Quantcast
MediaOne Logo

മസ്തിഷ്‌കം പൂക്കുമ്പോള്‍

| നാല് കവിതകള്‍

മസ്തിഷ്‌കം പൂക്കുമ്പോള്‍
X

മസ്തിഷ്‌കം പൂക്കുമ്പോള്‍

ചിന്തകളില്‍

ഭ്രാന്ത് പൂക്കുന്ന

ചില നേരങ്ങളുണ്ട്.

പെരുവിരല്‍ മുതല്‍

തലമുടി വരെ

ശരീരമുടനീളമതങ്ങനെ

കയറിയിറങ്ങി നടക്കും.

അടഞ്ഞവാതിലിനപ്പുറം

ചില മനുഷ്യര്‍

സമ്മാനിച്ച

നിറം മങ്ങിയ ഓര്‍മ്മകള്‍ക്കവ

കൂട്ടിരിക്കും.

ഇറങ്ങിപ്പോക്ക് നടത്തിയ

മനുഷ്യന്റെ സ്‌നേഹത്തെ

കുറിച്ചോര്‍മ്മിപ്പിക്കും.

ചിരി വറ്റിച്ച് കടന്നു കളഞ്ഞ

അയാളെ കുറിച്ചോര്‍ത്ത്

സഹതപിക്കും.

എന്റെ കരച്ചിലുകളെ

മൗനം കൊണ്ട് ജയിക്കുന്ന

മനുഷ്യനോടെനിക്കപ്പോള്‍

കൂടുതല്‍ പ്രിയം തോന്നും.

അയാളെനിക്ക്

പ്രാപ്യമായതില്‍ വെച്ചേറ്റവും

നല്ല പുരുഷനാണെന്നോര്‍മിപ്പിക്കും.

നിലാവിന്റെ

നീലിച്ച

വിരലുകളെ

കുറിച്ച്

കവിതയെഴുതാന്‍

എന്നോടതാവശ്യപ്പെടും.

പ്രണയിച്ചു കൊണ്ടേയിരിക്കൂ

എന്നതിനുപകരം

കലഹിച്ചു കൊണ്ടേയിരിക്കാന്‍

മൊഴിയും.

പ്രിയപ്പെട്ടവനേ,

പൂത്ത ഭ്രാന്തുകളെയൊക്കെയും

വെള്ളം നനച്ചു വളമിട്ട്

നീയൊന്ന് പന്തലിപ്പിച്ചു

താ..

**********


സമവാക്യം

ഉടല് വറ്റിച്ച്

ഉമിനീരെടുത്ത്

വിരലറ്റം കൊണ്ട്

ജീവിതത്തിനൊരു

സമവാക്യം

തീര്‍ത്തുതന്ന

മനുഷ്യനേ,

ഉറക്കമിറങ്ങിപ്പോയ

രാത്രികളിലെ,

തുപ്പല്‍വഴുക്കുള്ള

നീണ്ട

വര്‍ത്തമാനങ്ങളുടെ

രസച്ചരടില്‍ നിന്ന്

ഊര്‍ന്നിറങ്ങി

ഞാനൊന്ന്

മുങ്ങിക്കുളിച്ച്

കയറട്ടെ......

പടവുകളൊരുക്കി

വെച്ചൊരാകാശം

എന്നെ കാത്തിരിക്കുന്നു..

***********

ഇറങ്ങി പോക്ക്

അത്രമേലുള്ള്

പൊള്ളിച്ചിട്ടും

ചിലമനുഷ്യരില്‍

തന്നെ

ഒതുങ്ങിപ്പോവേണ്ടി

വരിക എന്നത്

പൊറ്റയടര്‍ന്ന

മുറിവിലൊരു

ലോകംവരച്ചു

ചേര്‍ക്കുന്ന

പോലെയാണ്.

എത്ര ആഴത്തില്‍

വെറുത്താലാണ്

ഇവരില്‍നിന്നൊരു

ഇറങ്ങിപ്പോക്ക്

സാധ്യമാവുക...?

***********

ചെമ്പരത്തി പൂവ് സമ്മാനിച്ചവന്‍

നോവ് തിങ്ങി

ശ്വാസം

നിലച്ചേക്കുമെന്ന്

തോന്നിപ്പോകുന്ന

നേരങ്ങളില്‍

മുനയുള്ള

വാക്കുകള്‍

കൊണ്ടാഴത്തില്‍

പുള്ളികുത്തി

എന്നിലെ

പ്രപഞ്ചത്തെ

ഒരൊറ്റ നൂലില്‍

കോര്‍ത്ത്

വയലറ്റ്

നിറത്തിലൊരു

ചെമ്പരത്തിപ്പൂവിനെ

വിരീച്ചെടുത്ത്

സമ്മാനിച്ച

മനുഷ്യനെ..

ഒരു നിമിഷം

കാത്തു നില്‍ക്കൂ

ഞാനെന്നെയൊന്ന്

മൂടിവെക്കട്ടെ.

ചുരത്താനാവാതെ

നെഞ്ചിലൊരു

വാത്സല്യം

പഴുത്തൊലിക്കുന്നുണ്ട്.

***************


TAGS :