Quantcast
MediaOne Logo

ഡോ. അജയ് നാരായണന്‍

Published: 23 Dec 2022 5:24 AM GMT

മെഹര്‍ഷാദ്

| കവിത

മെഹര്‍ഷാദ്
X
Listen to this Article

*മെഹര്‍ഷാദ് ഷാഹിദി

മൃതിയുടെ മരുഭൂമിയില്‍

വിരിഞ്ഞ കല്‍പനയാണ്!

അവന്റെ വിരല്‍ത്തുമ്പുകളിലൂടെ

മഴവാക്കുകള്‍ ഊര്‍ന്നിറങ്ങി

പലഹാരങ്ങളായി രൂപപ്പെടുമ്പോള്‍

ശുഭ്രചീനപ്പിഞ്ഞാണങ്ങളില്‍

മഴവില്‍ക്കൊടികള്‍

കവിതകളായ് വിരിഞ്ഞിരുന്നു

ശലഭങ്ങളായ് പറന്നിരുന്നു,

ഒരിക്കല്‍!


അതിഥികളുടെ നീലക്കണ്ണുകളില്‍

ആസ്വാദനത്തിന്റെ ആശാമുകുളങ്ങള്‍,

നാവിലെ രസമുകുളങ്ങളില്‍ നറുതേന്‍,

വായുവില്‍ ഊദിന്റെ ഉന്മദഗന്ധം,

ആത്മാവില്‍ ആത്മഹര്‍ഷങ്ങളുടെ

ലയവിന്യാസങ്ങള്‍...

എന്നെല്ലാം കരുതുന്നുവോ

നിങ്ങള്‍?

ആദ്യാക്ഷരങ്ങള്‍പോലെ,

വിരലുകളാല്‍ വികാരഭരിതമൊരു

കഥ മെനയുംപോലെ,

മെഹര്‍ഷാദ് നീട്ടിയ കവിത

ഒരു മൃദുഹാസത്തോടെ

വായിക്കുവാന്‍ വെമ്പുന്ന

അതിഥികള്‍

ഭക്ഷണശാലയിലിന്നുണ്ടോ...


ഇല്ല!

അവനിന്ന്

ഒരോര്‍മയാണ്

മറ്റുപലരെയുംപോലെ...

ഭക്ഷണശാലകളും

തെരുവീഥികളും

തീവിഴുങ്ങികളാണ്!

മഹ്‌സ അമീനി

കൊളുത്തിയ തീയില്‍

കുഴഞ്ഞുവീണല്ലോ മെഹര്‍ഷാദ്.

പട്ടടകളുടെ എണ്ണമേറുമ്പോള്‍

മരിച്ചുവോ ടെഹറാന്‍,

നിന്റെ മനസ്സാക്ഷിയും?

തീന്‍മേശകള്‍ ഇന്ന്

മയ്യത്തുകട്ടിലുകളായി

രൂപപ്പെടുന്നു.

ഇറാനിലെ

അടുക്കളകള്‍

മരണത്തിന്റെ കറുത്തപുക

പുറന്തള്ളുന്നു.

ചുട്ടമാംസത്തിനു

മെഹര്‍ഷാദിന്റെയും

മഹ്‌സയുടെയും

ചോരയുടെ ചുവയാണല്ലോ...

സത്തുക്കളൊഴിയുമ്പോള്‍

ഉപ്പുപരലുകള്‍

മണല്‍കൂനയാകുമ്പോള്‍

അധികാരം പകിടകളിയുടെ

ലഹരിയിലാണ്.

സദാചാരം

നാവുനീട്ടിക്കൊണ്ടേയിരുന്നു

ചോര നുണഞ്ഞുകൊണ്ടേയിരുന്നു.

ഇളംമാംസത്തിന്റെ രുചിയില്‍

പുതിയ ഭക്ഷണരീതി

പഠിക്കാന്‍ കാലമായി.

പക്ഷേ,

കൊല്ലുംമുന്‍പേ

ചത്തുപോകുംമുന്‍പേ

ബിസ്മി ചൊല്ലണമെന്നുമാത്രം.

*മെഹര്‍ഷാദ് ഷാഹിദി പ്രശസ്തനായ ഇറാനിയന്‍ ഷെഫ്. ഇരുപത് വയസ്സ് തികയുംമുമ്പ് ഇറാനില്‍ അവനും കൊഴിഞ്ഞുവീണു.



ഡോ. അജയ് നാരായണന്‍

TAGS :