ... കൊലപാതക ശ്രമം?' മൃണാള്‍ ചാടി എഴുന്നേറ്റു

മൃണാള്‍ ലക്ഷ്മണിനേയും ഭാവനയേയും മാറി മാറി നോക്കി..

(തുടരും)

TAGS :