Quantcast
MediaOne Logo

മനീഷ

Published: 15 Jan 2023 7:02 AM GMT

ഉടയാടകള്‍ ഉരിയ്ക്കുമ്പോള്‍

| കവിത

ഉടയാടകള്‍ ഉരിയ്ക്കുമ്പോള്‍
X

മഞ്ഞച്ച വെയില്‍

ആര്‍ക്കും വേണ്ടാത്ത

വിളറിയ ചെടികളെ

പൊതിഞ്ഞു നിന്നു.

കനമില്ലാ കാറ്റ്,

ചേര്‍ത്തുപിടിക്കുന്ന

ശബ്ദങ്ങളെ

കാതില്‍ ഉരസി.

ആകാശത്തോളം

വളര്‍ന്ന തെങ്ങിന്റെ

വളഞ്ഞ ഉടലില്‍

മഞ്ഞയും ചോപ്പും

ഉടുപ്പിട്ട

മരംകൊത്തി

ശില്‍പങ്ങള്‍ കൊത്തി.

തെങ്ങിന്‍ തലപ്പില്‍

തൂക്കണാം കിളി

കൂടുകള്‍ ആടി..

താഴെ ചതുപ്പില്‍

തലേന്ന് പെയ്ത

മഴ ഒരുക്കിയ

കുളത്തില്‍

മൈനകള്‍

കുളിച്ചു കേറി

ആരോ കുടഞ്ഞിട്ട

മഷി ചിത്രം പോലെ

നീല പൊന്മാന്‍

മീന്‍ക്കൊത്തി

പറന്നു..

താപസിയുടെ

മുഖമുള്ള

തവിട്ടു നിറ കൊക്ക്

മാവിന്‍ തണലില്‍

തലകുമ്പിട്ടു

നിന്നു..

ചിലച്ചു കുതിച്ചു

മരത്തില്‍ നിന്നും

മരത്തിലേക്ക്

അണ്ണാന്‍ കൂട്ടം.

എന്തിനോ വേണ്ടി

പായുന്ന മനുഷ്യരെ പോലെ..

അതൊരു

തുരുത്തായിരുന്നു.

മരങ്ങളുടെ,

മഞ്ഞ വെയിലിന്റെ

കിളികളുടെ,

അനാഥ ഹൃദയങ്ങളുടെ

സാമ്രാജ്യം..

വരുന്നവര്‍ക്കൊക്കെ

ഇടം നല്‍കുന്ന

വിശാലമനസ്‌ക്കരുടെ

ഭൂമിക..


യന്ത്രങ്ങളുടെ

മൂളല്‍..

മാറ്റുകൂട്ടുന്ന

ആയുധങ്ങളുടെ

ശീല്‍ക്കാരം

ആരോ വിളിക്കുന്നുണ്ട്

കാറ്റ് മൂളി..

എങ്ങോട്ടെന്നില്ലാതെ

കിളികള്‍ പറന്നു.

കുടിയൊഴിക്കപ്പെട്ട

മനുഷ്യരുടെ

മുഖമപ്പോള്‍

അണ്ണാന്‍ കൂട്ടത്തിന്..

ഓരോ വെട്ടിലും

തൊലി ഉരിയുന്ന

മരങ്ങള്‍ കൂമ്പി.

കിളി കൊട്ടാരങ്ങള്‍,

ശില്പങ്ങള്‍ മെനഞ്ഞ

മരയുടലുകള്‍,

തേങ്ങി..

ആരോ വിളിക്കുന്നപോലെ..

യന്ത്ര ശീല്‍ക്കാരം

നിന്നു.

ഉടയാടയഴിഞ്ഞ

പെണ്ണ് പോല്‍

മണ്ണ്

വെയിലില്‍

പൊരിഞ്ഞു.

പറമ്പിനറ്റത്ത്

ഏകയായ

പാല മാത്രം

ആരോ വിളിക്കുന്ന

പോലെ

തേങ്ങി..

വിശ്വാസം

കുത്തിവെക്കുന്ന

ഭയം

മനുഷ്യനില്‍

നിന്നും

കാത്തതാണ്

തന്റെ ഉയിരിനെ

എന്നറിയാതെ.




TAGS :