Quantcast
MediaOne Logo

മുനീര്‍ മങ്കട

Published: 14 Aug 2024 1:43 PM GMT

ഹൃദയമുറിവുകളില്‍നിന്നൊഴുകുന്ന കവിതകള്‍

റജീന റഹ്മാന്റെ 'ഹൃദയ മുറിവുകള്‍' കവിതാ പുസ്തകത്തിന്റെ വായന.

ഹൃദയമുറിവുകളില്‍നിന്നൊഴുകുന്ന കവിതകള്‍
X

പൊള്ളുന്ന വേനല്‍പകലുകളില്‍ ഇല പൊഴിഞ്ഞു വീഴുന്ന ഓര്‍മകള്‍ക്ക് തളിര്‍ക്കാന്‍ വെള്ളവും വളവുമെന്നപോലെ നീറുന്ന മനസ്സിന്റെ നൊമ്പരപ്പടര്‍പ്പുകള്‍ അള്ളിപ്പിടിച്ചുകയറുന്ന ഉന്മാദത്തിന്റെ അവാച്യമായ അനുഭവസാക്ഷ്യങ്ങളിലൂടെയുള്ള സഞ്ചാരമാണ് ചിലര്‍ക്ക് കവിത. ജീവിതത്തിന്റെ പല മാത്രകളിലായി അക്ഷരങ്ങളുടെ അനിര്‍വചനീയമായ ആനന്ദത്തിന്റെ അനുഭവക്കടലുകളിലൂടെ നീന്തി അങ്ങകലെ ഏഴ്‌വാനവും കടന്ന് അനാദിയായ കാലത്തിന്റെ അതിസൂക്ഷ്മ ഭാവങ്ങള്‍ക്ക് ഭാവനയുടെ നിറങ്ങള്‍ ചാലിച്ചുകൊടുത്ത ഹൃദയാക്ഷരങ്ങളുടെ പെരുമഴക്കാലമാണ് റജീന റഹ്മാന്‍ എന്ന കവയത്രിയുടെ കവിതകള്‍.

വാക്കുകളുടെ, ഭാഷയുടെ സവിശേഷമായ പരിഛേദങ്ങളെ തീക്ഷ്ണമായ അനുഭവത്തിന്റെ ഭൂമികയില്‍ നിന്നുകൊണ്ട് അവതരിപ്പിക്കുകയാണ് ഈ കവിതകളില്‍. 'കിനാവുകള്‍ക്കൊക്കെ മരണത്തിന്റെ മണമാണ് ഓര്‍മകള്‍ക്കൊക്കെ വിജനതയുടെ മൗനമാണ്' (മരണഗന്ധം), 'എന്നില്‍ പടര്‍ന്നൊരു വള്ളിപ്പടര്‍പ്പിന്റെ അടരുന്ന നിശ്വാസം ഞാനറിഞ്ഞു...' (കൊഴിയുന്ന ഇലകള്‍), 'അമ്മയില്ലാത്ത വീട്ടിലേക്ക് ഭാണ്ഡക്കെട്ടുമായ് വിരുന്നു പോവാറില്ല..'(അമ്മയില്ലാത്തവീട്) തുടങ്ങിയ കവിതകളില്‍ പെണ്മനസ്സിന്റെ ആഴങ്ങളിലെ അനുഭവക്കടല്‍പ്പെരുക്കങ്ങളിലെ അസ്വസ്ഥതകള്‍ നമുക്ക് വായിച്ചെടുക്കാനാകും.

പച്ചയായ ജീവിതാനഭവങ്ങളുടെ ബാല്യ കൗമാരങ്ങള്‍ മുതല്‍ ഒരു വീട്ടമ്മയിലേക്കള്ള പ്രയാണവും അതിനിടയിലെ ജീവിതാനുഭവങ്ങളുടെ യഥാതഥമായ ചിത്രീകരണങ്ങളുംകൊണ്ട് സമ്പന്നമാണ് റജീനയുടെ കവിതകള്‍. ജലാലുദ്ദീന്‍ റൂമി മുതല്‍ ബഷീറും, ഖലീല്‍ ജിബ്രാനും, ഖസാക്കും, നീര്‍മാതളം പൂത്തകാലവും വരെ കവിതയില്‍ കടന്നു വരുന്നു.

അടുക്കളയിലെ നാലതിരുകള്‍ക്കിടയില്‍ കിടന്ന് തപിച്ചുകൊണ്ടിരിക്കുന്ന പെണ്‍ മനസ്സാകുന്ന അഗ്‌നി പര്‍വ്വതത്തിന്റെ പൊട്ടിത്തെറികളായാണ് പലപ്പോഴും പല കവിതകളും പിറക്കന്നതു തന്നെ. പുഴയിറമ്പില്‍ ഈറന്‍ കാറ്റേറ്റ് പ്രകൃതിയോട് കിന്നരിച്ച് താള-ലയ- സംഗീതാര്‍ദ്ദ്രമായി ഒഴുകിയെത്തുന്ന വാക്കുകള്‍ തേച്ചു മിനുക്കിയെടുക്കുന്ന പ്രവൃത്തി മാത്രമല്ല കവിതയെഴുത്ത്. നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യത്തിന്റെ, തടഞ്ഞു വെക്കപ്പെട്ട ഭാവനയുടെ ഒഴുക്കിന്റെ, കടിച്ചു പിടിച്ചുകഴിയുന്ന ആത്മ നിശ്വാസങ്ങളുടെ എല്ലാം ബഹിര്‍ സ്ഫുരണങ്ങളായാണ് റജീന റഹ്മാന്റെ മിക്ക കവിതകളും നമ്മിലൂടെ കടന്നു പോകുന്നത്.

'ദ്രൗപതി നിന്നു കത്തുകയാണ്

തീയില്‍ കുരുത്തവള്‍

അപമാനിതയായി

ദുശ്ശാസനന്റെ കരങ്ങള്‍

ഉരിഞ്ഞൂ മാറ്റുന്ന വസ്ത്ര ശകലങ്ങള്‍

ഉതിര്‍ന്നു വീഴുമ്പോള്‍ അവള്‍ പൊള്ളുകയാണ്

രക്ഷിക്കേണ്ടവര്‍ തോറ്റ് തലകമ്പിട്ടിരിക്കുമ്പോള്‍

സഭാമധ്യത്തില്‍ നഗ്‌നയാവേണ്ട ഗതികേടിനെ,

നിസ്സഹായതയെ

അവള്‍ പ്രാര്‍ഥനകൊണ്ട് തോല്‍പ്പിച്ചു...('ദ്രൗപതി തിയ്യ് ')

പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീ അനുഭവിച്ചുകൊണ്ടിരിക്കുന്ന ആത്മ സംഘര്‍ഷങ്ങളുടെ വേലിയേറ്റങ്ങളായി ഒട്ടനവധി കവിതകളുണ്ട് ഈ സമാഹാരത്തില്‍.

'അടുപ്പില്‍ വെന്തും കുറുകിയും തിളച്ചും

സൂര്യനുണരുമ്പോള്‍ വലം വെച്ച പെണ്ണ്

ചോറ്റു പാത്രങ്ങളില്‍

വിവിധ തരം ഭക്ഷ്യമേളകളൊരുക്കി,

കരളിന്റെ കഷ്ണങ്ങള്‍ക്ക്

വാല്‍സല്യം ആറ്റിക്കുറിക്കിയ പെണ്ണ്.

(സൂര്യനെ വലം വെച്ച പെണ്ണ്)

അമ്മ, ഭാര്യ എന്നീ സങ്കല്‍പങ്ങളില്‍ സ്ത്രീക്ക് സമൂഹം കല്‍പിച്ചു കൊടുത്തിട്ടുള്ള പാരമ്പര്യങ്ങളെ നിശിതമായി വിമര്‍ശിക്കുന്നുണ്ട് ഈ കവിതയില്‍. ക്ഷീണവും ഉറക്കവും പണയം വെച്ച് താലികെട്ടിയവന് തീറെഴുതിയ ദേഹം ബലി നല്‍കുന്ന പെണ്ണുടലിന്റെ അവസ്ഥകള്‍, ഓരോ പുലരികളിലും സൂര്യനുണരുന്ന നേരം ഉറക്കവും ക്ഷീണവും തീരാത്ത കണ്ണുകള്‍ വിടര്‍ത്തി നിവര്‍ത്തി അടുക്കളയിലെ തന്റെ കര്‍മഭൂമിയിലേക്ക് തെളിക്കപ്പെടുന്ന പെണ്ണിന്റെ ഉള്ളകങ്ങളുടെ വാങ്മയചിത്രങ്ങള്‍ വാക്കുകളുടെ മൂര്‍ച്ചകള്‍കൊണ്ടു തന്നെ വായനക്കാരനെ മുറിവേല്‍പ്പിക്കാന്‍ പോന്നവയാണ്.


അനാര്‍ക്കലി, ഊര്‍മിള എന്നീ ഇതിഹാസ നായികമാരുടെ കഥകള്‍ വിവരിക്കുമ്പോഴും സ്ത്രീ പ്രാതിനിധ്യത്തിന്റെ പാകപ്പെടലുകളിലേക്ക് നമ്മെ ക്ഷണിക്കുകയാണ് കവയത്രി ചെയ്യുന്നത്. സാമൂഹ്യ തിന്മകള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ ശക്തമായ താക്കീതാണ് 'വവ്വാലിന്‍ വ്യഥകള്‍' എന്ന കവിത. പ്രണയമെന്നത് കേവല നാട്യങ്ങളോ കാപട്യങ്ങളോ ആകരുതെന്നും അത്മാര്‍ഥത നിറഞ്ഞ പ്രണയം പ്രാണനില്‍ ലയിക്കുന്നതിന് തുല്യമാണെന്നും കവയത്രി പറഞ്ഞു വെക്കുന്നു.

'എന്റെ പ്രണയം

നിന്റെ പ്രാണനില്‍ ലയിക്കുമ്പോള്‍ മാത്രമാവും

എന്റെ കരിഞ്ഞ വിത്തില്‍ നിന്ന്

ആയിരം പൂക്കള്‍ പുഞ്ചിരിച്ചീടുന്നത്...' (എന്റെ പ്രണയം).

പച്ചയായ ജീവിതാനഭവങ്ങളുടെ ബാല്യ കൗമാരങ്ങള്‍ മുതല്‍ ഒരു വീട്ടമ്മയിലേക്കള്ള പ്രയാണവും അതിനിടയിലെ ജീവിതാനുഭവങ്ങളുടെ യഥാതഥമായ ചിത്രീകരണങ്ങളുംകൊണ്ട് സമ്പന്നമാണ് റജീനയുടെ കവിതകള്‍. ജലാലുദ്ദീന്‍ റൂമി മുതല്‍ ബഷീറും, ഖലീല്‍ ജിബ്രാനും, ഖസാക്കും, നീര്‍മാതളം പൂത്തകാലവും വരെ കവിതയില്‍ കടന്നു വരുന്നു.

ജീവിതത്തെ വളരെ ഗൗരവത്തോടെ കാണുകയും ആത്യന്തികമായ മനുഷ്യധര്‍മങ്ങളെക്കുറിച്ച് ഉദ്ഘോഷിക്കുകയും ചെയ്യുന്നു എന്നതാണ് റജീന റഹ്മാന്റെ 'ഹൃദയ മുറിവുകള്‍' എന്ന കാവ്യ സമാഹാരത്തിന്റെ പ്രത്യേകതകള്‍.


TAGS :