Quantcast
MediaOne Logo

സലീന സലാവുദീൻ

Published: 15 July 2024 1:45 PM GMT

എം.ടി: നിളയുടെ കഥാകാരന്‍

മലയാളത്തിന്റെ അക്ഷരസുകൃതമായ എം.ടി വാസുദേവന്‍ നായര്‍ 91 ന്റെ നിറവിലാണിന്ന്.

എം.ടിയുടെ ഒന്‍പതു കഥകള്‍ ചേരുന്ന ആന്തോളജി സിനിമ - മനോരഥങ്ങള്‍
X

ടി. നാരായണന്‍ നായരുടെയും തെക്കേപ്പാട്ട് അമ്മാളു അമ്മയുടെയും മകനായി ജനിച്ച മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം.ടി വാസുദേവന്‍ നായര്‍ 1933 ജൂലൈ 15ന് ആണ് ജനിച്ചത്. കോപ്പന്‍ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നെ, മലമക്കാവ് എലിമെന്ററി സ്‌ക്കൂളിലും കുമരനെല്ലൂര്‍ ഹൈസ്‌ക്കൂളിലും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളജില്‍ ഉപരിപഠനത്തിന്, ജോലി ലഭിക്കാനുള്ള സാധ്യത പരിഗണിച്ച് രസതന്ത്രമായിരുന്നു ഐച്ഛിക വിഷയമായിട്ടെടുത്തത്. കോളജ് വിദ്യാഭ്യാസത്തിന് ശേഷം സ്‌കൂള്‍ അധ്യാപകനായി ജോലി ചെയ്തിരുന്നു.

രണ്ട് തവണ വിവാഹം കഴിച്ച അദ്ദേഹത്തിന്റെ ആദ്യഭാര്യ എഴുത്തുകാരിയും വിവര്‍ത്തകയുമായ പ്രമീളയാണ്. പിന്നീട് പ്രശസ്ത നര്‍ത്തകിയായ കലാമണ്ഡലം സരസ്വതിയെ വിവാഹം ചെയ്ത അദ്ദേഹം കോഴിക്കോട് നടക്കാവില്‍ രാരിച്ചന്‍ റോഡിലെ 'സിതാര'യിലാണ് ഇപ്പോള്‍ താമസം. സിതാരയും അശ്വതിയും അദ്ദേഹത്തിന്റെ പെണ്‍മക്കളാണ്. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ സാഹിത്യരചന തുടങ്ങിയ അദ്ദേഹത്തിന്റെ കഥകള്‍ കോളജ് കാലത്ത് ജയകേരളം മാസികയില്‍ അച്ചടിച്ച് വന്നിരുന്നു. വിക്‌ടോറിയ കോളജില്‍ ബിരുദത്തിനു പഠിക്കുമ്പോള്‍ 'രക്തം പുരണ്ട മണ്‍തരികള്‍' എന്ന ആദ്യകഥാസമാഹാരവും പുറത്തിറങ്ങിയിരുന്നു.

1954-ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോകചെറുകഥാ മത്സരത്തിന്റെ ഭാഗമായി മലയാളത്തില്‍ മാതൃഭൂമി നടത്തിയ മത്സരത്തില്‍ ഒന്നാം സമ്മാനാര്‍ഹമായ എം.ടിയുടെ 'വളര്‍ത്തുമൃഗങ്ങള്‍' എന്ന ചെറുകഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്നതാണ് എം.ടി എന്ന ചെറുകഥാകൃത്തിനെ മലയാളത്തിലെ വായനാസമൂഹത്തിന്റെ പൊതുശ്രദ്ധയിലേക്കു കൊണ്ടുവന്നത്.

സാഹിത്യകാരന്‍ എന്നതിനുപരി ഒരു പരിസ്ഥിതിവാദി കൂടിയായ നിളയുടെ കഥാകാരന്‍ നിളാനദിയേയും ചുറ്റുമുള്ള പരിസ്ഥിതി പ്രശ്‌നങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങള്‍ 'കണ്ണാന്തളിപൂക്കളുടെ കാലം' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

'പാതിരാവും പകല്‍വെളിച്ചവും' എന്ന ആദ്യനോവല്‍ ഈ സമയത്താണു ഖണ്ഡശഃ പ്രസിദ്ധീകരിച്ചു വന്നത്. പക്ഷേ, ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍ 'നാലുകെട്ട്'ആണ് (1958). ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. പില്‍ക്കാലത്ത് 'സ്വര്‍ഗം തുറക്കുന്ന സമയം', 'ഗോപുരനടയില്‍' എന്നീ കൃതികള്‍ക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

ഇതുകൂടാതെ 'കാലം'(1970) കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്), 'രണ്ടാമൂഴം' (1985) വയലാര്‍ അവാര്‍ഡ്), 'വാനപ്രസ്ഥം' (ഓടക്കുഴല്‍ അവാര്‍ഡ്), എന്നീ കൃതികള്‍ക്കും പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

മലയാളസാഹിത്യത്തിനു നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്ത് 1996-ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല അദ്ദേഹത്തിന് ബഹുമാനസൂചകമായി ഡി.ലിറ്റ് ബിരുദം നല്‍കി ആദരിച്ചു. 1995-ലെ ജ്ഞാനപീഠ പുരസ്‌കാരവും അദ്ദേഹത്തിനു ലഭിച്ചു. 2005-ല്‍ പത്മഭൂഷണ്‍ നല്‍കി എം.ടിയിലെ പ്രതിഭയെ ഭാരതസര്‍ക്കാര്‍ ആദരിക്കുകയുണ്ടായി.


മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപര്‍, കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തു നിന്നു വിരമിച്ച അദ്ദേഹം ഇപ്പോള്‍ തുഞ്ചന്‍ സ്മാരക സമിതിയുടെ അധ്യക്ഷനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

സാഹിത്യകാരന്‍ എന്നതിനുപരി ഒരു പരിസ്ഥിതിവാദി കൂടിയായ നിളയുടെ കഥാകാരന്‍ നിളാനദിയേയും ചുറ്റുമുള്ള പരിസ്ഥിതി പ്രശ്‌നങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങള്‍ 'കണ്ണാന്തളിപൂക്കളുടെ കാലം' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍, സാഹിത്യകാരന്‍, നാടകകൃത്ത് എന്നിങ്ങനെ ഏറെ വിശേഷണങ്ങള്‍ കൊണ്ട് ധന്യമാക്കിയ അദ്ദേഹം മലയാളിക്ക് വേണ്ടുവോളം ആര്‍ദ്രമായ പ്രണയവും നൊമ്പരങ്ങളും അടങ്ങാത്ത ആനന്ദവും കഥാപാത്രങ്ങളിലൂടെ മനുഷ്യഹൃദയങ്ങളിലേക്ക് ഒഴുകിയെത്തിയിട്ടുണ്ട്.

എം.ടിയെന്ന എഴുത്തിന്റെ പെരുന്തച്ചന്‍ മലയാളിക്കായി തീര്‍ത്ത കൃതികളായ മഞ്ഞ്, കാലം, അസുരവിത്ത്, വിലാപയാത്ര, അറബിപൊന്ന്, രണ്ടാമൂഴം തുടങ്ങിയവയിലെ സ്‌നേഹാക്ഷരങ്ങള്‍ ഓരോന്നും ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക് മന്ത്രം പോലെ ചേക്കേറിയിരുന്നു.

സിനിമക്ക് വേണ്ടി തിരക്കഥ എഴിതിയിട്ടുള്ള അദ്ദേഹത്തിന് മികച്ച തിരക്കഥക്കുള്ള ദേശീയ അവാര്‍ഡ് നാല് പ്രാവശ്യം ലഭിച്ചിട്ടുണ്ട്. ഒരു വടക്കന്‍ വീരഗാഥ (1989), കടവ് (1991), സദയം (1992), പരിണയം (1994), എന്നീ സിനിമയുടെ തിരക്കഥക്കാണ് പുരസ്‌കാരം ലഭിച്ചത്.

'മുറപ്പെണ്ണ്' എന്ന സിനിമയ്ക്ക് തിരക്കഥയെഴുതി ചലച്ചിത്രലോകത്തേക്ക് കടന്ന എം.ടി ആദ്യമായി സംവിധാനം ചെയ്ത നിര്‍മാല്യം എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കവും ലഭിച്ചു.

എഴുത്തുമുറിയേക്കാള്‍ വലിയ വായനാമുറി സ്വന്തമായുള്ള എഴുത്തുകാരനാണ് എം.ടി. വാസുദേവന്‍ നായര്‍. ന്യൂയോര്‍ക്കറും പാരീസ് റിവ്യൂവും ലണ്ടന്‍ റിവ്യു ഓഫ് ബുക്‌സുമെല്ലാം വായിച്ചറിഞ്ഞ എം.ടിയുടെ കുറിപ്പില്‍ നിന്നാണ് മലയാളി ആദ്യമായി ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ് എന്ന എഴുത്തുകാരനെ കുറിച്ചും 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' എന്ന ക്ലാസിക്കിനെ കുറിച്ചും കേട്ടത്. അമേരിക്കന്‍ യാത്രയ്ക്കിടെ അവിടത്തെ സുഹൃത്താണ് വളരെക്കാലമായി കാത്തിരുന്ന മഹത്തായ കൃതിയായ 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' സമ്മാനിച്ചതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

എം.ടിയുടെ വായന തുടങ്ങുന്നത് അക്കിത്തത്തു മനയിലെ ലൈബ്രറിയില്‍ നിന്നാണ്. അമൂല്യങ്ങളായ ഒട്ടെറെ പുസ്തകങ്ങളും കാലികങ്ങളും അവിടയുണ്ടായിരുന്നു. അക്കാലത്ത് അക്കിത്തത്തിന്റെ ലൈബ്രറിയില്‍ നിന്നു പുസ്തകങ്ങള്‍ എടുത്തു വായിക്കുമായിരുന്ന അദ്ദേഹത്തിന് കാറല്‍ മാര്‍ക്‌സിന്റെ കൃതികളുടെ ഒന്നാം വോള്യവും ക്രിസ്റ്റഫര്‍ കോഡ്വെല്ലിന്റെ ഇല്യൂഷന്‍ ആന്‍ഡ് റിയാലിറ്റിയും ഏറ്റവും വിഷമിപ്പിച്ച ഗ്രന്ഥങ്ങളായിരുന്നുവെന്ന് പറഞ്ഞിട്ടുണ്ട്.

ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള എഴുത്തുകാരുടെ പുസ്തകങ്ങള്‍ വായിച്ച് ഉന്‍മത്തമായ ദിനങ്ങളില്‍ ദസ്തയേവ്‌സ്‌കിയും ടോള്‍സ്റ്റോയിയും ചെക്കോവും മോപ്പസാങ്ങും സോമര്‍സെറ്റ് മോമും വെര്‍ജീനിയ വുള്‍ഫുമെല്ലാം അദ്ദേഹത്തിന്റെ മേശപ്പുറത്ത് വന്നു താമസിച്ചിരുന്നു. ചെക്കോവിന്റെ 'വാങ്ക' വായിച്ചപ്പോള്‍ കരഞ്ഞു പോയതായി എം.ടി എഴുതിയിട്ടുണ്ട്.

ക്ലാസിക്കുകളെന്ന പോലെ പുതിയ പുസ്തകങ്ങളും നിഷ്ഠയോടെ അദ്ദേഹം വായിച്ചിരുന്നു. ഹെമിങ്വേയെ വലിയ ഇഷ്ടമായിരുന്ന അദ്ദേഹത്തിന്റെ കൃതികളെല്ലാം വായിച്ച് ഹെമിങ്വേയെ കുറിച്ച് പുസ്തകമെഴുതുക മാത്രമല്ല മൂത്ത മകള്‍ സിതാരയ്ക്ക് 'പാപ്പ' എന്ന് വിളിപ്പേരിടുകയും ചെയ്തു.

എല്ലാക്കാലത്തും ഒരേ ഇഷ്ടത്തോടെ വായിച്ച എഴുത്തുകാരന്‍ മാര്‍ക്കേസായിരുന്നു. 'ഈ മനുഷ്യന്റെ കൈയില്‍ ഒരു നിധിയുണ്ട് എന്നു തോന്നിപ്പോകും' എന്നാണ് എം.ടി ഒരിക്കല്‍ കുറിച്ചത്. ഒരുകാലത്ത് അദ്ദേഹം മിലന്‍ കുന്ദേരയെ പിന്തുടര്‍ന്നു വായിച്ചിരുന്നതായീ പറഞ്ഞിട്ടുണ്ട്. തോമസ് ഹാര്‍ഡിയുടെ മിക്കവാറും രചനകളിലൂടെ പലവട്ടം അദ്ദേഹം കടന്നുപോയിട്ടുള്ളതായി സൂചിപ്പിച്ചിരുന്നു.

വായിച്ച പുസ്തകങ്ങളെക്കുറിച്ച് എം.ടി വാചാലനാകുന്ന പതിവില്ല. എന്നാല്‍, ഒരു പുസ്തകത്തോട്, എഴുത്തുകാരനോട് ഒക്കെയുള്ള ഇഷ്ടം അടക്കാനാവാതെ വരുമ്പോള്‍ മാത്രമേ എം.ടി അതേക്കുറിച്ച് എഴുതുകയോ അഭിമുഖങ്ങളില്‍ പറയുകയോ പതിവുള്ളൂ.

ഒരുപാടു പുസ്തകങ്ങള്‍ മലയാളത്തിലേക്കു മൊഴിമാറ്റാന്‍ എം.ടി കാരണക്കാരനായി. വിവര്‍ത്തകരുടെയും പ്രസാധകരുടെയും ശ്രദ്ധയിലേക്ക് അദ്ദേഹം ഒരുപാടു പുസ്തകങ്ങളെ കൊണ്ടുവന്നു. അങ്ങനെയാണ് മലയാളിയുടെ വായനാ ചക്രവാളങ്ങള്‍ വലുതായത്.

നിരവധി നോവലുകളും, ചെറുകഥകള്‍, തിരക്കഥകള്‍, വിവര്‍ത്തനങ്ങള്‍, ബാലസാഹിത്യങ്ങള്‍, യാത്രാവിവരണം, നാടകം, ഉപന്യാസം, എന്നിവയിലൂടെ മലയാള സാഹിത്യത്തിലെ പെരുന്തച്ചന്റെ നവതി കഴിഞ്ഞ വര്‍ഷം മലയാളക്കര ആഘോഷമായാണ് കൊണ്ടാടിയത്.

ഈ വര്‍ഷത്തെ പിറന്നാളിനും പ്രത്യേകതയുണ്ട്. എം.ടിയുടെ ഒന്‍പതു കഥകള്‍ ചേരുന്ന ആന്തോളജി സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ഇന്ന് കൊച്ചിയില്‍ നടക്കും. സൂപ്പര്‍താരങ്ങള്‍ അഭിനയിച്ച ഒന്‍പത് സിനിമകള്‍ ,'മനോരഥങ്ങള്‍' എന്ന് എം.ടി തന്നെ പേരിട്ട ചിത്രസഞ്ചയം ഒ.ടി.ടിയിലൂടെ പ്രദര്‍ശനത്തിനെത്തുകയാണ്. ഭാഷയെ ചലച്ചിത്രായുധമാക്കിയ എം.ടിയുടെ രണ്ടാമൂഴത്തിന്റെ ദൃശ്യാവിഷ്‌കാരത്തിനായി കാത്തിരിക്കുകയാണ് ആസ്വാദകര്‍.



TAGS :