Quantcast
MediaOne Logo

ബൈജു. സി.പി

Published: 4 Oct 2023 11:21 AM GMT

കിനാക്കപ്പലിന്റെ കപ്പിത്താന്‍

| കവിത

മലയാളം കവിത
X
Listen to this Article

മരിച്ചെവരെല്ലാം ഒളിച്ചു പാര്‍ക്കുന്ന ദ്വീപിലേക്ക്

ഒരു കിനാക്കപ്പല്‍ തനിയെ യാത്ര പോകുന്നു

കടല്‍ച്ചൊരുക്കേല്‍ക്കാത്ത വാക്കുകളുടെ

ശരീരവുമായി ഞാനുമാക്കപ്പലില്‍ നുഴഞ്ഞു കേറുന്നു.

കാറ്റു പറന്നു വന്നൂക്കന്‍ ഉമ്മയാല്‍

കപ്പല്‍പ്പാളികളെ പ്രകമ്പിതമാക്കുന്നു

ദിക്കറിയാതെ ഉലഞ്ഞുപോകുന്ന

കിനാക്കപ്പലിന്റെ

കപ്പിത്താനായി

കടലിന്റെ ശ്വാസവേഗങ്ങളെ വിരലുകളാല്‍ ഞാന്‍ അളന്നെടുക്കുന്നു.

ഇടിവാളുപോലെ മിന്നിച്ചിതറി തെറിക്കും വെളിച്ചച്ചൂടില്‍

കരിയാതെ കപ്പല്‍ പിന്നെയും മുന്നോട്ട് തന്നെ നീന്തിക്കൊണ്ടിരിക്കുന്നു.

തിരിച്ചു വരില്ലെന്നുറപ്പുള്ളൊരു യാത്രയായിട്ടും

കാണാന്‍ പോകുന്നവരുടെ വിശേഷങ്ങള്‍ എഴുതി വെയ്ക്കാന്‍

ഉള്ളില്‍ വാക്കുകളുടെ കലവറ തന്നെ തുറന്നു വെക്കുന്നു.

ചുറ്റുമനാദിയായ ജലപരപ്പു മാത്രം

സാക്ഷിയായി ഒപ്പം കൂടുന്നു.

ആകാശനീലം കൊണ്ട് വസ്ത്രക്കനവ് നെയ്ത്,

തിരകള്‍ കൊണ്ട് ഞൊറിയിട്ട്,

ആഴമേറും ചന്തം കാട്ടി

കടലൊരു മോഹിനിയായി ഉള്ളില്‍ നിറഞ്ഞ് പതയുന്നു.


കിനാവിന്റെ വേഗം പോലെ കപ്പലും കുതിച്ചു പാഞ്ഞു കൊണ്ടിരിക്കുന്നു.

മഴയും കാറ്റും യാത്രയിലേക്ക് വിരുന്നുകാരായി പറന്നുവന്നിട്ടും

കപ്പല്‍ നിര്‍ത്താതെ നീന്തിക്കൊണ്ടിരിക്കുന്നു.

കാലവും സമയവും ദിക്കുകളുമറിയാതായ ഒരിടത്ത് കപ്പല്‍ പതുക്കെ നിശ്ചലമാവുന്നു

മരിച്ചവര്‍ ഒളിച്ചു പാര്‍ക്കുന്ന ദ്വീപില്‍ നങ്കൂരമിട്ട് വിസ്മയങ്ങളുടെ കിനാവുകളിലേക്ക് കപ്പല്‍

എന്നെ വലിച്ചിറക്കുന്നു

ചെറി മരങ്ങള്‍ക്കു താഴേ, പ്രണയത്താല്‍ പൂത്തവര്‍ ചുംബനങ്ങള്‍ കൊണ്ട് തീയുരക്കുന്നത് കണ്ട് ഞാന്‍ ദ്വീപിനെ തൊട്ടു വന്ദിക്കുന്നു.

കിരീടവും ചെങ്കോലും കൊണ്ട് മണ്ണിടങ്ങളും പെണ്ണിടങ്ങളും സ്വന്തമാക്കാന്‍ രക്തപ്പുഴയൊഴുക്കിയവര്‍

ബോധി വൃക്ഷത്തിനു താഴേ ധ്യാനമിരിക്കുന്നു.

തോക്കുകളും വിസ്‌ഫോടനങ്ങളും കൊണ്ട് അശാന്തികളുടെ രാജ്യം പണിതുവെച്ചവര്‍ ശാന്തി ഗീതങ്ങള്‍ പാടി നടക്കുന്നു.

ഞാന്‍.. ഞാന്‍ എന്ന അഹംബോധത്തിന്റെ കൊടുമുടിയിലിരുന്ന് ചിരിച്ചവര്‍

ശവംനാറി പൂക്കളായി വിരിഞ്ഞു നില്‍ക്കുന്നു.

ഭൂമിയില്‍ നിന്ന് മരങ്ങളേയും പക്ഷികളേയും കുന്നുകളേയും പുഴകളേയും

സകല ചരാചരങ്ങളേയും ആട്ടിയോടിച്ചവര്‍ പൊള്ളുന്ന മരുഭൂമിയില്‍

ഹരിത മഴകള്‍ക്കായ് വിത്തിറക്കുന്നു.

വെറുപ്പിന്റെ കരങ്ങളാല്‍ സ്‌നേഹത്തിന്റെ കഴുത്തറുത്തവര്‍

സ്‌നേഹം കൊണ്ടൊരു രാജ്യം തന്നെ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നു

ജീവിതമൂര്‍ച്ചയാല്‍ മുറിവേറ്റു വീണവരെല്ലാം ചിറകുകള്‍ വിടര്‍ത്തി പാറി നടക്കുന്നു

കണ്ടുമുട്ടാനാവാതെ പിരിഞ്ഞ കണ്ണുകളില്‍ നേരിക്കല്‍ക്കണ്ട ആഹ്ലാദം മഴയായി പെയ്തിറങ്ങുന്നു.

പറയാതെ പിരിഞ്ഞു പോയവര്‍ തമ്മില്‍ പരിഭവങ്ങളാല്‍ പിണങ്ങി,

സങ്കടങ്ങളാല്‍ നനഞ്ഞ്, അരുവികളായ് ഒന്നിച്ചൊഴുകി നടക്കുന്നു

കൊന്നു വീഴ്ത്തിയ കൈകളും കൊല്ലപ്പെട്ടെ കൈകളും ഒരുമിച്ച് ചേര്‍ന്ന് ആനന്ദനൃത്തം ചെയ്യുന്നു.

പ്രണയിച്ചു മതിവരാതെ ഒടുങ്ങിപ്പോയവര്‍

വസന്തം വറ്റാത്ത പൂന്തോട്ടങ്ങളില്‍

പൂക്കളും പൂമ്പാറ്റകളുമായി ആര്‍ത്തുല്ലസിക്കുന്നു.

അന്ത്യരംഗം എഴുതി തീരാത്ത നാടകത്തിലെ അഭിനേതാക്കളായിരുന്നു

ഈ ദ്വീപിലെ അന്തേവാസികളെന്ന് ആരോ എഴുതി വയ്ക്കുന്നു.

മരിച്ചവരുടെ ദ്വീപിലെ വിശേഷങ്ങള്‍ മരിക്കാത്തവര്‍ക്കായ് പറഞ്ഞു കൊടുക്കാന്‍

ഞാന്‍ തിരിച്ചു പോരാനായി വെമ്പി നില്‍ക്കുന്നു

മരിച്ചവരുടെ ദ്വീപിലെ വിസ്മയങ്ങള്‍ അറിയുമ്പോള്‍ ഭൂമി കീഴ്‌മേല്‍ മറിയുമെന്ന്

മണല്‍ത്തരികളോരോന്നും എന്നോടു മന്ത്രിക്കുന്നു.

കാലവും സമയവും ഒന്നുമില്ലാത്ത ദ്വീപില്‍ നിന്ന് ഇനിയൊരു

തിരിച്ചു പോക്കില്ലെന്ന് ഉള്ളിലിരുന്നാരോ പറഞ്ഞു കൊണ്ടിരിക്കുന്നു

മരിച്ചവരുടെ വിശേഷങ്ങള്‍ അറിയാന്‍ തുടങ്ങിയാല്‍ ഭൂമിയിലെ

ജീവിതത്തില്‍ നിന്ന്

എല്ലാ രുചികളും മാഞ്ഞു പോകുമെന്ന്

വിസ്മയനൃത്തം ചവിട്ടി മരങ്ങള്‍ കാതിലോതുന്നു.

എന്നാലും

മരിച്ചവര്‍ ഒളിച്ചുപാര്‍ക്കുന്ന ദ്വീപില്‍ നിന്ന് തിരിച്ചു പോകുന്നതിനായ് ഞാനാക്കപ്പല്‍ തേടിക്കൊണ്ടേയിരിക്കുന്നു

മരിച്ചവരില്‍ നിന്നും മരിക്കാത്തവരിലേക്ക് തിരിച്ചൊരു യാത്ര പോകാനാവില്ലെന്ന്

ചുറ്റും പരന്നു നില്‍ക്കുന്ന കടല്‍,

തിരകളെ പറഞ്ഞയച്ച്

എന്നോട് പറഞ്ഞു കൊണ്ടേയിരിക്കുന്നു.

..............................



TAGS :