മുഖം മൂടി അണിഞ്ഞ മനുഷ്യന്‍
| കവിത
ഇങ്ങനെ
ചിന്തകള്‍ പലതും
കയറിയിറങ്ങിയൊടുവില്‍
ചരിഞ്ഞു വീണൊരു
കൊമ്പനാണ് ഞാന്‍.
ദിക്കറിയാതെ ദിശയിറിയാതെ
സഞ്ചരിച്ചും,
ദിനങ്ങള്‍ക്കൊപ്പം വഴക്കിട്ടും
സമയചക്രത്തില്‍
പലകുറി കാര്‍ക്കിച്ചു തുപ്പിയും
ഞാനെന്റെ ജീവിതം
പടിഞ്ഞാറോട്ട് ഒഴുകുമൊരു
പുഴയിലൊഴുക്കി വിട്ടു.
പ്രഹസനം തുളുമ്പുന്ന
പകലുകള്‍ കണ്ട് ഞാന്‍
മടുത്തിരുന്നു.
മുഖം മൂടികളണിഞ്ഞ
മൃഗരാക്ഷസന്മാരുമായി
സംഘടനം നടത്തി
മടുത്തു ഞാന്‍.
ഉച്ചവെയിലിന്റെ പൊള്ളുന്ന
ചിന്തകളില്‍ മുങ്ങിതീരുവാന്‍
നേരമില്ലെനിക്ക്.
അന്തി ചുവന്നു തുടങ്ങും വരെ
ഞാനാ ശിലാപ്രതിമകള്‍ക്ക് ചുറ്റും
വലം വെച്ചു.
ജീവിച്ചെന്ന് അക്ഷരങ്ങള്‍ കൊണ്ട്
കോറിയ ചിലരുടെ ശിലാരൂപങ്ങള്‍
ഹാ. ലോകമേ..!
തണല്‍ പോലും നല്‍കാത്ത
ശിലകള്‍ക്ക് എന്തിനീ കാവല്‍.?
കൊടിച്ചി പട്ടികള്‍ക്ക് അന്തിയുറങ്ങാന്‍
പോലും പാകമല്ല പ്രതിമകള്‍!
രാവ് വീണു തുടങ്ങിയാല്‍
'ഞാനും എന്റെ മുഖംമൂടിയൊന്ന്
അഴിച്ചുമാറ്റും.'
ഇരുട്ടിന്റെ മറവില്‍ മുഖമാരും
കാണില്ല..
ഞാനാ ശിലയുടെ മറവില്‍
കാത്തിരിക്കും
ഇരയുടെ വരവിനായി..
ഇവിടെയിങ്ങനെയാണ്...
ഇവിടെ തത്വങ്ങള്‍,
പറയാന്‍ മാത്രമാണ്.
...............................