Quantcast
MediaOne Logo

സബ്‌ന മംഗലം

Published: 11 Oct 2024 10:18 AM GMT

നിറഭേദങ്ങള്‍ | Short Story

| കഥ

നിറഭേദങ്ങള്‍ | Short Story
X

മിന്നലടിക്കുന്നത് പോലെ എന്തോ ഒന്ന് തലക്കുള്ളിലേക്ക് പാഞ്ഞു കയറിയത് പോലെ അനുഭവപ്പെട്ടത് മുതലാണ് ബോധമണ്ഡലം സജ്ജമായി തുടങ്ങിയത്. അടഞ്ഞുപോയ കണ്ണുകള്‍ പതിയെ തുറന്ന് നോക്കാന്‍ ശ്രമിച്ചതും വീണ്ടും തലച്ചോറിനുള്ളിലേക്ക് ഒരു വേദന പാഞ്ഞുകയറി.

പണിപ്പെട്ട് വീണ്ടും കണ്ണുതുറക്കാന്‍ ശ്രമിച്ചപ്പോള്‍ ഉള്‍ക്കണ്ണ് തുറന്നെങ്കിലും കണ്‍പോളകള്‍ അടഞ്ഞു തന്നെ കിടന്നു. മുന്നില്‍ കനത്ത ഇരുട്ടുമാത്രമാണ്.

'താനെവിടെയാണ്, തനിക്കെന്താണ് സംഭവിച്ചത്' ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു നോക്കി. അപ്പോഴൊക്കെ തലക്ക് വല്ലാത്ത ഭാരം. ഓര്‍മകള്‍ക്ക് മേല്‍ കറുപ്പ് പടര്‍ന്നത് പോലെ അവ്യക്തമായ നിഴലുകള്‍ മാത്രമാണുള്ളത്.

നിരാശയോടെ ശരീരമനക്കാന്‍ ഒരുപാട് ശ്രമിച്ചു നോക്കി. അതേസമയം എന്തോ ഒന്ന് തന്നില്‍ നിന്നും തെറിച്ച് മുന്നിലെ ശൂന്യതയിലേക്ക് വീഴുന്നത് പോലെ തോന്നി.

പെട്ടെന്ന് എടുത്തെറിഞ്ഞതുപോലെ താന്‍ ഒഴുകിയൊഴുകി പോവുകയാണ്. മുന്നിലുള്ള ഇരുട്ടിന്റെ വ്യാപ്തി മൂലം ഒന്നും കാണുന്നില്ല. മുന്നോട്ട് ഒഴുകി പോകും തോറും ഇരുട്ടിന്റെ കറുപ്പ് കൂടിക്കൂടി വരുന്നു.

ഏതോ കറുത്ത ഗുഹക്കുള്ളില്‍ അകപ്പെട്ടത് പോലെ, വല്ലാത്ത ശബ്ദങ്ങളോക്കെ ഇരുവശങ്ങളില്‍ നിന്നും ഉയരുന്നു.

പെട്ടെന്ന് താനൊരു റബ്ബര്‍ പന്ത് പോലെ ഉരുണ്ടുരുണ്ടു തെറിച്ച് അതിശക്തമായി മൂന്നാലു തവണ വട്ടം കറങ്ങി വീണ്ടും ഒഴുകാന്‍ തുടങ്ങി. പക്ഷേ, അത്ഭുതം എന്തെന്ന് വെച്ചാല്‍ താനിപ്പോള്‍ പിറകോട്ടാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഒരു ദൃശ്യത്തെയും തനിക്കു മുന്നില്‍ കാണാന്‍ കഴിയുന്നില്ലെങ്കിലും താന്‍ അതിവേഗം പിറകിലേക്കാണ് ഒഴുകിക്കൊണ്ടിരിക്കുന്നതെന്ന് തിരിച്ചറിയുന്നുണ്ട്. കറുത്ത ആവരണം പുതച്ച ഓര്‍മകളുടെ താഴ്‌വാരങ്ങളിലേക്ക് താനങ്ങനെ ചുരുണ്ട് ചുരുണ്ട് പോകുന്നതറിഞ്ഞപ്പോള്‍ വല്ലാത്തൊരു വിസ്മയം തോന്നി.

''സൈനു, അന്റെ മോനെക്കൊണ്ട് വല്ലാത്തൊരു ദുല്‍മാണല്ലോ, ഇങ്ങനെയൊരു കുരുത്തംകെട്ട ചെക്കന്‍''

ഓര്‍മയുടെ തീരങ്ങള്‍ക്കങ്ങേയറ്റത്തുനിന്നും നേരിയ ശബ്ദ കോലാഹലം ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

ഇരുട്ടിന്റേ കറുത്ത തിരശ്ശീലയില്‍ നേരിയൊരു വെളിച്ചം. കറുപ്പ് നേര്‍ത്ത് ഒരു ചാരനിറം ബാക്കിയാവുന്നു.

പണി നടക്കുന്നൊരു മേല്‍പ്പാലത്തിനടുത്ത് വലിയൊരു മരത്തിന്റെ കൊമ്പിലായി കെട്ടിയ പഴകിയ ഒരു സാരിയുടെ തൊട്ടിലാടുന്നു. അതില്‍ പുറത്തേക്ക് തൂങ്ങിക്കിടക്കുന്ന ഇരുണ്ടകാലുകളില്‍ വടിയുടെ ചുവന്ന വരകള്‍ പതിഞ്ഞു കിടപ്പുണ്ട്. എന്തിനെന്നറിയാതെ ഹൃദയം വിങ്ങുന്നു.

ഉപ്പ മരിച്ച് പോയതില്‍ പിന്നെ നരച്ചുപോയ ബാല്യവും കൗമാരവും. സന്തോഷിക്കാനോ, പ്രതീക്ഷിക്കാനോ ഒന്നുമില്ലാതെ കടന്നു പോകുന്ന രാപകലുകള്‍ മാത്രം. ഉപ്പയെന്ന തണലറ്റ് പോയാല്‍ പിന്നെ മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും അനുസരിച്ചായിരിക്കും പലരുടെയും പിന്നീടുള്ള ജീവിതം. സ്വന്തം അഭിപ്രായങ്ങള്‍ക്കൊന്നും ഒരു വിലയുമുണ്ടാവില്ല.

അങ്ങനെയാണ് കാര്യമായ ജോലിയൊന്നുമില്ലാത്ത ഒരു രണ്ടാം കെട്ടുകാരന്റെ ജീവിതത്തിലേക്ക് ബന്ധുക്കള്‍ തന്നെ ചേര്‍ത്തുവച്ചത്. ആരൊക്കെയോ ചേര്‍ന്ന് ഉടുപ്പിച്ച, ആരോ ഉടുത്ത് പഴകിയ സാരിത്തുമ്പില്‍ ആരും കാണാതെ തന്റെ കണ്ണീരിനെ താനൊപ്പിക്കളഞ്ഞു. ഒറ്റക്ക് പോയവള്‍ രണ്ടായി വന്നതും, കെട്ടിയവനാല്‍ ഉപേക്ഷിക്കപ്പെട്ടതും എന്ത് പാപത്തിന്റെ ബാക്കിയാണെന്ന് ഇന്നുവരെ തനിക്ക് മനസ്സിലായിട്ടില്ല.

താന്‍ അനുഭവിച്ച നോവിന്റെയും ഒറ്റപ്പെടലിന്റെയും പാതയിലൂടെ തന്റെ മകനും കടന്നുപോകുമ്പോള്‍ ഉള്ളിലൊരാന്തലായിരുന്നു.

'റബ്ബ് എന്തിനിങ്ങനെ സങ്കടങ്ങള്‍ മാത്രം തന്നു പരീക്ഷിക്കുന്നു'.

ഉമ്മ മരിച്ചതില്‍ പിന്നെ ഉമ്മ വീട്ടില്‍ മുറുമുറുപ്പുകള്‍ കൂടിയപ്പോഴാണ് മോനേയും കൊണ്ട് വീടുവിട്ടിറങ്ങിയത്. പട്ടിണിയുടെയും ഒറ്റപ്പെടലിന്റെയും കറുത്തദിനങ്ങള്‍. പട്ടിണി കിടന്നും, യാചിച്ചും ഓരോ വീടുകളുടെ തിണ്ടുകളില്‍ അന്തിയുറങ്ങിയും എത്ര നാളുകള്‍ മുന്നോട്ട് പോയി. നാട്ടിലെ കൂട്ടായി പുഴയ്ക്ക് മേല്‍ മേല്‍പ്പാലത്തിന്റെ പണി തുടങ്ങിയതില്‍ പിന്നെ ആ പണിക്കാരില്‍ ഒരാളായി മാറി. കഷ്ടപ്പാടിന്റെ ഭീകരമുഖങ്ങള്‍ കണ്ടു പകച്ചു തളര്‍ന്ന ശരീരം തളരാത്ത മനസ്സുമായി പടവെട്ടി പൊരുതിക്കൊണ്ടേയിരുന്നു.

ഒഴുക്കില്‍ ദിശയറിയാതെ ഒഴുകിയൊഴുകി നീങ്ങുന്ന രണ്ടിലകള്‍. അതായിരുന്നു താനും മോനും.

'സൈനുവിന്റെ കുരുത്തംകെട്ട ചെക്കന്‍' എല്ലാവരുടെയും കണ്ണിലെ കരടായിരുന്നു. ആളുകളുടെ പഴി പറച്ചില്‍ പേടിച്ച് കുറച്ച് പോന്ന ചെക്കനായിട്ടും പണിസ്ഥലത്ത് സാരി കൊണ്ട് തൊട്ടില്‍ കെട്ടി അതില്‍ കിടത്തി ഉറക്കിയാണ് പണിക്ക് കയറിയിരുന്നത്.

സ്വന്തമായൊരു വീടെന്ന സ്വപ്നം മനസ്സില്‍ ഒട്ടിപ്പിടിച്ചതില്‍ പിന്നെയാണ് അറബി വീട്ടിലേ ഗദ്ദാമയുടെ കുപ്പായം എടുത്തണിഞ്ഞത്. കുന്നോളം പ്രതീക്ഷകളുമായി വിമാനം കയറുമ്പോള്‍ മനസ്സ് മുഴുവന്‍ യത്തീംഖാനയുടെ പതിവാതിലില്‍ കണ്ണുനിറച്ച് നിസ്സഹായതയോടെ നോക്കിനില്‍ക്കുന്ന രണ്ട് കണ്ണുകളില്‍ കുടുങ്ങിക്കിടന്നിരുന്നു. അറബി വീട്ടിലേ കഷ്ടപ്പാടുകളില്‍ കിടന്നു നട്ടം തിരിയുമ്പോഴാണ് ദുബായില്‍ വെച്ച് പരിചയപ്പെട്ട ബീരാനിക്ക ''നിന്നെ ഞാന്‍ കല്യാണം കഴിക്കട്ടെ'' എന്ന് ചോദിച്ചു വന്നത്.

കല്യാണ ദിവസം ആശങ്കകള്‍ക്കിടയിലും കണ്ണുകള്‍ കൗതുകത്തോടെ നോക്കിക്കണ്ടത് അയാള്‍ തനിക്കായി നല്‍കിയ വിവാഹ സാരിയുടെ പകിട്ടിലായിരുന്നു. ആകാശനീലയും കടലിന്റെ ഇരുണ്ട നീലയും കൂടിക്കലര്‍ന്ന വിലകൂടിയ സാരിയായിരുന്നു അത്. ആദ്യമായാണ് ആരും ഉടുത്തു പഴകാത്ത ഒരു പുത്തന്‍ വസ്ത്രമണിയുന്നത്.

പ്രണയത്തിന്റെ പ്രതീകമായ കടല്‍നീലയും, ആത്മ വിശ്വാസം നല്‍കുന്ന ഇളംനീലയും, അതിലെ മേഘങ്ങള്‍ പോലുള്ള വെളുത്ത പൂക്കളും, സ്വര്‍ണ്ണവര്‍ണ്ണമുള്ള നക്ഷത്രങ്ങളും തന്നെ അന്നത്രമേല്‍ ആകര്‍ഷിച്ചിരുന്നു. തന്നെക്കാള്‍ ഇരട്ടി പ്രായക്കൂടുതലുള്ളത് കൊണ്ടാവാം കൊച്ചു കുട്ടിയെപോലെ കരുതലോടെയും വാത്സല്യത്തോടെയുമാണ് ബീരാനിക്ക കൊണ്ടുനടന്നത്. നാട്ടില്‍ വേറെ കെട്ടിയോളും കുട്ടിയോളുമൊക്കെ ഉണ്ടെങ്കിലും ഇരുകൂട്ടരെയും നന്നായി തന്നെ അദ്ദേഹം നോക്കി. അതുവരെ ദുരിതങ്ങളുടെ കറുത്ത ചായത്താല്‍ ചാലിക്കപ്പെട്ട ജീവിതത്തിന്റെ ക്യാന്‍വാസില്‍ അത്തറിന്റെ മണമുള്ള പുതുനിറങ്ങള്‍ പടര്‍ന്നു തുടങ്ങി.

അനാഥത്വം നിറഞ്ഞ യത്തീംഖാനയുടെ ഇരുണ്ട ചുമരുകള്‍ക്കുള്ളില്‍ നിന്നും ദുബായിയെന്ന വിശാലമായ ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുവന്നപ്പോള്‍ മോന്റെ നരച്ച കണ്ണുകളില്‍ മഴവില്ല് വിരിയുന്നത് കണ്ടു.

അന്ന് സംതൃപ്തിയുടെ ആയിരം മയിലുകളാണ് തനിക്കുള്ളില്‍ പീലിവിരിച്ച് നൃത്തമാടിയത്.

ബീരാനിക്കയുടെ സ്‌നേഹത്തിന്റെയും, കരുതലിന്റെയും തണലില്‍ താനും മോനും തൃപ്തരായിരുന്നു. ചിലപ്പോഴൊക്കെ കടന്നുവന്ന വഴികളിലെ ഇരുട്ടും, നോവുകളും ഓര്‍ത്തുപോകുമ്പോള്‍ നെടുവീര്‍പ്പുകള്‍ കുമിഞ്ഞു കൂടും.

ഒഴിഞ്ഞു കിടന്ന കഴുത്തിലും, കാതിലും, കൈകളിലും, കാലിലുമെല്ലാം പൊന്നിന്‍ തിളക്കങ്ങള്‍ സ്ഥാനം പിടിച്ചു. കണ്ണാടിയില്‍ നോക്കി നില്‍ക്കുമ്പോള്‍ സ്വര്‍ണത്തിളക്കങ്ങള്‍ തന്നെ നോക്കി കണ്ണു ചിമ്മാറുണ്ട്. തീന്‍മേശയില്‍ നിരത്തിവെക്കാറുള്ള വെള്ളിക്കോപ്പകളും, സ്വര്‍ണത്തളികകളും പലപ്പോഴും അറബിക്കഥയിലെ രാജകുമാരിയെ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു.



മനസ്സ് കൊതിച്ചതുപോലെ നാട്ടില്‍ ഒരു കുഞ്ഞു വീടിന്റെ പണി തുടങ്ങിയിരുന്നു. വീടിന്റെ എല്ലാ മേല്‍നോട്ടവും അദ്ദേഹം തന്നെയായിരുന്നു നിര്‍വഹിച്ചിരുന്നത്. എല്ലാ പണിയും തീര്‍ന്നശേഷമാണ് താനും മകനും മൂപ്പരോടൊപ്പം നാട്ടിലെത്തിയത്. മനസ്സ് മുഴുവന്‍ ആകാംക്ഷ കൊണ്ട് നിറഞ്ഞിരുന്നു. ഒരു വീട് എന്ന സ്വപ്നം നെഞ്ചിലേറ്റിയാണ് ഒരു പ്രവാസിയായത്. ഇപ്പോ ആ സ്വപ്നത്തിലേക്കെത്തി നില്‍ക്കുകയാണ്.

വീടിന്റെ മുന്നില്‍ വന്നിറങ്ങിയപ്പോള്‍ ആദ്യം കണ്ണ് പോയത് വീടിന് നേരെയായിരുന്നില്ല. അതിനുചുറ്റും അതിമനോഹരമായി സെറ്റ് ചെയ്തിരിക്കുന്ന പച്ചപ്പിലേക്കാണ്. മനസ്സ് കുളിര്‍ന്നു പോയി. തന്റെ സ്വപ്നത്തെ അത്രമേല്‍ ശാന്തമായി പ്രകൃതിയോട് ചേര്‍ത്ത് വെച്ചിരിക്കുന്നു. കുറേ കാലമായി കോണ്‍ക്രീറ്റ് ബില്‍ഡിംഗുകളും, തരിശ് മണല്‍ക്കുന്നുകളും മാത്രം കണ്ടു വരണ്ടുപോയ കണ്ണുകള്‍ വീടിനു ചുറ്റും പരന്നു കിടക്കുന്ന വിശാലമായ തൊടികളുടെ നൈര്‍മല്യത്തെ മനസ്സിലേക്ക് ആവാഹിച്ചെടുത്തു. തണുത്ത കാറ്റിന്റേ ആലിംഗനവും, തലോടലും വല്ലാത്തൊരനുഭവമായിരുന്നു. കണ്ണെത്താ ദൂരത്തോളം ശാന്തിയും, സമാധാനവും നല്‍കുന്ന പച്ചവിരിപ്പ് ആത്മസംതൃപ്തിയുടെ കുപ്പായമണിഞ്ഞു. നിറഞ്ഞ കണ്ണുകളോടെ നോക്കിയപ്പോള്‍

'നിന്റെയിഷ്ടങ്ങള്‍ എനിക്കറിയില്ലേ സൈനു' എന്ന് പറഞ്ഞു ചേര്‍ത്ത് പിടിച്ചദ്ദേഹം അകത്തേക്ക് നടന്നു.

'പ്ധും'

പെട്ടെന്ന് എന്തോ ഒരു ശബ്ദം കേട്ട പോലെ. ഒഴുകിയൊഴുകി പോയിരുന്ന താന്‍ എവിടെയോ ചെന്നിടിച്ചതാണ്. ഓര്‍മകളില്‍ തട്ടിയാണോ താനിങ്ങനെ വട്ടം കറങ്ങിക്കൊണ്ടിരിക്കുന്നത്. കുറേനേരം അതി ശക്തമായി വട്ടത്തില്‍ കറങ്ങിയശേഷം വീണ്ടും എടുത്തെറിഞ്ഞ പോലെ മുന്നോട്ടൊഴുകുന്നുണ്ട്. ഇപ്പോ നേര്‍ത്ത ഒരു താളത്തിലെന്ന പോലെയാണ് ഒഴുകുന്നത്. പോകുന്ന വഴികളിലെല്ലാം ചുവന്ന നിറം പരക്കുന്നു. അവ തന്റെ തോളിലേക്കും നെഞ്ചിലേക്കും ഒലിച്ചിറങ്ങുന്നു. വഴു വഴുപ്പ് കണ്ട് തൊട്ടു നോക്കിയപ്പോള്‍ കൊഴുത്ത ചോരയാണ്.

ഉള്ളില്‍ ഒരു നടുക്കം!

ആരോ തന്റേ നെഞ്ചില്‍ അള്ളിപ്പിടിച്ചു കരയുന്നു. ഇറുകെ പുണരുന്നു. ഇടനെഞ്ച് പൊട്ടിയൊരു തേങ്ങല്‍ തനിക്കുമുന്നിലുയര്‍ന്നപ്പോള്‍ തന്നെ ചുറ്റിപ്പിടിച്ചയാളെ പണിപ്പെട്ട് അടര്‍ത്തിമാറ്റി. ചോര കൊണ്ട് ചുവന്ന ഒരു മുഖം മുന്നില്‍.

അണിഞ്ഞിരിക്കുന്ന ചുരിദാര്‍ ചുവന്ന നിറത്തില്‍ ഉള്ളതാണോ അതോ ചോരകൊണ്ട് ചുവന്നതാണോ എന്ന് തിരിച്ചറിയുന്നില്ല. രാഷ്ട്രീയ പകയുടെ കൊലക്കളത്തില്‍ നിന്നും ജീവനും വാരിപ്പിടിച്ച് ഓടിവന്ന് കയറിയതാണ്. പുറത്ത് ആക്രോശങ്ങള്‍ ഉയര്‍ന്നപ്പോള്‍ അവളെയും കൊണ്ട് വീടിന്റെ ഉള്ളിലേക്ക് കടന്നു വാതിലടച്ചു.

രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ സ്വന്തം കുടുംബത്തെ മുഴുവന്‍ കണ്‍മുന്നില്‍ വച്ച് ദാരുണമായി കൊലപ്പെടുത്തിയ ചിത്രങ്ങള്‍ അമ്മുവിന്റെ ചിന്തകളില്‍ നിന്നും ഓര്‍മകളില്‍ നിന്നും മായ്ച്ചുകളയാന്‍ കുറച്ചൊന്നുമല്ല താനും, മോനും, അദ്ദേഹവും പണിപ്പെട്ടത്. ബാധ്യതയാകുമെന്ന പേടി കൊണ്ട് ബന്ധുക്കള്‍ നിഷ്‌കരുണം തള്ളിക്കളഞ്ഞവളെ അത്രമേല്‍ സ്‌നേഹത്തോടെയാണ് ചേര്‍ത്ത് നിര്‍ത്തിയത്.

കൂട് നഷ്ടപ്പെട്ട എത്രയെത്ര കിളികളാണ് കലാപഭൂമികളില്‍ ഇതുപോലെ ചിറകറ്റു കിടക്കുന്നത്. മനുഷ്യക്കുരുതിക്ക് നേതൃത്വം കൊടുക്കുന്നവര്‍ക്ക് ഇതൊക്കെ എന്തിനറിയണം. പലപ്പോഴും അമ്മുവിന്റെ അവസ്ഥ കാണുമ്പോള്‍ ജാതിയോടും, മതത്തോടും, പാര്‍ട്ടിയോടും അവര്‍ക്ക് വേണ്ടി പൊരുതുന്നവരോടും വെറുപ്പ് തോന്നിച്ചിരുന്നു. ജനങ്ങളുടെ ജീവനും ജീവിതത്തിനും സംരക്ഷണം നല്‍കാതെ എല്ലാം നശിപ്പിക്കുന്ന ഇവയൊക്കെ എന്തിനാണ്?

കാറ്റില്‍ ഇപ്പോഴും അന്നത്തെ ചോരയുടെ മണമുണ്ടോ? മൂക്ക് വിടര്‍ത്തി മണം പിടിച്ചു നോക്കി.

എവിടെനിന്നോ നല്ല മല്ലികപ്പൂവിന്റെയും, ജമന്തി പൂവിന്റേയും വശ്യതയാര്‍ന്ന മണമാണ് മൂക്കിലേക്കടിച്ചു കയറിയത്. കൈകൊട്ടി പാട്ടുകള്‍ ഉയരുന്നു. വീട് മുഴുവന്‍ മഞ്ഞപ്പൂക്കള്‍ കൊണ്ടും, ബലൂണ്‍ കൊണ്ടും, തോരണങ്ങള്‍ കൊണ്ടും അലങ്കരിച്ചിരിക്കുന്നു. ചെറിയവര്‍ മുതല്‍ വലിയവര്‍ വരെ മഞ്ഞനിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് മനോഹരമായിരുന്നു. ഹാളിലെ ടേബിളില്‍ മഞ്ഞനിറത്തിലുള്ള മധുരപലഹാരങ്ങള്‍ നിരത്തി വെച്ചിട്ടുണ്ട്.

അലങ്കരിച്ച വേദിയില്‍ മഞ്ഞ പൂക്കളുടെ ആഭരണങ്ങള്‍ അണിഞ്ഞ് മഞ്ഞ ചേലയില്‍ അമ്മു, മണവാട്ടി ചമഞ്ഞിരിക്കുന്നു. അവളുടെ കല്യാണത്തിന്റെ ഹല്‍ദിയാണ്. അവള്‍ക്ക് ഒന്നിനും ഒരു കുറവും വരരുത് എന്നുള്ളത് തന്റെ നിര്‍ബന്ധമായിരുന്നു.

ഉള്ള് പൊള്ളിക്കുന്ന, ചോര ചുവപ്പുള്ള അമ്മുവിന്റെ ഓര്‍മകളിലേക്ക് മംഗളരാവിന്റെ മഞ്ഞനിറം പെയ്യിച്ച് കൊണ്ട് മഹറണിയാനായി കാത്ത് നില്‍ക്കുന്നത് തന്റെ മകന്‍ തന്നെയാണ്. സൈനുവിന്റെ കുരുത്തംകെട്ട ചെക്കനിന്ന് കരയുന്നവരുടെ കണ്ണീരൊപ്പാന്‍ വെമ്പലുള്ള വലിയമനസ്സിന്റെ ഉടമയാണ്.

ആത്മനിര്‍വൃതിയുടെ നിമിഷങ്ങള്‍.

അലങ്കാരവേദിയിലെ അവരുടെ കളിചിരികള്‍ മനസ്സ് നിറക്കുന്നതാണ്. 'ജീവിതകാലം മുഴുവന്‍ ഇങ്ങനെ തോളോട് തോള്‍ ചേര്‍ന്ന് ഒന്നായി തീരട്ടെ' മനസ്സില്‍ പ്രാര്‍ഥനയുടെ മന്ത്രങ്ങള്‍ ഉയര്‍ന്നു.

താളത്തില്‍ ഒഴുകിയിരുന്ന തന്റെ ഒഴുക്ക് കുറഞ്ഞു കുറഞ്ഞു അവിടെയും ഇവിടെയും തട്ടിത്തട്ടി ശരീരം വല്ലാതെ വേദനിക്കുന്നു. വല്ലാത്തൊരു ഭാരം ശരീരത്തെ ചുറ്റി വരിയുന്ന പോലെ. വേദന പടരുന്നു.

'ഉമ്മാ' ചെവിക്കരികില്‍ ആരുടെയോ നേര്‍ത്ത മന്ത്രണം.

'ആള്, കോമാ സ്റ്റേജിലാണ്. വീഴ്ചയുടെ ആഘാതത്തില്‍ തലക്കേറ്റ പരിക്കു കൊണ്ടാകാം ഇങ്ങനെ സംഭവിച്ചത്. പ്രാര്‍ഥിക്കുക ഇനി അത്രമാത്രം.' നേര്‍ത്തൊരു മൂളല്‍ പോലെ ആരോ, ആരോടോ പറയുന്നത് കേള്‍ക്കുന്നുണ്ട്.

മുന്നിലെ ഇരുട്ട് നീങ്ങി ഇപ്പോള്‍ തനിക്ക് ചുറ്റും വെളുത്ത നിറമാണ്. പഞ്ഞിക്കെട്ടു പോലെ വെളുത്ത മേഘങ്ങള്‍. വെളുത്ത വിരികള്‍ കാറ്റിലെന്നപോലെ ആടിയുലയുന്നു. മനസ്സിനപ്പോ വല്ലാത്തൊരു ശാന്തത. വല്ലാത്തൊരു നിര്‍വൃതി. എവിടെനിന്നോ സമാധാനത്തിന്റെ വെള്ളരിപ്രാവുകളുടെ കുറുകല്‍ കേള്‍ക്കുന്ന പോലെ.

ശൂന്യതയിലെ വെളുപ്പില്‍ നിന്നും ആദ്യം നീണ്ടു വെളുത്തൊരു താടി ദൃശ്യമായി. വെളുത്ത കന്തുറയും വെള്ള തൊപ്പിയുമണിഞ്ഞ ബീരാനിക്ക കണ്‍മുന്നില്‍ നില്‍ക്കുന്നു. മനസ്സൊന്നു കുതിച്ചു.

'സൈനു, പെണ്ണേ നിന്നെയും കാത്ത് എത്ര കാലമായി ഞാനിവിടെയിങ്ങനെ,

വാ, സ്‌നേഹം കൊണ്ടു നമുക്ക് ഇവിടെയുമൊരു സ്വര്‍ഗം പണിയാം.' അവള്‍ക്ക് നേരെ തന്റെ വലത് കൈ നീട്ടി ആ ചുണ്ടുകള്‍ മന്ത്രിച്ചു.

മനസ്സില്‍ പ്രണയത്തിന്റെ ഒരു തിര ഉയരുന്നു. പാതിവഴിയില്‍ വേര്‍പെട്ട് പോയ പ്രാണനില്‍ ചേരാന്‍ ഉള്ളു വെമ്പുന്നു. ഓര്‍മകളുടെ ഭാരം പേറുന്ന തന്നില്‍ നിന്നും ഒരപ്പൂപ്പന്‍ താടി പോലെ എന്തോ ഒന്ന് വേര്‍പെടുന്ന പോലെ. ഒരു ഭാരമില്ലാതെ താന്‍ ആകാശത്തിലേക്ക് ഉയരുകയാണ്. വെളുത്ത പുക പോലെ ഉയരുന്ന മേഘങ്ങള്‍ക്കിടയിലൂടെ പ്രിയപ്പെട്ടവന്റെ പിറകെ നടന്ന് നീങ്ങുമ്പോള്‍ താഴെ ആത്മാവ് യാത്രയായ ദേഹം തണുത്ത് തുടങ്ങിയിരുന്നു.

TAGS :