Quantcast
MediaOne Logo

മരിഹാ ശബ്‌നം

Published: 11 Oct 2024 7:17 AM GMT

പ്ലാശി പൂക്കള്‍ | Short Story

| കഥ

പ്ലാശി പൂക്കള്‍ | Short Story
X

'നിറയെ പൂക്കുന്ന മരങ്ങളാണ് ചിലതൊക്കെ'

മനോഹരന്‍സാറിന്റെ ഹിസ്റ്ററിക്ലാസ്സിലെ ഉറക്കം തൂങ്ങാത്ത ഏതോ വേളയിലാണ് പ്ലാശിപ്പൂക്കളെപ്പറ്റി ആദ്യമായി കേട്ടത്.

ഹൂഗ്ലീ നദീ തീരത്ത് പടര്‍ന്ന് പന്തലിച്ചു കിടന്ന മരങ്ങളില്‍ പൂത്തുനിന്ന പൂക്കള്‍ക്ക് രക്ത വര്‍ണമായിരുന്നോ. അതോ അഗ്‌നി വര്‍ണമോ?


ചില ഓര്‍മകള്‍ വെറുതെ വന്നു പോവും. നമ്മളാഗ്രഹിച്ചിട്ടോ, അല്ലാതെയോ. വല്ലാത്ത തെളിമയോടെ.

അന്ന് ആത്മാര്‍ഥമായി പ്രഫസര്‍ ഒരു ചതിയുടെ കഥയായിരുന്നു, അഥവാ ഒരു യുദ്ധത്തിന്റെ ചരിത്രമായിരുന്നു ഞങ്ങളെ പഠിപ്പിച്ചത്.

അപ്പോഴാണോ അവളെന്നെ പതുക്കെ നുളളിയതും കൈകള്‍ മുറുക്കിപ്പിടിച്ച് നിറയെ പൂത്തുനിന്ന ആ മരച്ചോട്ടിലെ സിമന്റ് ബെഞ്ചിലിരിക്കാന്‍ നടന്നതും?

ആ പൂക്കള്‍ക്ക് ചുവന്ന നിറമായിരുന്നു. അന്നാണ് ആ മരത്തിനെന്ത് പേരായിരിക്കുമെന്ന് കൗതുകത്തോടെയോര്‍ത്തത്. യുദ്ധത്തെക്കുറിച്ചും ഓര്‍ത്തു.

ശരിക്കും യുദ്ധം എന്തിനാണ്?

നിലനില്പ്പിന് വേണ്ടിയോ...?

അധീശത്വത്തിന് വേണ്ടിയോ?

''ഇന്നു ഞാന്‍ ഇളയമ്മയെ പറ്റിച്ചു. ഇളയമ്മ എടുത്തുവച്ച കോഴിമുട്ടകള്‍ മൊത്തം ബുള്‍സ് ഐ ഉണ്ടാക്കി'.

അവളുടെ പൊട്ടിച്ചിരിക്കിടയിലെ ''പാവം'' എന്ന ആത്മഗതം എന്നില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ടായിരുന്നു.

അവളെന്താണിങ്ങനെ എന്ന് പലപ്പോഴും ചിന്തിച്ചു.

അതിനുള്ള ഉത്തരം പലപ്പോഴും അവള്‍ തന്നെ പറഞ്ഞിട്ടുണ്ട് ''എന്റെ അമ്മയല്ല അവര്‍' അതുതന്നെ!

''നോക്ക് സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് അച്ഛന്‍ അവരെ കൊണ്ടുവന്നത്. ഒരു ദിവസം ഞാന്‍ എന്റെ സൈക്കിള്‍ അവരുടെ മേലേക്ക് ഇടിച്ചു കയറ്റിയിട്ടുണ്ട്. എന്നിട്ടും അവരെന്നെയായിരുന്നു ശ്രദ്ധിച്ചത്. എനിക്ക് പരിക്ക് പറ്റിയിട്ടുണ്ടോ എന്നായിരുന്നു നോക്കിയത്. പാവം''

അവള്‍ക്കു പക വിധിയോടായിരുന്നു. യുദ്ധം അവരോടും.

അന്ന് ആ സിമന്റുബെഞ്ചില്‍ പിരിച്ചെഴുതിയ ഒരുപാട് പേരുകളില്‍ കൂട്ടി എഴുതപ്പെട്ടവ ഏതൊക്കെയായിരിക്കും? നിറയെ പൂത്ത മരങ്ങളെ പോലെ.

ഇന്ന് ആകസ്മികമായാണ് അവളെ കണ്ടത്. കൊളസ്‌ട്രോളിനോടും ഷുഗറിനോടും യുദ്ധം പ്രഖ്യാപിച്ചു കൈ വീശി നടത്തം ആരംഭിച്ചു അരമണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ഒരു പത്തടിയോളം അകലത്തില്‍ വെച്ച് അവളെ കാണുന്നത്. ഒരുവേളപോലും ഞാന്‍ സംശയിച്ചില്ല അവളെ തിരിച്ചറിയാന്‍.

അടുത്തെത്തിയപ്പോഴാണ് കാലത്തിന്റെ മാറ്റങ്ങള്‍ എവിടെക്കൊയോ വരച്ചു വെച്ചെന്നു തോന്നിയത്. രണ്ടുപേരുടെയും കൈകള്‍ വായുവില്‍ ഉയര്‍ന്നു താഴ്‌ന്നെങ്കിലും ഞാന്‍ പ്രതീക്ഷിച്ചപോലെ അവളെന്റെ കയ്യില്‍ മുറുക്കെ പിടിച്ചു പൊട്ടിചിരിച്ചില്ല. പകരം പക്വമായി എന്നെ പുണര്‍ന്നു.

പിന്നെ പുഞ്ചിരിച്ചെന്റെ വലത് കരം രണ്ട് കൈകൊണ്ടും കവര്‍ന്നു പതിയെ അമര്‍ത്തികൊണ്ടിരുന്നു.

'നീ തടിച്ചിരിക്കുന്നു'

'നീ ഇപ്പോഴും അങ്ങനെ തന്നെയുണ്ട്'

പത്തു നാല്‍പതു കിലോമീറ്റര്‍ അകലെ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാണവളെന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി.

''ഞാന്‍ കരുതി നീ വല്ല ജേര്‍ണലിസ്റ്റായി എവിടയോ വിലസുന്നുണ്ടാവും ന്ന്''

അവളെങ്ങനെ പറഞ്ഞപ്പോള്‍ മുഖത്ത് ചിരി വരുത്തിയെങ്കിലും എന്നിലെ വിളറിയ ഒരു ഭാവം എനിക്ക് നിരൂപിച്ചെടുക്കാന്‍ പറ്റിയിരുന്നു!

ആ റോഡിന്റെ വലതുവശത്തെ് ഡോക്ടേഴ്‌സ് മാത്രം താമസിക്കുന്ന ഹൗസിങ് കോളനിയായിരുന്നു.

അവിടെ സൈക്യാട്രിസ്റ്റായ തന്റെ ഒരു ഫ്രണ്ടിനെ കാണാന്‍ ന്നതാണെന്നായിരുന്നു അവള്‍ പറഞ്ഞത്

''ഹൈപ്പര്‍ ടെന്‍ഷന്‍. വല്ലാത്ത പ്രോബ്ലം തന്നെയാണത്. ഒരുപാട് പ്രോബ്ലങ്ങളിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കല്ലേ ജീവിതം. ഒന്നും പറയണ്ട! ''

വീട്ടിലെ വിശേഷങ്ങള്‍ ചോദിക്കുന്നതിനിടയില്‍ ഇളയമ്മയെപ്പറ്റി ചോദിച്ചു. അവളുടെ കണ്ണുകള്‍ പെട്ടെന്ന് താഴ്ന്നു. വണ്ടി ഒരരികിലേക്കു ഒതുക്കിയിട്ടു.

കൂടെ നടക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു:

''പാവം. മരിച്ചു. രണ്ടു വര്‍ഷമായി. വല്ലാത്തൊരു ശൂന്യതയായിരുന്നു പോയപ്പോ. അവരെന്റെ അമ്മതന്നെയായിരുന്നു''

പകയും സ്‌നേഹവും തമ്മിലുളള ശീതയുദ്ധത്തില്‍ സ്‌നേഹം ജയിച്ചിരിക്കണം.

''നമുക്ക് തണുത്ത വല്ലതും കഴിക്കാം. ഓര്‍മയുണ്ടോ ദാസേട്ടന്റെ കടയിലെ സിപ്പപ്പും, കോയക്കാന്റെ കടയിലെ മില്‍ക്കവിലും ''

അവല്‍ പൊട്ടിച്ചിരിച്ചു.

നിറയെ മരങ്ങളുളള ആ കാമ്പസ് വല്ലാത്ത തണുപ്പായി മനസില്‍ നിറയാന്‍ തുടങ്ങുന്നത് ഞങ്ങള്‍ അറിയുന്നുണ്ടായിരുന്നു.

റോഡിന്റെ മറുവശം അരമതില്‍ കെട്ടിനപ്പുറം കടലിരമ്പുന്ന ശബ്ദം.

'ബാംബൂഹട്ട് 'എന്ന മുളകളാല്‍ മേഞ്ഞ കൂള്‍ബാറിലേക്കു കയറി ചെല്ലുമ്പോള്‍ ഞാനും അവളും പഴയ ഞങ്ങളായിക്കഴിഞ്ഞിരുന്നു.

അവളോര്‍ഡര്‍ ചെയ്ത മില്‍ക്കവില്‍ കൊണ്ടുവന്ന പയ്യനെ നോക്കി ചിരിച്ചു കൊണ്ടവള്‍ ചോദിച്ചു

''ഇത് കണ്ടുപിടിച്ച ആളെ അറിയോ?'

'ഏത്? അവില്‍മില്‍കോ? അറിയില്ല മാഡം'

അവന്‍ ഉപചാരപൂര്‍വ്വം തലതിരിച്ചു ചിരിച്ചു നടന്നുപോയി.

ഞങ്ങള്‍ക്കിടയില്‍ ഒരുപാട് കഥകള്‍ വന്നും പോയുമിരുന്നു. എന്തgകൊണ്ടോ ഇരുവരും 'ഇന്നിന്റെ' കഥകള്‍ പറയാന്‍ താല്‍പര്യം കാട്ടിയില്ല.

കണ്ണ് കൊണ്ട് കഥ പറഞ്ഞ ഒരു നിശ്ശബ്ദ പ്രണയ കഥ കടല്‍കാറ്റിന്റെ സുഖമായി എന്നെ തഴുകിക്കൊണ്ടിരുന്നു.

സായാഹ്നം ചുവക്കാന്‍ തുടങ്ങിയിരുന്നു. പതഞ്ഞു പൊന്തുന്ന തിരമാലകള്‍ ഒരു ദൂരക്കാഴ്ച്ചയായി ബാംബൂ ഹട്ടിന്റെ ചില്ലു ജാലകത്തിലൂടെ ദൃശ്യമായിരുന്നു.

അവിടെനിന്നും ഇറങ്ങുമ്പോള്‍ വീട്ടിലേക്കുള്ള ക്ഷണം നിരസിച്ച് പിന്നീടൊരു ദിവസം തനിക്കു വേണ്ടി വിഭവങ്ങള്‍ ഉണ്ടാക്കി വെക്കാന്‍ ഫോണ്‍ വിളിച്ചു പറയാം എന്ന് പറഞ്ഞ് പൊട്ടിച്ചരിച്ചുകൊണ്ടവള്‍ വിട പറഞ്ഞ് പോയി.

ചുവന്നു തുടുത്ത താഴികക്കുടം കടലില്‍ മുങ്ങിക്കൊണ്ടിരുന്നു. സുഖമുള്ള ആ കാഴ്ച കണ്ട ഒരു പെണ്‍കുട്ടിയുടെ പ്രസരിപ്പോടെ കൈ വീശി നടക്കുമ്പോള്‍ വെറുതെ ഓര്‍ത്തു,

പ്ലാശ്ശി പൂക്കള്‍ക്ക് എന്ത് നിറമായിരിക്കും?

യുദ്ധങ്ങള്‍ക്കൊക്കെയും ഒരു പ്രദോഷത്തിന്റെ ഛായയയാണ് തോന്നാറ്. രണ്ട് മനുഷ്യ കൂട്ടങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെ അസ്തമനം. അതാണല്ലോ യുദ്ധങ്ങളുടെ ആകെത്തുക. ജീവിതവും യുദ്ധം തന്നെ. ജീവിച്ചിരിക്കുമ്പോള്‍ പ്രണയത്തില്‍പ്പെട്ടു പോവുന്നവരും യോദ്ധാക്കളാണ്. മരന്ദ തോണികളിലിരുന്നു നിണ പ്പൊയ്കയിലൂടെ യാത്ര ചെയ്യുന്ന യോദ്ധാക്കള്‍.

എന്നെ കടന്നുപോയ കാറ്റപ്പോള്‍ ആ നടപ്പാതക്കരികില്‍ നിറയെ പൂത്തുനിന്ന ഗുല്‍മോഹര്‍ പൂക്കളെ തലോടുന്നത് വല്ലാത്തൊരു സുഖത്തോടെ, പുഞ്ചിരിയോടെ ഞാന്‍ നോക്കി നിന്നു.



-

TAGS :