Quantcast
MediaOne Logo

എം.ടി ഫെമിന

Published: 31 Dec 2023 5:11 PM GMT

കാലാതീതമായ കൃതികളില്‍നിന്നും കാലാനുസൃതമായ കൃതികളിലേക്ക് വായന ചുവടുമാറി

പേനയും പേപ്പറും വെച്ച് എഴുതിയിരുന്ന കാലഘട്ടത്തില്‍ നിന്ന് ഫോണിന്റെയും ലാപ്‌ടോപ്പിന്റെയും കീപാഡുകളിലൂടെ അക്ഷരങ്ങള്‍ കോറിയിടുന്ന എഴുത്തുകാരെ വായിക്കാന്‍ പുതുതലമുറ അവരുടെ വായനയുടെ രീതി മാറ്റിയെങ്കില്‍ അത് അഭിനന്ദനാര്‍ഹമാണ്. | 2023 ബാക്കിവെച്ച എഴുത്തു വിചാരങ്ങള്‍

കാലാതീതമായ കൃതികളില്‍നിന്നും കാലാനുസൃതമായ കൃതികളിലേക്ക് വായന ചുവടുമാറി എം.ടി ഫെമിന
X

ഒരൊറ്റ പുസ്തകം

കയ്യിലോമനി -

പ്പതിനുള്ളവന്‍

ഏതു സമ്രാട്ടിനേ -

ക്കാളുമെന്നാളും

ഭാഗ്യമാര്‍ന്നവന്‍.

ഉള്ളൂരിന്റെ മനോഹരമായ വരികളാണിവ. വായന ഒരു മനുഷ്യനെ എത്രത്തോളം മാറ്റിയെടുക്കുന്നുവെന്ന് കാലം അനുഭവങ്ങളിലൂടെ തെളിയിച്ചു കഴിഞ്ഞതാണ്. വായന ഇന്ന് പല രീതിയില്‍ നടക്കുന്നുണ്ട്. ഇന്നത്തെ വായന കേവലം പുസ്തകങ്ങളില്‍ നിന്ന് മാത്രമല്ല. വായന മരിച്ചു എന്ന് ഒരു തലമുറ അലമുറയിടുമ്പോള്‍ വായനയെ പുതുതലമുറ നെഞ്ചിലേറ്റുന്ന കാഴ്ച ആശ്വാസമാണ്, ആനന്ദമാണ്.

ലൈബ്രറികളുമായി ബന്ധപ്പെട്ട് നോക്കിയാല്‍ വായന വളരെ പരിമിതമായി എന്ന് തോന്നാം. ഗ്രാമീണ പശ്ചാത്തലങ്ങളില്‍ അത് പ്രകടമായ ഒരു അപര്യാപ്തത തന്നെയാണ് എങ്കിലും അതൊരു അപൂര്‍ണ്ണതയല്ല. ബുക്കുകള്‍ കയ്യില്‍ എടുക്കുന്നില്ലെങ്കിലും വായന നടക്കുന്നുണ്ട് എന്നതാണ് സത്യം. പേനയും പേപ്പറും വെച്ച് എഴുതിയിരുന്ന കാലഘട്ടത്തില്‍ നിന്ന് ഫോണിന്റെയും ലാപ്‌ടോപ്പിന്റെയും കീപാഡുകളിലൂടെ അക്ഷരങ്ങള്‍ കോറിയിടുന്ന എഴുത്തുകാരെ വായിക്കാന്‍ പുതുതലമുറ അവരുടെ വായനയുടെ രീതി മാറ്റിയെങ്കില്‍ അത് അഭിനന്ദനാര്‍ഹമാണ്.

നേരിന്റെയും നിലപാടുകളുടെയും വ്യക്തമായ മുഖമുദ്ര പതിപ്പിക്കുന്ന എഴുത്തു പരമ്പരകള്‍ പോലും സജീവമായി ഉപയോഗപ്പെടുത്തുന്ന ഈ കാലത്ത് വായനയുടെ പുതുലോകം പ്രതീക്ഷയേറെയാക്കുന്നു. യാത്രകളിലും ജോലിസ്ഥലങ്ങളില്‍ പോലും പോഡ്കാസ്റ്റുകളിലൂടെ വായനയെ ചേര്‍ത്തുപിടിക്കുന്ന പ്രിയപ്പെട്ട വായനക്കാര്‍ ദൈനംദിനേന വര്‍ധിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.

ക്ലാസിക്കുകളും ഫിക്ഷനുകളും ക്രൈം സ്റ്റോറീസും മാത്രമല്ല, കാലഘട്ടത്തിന് അനുയോജ്യമായ മാറ്റങ്ങളിലൂടെ കാലത്തിനതീതമായ എഴുത്തുകളിലേക്ക് വായനക്കാര്‍ ശ്രദ്ധ ചെലുത്തുന്നു എന്നത് പ്രോത്സാഹിപ്പിക്കേണ്ട വിഷയമാണ്. കാലത്തിനതീതമായ കൃതികളില്‍ നിന്നും കാലാനുസൃതമായ കൃതികളിലേക്ക് വന്ന ചുവടുമാറ്റം, മാറ്റങ്ങള്‍ക്ക് അനുസരിച്ചുള്ള മാറുന്ന വായനക്കാരുടെ ഇഷ്ടങ്ങള്‍ കൂടിയാണ്. പുതിയ പുതിയ എഴുത്തുകാര്‍ ഉടലെടുക്കുന്നത് സാഹിത്യ ലോകത്തിന് അഭിമാനമാണ്. സാങ്കല്‍പിക കഥാപാത്രങ്ങളില്‍ നിന്നും, അമാനുഷിക ചിന്തകളില്‍ നിന്നുമെല്ലാം മാറി ജീവിതാനുഭവങ്ങളുടെ പച്ചയായി എഴുത്തിലേക്ക് മനുഷ്യഹൃദയങ്ങളെ വലിച്ചടുപ്പിക്കാന്‍ ഈ അടുത്തകാലത്ത് വായനക്ക് സാധിച്ചിട്ടുണ്ട്. ആ മാറ്റം നല്ല രീതിയില്‍ ഉള്‍ക്കൊള്ളാന്‍ സമൂഹത്തിന് കഴിയണം. കാരണം അത് മനുഷ്യനെ വായിക്കാനുള്ള മനുഷ്യന്റെ കഴിവ് തിരിച്ചറിയാനും പ്രയോജനപ്രദമാക്കാനും ഉപകരിക്കുന്നത് കൂടിയാണ്.

കാലം എത്രതന്നെ പുരോഗമിച്ചാലും അക്ഷരങ്ങള്‍ നൂതനമായ സംവിധാനങ്ങളിലൂടെ മനുഷ്യരുടെ കാതുകളിലേക്കും മനസ്സുകളിലേക്കും പകര്‍ന്നടിയാലും ഗ്രാമീണ വായനശാലകളും അത് ഗ്രാമങ്ങളുടെ സംസ്‌കാരത്തിന് ഉതകുന്ന രീതിയിലുണ്ടാക്കിയ മാറ്റങ്ങളും മനസ്സിലാക്കി കൊടുക്കേണ്ടതിന്റെ ആവശ്യകത പൂര്‍ണ്ണമായും തള്ളിക്കളയാനാവില്ല. എങ്കിലും പുതുവര്‍ഷം അക്ഷരങ്ങളുടെ പ്രതീക്ഷ തന്നെയാണ്. വായന മരിക്കില്ലെന്ന വിശ്വാസമാണ്.

TAGS :