ഒരു ജനത കൈകള്‍ നീട്ടുന്നു!
| കവിത
Listen to this Article
സമാധാനത്തോടെ
അമ്മയുടെ മടിയില്‍
തലചായ്ച്ചുറങ്ങാന്‍
കൊതിച്ചവര്‍ക്കാണ്
നിങ്ങള്‍ തടവറകളില്‍
വീടൊരുക്കിയത്
സന്തോഷത്തോടെ
കളിച്ചുകൊണ്ടിരുന്ന
കുരുന്നുകളുടെ
മൈതാനങ്ങളാണ്
നിങ്ങളുടെ പീരങ്കികള്‍
തീറെഴുതിയെടുത്തത്
പ്രണയത്തോടെ
ചുംബിക്കാനാഞ്ഞ
രാവിന്റെ ചുണ്ടുകളാണ്
നിങ്ങളുടെ വെടിയൊച്ചകളാല്‍
വിറങ്ങലിച്ചു പോയത്
വാത്സല്യത്തോടെ
ചുരത്തേണ്ട
അമ്മിഞ്ഞപ്പാലിലാണ്
നിങ്ങള്‍ ഭയം നിറച്ചത്
തൊട്ടില്‍ മുതല്‍
ശവക്കട്ടില്‍ വരെ
നെറ്റിയിലൊട്ടിച്ചു വെച്ചു
ഞങ്ങളാ പ്രാണഭയം!
ജീവിതമാസ്വദിക്കാന്‍
വിടാതെയാണ്
കൊന്നു കളഞ്ഞത്
ശേഷം, തടവറകള്‍ പോലും
ബുള്‍ഡോസറുകളാല്‍ നിരത്തി
നിങ്ങള്‍ ഗോതമ്പുപാടങ്ങളാക്കി
മണ്ണിനടിയില്‍ നിന്ന്
പുറത്തേക്ക് നീട്ടുന്ന
കൈകളില്‍
ചില്ലകള്‍ മുളയ്ക്കുന്നുണ്ട്
ഇലകൊഴിച്ചവരുടെ
മരണത്തിന്
കൊടുംവേനലാവാന്‍!