ചീളുകള്‍
| കവിത
Listen to this Article
കരിങ്കല്ലില്‍
ജീവിതം ഉണക്കാനിട്ട
മനുഷ്യന്‍
കടല്‍ത്തീരത്ത്
നഗ്‌നനായി
വിശ്രാന്തിക്കുന്നു.
വിശപ്പ് പൊതിഞ്ഞ
പതംഗങ്ങള്‍ ആഴിയിലേക്കൂളിയിടുന്നു.
ശബ്ദം കേട്ട
ഞെണ്ടിന്റെ മണമുള്ള മണല്‍തരികള്‍
തീരം ചാരി
പൂഴ്ന്നിറങ്ങുന്നു.
വേട്ട പേടിച്ച
മീന്‍കുഞ്ഞുങ്ങള്‍
കടലമ്മക്ക്
പിന്നില്‍ മറയുന്നു.
കുഴിമാന്തി
അസ്ഥിയും അവശിഷ്ടവുമെടുത്ത്,
ഉണങ്ങിത്തീര്‍ന്ന ജീവിതമെടുക്കാന്‍
മനുഷ്യന്‍ തുനിയുന്നു.
നീയേതെന്ന
നിന്റെ വീടേതെന്ന വേരെവിടെയെന്ന
ചീളുകള്‍ തറക്കുന്നു,
അയാള്‍ പതറുന്നു.
ഞാനാരെന്ന്
വേരെവിടെയെന്ന്,
തരിശിലും പൊടിയിലും വീണുകിടന്ന
കാലങ്ങളിലയാള്‍
പരതുന്നു.
അയാളുടെ
നഗ്‌നതയില്‍ നോക്കി
കരിങ്കല്ല് ചിരിക്കുന്നു.