Quantcast
MediaOne Logo

സജ്‌ന സമീര്‍

Published: 11 Oct 2024 4:12 AM GMT

പ്രതിക്രിയ | Short Story

| കഥ

പ്രതിക്രിയ | Short Story
X

വണ്ടി സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടയില്‍ അമ്മു പറഞ്ഞ വാങ്ങിക്കാനുള്ളവ ഓര്‍ത്തു വെച്ചു. സൂര്യന്‍ തെല്ലൊന്നു മാറി തീക്ഷ്ണമായ വെയില്‍ നീങ്ങിത്തുടങ്ങിയിരിക്കുന്നു. പതിവായി പോകാറുള്ള കടയില്‍ കയറി ഓരോന്നായി എടുത്തുകൊണ്ടിരിക്കുബോഴാണ് ശ്രദ്ധിച്ചത് ഒരു വൃദ്ധന്‍ നോക്കിനില്‍ക്കുന്നു.

''ദാസനല്ലേ.. സുധിയുടെ..''

അയാളുടെ വാക്കുകള്‍ മുറിഞ്ഞു

''അതെ''

''സുധിയുടെ വിവരം വല്ലതും''

''ഇല്ല''

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുധിയെന്ന പേര് ഓര്‍ക്കുന്നത്. അടഞ്ഞു പോയൊരു അധ്യായം.

യഥാര്‍ഥത്തില്‍ അങ്ങനെയാണോ? തുറക്കാന്‍ ആഗ്രഹിക്കാത്തൊരു പുസ്തകമെന്ന് തിരുത്തുന്നതാകും ശരി.

''ഞാനും സുധിയുടെ അച്ഛനും സുഹൃത്തുക്കളായിരുന്നു''

''ഹാ''

ഓര്‍മകള്‍ താളം തെറ്റി വാക്കുകള്‍ ഇല്ലാതായി.

പിന്നെ എന്തായിരുന്നു അമ്മു പറഞ്ഞത്, ഇല്ല ഓര്‍ത്തെടുക്കാനാകുന്നില്ല. അവിചാരിതമായി കടന്നു കൂടിയ ചിന്തകള്‍ മനസ്സിന്റെ താളം തെറ്റിക്കുന്നു. വാങ്ങിച്ച സാധനങ്ങള്‍ക്കുള്ള ബില്ല് അടച്ചു. ഇറങ്ങാനൊരുങ്ങുബോള്‍ അയാളെ പരതി.

വേണ്ട. കാണേണ്ട.

ഇനിയും അയാള്‍ പറഞ്ഞു തുടങ്ങിയാല്‍ ചോദ്യങ്ങള്‍കൊണ്ട് കുരുക്കിട്ടാല്‍ ഓര്‍മകള്‍ക്കുള്ളില്‍ അകപ്പെട്ട് ശ്വാസമില്ലാതാകും.

പറഞ്ഞത് മുഴുവന്‍ വാങ്ങിച്ചീലല്ലോ അച്ഛാന്ന് അമ്മു പരിഭവിച്ചു.

അവളും മാളുവും അങ്ങനെയാണ് വിളിക്കാറ്; അച്ഛനെന്ന്. ജന്മംകൊടുക്കാതെ അച്ഛനായതാണ്. അമ്മു കൈകുഞ്ഞായിരുന്ന കാലത്ത് കാണാതായതാണ് ജന്മം കൊടുത്ത സുധിയെ. തിരച്ചിലുകള്‍ക്കും കാത്തിരിപ്പുകള്‍ക്കും ഫലമില്ലാതായപ്പോഴേക്കും ഒരു പകരക്കാരന്റെ വേഷം ജീവിതത്തോട് ഇണങ്ങിച്ചേര്‍ന്നിരുന്നു.

ഷര്‍ട്ടൂരി ഹാംങ്ങറില്‍ തൂക്കുമ്പോള്‍ അവള്‍ വന്ന് ചോദിച്ചു: ''ചായ എടുക്കട്ടെ''

''ഹാ''

ദേവകി.

കുട്ടികള്‍ അച്ഛനെന്ന് വിളിക്കുന്നുവെങ്കിലും അവള്‍ക്കിന്നും അന്യനാണ്. അരികിലിങ്ങനെ.. സ്‌നേഹമുണ്ടെങ്കിലും പറയുവാനോ പകരാനോ തുനിയാതെ ജീവിതം നീങ്ങിക്കൊണ്ടിരിക്കുന്നു.

അയാള്‍ ഉമ്മറത്ത് ചാരുകസേരയില്‍ ചെന്നിരുന്നു. പകലേിന്റെ നിറം മങ്ങിത്തുടങ്ങിയിരിക്കുന്നു. കിളികള്‍ കൂടണയാനുള്ള തിടുക്കത്തിലാണ്. സ്വന്തമായിട്ട് ഒന്നുമില്ലാത്തവന് സ്ഥാനമാനങ്ങളുമുണ്ടാകില്ല, അയാള്‍ ഓര്‍ത്തു. സുധിയുടെ അച്ഛന് നാടോടികളുടെ കൈയില്‍ നിന്ന് കിട്ടിയതാണ്, നാടും വീടുമറിയാത്ത അനാഥനെ. അവരുടെ മകന്‍ സുധിയെക്കാള്‍ പ്രായം കുറവ് തോന്നിച്ച പയ്യന് ദാസനെന്ന പേര് വിളിച്ചു. സുധിയുടെ സഹോദരനാക്കി. ഒന്നുമില്ലാത്തവന് ആരൊക്കെയോ ഉണ്ടായി.

''ചായ''

അവളാണ്.

അവളുടെ പെരുമാറ്റങ്ങള്‍ അങ്ങനെയാണ്. കടമ പോലെ ബഹുമാനത്തോടെ സേവിക്കുന്നു. മൂത്തതിനെ കെട്ടിച്ചുവിട്ടതിനും കുടുംബം പുലര്‍ത്തുന്നതിനുമുള്ള കടപ്പാട് ആയിരിക്കണം. അവള്‍ ഒന്നുമിതുവരെ ആവശ്യപ്പെട്ടിട്ടില്ല. ഒരു നുള്ള് സ്‌നേഹം പോലും. തീര്‍ച്ചയാണ്, അവളില്‍ ഒന്നിനോടും ഒരു പ്രതീക്ഷയും കണ്ടിട്ടുമില്ല ഇന്നുവരെ.

പാടത്തും പറമ്പിലും അലഞ്ഞു നടന്ന് തോട്ടം പുഷ്ടിപ്പെടുത്തുന്നതിനിടയില്‍ വല്ലപ്പോഴും മാത്രമേ അവളെ നോക്കുക പോലും ചെയ്തിട്ടുള്ളൂ. മക്കളെ സ്‌നേഹിക്കുേേമ്പാാഴും അവളോടെന്നും ബഹുമാനം മുന്നിട്ടു നിന്നു. ഇതിനിടയില്‍ ആരോടും സമ്മതം ചോദിക്കാതെ കാലം മാത്രം മാഞ്ഞുകൊണ്ടിരിക്കുന്നു.

എല്ലാം പഴയ പോലെ ആയാല്‍, സുധി തിരികെയെത്തിയാല്‍ ഈ വീടും കുടുംബവും ഇല്ലാതാകും.

തികച്ചും അന്യനായി തീരും. നൂലറ്റം പൊട്ടിപ്പോയ പട്ടം പോലെ അലയേണ്ടി വരും. വര്‍ഷങ്ങള്‍ എത്ര കൊഴിഞ്ഞുപോയി. വിവാഹം കഴിക്കാതെ, അതല്ലെങ്കില്‍ ആഗ്രഹിക്കാതെ ജന്മം തീരാറായി. സുധി തിരിച്ചെത്തും മുന്‍പ് ജന്മം തീരണം. സൂര്യനും ചന്ദ്രനും ഒരുമിച്ച് വാഴുന്നതെങ്ങനെ. വേതനമില്ലാതെ പകരക്കാരനായി എന്നും തുടരാനാകുമോ? വീണുപോയാല്‍ ചേര്‍ത്തുപിടിക്കാന്‍ ആരുണ്ടാകും.

ഉത്തരങ്ങളില്ലാത്ത ഒരു കൂട്ടം ചോദ്യങ്ങള്‍ മാത്രമായി ജീവിതം നീങ്ങിക്കൊണ്ടിരിക്കുന്നു.

കസേരയില്‍ നിന്ന് എഴുന്നേറ്റു. പതിയെ റൂമിലേക്ക് നടന്നു. എന്നും ഈ ചുമരുകള്‍ക്കുള്ളില്‍ തനിച്ചാണ്.

വല്ലാത്തൊരു തളര്‍ച്ച. മനസ്സിനാണോ ശരീരത്തിനോ?

''എന്തു പറ്റീ അച്ഛാ''

അമ്മുവാണ്.

''ഒന്നുമില്ല മോളേ''

എന്തേ ഈ നേരത്ത് കിടക്കുന്നതെന്ന് അവള്‍ ചിന്തിക്കുന്നുണ്ടാകും. പതിവില്ലാത്തതാണ്.

''ന്തേ''

ദേവകിയാണ്

''ഒന്നുമില്ല''

''കുടിക്കാനെന്തേലും''

''വേണ്ട''

ചെരിഞ്ഞു കിടന്നു. കണ്ണുകള്‍ മറക്കാനായി. അവളൊന്നും അറിയേണ്ട. അവള്‍ പതിയെ അവിടെ നിന്ന് പിന്‍വാങ്ങി.

പതിവിലും നേരത്തെ ഇരുട്ടിനൊപ്പം നിശബ്ദതയും നിറഞ്ഞു. അതിര്‍വരമ്പുകളണിഞ്ഞ പല ലോകങ്ങളെന്ന പോലെ ചുമരുകള്‍ മനസ്സുകള്‍ക്കിടയില്‍ വലിയ വിടവുകളുണ്ടാക്കുന്നുണ്ട്. ഏറെ നേരം അസ്വസ്ഥതയോടെ കിടന്നതല്ലാതെ ഇമകള്‍ ഇണങ്ങാന്‍ തയ്യാറയില്ല.

പതിയെ എഴുന്നേറ്റു ദേവകിയുടെ റൂമിനടുത്തേക്ക് നടന്നു. വാതിലില്‍ തട്ടാനൊരുങ്ങിയപ്പോഴാണ് അറിഞ്ഞത്, ചാരിയിട്ടേയുള്ളൂ. തുറക്കപ്പെട്ട വാതില്‍ പാളിയെക്കുറിച്ച് അറിഞ്ഞിട്ടായിരിക്കണം അവള്‍ എതിര്‍ദിശയിലേക്ക് ചെരിഞ്ഞു. ജനലിലൂടെ പാളി നോക്കിയ നിലാവാണ് ചൂണ്ടിക്കാണിച്ചത് അവള്‍ക്കരികില്‍ അനാഥമായിക്കിടക്കുന്ന ഒരു തലയിണയുണ്ടെന്ന്. അതിന്‍മേല്‍ തലവെച്ച് അയാള്‍ നിവര്‍ന്നു കിടന്നു. തെല്ലിടനേരം മൗനം മാത്രം ബാക്കിയായി. അപ്പോഴേക്കും അവളുടെ കൈകള്‍ അയാളെ പുതച്ചിരുന്നു.




TAGS :