പ്രണയസ്പര്‍ശം
| കവിത
തെന്നല്‍ വന്നിടക്കിടെ
പ്രണയാര്‍ദ്രം
തൊടുമ്പോള്‍
ഇലയുടെ സിരകളില്‍ ഒഴുകുന്നു
പുതിയൊരൂര്‍ജ്ജം
അനക്കമില്ലാതിരുന്നായതിന്റെ ഉടല്‍
ഇളകിയാടുന്നു.
ഉള്ളം മര്‍മ്മരമുതിര്‍ക്കുന്നു.
കത്തും വെയിലിലും വാടാതെ,
ഹരിതകം ചോരാതെ
ചാഞ്ചാടി നില്‍ക്കുന്നു.
തെന്നലൊന്നകലുമ്പോള്‍
ഇല ചേതനയറ്റ പോല്‍
നിശ്ചലമാകുന്നു.
കാലം ഇലയുടെ ഹരിതാഭയെല്ലാം
കവര്‍ന്നു പീതരാഗം ചാര്‍ത്തിയെന്നാലും
തെന്നല്‍ വന്നടുത്തിരിക്കുമ്പോള്‍ ഇന്നുമായില
പഴയതുപോല്‍ പ്രണയാര്‍ദ്രമായ് തുടിക്കുന്നു.
ചില്ലയില്‍ നിന്നും അടരുന്ന നേരത്തും
തെന്നല്‍ കരം ചേര്‍ത്തു സാന്ത്വനം പോല്‍ അരികെ നില്‍ക്കെ
ഇല ഭാരമില്ലാതെ പാറിപ്പറന്നു
താഴെ പതിക്കുന്നു.
ആത്മസായൂജ്യത്താല്‍ മിഴിയടക്കുന്നു
ആനന്ദമോടെ മണ്ണില്‍ ഉള്‍ച്ചേരുന്നു.