Quantcast
MediaOne Logo

വി.കെ ഷാഹിന

Published: 5 Dec 2022 5:02 PM GMT

ഖെദ്ദ: ബന്ധങ്ങളുടേയും ബന്ധനങ്ങളുടേയും കുരുക്കുകള്‍

പ്രേമ വിവാഹത്തിന്റെ മാസ്മരികത ഒഴിയുന്ന വേളയില്‍ പ്രാരാബ്ധങ്ങള്‍ വാ പൊളിക്കുന്ന യാഥാര്‍ഥ്യമായി മുന്നില്‍ നില്‍ക്കുമ്പോള്‍ പുതിയൊരു പ്രണയത്തിന്റെ സാധ്യതകള്‍ ആരെയും കൊതിപ്പിക്കുക തന്നെ ചെയ്യും.

ഖെദ്ദ: ബന്ധങ്ങളുടേയും ബന്ധനങ്ങളുടേയും കുരുക്കുകള്‍
X

ജീവിച്ചു തീര്‍ക്കുവാന്‍ വേണ്ടി മാത്രം ജീവിക്കുന്ന മനുഷ്യരാണ് നമ്മിലേറെയും. എന്താണ് ആത്യന്തികമായ സംതൃപ്തിയും സന്തോഷവും സമാധാനവും നല്‍കുക എന്നത് ഉത്തരം കിട്ടാത്ത ഒരു സമസ്യയായി മാറുന്നു. ജീവിത മൂല്യങ്ങളെ ബലി കഴിക്കാനോ ഉത്തരവാദിത്വങ്ങളെ മാറ്റി നിര്‍ത്താനോ കഴിയാതെ ആഹ്ലാദങ്ങള്‍ക്ക് പിന്നാലെ പോകുവാനുള്ള മനോബലം സാധാരണക്കാര്‍ക്ക് ഉണ്ടാകാറില്ല. ധാരാളം അരുതുകള്‍ക്ക് നടുവിലാണ് ഓരോ മനുഷ്യരും ജീവിതത്തെ നോക്കിക്കാണുന്നതും സമൂഹം അതിനായി നമ്മളെത്തന്നെ വാര്‍ത്തെടുക്കുന്നതും. ശരി തെറ്റുകളെ ക്രമീകരിക്കുക എന്നുള്ളത് പലപ്പോഴും നമ്മെ ചിന്താക്കുഴപ്പത്തിലാക്കുന്ന ഒരു പദപ്രശ്‌നമായി മാറുന്നു.

മനോജ് കാനയുടെ ഖെദ്ദ എന്ന സിനിമ പറയാതെ പറയുന്ന ഒരുപാട് ധാര്‍മികവും സാമൂഹികവുമായ പ്രശ്‌നങ്ങളുണ്ട്. നിയമപരമായി ഒരു സ്ത്രീക്ക് തന്റെ ലൈംഗിക പങ്കാളിയെ തെരഞ്ഞെടുക്കുവാന്‍ സ്വാതന്ത്ര്യമുണ്ട്. വിവാഹിതയാണ് എന്നത് അതിനൊരു തടസ്സമേ അല്ല. എന്നാല്‍, സമൂഹം അത് എങ്ങനെ നോക്കിക്കാണുന്നു എന്നത് ഭീകരമായ ചില അവസ്ഥകളിലേക്ക് അവളെ എത്തിച്ചേക്കാം. എന്തൊക്കെ കാരണം പറഞ്ഞാലും അവള്‍ നേരിടാവുന്ന അധിക്ഷേപങ്ങളും ഒറ്റപ്പെടലും ഒരു സാധാരണ ജീവിതം അവള്‍ക്ക് അസാധ്യമാക്കുന്നു.


കുടുംബ ജീവിതം വാഗ്ദാനം ചെയ്യുന്ന സാമ്പത്തികവും ലൈംഗികപരവുമായ സുരക്ഷിതത്വബോധമാണ് ഒട്ടുമിക്ക പെണ്‍കുട്ടികളെയും ഒരു വിവാഹ ജീവിതത്തിലേക്ക് എത്തിക്കുന്നത്. എന്നാല്‍, സ്വപ്നവും യാഥാര്‍ഥ്യവും തമ്മിലുള്ള അന്തരം കടുത്ത നിരാശാ ബോധത്തിലേക്കും വിഷാദത്തിലേക്കും മിക്ക പെണ്‍കുട്ടികളെയും തള്ളിയിടാറുണ്ട്. ഒരു കുട്ടി കൂടി ആയിക്കഴിഞ്ഞാല്‍ പിന്നീട് ഒരു എലിക്കെണിയില്‍ പെട്ട അവസ്ഥയാണ്. ആരും പിന്തുണക്കാനില്ലാതെ, സ്വയം പുറത്തുചാടാനുള്ള കെല്‍പ്പില്ലാതെ എരിഞ്ഞു തീരുക എന്നുള്ളതാണ് സമൂഹം കല്‍പ്പിച്ചു കൊടുത്തിട്ടുള്ള സംസ്‌കാര ബോധം. എപ്പോഴെങ്കിലും ഇതില്‍ നിന്നും പുറത്തുചാടാന്‍ ശ്രമിക്കുന്നവര്‍, പ്രത്യേകിച്ചും പുരുഷന്മാരുടെ സഹായം തേടുന്നവര്‍ പുതിയ കെണികളിലേക്കാണ് എത്തിച്ചേരുക എന്നുള്ള വിധിവൈപരീത്യവും നിരന്തരം കണ്ടുകൊണ്ടിരിക്കുന്നു.


സൈബര്‍ ലോകത്തിന്റെ ചതിക്കുഴികള്‍ ഏതൊക്കെ തരത്തില്‍ നമ്മെ തേടി വരാം എന്നത് സമകാല ജീവിതാവസ്ഥയെ തീര്‍ത്തും സങ്കീര്‍ണവും ദുരൂഹവുമാക്കിത്തീര്‍ക്കാറുണ്ട്. 'ദൃശ്യം' എന്ന സിനിമയെ സൂപ്പര്‍ ഹിറ്റാക്കിയത് കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്താന്‍ ഇടയുള്ള ഈ നവയുഗ ഭീകരനെ നിലക്കു നിര്‍ത്താന്‍ ജോര്‍ജുകുട്ടി കാണിച്ച ബ്രില്യന്‍സ് കൊണ്ടാണ്. ഖെദ്ദയിലെ സവിത പരാജയപ്പെടുന്നത് ഇവിടെയാണ്.

പ്രേമ വിവാഹത്തിന്റെ മാസ്മരികത ഒഴിയുന്ന വേളയില്‍ പ്രാരാബ്ധങ്ങള്‍ വാ പൊളിക്കുന്ന യാഥാര്‍ഥ്യമായി മുന്നില്‍ നില്‍ക്കുമ്പോള്‍ പുതിയൊരു പ്രണയത്തിന്റെ സാധ്യതകള്‍ ആരെയും കൊതിപ്പിക്കുക തന്നെ ചെയ്യും. മകളുടെ ജീവിതത്തെക്കുറിച്ച് അത്യധികം ഉത്കണ്ഠ വെച്ചു പുലര്‍ത്തുമ്പോഴും ഒരല്‍പം നനവു കൊതിക്കുന്ന നാല്‍പതു കഴിഞ്ഞ വീട്ടമ്മക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിയുന്നില്ല എന്നത് മറ്റൊരു വൈചിത്ര്യം. കൗമാരക്കാരിക്ക് പെട്ടെന്ന് പുറത്തുകടക്കാന്‍ കഴിയാവുന്ന ഒരു കെണിയാണത്. ഫോണ്‍ തല്ലിപ്പൊട്ടിക്കുന്ന ലാഘവത്തോടെ, സമചിത്തതയോടെ അവളതിനെ നേരിടുമ്പോള്‍ ടെക്‌നോളജിയുടെ പുതിയ ലോകം യൗവനത്തിന്റെ അന്ത്യപാദങ്ങളില്‍ നില്‍ക്കുന്ന അമ്മയെ നിഷ്പ്രയാസം കീഴടക്കുകയും ചെയ്യുന്നു.


'അയ്യോ എലി കടിച്ചേ' എന്ന ഉണ്ണിക്കുഞ്ഞിന്റെ നിലവിളി ഖെദ്ദയിലും നമുക്കോര്‍മ വരും. അടൂരിന്റെ എലിപ്പത്തായത്തിലെ എലി മലയാള സിനിമയിലെ മറക്കാനാവാത്ത ഒരു കഥാപാത്രമാണ്. സുധീര്‍ കരമനയുടെ ശരീര ഭാഷ്യം സാക്ഷാല്‍ കരമനയെ ഓര്‍മിപ്പിക്കുന്നുമുണ്ട്. അകത്തുള്ള എലിയെ പിടിക്കാന്‍ പുറത്തു പരതി നടക്കുന്ന അയാള്‍ ഒരല്‍പം മെലോഡ്രാമയുടെ അന്തരീക്ഷം സിനിമയില്‍ സൃഷ്ടിക്കുന്നുണ്ട്.

ഒരു വാണിജ്യ സിനിമയുടെ എല്ലാ ചേരുവകളും ഒത്തിണങ്ങിയിട്ടും അതിനു ശ്രമിക്കാതെ കലാമൂല്യം നിലനിര്‍ത്താനുളള ശ്രമം മനോജ് കാന നടത്തിയിട്ടുണ്ട്. കുടുംബവും വ്യക്തിയുടെ ഇഷ്ടങ്ങളും എന്ന ബൈനറി സൃഷ്ടിക്കുന്ന സംഘര്‍ഷം ഒന്നരമണിക്കൂര്‍ സിനിമയുടെ പിരിമുറുക്കം ചോര്‍ന്നു പോകാതെ പിടിച്ചു നിര്‍ത്താനും സാധിച്ചിട്ടുണ്ട്. കുടുംബചിത്രം എന്ന ലേബലില്‍ ഒതുക്കേണ്ടതില്ല ഈ സിനിമയെ. അച്ഛനും അമ്മയും മകളും അടങ്ങുന്ന കുടുംബം ഒട്ടും ആഹ്ലാദം ജനിപ്പിക്കുന്ന ഒന്നായിരുന്നില്ല. അവര്‍ക്കിടയിലേക്ക് എത്തിച്ചേര്‍ന്നവരും സമൂഹത്തിലെ പുഴുക്കുത്തുകള്‍ തന്നെ.


നര്‍ത്തകിയും നടിയുമായ ആശ ശരത്തും മകള്‍ ഉത്തരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ എന്ന പ്രത്യേകതയും ഖദ്ദയ്ക്കുണ്ട്. മികച്ച കഥയും കാഴ്ചാനുഭവവും പകര്‍ന്നു നല്‍കുന്ന ഖെദ്ദ പ്രേക്ഷകരെ നിരാശപ്പെടുത്താനിടയില്ല.

TAGS :