Quantcast
MediaOne Logo

വി.കെ ഷാഹിന

Published: 5 May 2024 10:29 AM GMT

കവിഞ്ഞൊഴുകുന്ന ആവേശം; ഫഫയുടെ തിരിച്ചുവരവ്

സ്പൂഫായി കരുതാവുന്ന നിരവധി സീനുകളാണ് രംഗണ്ണന്‍ ആടിത്തിമിര്‍ക്കുന്നത്. ഏതു ക്രൂരകൃത്യവും ചെയ്യുവാന്‍ മടിയില്ലാത്ത രംഗണ്ണന്‍ ബിബിയുടെ അമ്മയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ വികാരാധീനനായി നില്‍ക്കുന്നതു തന്നെ അസാമാന്യ കോമഡിയായി മാറുന്നു.

രംഗ അണ്ണന്റെ ഡാ, മോനേ...
X

ആനന്ദത്തോടാനന്ദം, വര്‍ണങ്ങളും ശബ്ദങ്ങളും ആക്ഷന്‍ രംഗങ്ങളും കൊണ്ട് ആവേശത്തിമിര്‍പ്പിലേക്ക് പ്രേക്ഷകനെ എത്തിക്കാനുള്ള എല്ലാ ചേരുവകളും കുത്തി നിറച്ച കോമഡി ആക്ഷന്‍ ത്രില്ലറാണ് ആവേശം. സിനിമ തിയേറ്ററില്‍ തന്നെ കണ്ട് ഉപേക്ഷിക്കാനുള്ളതാണ്, വീട്ടിലേക്ക് കൊണ്ടുപോകാനുള്ളതല്ല എന്ന ഫഫയുടെ അഭിപ്രായവും പ്രകടനവും ആവേശത്തെ അക്ഷരാര്‍ഥത്തില്‍ ആവേശം തന്നെ ആക്കുന്നുണ്ട്.

ഫഫയുടെ തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള എല്ലാ പൊടിക്കൈകളും ജിത്തു മാധവന്‍ ഉപയോഗിച്ചിട്ടുണ്ട്. പാട്ടിനു പാട്ട്, ഡാന്‍സിന് ഡാന്‍സ്, സ്റ്റണ്ടിന് സ്റ്റണ്ട് എന്നിങ്ങനെ സിനിമയുടെ ആദ്യാവസാനം എന്തൊക്കെ നടന്നുവെന്ന് പ്രേക്ഷകന് തിരിച്ചറിയാന്‍ പറ്റാത്ത ഒരു അവസ്ഥയിലെത്തിയാണ് അയാള്‍ തിരിച്ചു പോകുന്നത്. രംഗ അണ്ണന്റെ ഡാ, മോനേ..., എന്ന ഡയലോഗ് മാത്രം തലയിലങ്ങനെ പെരുക്കി നില്‍ക്കും.

എഞ്ചിനീയറിംഗ് കോളേജിലെ പഠനവും റാഗിംഗും യാതൊരു നിയന്ത്രണവുമില്ലാത്ത മദ്യപാനവും പ്രിന്‍സിപ്പലിന്റെ ഇംഗ്ലീഷും മാതാപിതാക്കളുടെ വിവരക്കുറവും ത്രീ ഇഡിയറ്റ്‌സ് സിനിമയിലെ രംഗങ്ങളെ ഓര്‍മിപ്പിക്കുന്നവയാണ്. പക്ഷേ, ത്രീ ഇഡിയറ്റ്‌സ് മുന്നോട്ടു വെച്ച ആശയങ്ങള്‍ തമാശയ്ക്കിടയിലും ഗൗരവമുള്ളതായിരുന്നു. ഒരു ഫണ്‍ റൈഡ് നടത്തി രസിപ്പിക്കുക എന്നതില്‍ കവിഞ്ഞൊന്നും ആവേശത്തില്‍ നിന്നു പ്രതീക്ഷിക്കേണ്ടതില്ലെന്നതിനുപരി ക്ഷുദ്രവും ഛിദ്രവുമായ ചില വാസനകളെ നോര്‍മലൈസ് ചെയ്യാനുള്ള ശ്രമങ്ങളും സിനിമ നടത്തിയിട്ടുള്ളത്, പ്രത്യകിച്ചും യുവാക്കളെ കേന്ദ്രീകരിച്ചു ചിത്രീകരിച്ച സിനിമയായതിനാല്‍ ഭയപ്പെടുത്തേണ്ടതാണ്.

മലയാള സിനിമയുടെ ഭാഗ്യ ലൊക്കേഷന്‍ വരിക്കാശ്ശേരി മനയും പാലക്കാടുമാണെന്ന സിനിമാ ഭാഗ്യാന്വേഷികളുടെ വിശ്വാസം, ഇന്ന് നവമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന പുതുതലമുറ ബാംഗ്ലൂരിലേക്ക് ഷിഫ്റ്റ് ചെയ്യാന്‍ നിര്‍ബ്ബന്ധിച്ചിരിക്കുന്നു. ബാംഗ്ലൂര്‍ ഡെയ്‌സ്, ബി.ടെക്, ജൂണ്‍, രോമാഞ്ചം തുടങ്ങിയ സിനിമകള്‍ ഇന്ത്യന്‍ സിലിക്കണ്‍ വാലിയായ ബാംഗ്ലൂരിലെ ടെക്കികളായ ചെറുപ്പക്കാരുടെ കഥ പറയാന്‍ വെമ്പി നില്‍ക്കുകയും വിജയിപ്പിക്കുകയും ചെയ്തവയാണ്. ജോലി തേടി മുംബെയിലും ചെന്നെയിലുമൊക്കെ എത്തി കള്ളക്കടത്ത്, ഗാംങ്സ്റ്റര്‍ ടീമുകളുടെ പിടിയിലാവുകയും പിന്നീട് അനായാസമായി അവരെ കീഴടക്കുകയും ചെയ്യുന്ന ശ്രീനിവാസന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വിജയിച്ച സിനിമകളുടെ ഗണത്തിലേക്കാണ് ബാംഗ്ലൂര്‍ കഥകളുടെ കുതിച്ചോട്ടം.

ജോലി തേടി അന്യസംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്ന തൊഴില്‍ രഹിതരായ മലയാളി യുവാക്കളുടെ കഥകള്‍ മാത്രമല്ല, ഉന്നത വിദ്യാഭ്യാസത്തിനായി എത്തിച്ചേരുന്ന യുവാക്കളുടെയും കഥകള്‍ പുത്തന്‍ ചേരുവകളായി തിയേറ്ററുകളില്‍ വിജയ ഫോര്‍മുലയായി മാറുകയാണ്. അജുവും ബിബിയും ശാന്തനും എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ ബാംഗ്ലൂരിലെത്തിയതും പഠിച്ചിട്ടങ്ങ് പോയേക്കാം എന്ന ചിന്തയോടെയല്ലെന്നും ഒരല്‍പം ഉല്ലാസത്തിനു കൂടിയാണ് ബി.കെ ഹോസ്റ്റല്‍ തെരെഞ്ഞെടുത്തതെന്നും ആദ്യ രംഗങ്ങളില്‍ സൂചനയുണ്ട്. ക്രൂരമായ റാഗിംഗും സീനിയര്‍ വിദ്യാര്‍ഥികളുടെ ധാര്‍ഷ്ട്യവും ലോക്കല്‍ ഗുണ്ടയായ രംഗണ്ണനിലേക്ക് അവരെ എത്തിക്കുന്നതും പിന്നീടുണ്ടായ നിരവധി സംഭവങ്ങളും അവരുടെ ജീവിതമാകെ മാറ്റി മറിക്കുന്നുണ്ട്. രംഗണ്ണനും ടീമും പ്രത്യക്ഷപ്പെടുന്നതും ബിബിയുമായി അടുപ്പത്തിലാകുന്നതും തന്റെ സ്വന്തം പിള്ളാരായി അവരെ രംഗണ്ണന്‍ കൂടെ കൂട്ടുന്നതും തികച്ചും നാടകീയമാണ്.


സ്പൂഫായി കരുതാവുന്ന നിരവധി സീനുകളാണ് രംഗണ്ണന്‍ ആടിത്തിമിര്‍ക്കുന്നത്. ഏതു ക്രൂരകൃത്യവും ചെയ്യുവാന്‍ മടിയില്ലാത്ത രംഗണ്ണന്‍ ബിബിയുടെ അമ്മയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ വികാരാധീനനായി നില്‍ക്കുന്നതു തന്നെ അസാമാന്യ കോമഡിയായി മാറുന്നു. രംഗണ്ണന്റെ ആജ്ഞാനുവര്‍ത്തികളായി നില്‍ക്കുന്ന തടിമാടന്മാര്‍, രംഗണ്ണന്‍ അലറുമ്പോള്‍ കൂടെ അലറുകയും രംഗണ്ണന്‍ ചിരിക്കുമ്പോള്‍ കൂടെ ചിരിക്കുകയും രംഗണ്ണന്റെ കണ്ണു നിറഞ്ഞാല്‍ വാവിട്ടു നിലവിളിക്കുകയുമൊക്കെ ചെയ്യുന്ന രംഗങ്ങള്‍ തീയേറ്ററില്‍ പൊട്ടിച്ചിരിയാകുമ്പോള്‍ എഴുപതുകളിലെ ജോസ്പ്രകാശ് ചിത്രങ്ങളെ അവ ഓര്‍മിപ്പിക്കുണ്ട്.

രംഗണ്ണന്റെ കഥ പറയാന്‍ വെമ്പി നില്‍ക്കുന്ന അമ്പാന്‍, അടിമകളുടെ നേതാവാകാന്‍ പറ്റിയ കഥാപാത്രം തന്നെയാണ്. അമ്പാന്‍ രംഗണ്ണന്റെ വീരചരിത്രങ്ങളോടൊപ്പം പുറത്തൊരു വെട്ടു കിട്ടിയ ഭാഗ്യമൊക്കെ വീരസ്യമായി വിളമ്പുമ്പോള്‍ ഇവനൊക്കെ പണിയെടുത്തു ജീവിച്ചൂടേ? എന്ന് പ്രേക്ഷകര്‍ അറിയാതെയാണെങ്കിലും പറഞ്ഞു പോകും. ജിറ്റി എഫൈവിനെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള രംഗണ്ണന്റെ സ്റ്റണ്ടുകളും ആട്ടവും പാട്ടുമെല്ലാം ഒരയാഥാര്‍ത്ഥലോകത്തിന്റെ പ്രതീതി എപ്പോഴും നിലനിര്‍ത്തുന്നുണ്ട്.

ഫഹദിന്റെ സ്‌ക്രീന്‍ പ്രസന്‍സ് അതിഗംഭീരമായി തന്നെ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. അബ്‌നോര്‍മല്‍ ആയ കഥാപാത്രങ്ങള്‍ കുമ്പളങ്ങി നൈറ്റ്‌സ്, അതിരന്‍, ട്രാന്‍സ്, ജോജി എന്നീ സിനിമകളിലെല്ലാം ഫഹദ് അഭിനയിച്ചു പൊലിപ്പിച്ചിട്ടുള്ളതാണ്. ചിലപ്പോഴെങ്കിലും മുന്‍കഥാപാത്രങ്ങളെ പ്രേക്ഷകര്‍ ഓര്‍ത്തു പോയാലും കുറ്റം പറയാനും പറ്റില്ല. ട്രെന്‍ഡിനൊപ്പം സഞ്ചരിക്കാതെ മലയാള സിനിമയ്ക്ക് രക്ഷയില്ല, യുവാക്കളെ തീയേറ്ററിലെത്തിക്കുവാന്‍ പറ്റിയ വൈബാണ് പുതിയ ചലച്ചിത്രകാരന്മാരും തെരെഞ്ഞെടുക്കുന്നത്.

ബുദ്ധിയും ബോധവുമില്ലാത്ത തന്റെ അടിമക്കൂട്ടങ്ങളില്‍ നിന്നു വ്യത്യസ്തമായി തനിക്കു സംസാരിക്കാന്‍ പറ്റിയ പിള്ളാരായിട്ടാണ് താനിവരെ കണ്ടെത്തിയതെന്ന രംഗണ്ണന്റെ വെളിപ്പെടുത്തലും ഇന്‍സ്റ്റഗ്രാം റീല്‍സുമെല്ലാം വെര്‍ച്വല്‍ ലോകത്തില്‍ അഭിരമിക്കുന്ന ന്യൂജെന്‍ സമൂഹത്തെ പരിഹസിക്കുന്നതാണ്. കടുംനിറങ്ങളിലും കാതടപ്പിക്കുന്ന ശബ്ദങ്ങളിലും ആറാടാന്‍ പാട്ടും ഡാന്‍സും അടിയും ഇടിയും സദാ റെഡിയായിട്ടുള്ളപ്പോഴും രംഗണ്ണന്റെ വെളുത്ത ഷര്‍ട്ടും പാന്റ്‌സും നീളന്‍ സ്വര്‍ണ്ണ ചെയിനും കൂളിംഗ് ഗ്ലാസ്സുമെല്ലാം രസകരമായ ഒരു ഉത്സവഛായ പകരുന്നുണ്ട്. എഞ്ചിനീയറിംഗ് കോളേജിലെ പഠനവും റാഗിംഗും യാതൊരു നിയന്ത്രണവുമില്ലാത്ത മദ്യപാനവും പ്രിന്‍സിപ്പലിന്റെ ഇംഗ്ലീഷും മാതാപിതാക്കളുടെ വിവരക്കുറവും ത്രീ ഇഡിയറ്റ്‌സ് സിനിമയിലെ രംഗങ്ങളെ ഓര്‍മിപ്പിക്കുന്നവയാണ്. പക്ഷേ, ത്രീ ഇഡിയറ്റ്‌സ് മുന്നോട്ടു വെച്ച ആശയങ്ങള്‍ തമാശയ്ക്കിടയിലും ഗൗരവമുള്ളതായിരുന്നു. ഒരു ഫണ്‍ റൈഡ് നടത്തി രസിപ്പിക്കുക എന്നതില്‍ കവിഞ്ഞൊന്നും ആവേശത്തില്‍ നിന്നു പ്രതീക്ഷിക്കേണ്ടതില്ലെന്നതിനുപരി ക്ഷുദ്രവും ഛിദ്രവുമായ ചില വാസനകളെ നോര്‍മലൈസ് ചെയ്യാനുള്ള ശ്രമങ്ങളും സിനിമ നടത്തിയിട്ടുള്ളത്, പ്രത്യകിച്ചും യുവാക്കളെ കേന്ദ്രീകരിച്ചു ചിത്രീകരിച്ച സിനിമയായതിനാല്‍ ഭയപ്പെടുത്തേണ്ടതാണ്.

പുരുഷന്മാരുടെ ഉല്ലാസത്തിന്റെ കേളികൊട്ടാകുന്ന പുതിയ സിനിമകളില്‍ സ്ത്രീകള്‍ക്ക് ഇടയ്‌ക്കൊന്ന് മുഖം കാണിച്ചു പോകാനേ അനുവാദമുള്ളു. നീ ഹാപ്പിയാണോ മോനേ? എന്നു ചോദിക്കുന്ന ബിബിയുടെ അമ്മയും രംഗണ്ണന്റെ നിര്‍ദേശപ്രകാരം പിള്ളാരെ സന്തോഷിപ്പിക്കാനെത്തുന്ന രണ്ടു സ്ത്രീകളാണെങ്കിലും സ്പൂഫിനു വേണ്ടിയുള്ള ചേരുവകള്‍ മാത്രം. ഐറ്റം ഡാന്‍സും കിടപ്പറരംഗങ്ങളും ഒഴിച്ചുകൂടാനാവാത്ത പക്കാ വാണിജ്യ സിനിമകളുടെ സ്ത്രീ വിരുദ്ധത ഇതിലും ഭംഗിയായി കാണിക്കുന്നതെങ്ങനെ?


സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ സിനിമ വിജയിപ്പിക്കാന്‍ ആവേശത്തിന്റെ നിര്‍മാതാക്കള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചവരെല്ലാം സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സാണ്. യുട്യൂബ് ചാനലുകളിലൂടെ സുപരിചിതരായിത്തീര്‍ന്ന ഹിപ്സ്റ്റര്‍, മിഥുന്‍ ജയശങ്കര്‍, റോഷന്‍ ഷാനവാസ് എന്നിവരാണ് ലീഡ് റോളുകളില്‍. അവരുടെ ഫോളോവേഴ്‌സ് തന്നെ തീയേറ്റര്‍ നിറയ്ക്കാനുള്ള യുവാക്കളുടെ വലിയൊരു കൂട്ടമാണ്.

ഫഹദിന്റെ സ്‌ക്രീന്‍ പ്രസന്‍സ് അതിഗംഭീരമായി തന്നെ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. അബ്‌നോര്‍മല്‍ ആയ കഥാപാത്രങ്ങള്‍ കുമ്പളങ്ങി നൈറ്റ്‌സ്, അതിരന്‍, ട്രാന്‍സ്, ജോജി എന്നീ സിനിമകളിലെല്ലാം ഫഹദ് അഭിനയിച്ചു പൊലിപ്പിച്ചിട്ടുള്ളതാണ്. ചിലപ്പോഴെങ്കിലും മുന്‍കഥാപാത്രങ്ങളെ പ്രേക്ഷകര്‍ ഓര്‍ത്തു പോയാലും കുറ്റം പറയാനും പറ്റില്ല. ട്രെന്‍ഡിനൊപ്പം സഞ്ചരിക്കാതെ മലയാള സിനിമയ്ക്ക് രക്ഷയില്ല, യുവാക്കളെ തീയേറ്ററിലെത്തിക്കുവാന്‍ പറ്റിയ വൈബാണ് പുതിയ ചലച്ചിത്രകാരന്മാരും തെരെഞ്ഞെടുക്കുന്നത്. വിഷു റിലീസ് ചിത്രം ഇന്നും തീയേറ്ററില്‍ നിറഞ്ഞോടുന്നു. സുഷിന്‍ ശ്യാമിന്റെ സംഗീതം ആവേശത്തിന് നിറം പകരുമ്പോള്‍ ജിത്തു മാധവനും ടീമും കളക്ഷന്‍ 150 കോടിയിലേക്കെത്തിയതിന്റെ ആഹ്ലാദത്തിലാണ്.


TAGS :