Quantcast
MediaOne Logo

ഡോ. അജയ് നാരായണന്‍

Published: 7 Oct 2022 1:46 PM GMT

കണ്ണോക്കുരാമായണം

| കവിത

കണ്ണോക്കുരാമായണം
X
Listen to this Article

കേഴുകയാണോ മണ്ണിന്‍മകളേ

കണ്ണീരുറവച്ചാലുകളാല്‍

കാല്‍പ്പാടുകള്‍തന്‍ നിഴലുകളില്‍ നീ

തേടുകയോ ശ്രീരാമപഥം.

സരയുവിലെന്തിനു തിരയുന്നു നീ

പണ്ടേ മറഞ്ഞതാവില്ലേ

മോക്ഷമറിഞ്ഞവനൊപ്പം കാടും

നോവുകളൂറും കാട്ടാറും.

കഥകള്‍ പാടിയലഞ്ഞ ചകോരം

തളര്‍ന്നുറങ്ങിയ മാമരവും

തായ് വേരറ്റു ചരിഞ്ഞില്ലേ, പാഴ്-

ശ്രുതിയായ് വീണുതകര്‍ന്നില്ലേ?


യുഗങ്ങളെത്ര കഴിഞ്ഞൂ പെണ്ണേ

കണ്ണീരിനിയുമുറഞ്ഞില്ലേ?

മരങ്ങളെത്ര മരിച്ചൂ കവിതേ

മാനമെരിഞ്ഞതറിഞ്ഞില്ലേ?

രാകിവരുന്നു വെണ്‍മഴു ചെത്തി-

ക്കൂര്‍പ്പിച്ചമ്പുകള്‍ തീര്‍ക്കാനായ്

ആയിരമായിരം യന്ത്രങ്ങള്‍ പുതു-

മന്ത്രം ചൊല്‍വതു കേട്ടില്ലേ?

പെണ്ണേ നീയുരുള്‍പൊട്ടേണ്ടാ പുതു-

കഥയും ചികഞ്ഞെടുക്കേണ്ട

കാട്ടില്‍ കണ്ണീര്‍ചാലായിനിയും

കുത്തിയൊലിക്കാന്‍ നോക്കേണ്ട

തിളച്ച ചിന്തയിലുരുകേണ്ട പാഴ്-

മണ്ണിന്‍മടിയിലുറഞ്ഞോളൂ.

കൂട്ടായുണ്ടിനി കിളികള്‍

മണ്ണിലടിഞ്ഞതുമല്ലിനി, നൂറോളം

കൊമ്പില്‍ തൂങ്ങി നിരാശ്രയരായി

നിന്നെപ്പോലെയിരിപ്പുണ്ട്.

പുറ്റുപൊളിച്ചൊരു കവിയുടെ പക്ഷി-

ക്കഥകള്‍ കേട്ടു വളര്‍ന്നിട്ടും

പക്ഷികളിന്നും കൂട്ടത്തോടെ

പിടഞ്ഞു മണ്ണില്‍ വീഴുമ്പോള്‍

കണവന്‍ മുങ്ങിമരിച്ച ചരിത്രം

പാടാനെങ്ങനെ നാവുതിരും,

ഉടുക്കുകൊട്ടിപ്പാടിയ പാണര്‍

പണ്ടേ ചിതയിലെരിഞ്ഞല്ലോ.

കൂമ്പിയ ചുണ്ടും ദ്രവിച്ച കണ്ണും

കണ്ടാല്‍ വെറുതേ ചോദിക്കൂ,

ശാരികതന്നാത്മാവൊരു ചെറുവരി

മൂളാതൊന്നുമിരിക്കില്ല.

മണ്ണിന്‍മകളേ നിന്നെപ്പോലെയ-

നേകം പെണ്‍കിളിപൈതങ്ങള്‍

അടര്‍ന്നുവീഴുന്നല്ലോ ചില്ലക-

ളരിഞ്ഞു മണ്ണില്‍ താഴ്ത്തുമ്പോള്‍

കണ്ണീരുറവയുമായിനി വെറുതേ

മണ്‍പ്രതലങ്ങള്‍ നനയ്ക്കല്ലേ

മാറോടവരെച്ചേര്‍ക്കുക പെണ്ണേ

തര്‍പ്പണമായ് നീരിറ്റുമ്പോള്‍

ചിന്തുക സീതേ കണ്ണോക്കായൊരു

രാമായണവരി ചിന്തയില്‍ നീ.



ദേശീയപാത വികസനത്തിന്റെ പേരില്‍ വെട്ടിമാറ്റപ്പെട്ട മരങ്ങളിലൊന്ന്. നൂറുകണക്കിന് ദേശാടന പക്ഷികളായിരുന്നു ഈ മരത്തിലുണ്ടായിരുന്നത്.

TAGS :