കടുക്
| കവിത
ഇന്നത്തെ രാത്രിയില്‍ അവളും ഞാനും
തേന്‍നാളമണങ്ങള്‍ മേയുന്ന
പകലുകളെ സ്വപ്നം കാണും നേരം
ഒരു കുട്ടി പച്ച നിറമുള്ള നനവുള്ള
ഒരു സൂര്യനെ പറിക്കുവാന്‍പോയനേരം
അടുപ്പില്‍വെച്ച ചായ ചെമ്പിലേക്ക്
ഒരു തീപുക വെടിയുണ്ട ചീറി കേറി.
ഞെട്ടിയെണീറ്റ മകള്‍ ചോദിച്ചു
അമ്മാ പഞ്ചാരയിട്ട ചായവേണം
അമ്മ പുറത്തേക്ക് നോക്കുമ്പോള്‍
ഒരു പീരങ്കി ഒരു എ.കെ ഫോര്‍ട്ടി സെവന്‍
ഒരു ഹെലികോപ്റ്റര്‍ ഒരായിരം പട്ടാളം.
അമ്മയുടെ നെറുകയിലെ ഭാരതപ്പുഴ
വീണ്ടുമൊരു പ്രളയമായ് കലങ്ങി.
മകള്‍ക്ക് കൊടുക്കുവാന്‍വെച്ച
ചായകോപ്പയിലാകമാനം
യുദ്ധങ്ങള്‍ കോര്‍ത്തു തൂക്കിയ
രാജ്യത്തിലെ മനുഷ്യരുടെ മുഖങ്ങള്‍.
വീട്ടില്‍ രണ്ടു വാഴ വെച്ചിരുന്നു.
അതിലെ രണ്ടിലയുടെ നടുവരമ്പിലൂടെ
അന്നു പെയ്ത മഴന്നീരുകളെല്ലാം
ഓടിയൊളിക്കുന്ന ധൃതിയില്‍
അവള്‍ കുറച്ച് കടുകെടുത്ത്
ചടപ്പട ചടപ്പടചടപ്പടയെന്ന്
എണ്ണയിലിട്ടു പൊട്ടിച്ചു.
ഒരു നാട്ടുമൃഗവും കാട്ടുമൃഗവും
മനുഷ്യമൃഗവും വാഹനമൃഗവും
വെടിപുക തീപുക എരിപുക
കേട്ടതിലെ കിതച്ചോടിപ്പോയപ്പോള്‍
ഒരു സുന്ദരപോരാളി കുട്ടി
പീരാങ്കിക്കു നേരെ അവന്റെ
ആയുധമായ കല്ലെടുത്ത് ഒറ്റയേറ്.
അവനും പിറകിലുള്ളവരും
കൂട്ടത്തോടെ ചത്തുവീഴുമ്പോള്‍
ഒരു മാടപ്രാവ് സമാധാനത്തിനുവേണ്ടി
ജീവിക്കുവാന്‍വേണ്ടി കുറുകുന്നുണ്ടായിരുന്നു.
കവി സച്ചിധാനന്ദന്‍ മാഷിന്റെ
ഉപ്പ് എന്ന കവിതയിലെ
വെളുത്ത പതാക പറക്കുകയായിരുന്നു
സകല പക്ഷികളും മനുഷ്യനും
മൃഗങ്ങളുമെല്ലാം സന്തോഷിക്കുവാന്‍
തീയതി കാത്തിരിക്കുന്നു.