നിശാഗന്ധി
| കവിത
Listen to this Article
രാവിന്നാഴത്തില്‍
പൂക്കും നിശാഗന്ധി
പരത്തുന്ന ഗന്ധവും
വെണ്‍മയും ആര്‍ക്കുവേണ്ടി
നിഗൂഢമായ് തുടരുന്ന
രാക്കഥയിലിപ്പൊഴും
വാഴ്‌വിന്റെ വേരുകള്‍ പടര്‍ന്നിരിക്കാം
നിലാവ് പെയ്യിക്കുന്ന
ശീതന്റെ കണ്ണിലും
പ്രണയം കൊതിക്കുന്ന കവിതയാണോ
പാതി വിടരുമ്പൊഴേ
ഇതളറ്റം നിറയുന്ന
നിലാപ്രഭ നുകരുന്ന പുഞ്ചിരിയോ
രാവ് മറയുമ്പൊഴും
സാനന്ദമെങ്കിലും
ആരെയോ തേടുന്ന
നനുത്ത ഇതളുകള്‍
വാടാതെ നിന്നൂ
വെയില്‍ച്ചുണ്ടു നുണയുവാന്‍
ഗന്ധം മറന്ന വെറും പൂ മാത്രമായ്
ആരോ നിറക്കുന്ന പാനപാത്രത്തിലും
വിരഹത്തിന്‍ വേവിന്റെ നിശ്ചലത
താളം പിഴക്കാത്ത
ഇലത്തുമ്പുകള്‍ പോലും
തുടി നിന്ന തന്ത്രിയായ് നിന്നു പോയോ