പാവക്കൂത്ത് | Poetry
| കവിത
പിറകിലേക്കുള്ള ചുവടുകള്‍
ഇന്നെനിക്കു ഭയമാണ്.
ചുവടും മനസ്സുമൊന്നിച്ചാല്‍
കരിനിഴല്‍ക്കോലങ്ങളുടെ
പാവക്കൂത്തു മാത്രം.
സ്ഫടികമെന്നു ധരിച്ച
കൂര്‍ത്ത വിഷക്കല്ലുകളെന്റെ
നെഞ്ചില്‍ കുത്തനെ വീഴുന്നതും
നേര്‍ത്ത നൂലിഴയെന്നു കരുതിയ
വാക്ശരങ്ങള്‍ നീരാളിയെപ്പോലെ കരളിന്റെ
ആഴങ്ങളില്‍ വരിഞ്ഞു മുറുക്കുന്നതും
ചുവടുകള്‍ വീണ്ടും പിന്നിടുമ്പോള്‍
സ്‌നേഹം നടിച്ചു വീര്‍പ്പുമുട്ടിച്ച
വിഷപ്പാമ്പുകളുടെ ഞെരുക്കലുകളും
പണസഞ്ചിയില്‍ പരതുന്ന
വിരലുകള്‍ക്കു കൂര്‍ത്ത
നഖങ്ങളുണ്ടായതും
കാലില്‍ ചുറ്റിയ കാട്ടുവള്ളികളില്‍
തേന്‍ പുരട്ടിയ
സ്വപ്നങ്ങള്‍ കെട്ടുപിണഞ്ഞതും
വളരരുതെന്ന് പറഞ്ഞു
അടിച്ചിറക്കിയ ആണികള്‍
ശിരസ്സില്‍ നിര്‍ലജ്ജം താഴുന്നതും...
എല്ലാം ഇരുള്‍ വഴിയിലെ സര്‍വ്വേക്കല്ലുകള്‍ പോലെ
വഴിയോരങ്ങളില്‍
പതിയിരിപ്പുണ്ട്.
ചുവടുകള്‍ മുന്നോട്ടായുമ്പോള്‍
കൊത്തിവലിക്കുന്ന കഴുകപ്പടയെ
പിന്നോട്ടു തള്ളുന്ന കൊടുങ്കാറ്റിന്‍ കരുത്തുള്ള
മനസ്സാണെന്റെ
കൂട്ട്.
കൂരിരുള്‍ കാട്ടിലുമുജ്ജ്വല
പ്രഭയാല്‍ മാര്‍ഗം തെളിക്കുന്ന
പ്രകൃതി ശക്തിയെ
ധ്യാനിച്ച് ധ്യാനിച്ച് നേടിയതാണിന്നു
ഞാന്‍.