Quantcast
MediaOne Logo

സലിം ചേനം

Published: 7 Aug 2022 4:48 AM GMT

അവളെ ഭയമാണ്

| കവിത

അവളെ ഭയമാണ്
X
Listen to this Article

ജര്‍മ്മന്‍ തെരുവില്‍

നാസികള്‍ നോക്കിനില്‍ക്കേ

ഹിറ്റ്‌ലറുടെ പൗരത്വനിയമത്തിനെതിരെ

നഗ്‌നമായി നൃത്തംചെയ്ത് പ്രതികരിച്ച

ആ ധീരവനിതയുടെ കാമുകനായി

ഈ നൂറ്റാണ്ടില്‍ ജനിച്ച

കവിയാണ് ഞാന്‍

എല്ലാ

ഭരണകൂടങ്ങള്‍ക്കും അവളെ ഭയമാണ്.

രാജ്യങ്ങള്‍ പൂഴ്ത്തിവച്ച

അക്ഷരത്തേയും അന്നത്തേയും

കൊള്ളയടിച്ച്

കവിത നിറച്ച വണ്ടികളാല്‍

രാജ്യാതിര്‍ത്തികളെ തകര്‍ത്ത്

കടന്നു പോകുമ്പോള്‍

അനേകായിരം

സ്വാതന്ത്ര്യം

തെരുവിലേക്കിറങ്ങിവരും.


പൂഴ്ത്തിവയ്പ്പുകാരായ

രണ്ട് ദേശസ്‌നേഹികളുടെ

വിരലുകള്‍ക്ക് മുകളില്‍

അവള്‍

ആയിരം കിലോ തൂക്കമുള്ള

രണ്ടു വീണകള്‍ കയറ്റിവച്ചു.

അതിനുശേഷം

ആ വീണക്കമ്പികള്‍കൊണ്ട്

നൈല്‍ നദിക്ക് കുറുകെ

അവള്‍ ഒരു തൂക്കുപാലം ഉണ്ടാക്കി.

എന്നിട്ട് അതിനു മുകളില്‍

കയറി നിന്ന്

കവിത നിറച്ച അക്ഷരങ്ങള്‍

ജലത്തിലേക്ക് എറിയാന്‍ തുടങ്ങി.

ഇപ്പോള്‍ ലോകം മുഴുവനും

കവിതകളുമായി നദികള്‍

ഒഴുകിപ്പരക്കാന്‍ തുടങ്ങുന്നു.

ഒഴുക്കുകള്‍ ദേശവിരുദ്ധമാണെന്ന് പറഞ്ഞ

മതങ്ങള്‍ എതിരെ

കഴിഞ്ഞ നൂറ്റാണ്ടില്‍

നാസികളെ പരാജയപ്പെടുത്തിയ

എന്റെ കാമുകി

ഈ നൂറ്റാണ്ടിലും

നൃത്തം തുടരുകയാണ്.

********

കവിത വായിച്ചത്: കവി കുഴൂര്‍ വില്‍സണ്‍


സലിം ചേനം

TAGS :