Quantcast
MediaOne Logo

സാജിദ എസ്.എ.പി

Published: 8 March 2024 5:32 AM GMT

അവള്‍..

| കവിത

അവള്‍..
X

കല്ലറകളില്‍ അടക്കം

ചെയ്യപ്പെട്ട പെണ്ണ്,

ഒടുങ്ങാത്ത ആശങ്കകളില്‍ സ്വസ്ഥപ്പെടാനാവാതെ

ഇറങ്ങിപ്പോരുന്നതാവണം

രാവിരുട്ടില്‍ നിങ്ങള്‍ക്കനുഭവപ്പെടാറുള്ള

വെളുത്ത ചേലയണിഞ്ഞ നിഴലുകള്‍.

തന്റെ ചൂടേല്‍ക്കാതെ

രുചിമാഞ്ഞുപോയ

വീടകത്തെക്കുറിച്ച വേവലാതിയാലാവാം

നിലാവിനെക്കൂട്ടുപിടിച്ച്

അവള്‍ പാഞ്ഞു വരുന്നത്.

അവള്‍ മാത്രം ആശ്രയമായ

അയല്‍പക്കത്തെ

ആശവറ്റിയ

അവശത്തിണ്ണയിലെ

കാത്തിരിപ്പിലേക്ക്,

സൗഹൃദക്കൂട്ടിലേക്ക്,

അഴിഞ്ഞു വീണ മുടിയോടവള്‍

പതുങ്ങിപ്പോരുന്നത്

എന്തിനാവുമെന്ന്

പറയേണ്ടതില്ലല്ലോ.

കല്ലറയില്‍ നിന്നും പതിഞ്ഞിറങ്ങുമ്പോള്‍

പിന്നണിപ്പാട്ടുകേള്‍ക്കുന്നത്

അവളുടെ അസാന്നിധ്യത്താല്‍

ചുവപ്പുനാടയില്‍ കുരുങ്ങി

ചങ്കുപൊട്ടി ചത്തു പോകുമെന്നുറപ്പുള്ളവന്റെ

സങ്കട ചൂരിനാല്‍

തന്നെയാവും.

അലറിക്കരഞ്ഞെത്തുന്ന

അവളുടെ ശൗര്യക്കണ്ണുകള്‍

അത്രമേല്‍ തീക്ഷ്ണമാകുന്നത്

അരുതായ്മകളുടെ

അതിരുകളില്‍

വാവിട്ടു നിലവിളിക്കുന്നവര്‍ക്കായി

ആയുധമേന്തി കാവലാവേണ്ടതിനാല്‍ തന്നെയാവണം.

എന്നിട്ടും

സകല ഭാവങ്ങളുമാടിത്തിമര്‍ക്കുന്ന

പെണ്ണിനെക്കുറിച്ച്

ക്ലാസ്സിലൊരു കവിത

കുറിക്കാന്‍ ശ്രമിച്ചതിനാണ്

കണക്ക് മാഷെനിക്കിട്ട്

പണിതന്നത്,

'പെണ്ണ് അബലയാണെ'ന്ന്

നൂറ്റിപ്പത്തിനെട്ടു തവണ

എഴുതണമത്രേ.

അതെന്തിനെന്നു മാത്രം

ഇതുവരെ മനസ്സിലായിട്ടില്ലെനിക്ക്!




TAGS :