ഒറ്റൊരാള്‍ | Short Story
| കഥ
അവസാനം വന്ന വെള്ളച്ചിയാടിനെയും കൂടി കൂട്ടില്‍ കേറ്റി കുഞ്ഞീവി ആട്ടിന്‍ കൂടിന്റെ വാതിലടച്ചു.
മുറ്റത്തെ വരിക്കപ്ലാവില്‍ നിന്ന് വെട്ടിയ പ്ലാവിലകെട്ടു കൂട്ടിലേക്കിട്ട് കൊടുത്ത് കുഞ്ഞീവി മാനം നോക്കി കിനാക്കണ്ടു നിന്നു. ആകാശത്ത് കൂടണയാന്‍ പറക്കുന്ന പറവകള്‍ മാത്രം. മേഘത്തിനപ്പുറം മാനത്തിനുമപ്പുറം ജിന്നുകളുടെയും റൂഹാനികളുടെയും ദേശമാണോ? അവരുടെ ദേശത്തു ജനനവും മരണവുമുണ്ടോ? അവര്‍ എന്നെപോലെ സ്വപ്നം കാണാറുണ്ടോ? അവര്‍ക്ക് രൂപമുണ്ടോ? ഉണ്ടെങ്കില്‍ അവരെ കാണാന്‍ സുന്ദരന്മാരാണോ? ഇങ്ങനെ കുറേ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി കുഞ്ഞീവി നിന്നു; മഗ്രിബ് ബാങ്ക് കൊടുത്തതറിയാതെ.
'മ്മ്മ്മ്‌മേ '
ചരുവത്തിലുള്ള പിണ്ണാക്കിട്ട കഞ്ഞിവെള്ളത്തിലേക്ക് നോക്കി വെള്ളച്ചിയാട് കൊതിമൂത്തു കരഞ്ഞു.
''കുഞ്ഞീവ്യെ''
മാനം നോക്കി കിനാക്കണ്ടു നില്‍ക്കുന്ന കുഞ്ഞീവിയെ തെക്കേലെ വീട്ടിലെ കിണറ്റിന്‍ കരയില്‍ നിന്നും ആമിനുമ്മ വിളിച്ചു.
ചെഞ്ചായം പൂണ്ട മാനത്തു നിന്നും പൊടുന്നനെ ഞെട്ടറ്റ് കുഞ്ഞീവി ആട്ടിന്‍ കൂട്ടില്‍ വീണു.
''പെണ്ണെ.. ഈ മൂന്നും കൂടിയ മോന്തിക്ക് ഇങ്ങനെ പുറത്തു ഇറങ്ങി നിക്കണ്ട. ജിന്നും റൂഹാനികളും ഇറങ്ങുന്ന സമയം ആണ്. വേഗം ഔത്തുക്ക് കേറിപ്പോ പെണ്ണേ'' ആമിനുമ്മ വിളിച്ചു പറഞ്ഞു.
ഉമ്മയില്ലാത്ത കുഞ്ഞീവിയുടെ മേല്‍ ആമിനുമ്മാന്റെ ഒരു നോട്ടം എപ്പോഴും ഉണ്ട്.
''ചോരേം നീരും ഉള്ള പെണ്ണുങ്ങളെ കണ്ടാല്‍ ജിന്നുകള്‍ക്ക് മുഹബ്ബത് പെരുക്കും. മേത്തു കൂടിയാ പിന്നെ മരിക്കോളം വേറിടൂല''
കുഞ്ഞീവി ഒന്നും മിണ്ടാതിരുന്നു. എന്നും കേള്‍ക്കുന്നതാണീ ജിന്നും റൂഹാനീം. അവളുടെ ചുണ്ടില്‍ ആരും കാണാതൊരു പുന്നാരം തത്തിക്കളിച്ചു. ആമിനുമ്മ കിണ്ടിയില്‍ നിന്ന് വെള്ളമെടുത്തു കയ്യും മുഖവും കഴുകി വുദു ചെയ്തു. പിന്നെ രണ്ടു കൈകളും ആകാശത്തേക്ക് ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു.
''അശ്ഹദു അന്‍ലാ ഇലാഹ ഇല്ലല്ലാഹു വഹദഹു ലാ ശരീകലഹ്''
കാറ്റിനോടൊപ്പം മാനത്തേക്കുയര്‍ന്ന പ്രാര്‍ഥനകള്‍ സ്വര്‍ഗത്തിന്റെ ഏഴു വാതിലുകള്‍ തുറക്കാനായി ചെന്നു മുട്ടി.
ആടുകള്‍ കുഞ്ഞീവിയുടെ മുഖത്തേക്കും മാറ്റി വെച്ച കാടി വെള്ളത്തിലേക്കും മാറിമാറി നോക്കി. വെള്ളം കിട്ടാത്തതില്‍ തല കുടഞ്ഞു പ്രതിഷേധിച്ചു. കൈകാലുകള്‍ കഴുകി വുദു എടുത്ത കുഞ്ഞീവി ദിക്ര്‍ ചൊല്ലി നടക്കുന്നതിനൊപ്പം കാലിലെ മെതിയടിയും ദിക്ര്‍ ചൊല്ലി
കടോം കടോം കടോം
**************
ചന്തയില്‍ നിന്നും കൊണ്ടുവന്ന ശര്‍ക്കരകൊട്ട തിണ്ണയില്‍ ഇറക്കി വെച്ച് മരക്കാര്‍ കാക്ക തോര്‍ത്തെടുത്തു വീശി വിയര്‍പ്പാറ്റി. ''കുഞ്ഞീവ്യെ, പെണ്ണേ .. കൊര്‍ച്ച് കഞ്ഞിടെ വെള്ളം ങ്ട് ഇട്താ...''
നിസ്‌കാരപ്പായയില്‍ ഉറക്കം തൂങ്ങിയിരുന്ന കുഞ്ഞീവി ഞെട്ടി എണീറ്റു ബാപ്പാക്ക് വെള്ളം കൊണ്ടോടി.
കഞ്ഞി വെള്ളം കുടിച്ചു കൊണ്ട് മരക്കാര്‍ കാക്ക കുഞ്ഞീവിയുടെ മുഖത്തേക്ക് ഒന്നു പാളി നോക്കി.
ഒഴിഞ്ഞ കാതും കൗത്തും.
എന്തൊരു ചേലും ചൊര്‍ക്കും ഉള്ള ബാല്യക്കാരത്തി പെണ്ണായിരുന്നു. ന്റെ പെണ്ണിന് എന്താപറ്റിയത്. ഉമ്മേം കൂടപ്പിറപ്പുകളും ഇല്ലാത്ത കുട്ടി അല്ലെ ഓള്ക്ക് എന്തെങ്കിലും എടങ്ങേറുണ്ടെങ്കില്‍ തന്നെ ഒന്ന് മുണ്ടി പറയാന്‍ പോലും ഈ വീട്ടില്‍ മന്‍സനായിട്ട് ആരാള്ളത്. ന്റെ പെണ്ണിനെ ഒരാമ്പിറന്നോന്റെ കയ്യില്‍ ഏല്പിക്കുമ്പോ ഒക്കെ ശെരിയാകുമായിരിക്കും. നെടുവീര്‍പ്പിട്ടു കൊണ്ട് മരക്കാര്‍ കാക്ക കുളിക്കാന്‍ എഴുന്നേറ്റു.
''എറേമ്പറത്തുക്ക് കൊര്‍ച്ച് കാച്ചള്ളം കൊണ്ടരെ പെണ്ണെ. ഇച്ചൊന്ന് മേകഗ്ഗണം'' ചന്തയില്‍ നിന്നു കച്ചവടം കഴിഞ്ഞു വന്നാല്‍ ചുടുവെള്ളത്തില്‍ ഒന്നു മേലുകഴുകല്‍ മൂപ്പര്‍ക്ക് നിര്‍ബന്ധം ആണ്.
അയാള്‍ ജനല്‍ പടിയിലുള്ള ഇലയില്‍ പൊതിഞ്ഞ സോപ്പു കഷ്ണം എടുത്തു വീടിന്റെ പുറകു വശത്തേക്ക് നടന്നു.
രാത്രി പാതി മയക്കത്തില്‍ അറയില്‍ നിന്ന് കുഞ്ഞീവിയുടെ സംസാരം കേട്ട് അയാള്‍ കാതോര്‍ത്തു.
ഈയിടെയായി കുഞ്ഞീവി പകലൊക്കെ ഉറങ്ങിതൂങ്ങി നടക്കുകയും രാവെളുക്കോളം ഒറ്റക്ക് വര്‍ത്താനവും ചിരിയും. പഴയ കുഞ്ഞീവിയേ അല്ല. ആളാകേ മാറി. മരക്കാര്കാക്ക തൊണ്ടയില്‍ കുടുങ്ങിയ സങ്കടത്തിന്റെ കഫത്തെ ആഞ്ഞു ചുമച്ചു തുപ്പാന്‍ നോക്കി. അന്ന് മരക്കാര്‍ കാക്ക ഒരു പോള കണ്ണടച്ചില്ല; കുഞ്ഞീവിയും.
വെള്ളച്ചിയാടും കൂട്ടരും മാത്രം ഇരുട്ടില്‍ ശാന്തരായി ഉറങ്ങി.
മരക്കാര്‍ കാക്കയുടെ കിനാവില്‍ കുഞ്ഞീവി ചിറ്റും ചങ്കേലസും ഇട്ട് പുത്യെണ്ണായി വന്നു നിന്നു. കിനാവിലെ കുഞ്ഞീവി പഴയതു പോലെ പൊട്ടിച്ചിരിക്കുകയും തറുതല പറയുകയും ചെയ്തു.
******
ഒളിനീലം പിഴിഞ്ഞ കുപ്പായവും കാച്ചിയും ഇട്ട ആരെയും കൂസാത്ത ഒരു സുന്ദരിയായിരുന്നു കുഞ്ഞീവി.
ആരെങ്കിലും ഇങ്ങോട്ടൊന്നു പറഞ്ഞാല്‍ പതിനെട്ടെണ്ണം തിരിച്ച് പറയുന്ന പെണ്ണൊരുത്തി. 'ആരടാ' എന്ന ചോദ്യത്തിന് 'ഞാനടാ 'എന്ന് പറയുന്ന വമ്പത്തി. ആമിനുമ്മ പറയും: '' കുഞ്ഞീവ്യെ.. പെണ്ണെ ഇജ്ജൊരാണായി ജനിക്കേണ്ടതായിരുന്നു'' എന്ന്.
ഒരിക്കല്‍ ചേലക്കുന്നത്ത് ആടുകളെ മേയ്ക്കാന്‍ പോയ കുഞ്ഞീവിയെ നേരമിരുട്ടിയിട്ടും കാണാഞ്ഞു ആമിനുമ്മ തിരഞ്ഞു ചെന്നപ്പോള്‍ കുഞ്ഞീവിയതാ പാറപ്പുറത്തു ബോധം കെട്ടുകിടക്കുന്നു.
പിന്നീടങ്ങോട്ട് കുഞ്ഞീവിയുടെ ബോധം ഇടക്കിടക്ക് പോയി കൊണ്ടേയിരുന്നു. അറയിലും മറപ്പുരയിലും കുളക്കടവിലും ആരോരുമില്ലാത്തപ്പോള്‍ കുഞ്ഞീവി വീണു. മരക്കാര്‍ കാക്ക എന്ത് ചെയ്യണമെന്നറിയാതെ ആകെ എടങ്ങേറിലായി.
******
അയല്‍ക്കാരന്‍ കുഞ്ഞമ്മദുമായി കുഞ്ഞീവിക്ക് കല്യാണം ആലോചിച്ചത് എടുപിടീന്നായിരുന്നു. കുഞ്ഞീവിയുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കല്യാണം മാത്രമാണെന്ന് ആമിനുമ്മയും മരക്കാര്‍ കാക്കയും കരുതി.
എന്നാല്‍, പെണ്ണു കാണാന്‍ കുഞ്ഞമ്മദ് ഉമ്മയെയും കൂട്ടി വന്നപ്പോള്‍ കുഞ്ഞീവി ചേലക്കുന്നത്തൊളിച്ചുനിന്നു. വെയില്‍ ചാഞ്ഞിട്ടും പെണ്ണിനെ കാണാന്‍ പറ്റാതെ കുഞ്ഞമ്മത് മടങ്ങി. പിന്നെ പിന്നെ
കല്യാണം എന്ന് ആരെങ്കിലും പറയുന്നത് കേട്ടാല്‍ തന്നെ കുഞ്ഞീവിക്ക് ഹാലിളകാന്‍ തുടങ്ങി.
ആയിടെ ആമിനുമ്മയിലാണ് ആദ്യമായി ഒരു സംശയം ഉടലെടുത്തത്. ലക്ഷണങ്ങളൊക്കെ കണ്ടപ്പോള്‍ അത് നേരാണെന്ന് മരക്കാര്കാക്കാക്കും തോന്നി.
ജിന്നോ പിശാചോ? ഇതിലാരാണ് മേത്തു കൂടിയതെന്ന് മാത്രേ ഇനി സംശയം ഉള്ളൂ. ജിന്നു തന്നെയായിരിക്കും. നിസ്‌കാരോം ദിക്‌റുമൊക്കെ ഉള്ള പെങ്കുട്ട്യല്ലേ ഓള്. ഇത് മുസ്ലിം ജിന്നുതന്നെ.
കുളക്കടവിലും ചായക്കടയിലും ജിന്നിന്റെ ചര്‍ച്ചകള്‍ കൊഴുത്തു. ആമിനുമ്മ പ്രശ്‌ന പരിഹാരത്തിനായി മൊല്ലാക്കയെ തിരഞ്ഞു പോയി.
പണ്ട് കുഞ്ഞീവിയുടെ വെള്ളക്കാച്ചിയില്‍ ചെമ്പുള്ളികള്‍ വീണ കാലം. അന്നും ആമിനുമ്മ കുറേ ഉപദേശിച്ചതാണ്.
''ഇജ്ജ് ഒരു ബാല്യക്കാരത്തി പെണ്ണായി. മോന്തീം പാതിരീം ഇല്ലാത്ത തെണ്ടല് ഒക്കെ ഇനി നിര്‍ത്തിക്കള ട്ടോ
കുഞ്ഞീവിയേ. കോട്ടക്കുന്നത്തും ചേലക്കുന്നത്തുമൊന്നും ആടുകളുമായി ഒറ്റക്ക് പോകല്ലേ. ജിന്നും ശെയ്താനും'' പറഞ്ഞു തീരും മുമ്പ് കുഞ്ഞീവി ആമിനുമ്മാനെ നോക്കി ഗോഷ്ടി കാട്ടി ചിരിച്ചു. ഇങ്ങള്‌ടെ ഒരു ജിന്നും ശെയ്താനും എന്ന് പറഞ്ഞു കളിയാക്കി. പിന്നെയും അവള്‍ ആടുകളുമായി ചേലക്കുന്നു കേറി. കോട്ടക്കുന്നു ചുറ്റി. കെസ്സുപാട്ടുകള്‍ കെട്ടിപ്പാടി. പൂക്കള്‍ കൊണ്ടു മാലകെട്ടി. ഒഴിഞ്ഞ പാറപ്പുറത്തു മാനം നോക്കി കിടന്നു ജിന്നിനെ തിരഞ്ഞു.
'' ഉമ്മല്ലാത്ത കുട്ട്യാണ്; അന്റെ കാര്യം ഇജ്ജെന്നെ നോക്കണം പെണ്ണേ മന്‍സമ്മരെ കൊണ്ട്, അജ്ജോടാ ന്നു പറയിക്കരുത് ട്ടോ''
ആമിനുമ്മ ചൊല്ലിപ്പറഞ്ഞതൊന്നും കേള്‍ക്കാതെ അവള്‍ തറുതല പറഞ്ഞു. മുറ്റത്തുള്ള കണ്ണളക്കിന്റെ തണ്ട് പൊട്ടിച്ചു കുമിളകളാക്കി ഊതി വിട്ടു. ഒരെണ്ണം ആമിനുമ്മയുടെ മുഖത്തും പോയി നിന്നു. പിന്നേ അവിടിരുന്നു താനെ പൊട്ടി. കുഞ്ഞീവി ചിരിക്കുന്നതുകണ്ട ആമിനുമ്മയും പൊട്ടിച്ചിരിച്ചു.
******
കുഞ്ഞീവിക്ക് ചിരി നിര്‍ത്താനായില്ല.
'' ഉമ്മുമ്മാ ചിരിക്കാതെ ബാക്കിപറയ്. ഉമ്മുമ്മാന്റെ ദേഹത്തു കൂടിയത് ജിന്നായിരുന്നോ? ഉമ്മുമ്മ ജിന്നിനെ കണ്ടിരുന്നോ? 'ജിന്നിനെ കാണാനെങ്ങനെയാ സുന്ദരനാ?''
നിര്‍ത്താതെ ചിരിക്കുന്ന കുഞ്ഞീവിയേ തോണ്ടി വിളിച്ചു കൊണ്ട് കുഞ്ഞോള്‍ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു. ഉമ്മുമ്മ ചിരി നിര്‍ത്തി പല്ലില്ലാ മോണകള്‍ പൂട്ടിവെച്ചു.
''ഇനിയുള്ള കഥയൊന്നും ആരോടും പറയാന്‍ പറ്റൂല''
ഉമ്മുമ്മ കണ്ണുകളും വായക്കൊപ്പം അടച്ചു പൂട്ടി. ഏതോ ഓര്‍മയില്‍ ലയിച്ചിരിക്കുന്ന ഉമ്മുമ്മയെയും നോക്കി കുഞ്ഞോള്‍ കാതോര്‍ത്തു കാത്തിരുന്നു. കഥയുടെ ബാക്കി കേള്‍ക്കാന്‍.
******
കുഞ്ഞീവി തായ്യേരത്തിലെ കുത്ത്യേലിപടിയില്‍ മുറിയൊന്നു മിണ്ടാതെ കിടക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് രണ്ട് ദിവസം. അന്നോം വെള്ളോം ഇറക്കീട്ടും ആയി രണ്ടു ദിവസം. ആകെക്കൂടി ജീവനുണ്ടെന്ന് വിളിച്ചു പറയുന്നത് ഇടക്ക് വരുന്ന ഒരു തേങ്ങല്‍ മാത്രം. കുഞ്ഞീവിയുടെ കാല്‍ക്കല്‍ താടിക്ക് കയ്യും കൊടുത്തു മരക്കാര്‍കാക്ക ഇരുന്നു.
'' യാസീന്‍... വല്‍ ഖുര്‍ ആനില്‍ ഹക്കീം'' കോലായില്‍ നിന്ന് പതിഞ്ഞ ശബ്ദത്തില്‍ ആമിനുമ്മാ കൊണ്ടു വന്ന മൊല്ലാക്ക സൂറത്തു യാസീന്‍ ഓതുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്. മൊല്ലാക്ക യാസീന്‍ ഓതാന്‍ തുടങ്ങിയിട്ടും ഇന്നേക്ക് രണ്ട് ദിവസം. മൊല്ലാക്കയെ കണ്ട അന്ന് വീണതാണ് കുഞ്ഞീവി ഈ കുത്ത്യേലി പടിയില്‍.
''വമാ അലൈന ഇല്ലല്‍ ബലാഉല്‍ മുബീന്‍...'' മൊല്ലാക്ക ഖുര്‍ആന്‍ ഓതിക്കൊണ്ടിരുന്ന.ു
'' മുബീന്‍'' എന്ന് ഓതിനിര്‍ത്തി മൊല്ലാക്ക എണീറ്റ് വന്ന് കുഞ്ഞീവിയുടെ തലമുതല്‍ കാല്‍വരെ ഊതി.
''ഉഊഊഷ്..''
പിന്നീട് മൊല്ലാക്കയുടെ കയ്യിലെ കറുത്ത ചരടി ലെ അസംഖ്യം കെട്ടുകള്‍ക്കിടയില്‍ ഒരു പുതിയ കെട്ട് കൂടി ഇട്ടു.
''മുബീന്‍'' എന്ന് ഓതി നിര്‍ത്തി മൊല്ലാക്ക കെട്ടുന്ന ഓരോ കെട്ടിനും കുഞ്ഞീവി കടുത്ത സങ്കടത്താല്‍ തേങ്ങി. മരക്കാര്‍ കാക്ക താടിക്ക് കൊടുത്ത കൈ എടുത്തു ദീര്‍ഘമായ ഒന്നു നെടുവീര്‍പ്പിട്ടു.
''ഇജ്ജ് ഇങ്ങനെ നെടും ചാതം വിട്ടാലെങ്ങനെയാ മരക്കാരെ.. പെണ്ണിന്റെ ദെണ്ണം മാറണ്ടേ''
''മുന്തിയ തരം ജിന്നോ റൂഹാനിയോ ആയിരിക്കും കൂടിയിരിക്കുന്നത്. അല്ലെങ്കില്‍ എപ്പോഴോ ഒഴിഞ്ഞു പോകാനുള്ള നേരം ആയി''
മൊല്ലാക്ക പറഞ്ഞത് കേട്ട് മരക്കാര്‍ കാക്ക പേടിയോടെ നോക്കി. മരക്കാര്‍ കാക്ക കൊടുത്ത ചക്കരകാപ്പിയും കുടിച്ചു ചിറി തുടച്ചു നാളെ വരാം എന്ന് പറഞ്ഞു മൊല്ലാക്ക പടിയിറങ്ങി.
മരക്കാര്‍കാക്ക കുഞ്ഞീവിയുടെ അടുത്തു വന്ന് പതുക്കെ വിളിച്ചു: ''പെണ്ണേ''
ആ വിളിയില്‍ ഒരു കുടുംബത്തിന്റെ മൊത്തം സ്‌നേഹവും സങ്കടവും നിഴലിച്ചു.
'' അന്റെ ദീനം മാറാനല്ലേ വാപ്പ മൊല്ലാക്കാനെ കൊണ്ടന്ന് നൂല് ഊതികെട്ടുന്നത്.''
കുഞ്ഞീവി മിണ്ടിയില്ല. ''അണക്കും വേണ്ടേ ഒരു കുടുംബവും കുട്ടികളും. എന്നും ബാപ്പ ഉണ്ടാകൂല അന്റെ കൂടെ''
''ബാപ്പാ ഇച്ച് കല്യാണം തന്നെ വേണ്ട. ഇങ്ങള് ആ മൊല്ലാക്കാനോട് ഇഞ്ഞി വെരണ്ടാന്ന് ഒന്ന് പറയിം'' കുഞ്ഞീവി ഒടുവില്‍ മൗനം വെടിഞ്ഞു.
മരക്കാര്‍ കാക്ക പകച്ചു. ''കല്യാണം തന്നെ വേണ്ടന്നോ? കല്യാണം കഴിക്കാതെ പിന്നെ?'' കുഞ്ഞീവിക്കതിനുള്ള മറുപടിയുണ്ടാവില്ല; അവളും അതിനുള്ള ഉത്തരം തേടുകയായിരുന്നല്ലോ.
അത്തറിന്‍ മണത്തോടെ അദൃശ്യനായൊരു പുയ്യാപ്ല വരാറുണ്ടെന്ന് ബാപ്പയോട് എങ്ങനെ പറയും.
നിലാവുള്ള രാവില്‍ അവനൊത്ത് ഒരു പാടു കിസ്സ പറഞ്ഞിരിക്കാറുണ്ടെന്നും സ്വപ്നത്തിലെന്നപ്പോലെ അവന്റെ കൂടെ എങ്ങോട്ടെന്നില്ലാതെ മാനത്തു പാറിപ്പറക്കാറുണ്ടെന്നും എങ്ങനെ പറയും?
മുഹബ്ബത്തിന്റെ ഒരു കോട്ട കെട്ടി അവന്‍ എന്നെ അതില്‍ രാജാത്തിയാക്കിയെന്നും ഒരിക്കലും തന്നെ തനിച്ചാക്കാതെ അവന്‍ കൂട്ടിരിക്കാറുണ്ടെന്നും അവന്‍ എനിക്ക് കൂട്ടുകാരന്‍ മാത്രമല്ല, ഉമ്മയും കൂടപ്പിറപ്പും എല്ലാമാണെന്നും.
ഒന്നും ബാപ്പനോട് പറഞ്ഞില്ല കുഞ്ഞീവി.
''ഇന്നോളം അവനെപ്പോലെ ആരും തന്നെ സ്‌നേഹിച്ചില്ലെന്നും അവനു പകരം വെക്കാന്‍ ആലം ദുനിയാവില്‍ മറ്റാരുമില്ലെന്നും''
''അത്തറിന്‍ മണം ബാക്കിയാക്കി ഒരു ചിറകടിയോടെ അവന്‍ കൂടൊഴിഞ്ഞു പോകുമ്പോള്‍ സങ്കടത്താല്‍ മോഹാലസ്യപ്പെടാറുണ്ടെന്നും'' ഒന്നും പറഞ്ഞില്ല കുഞ്ഞീവി. എല്ലാം ഒരു തേങ്ങലായ് മാത്രം പുറത്തു വന്നു. എങ്കിലും പറയാതെ തന്നെ മരക്കാര്കാക്ക മനസ്സിലാക്കി ചിലതെല്ലാം.
പിറ്റേന്നും മൊല്ലാക്ക വന്നു യാസീന്‍ ഓതി. ഓതിയ യാസീനും മുബീനുമെല്ലാം കെട്ടുകളായി പിണഞ്ഞു. ഓരോ കെട്ടും കുഞ്ഞീവിയുടെ കരളില്‍ കടുംകെട്ടായി. ഒടുവില്‍ മൂന്നാം നാള്‍ കുഞ്ഞീവി ശാന്തയായി ഉറങ്ങി; മരക്കാര്‍ കാക്കയും.
******
''പാവം...ഉമ്മുമ്മ'' കുഞ്ഞോള്‍ അറിയാതെ പറഞ്ഞു. ''ഉമ്മുമ്മാന്റെ ക്രഷ് ആയിരുന്നോ ആ ഗന്ധര്‍വ്വന്‍'' ആകാംക്ഷയോടെ കുഞ്ഞോള്‍ ചോദിച്ചു.
''ആ പറഞ്ഞതൊന്നും അല്ല കുഞ്ഞേ'' കുഞ്ഞോളെ ചേര്‍ത്തു നിര്‍ത്തി നെറുകയില്‍ ഉമ്മ വച്ചു കുഞ്ഞീവി പറഞ്ഞു. ''ജിന്നാണത്. നല്ല ഈമാനുള്ള ഒരു മുസ്ലിം ജിന്ന്''
''ആ ജിന്ന് പിന്നെ വന്നോ ഉമ്മുമ്മാ''
ഉമ്മുമ്മ പിന്നെയും നിറം മങ്ങാത്ത തന്റെ ഓര്‍മകളിലേക്ക് പതിയെ ഇറങ്ങി ചെന്നു.
''ഉമ്മുമ്മ കണ്ടോ ആ ജിന്നിനെ? പറയ് ഉമ്മുമ്മാ''
********
കുഞ്ഞീവി പഴയതുപോലെ ബൗസും ബര്‍കത്തും ഉള്ള പെണ്ണായി മാറി. രാവിലെ എഴുന്നേറ്റും മുറ്റമടിച്ചും ആടുകളെ തീറ്റിയും കഴിഞ്ഞു കൂടി. കുഞ്ഞമ്മദുമായുള്ള കല്യാണത്തിനു സമ്മതം മൂളി. മരക്കാര്കാക്ക ചുറുചുറുക്കോടെ ചക്കര കച്ചോടം നടത്തി. ആട്ടിന്‍ കൂട്ടിലെ കൊറ്റനാടുകള്‍ക്ക് കല്യാണത്തിനു നറുക്കു വീണു.
ഒരു ദിവസം സുബ്ഹിക്ക് കുഞ്ഞീവി മുറ്റം അടിച്ചുവാരികൊണ്ടു നില്‍ക്കുമ്പോള്‍ ആണ് അതിസുന്ദരനായൊരാള്‍ റോഡിലൂടെ നടന്നു വന്നത്. വെള്ളമുണ്ടും വെള്ളഷര്‍ട്ടും കറുത്ത തൊപ്പിയും ധരിച്ചൊരാള്‍. അയാളുടെ മുഖത്ത് എന്തെന്നില്ലാത്തൊരു തേജസ്. സുബര്‍ക്കത്തിലെ പരിമളം പോലൊരു സുഗന്ധം അയാള്‍ നടന്നടുക്കുന്നതിനു മുന്നേ തന്നെ കുഞ്ഞീവിയെ പൊതിഞ്ഞു. അടുത്തു വരുന്ന അയാളുടെ മുഖം കുഞ്ഞീവിയെ പ്രിയപ്പെട്ട ആരെയോ ഓര്‍മിച്ചു. അതാരെന്നറിയാതെ കുഞ്ഞീവി കുഴങ്ങി.
''കുഞ്ഞീവ്വ്യെ... പെണ്ണേ എന്നാ അന്റെ കാനോത്ത് '' സലാം പറഞ്ഞതിന് ശേഷം ഒരുപാടുകാലത്തെ പരിചയ ഭാവത്തില്‍ അയാള്‍ ചോദിച്ചു. അയാളുടെ ചോദ്യത്തില്‍ ഒരു നിരാശയുണ്ടോ. കുഞ്ഞീവിക്ക് തോന്നി.
അയാളുടെ ആ ശബ്ദം, ആ മുഖം, അയാളില്‍ നിന്ന് വരുന്ന മാസ്മരിക ഗന്ധം എല്ലാം കുഞ്ഞീവിയുടെ കരളില്‍ കൊണ്ടു. ശരീരത്തില്‍ ഏതോ ലഹരി ബാധിച്ചപോലെ കുഞ്ഞീവിക്ക് തോന്നി. കുഞ്ഞീവി പരിസരം ആകെ മറന്നു. ബാപ്പാനെ മറന്നു. കെട്ടാന്‍ പോണ കുഞ്ഞമ്മദിനെ തീരെ മറന്നു. കുഞ്ഞീവി അയാളോട് ചോദിച്ചു:
''പെരേല്ക്ക് ബെര്ന്നില്ലേ''
ഒരു മറുപടിക്കായ് അവള്‍ കാതോര്‍ത്തു നിന്നു.
''ഞാന്‍ എങ്ങനെ വരാനാണ്. അവിടെ യാസീനും മുബീനും ഒക്കെ അല്ലെ''
അയാളുടെ മറുപടിയില്‍ കടുത്ത നിരാശയുണ്ടായിരുന്നു. മറുവാക്കു നഷ്ടപ്പെട്ടു കുഞ്ഞീവി മരവിച്ചു നിന്നു.
''ഞാന്‍ പിന്നെ വരാം''
നടന്നകലുന്ന അയാളെ നോക്കി നില്‍ക്കുന്ന കുഞ്ഞീവിയോടായി അയാള്‍ വീണ്ടും തിരിഞ്ഞു നോക്കി ഉറച്ച ശബ്ദത്തില്‍ പറഞ്ഞു: ''പിന്നെ വരാം''
പോകരുതെന്ന് പറയണമെന്ന് കുഞ്ഞീവിക്കുണ്ടായിരുന്നു. നടന്നു മറയുന്ന അയാളുടെ പിറകെ പോകണമെന്നുണ്ടായിരുന്നു. എന്നാല്‍, ശരീരത്തെ മൊത്തം ആരോ ഒരു വിലങ്ങിട്ടപോലെ. ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പറഞ്ഞറിയിക്കാന്‍ പറ്റാത്തൊരു സങ്കടം കുഞ്ഞീവിയെ വന്നു മൂടി. ഹൃദയം പറിച്ചു കൊണ്ടുപോകുന്ന പോലയുള്ള ഒരു വേദന. വെറും പൂഴി മണ്ണിലിരുന്നു കുഞ്ഞീവി ആര്‍ത്തലച്ചു കരഞ്ഞു.
കണ്ടത് സ്വപ്നമോ യാഥാര്‍ഥ്യമോ എന്ന് തിരിച്ചറിയാനാകാതെ കുഞ്ഞീവി വീണ്ടും മോഹലസ്യപ്പെട്ടു.
*******
''പിന്നീട് ഈ നാളിതുവരെ ഞാനയാളെ കണ്ടിട്ടില്ല'' കുഞ്ഞീവിയുടെ ശബ്ദം തൊണ്ടയില്‍ അടഞ്ഞു.
''അത് ആ ജിന്ന് ആയിരുന്നോ? അയാളെങ്ങോട്ടാണ് പോയത്? അയാളിനി വരുമോ ഉമ്മുമ്മാ..?''
കുഞ്ഞീവിയുടെ കവിളിലെ കണ്ണീര്‍ തുടച്ചു കൊണ്ടു കുഞ്ഞോള്‍ വീണ്ടും ചോദിച്ചു:
''അയാള്‍ വന്നാല്‍ ഉമ്മുമ്മാനെ കാണാന്‍ വരുമോ''
''വരു.. വരാതിരിക്കാനവനാകുമോ'' ഒരു സ്വപ്നത്തിലെന്നവണ്ണം കുഞ്ഞീവി മന്ത്രിച്ചു.
''വന്നാലോ?''
കുഞ്ഞോള്‍ കുസൃതിചിരിയോടെ ചോദിച്ചു. ''വന്നാലോ ഉമ്മുമ്മാ?''
വന്നാല്‍.. കുഞ്ഞീവി വാക്കുകള്‍ പാതിയാക്കി നിര്‍ത്തി പുഞ്ചിരിച്ചു. അപ്പോള്‍ കുഞ്ഞീവിയുടെ മുഖത്ത് വിരിഞ്ഞത് ഒരു മധുരപ്പതിനാറുകാരിയുടെ മന്ദഹാസമായിരുന്നു.