Quantcast
MediaOne Logo

ജീവിതത്തിന്റെ മറുപുറത്തെ കുറിച്ച് പറയുന്ന കഥകള്‍

ശശികലാ രാജീവിന്റെ 'ചൂര്' കഥാ പുസ്തകത്തിന്റെ വായന

ജീവിതത്തിന്റെ മറുപുറത്തെ കുറിച്ച് പറയുന്ന കഥകള്‍
X

പൊന്നുഷസ്സിന്റെ കൊയ്ത്തില്‍നിന്നൂരി

ചിന്നിയ കതിര്‍ ചുറ്റും കിടക്കെ

മേവി കൊയ്ത്തുകാര്‍ പുഞ്ചയില്‍

ഗ്രാമജീവിതകഥാ നാടകഭൂവില്‍

എന്നു പറഞ്ഞുകൊണ്ടാണ് വൈലോപ്പിള്ളി കന്നിക്കൊയ്ത്ത് എന്ന കവിത ആരംഭിക്കുന്നത്.

കെട്ടിയ മുടി കച്ചയാല്‍ മൂടി

ചുറ്റിയ തുണി ചായ്‌ച്ചൊന്നു കുത്തി

വെറ്റില ചവച്ചുന്മദമോളം

വെട്ടിടും അരിവാളുകളേന്തി

ഒന്നിച്ചാനമ്ര മെയ്യോടെ നില്പൂ

കന്നിപ്പാടത്തു കൊയ്ത്തുകാര്‍ നീളെ

കന്നിപ്പാടത്തെ കൊയ്ത്തുകാര്‍ മനുഷ്യരാണ്. അവരുടെ കഥകളാണ് എവിടെയും. കവിയാണെങ്കിലും വൈലോപ്പിള്ളി പാടിയിരിക്കുന്നത് മര്‍ത്യ ജീവിതകഥാ നാടകമാണ്. അതും ഏറ്റവും സാധാരണക്കാരായ ദnിതരായ മനുഷ്യരുടെ ഗ്രാമീണ കഥാ ജീവിത നാടകങ്ങള്‍.

ശശികലാ രാജീവിന്റെ കഥകളും ഈയൊരു സരണിയില്‍ തന്നെ പെടുന്നു. അതുകൊണ്ടാണ് ഈ കഥകള്‍ക്ക് അവതാരിക എഴുതിയ ടി.ആര്‍ അജയന്‍ ഗ്രാമവഴക്കത്തിന്റെ വാക്കുകളുടെയും ശൈലിയുടെയും കഥകള്‍ എന്നും ഒപ്പം കഥ ക്രിയാത്മകമായ സാഹിത്യരൂപമാണെന്നും എഴുതിയത്.

ശശികല രാജീവിന്റെ ചൂര് എന്ന കഥാസമാഹാരം വായിച്ചപ്പോള്‍ ഉണ്ടായ അനുഭവങ്ങളും ഒപ്പം അനുഭൂതികളുമാണ് ഞാന്‍ പങ്കുവെക്കുന്നത്; ആ കഥകള്‍ കയ്യാളുന്ന അതിന്റെ രാഷ്ട്രീയവും. പക്ഷേ, അതിനുമുമ്പ് മലയാള ചെറുകഥയെ കുറിച്ച് പറയുകയാണെങ്കില്‍, ഇന്ന് മലയാള സാഹിത്യത്തില്‍ ഏറ്റവും അധികം വായിക്കപ്പെടുന്ന അതുപോലെ ഏറ്റവും പരീക്ഷണ വ്യഗ്രമായ ഒപ്പം വികസിച്ചു നില്‍ക്കുന്ന ഒരു മേഖലയായിട്ടാണ് ചെറുകഥയെ പറയാറ്. തികച്ചും പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതയുള്ള എഴുത്തുകാര്‍ മലയാളത്തിലുണ്ട്

കഥയിലെ കുലപതി എന്ന് വിശേഷിപ്പിക്കാവുന്ന ടി. പത്മനാഭനും അതുപോലെ ജ്ഞാനപീഠ പുരസ്‌കാര ജേതാവായ എം.ടിയും സക്കറിയയും മാധവിക്കുട്ടിയും വൈശാഖനും അതുപോലെ കഥ കൊണ്ട് മാത്രം ലോക ചെറുകഥയില്‍ സ്ഥാനം പിടിക്കാവുന്ന കഥകള്‍ എഴുതിയ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി മാഷ്. ഇവരൊക്കെ മലയാള കഥയെ വ്യത്യസ്ത അനുഭവമാക്കി മാറ്റിയവരില്‍ പെടുന്നു.

ഒരു കലാരൂപത്തിന്റെ, അത് സാഹിത്യമായാലും മറ്റ് കലകളായാലും പാരമ്പര്യത്തിന്റെ വഴിയില്‍ സഞ്ചരിച്ചു വരുകയും ഒപ്പം ആധുനികമായ അതിന്റെ പ്രവണതകളെ കാലികമായി അവതരണത്തിലും പ്രമേയത്തിലും നിലനിര്‍ത്താന്‍ കഴിയുകയും ചെയ്യുക എന്നത് അത്ര എളുപ്പമല്ല. ഇവിടെ ശശികല രാജീവിന്റെ കഥ അത്തരത്തില്‍ ഒരു മികവാര്‍ന്ന വായനാനുനുഭവം കൂടിയാണ്.

ചൂര് ഏറ്റവും ശക്തമായ ഇന്ദ്രിയ അനുഭവമാണ്. ഏറ്റവും പ്രാഥമികമായ അനുഭവം. ഒപ്പം സര്‍ഗാത്മകതയില്‍ ഇത്രയധികം അനുഭവവേദ്യമായ മറ്റൊരു തീവ്രാവസ്ഥയില്ല. സചേതനവും അചേതനവും ആയ അനുഭവങ്ങളെ മിശ്രണം ചെയ്തുകൊണ്ട് എഴുതിയ ഈ കഥകള്‍ കാലത്തോട് അപ്‌ഡേറ്റഡ് ആണ്. മാത്രമല്ല, കഥകളുടെ ശില്പഭംഗിയും മികച്ചത് തന്നെ. ഏതൊരു കഥയെക്കുറിച്ചും പറയുന്ന ഒരു വിശേഷണമായി നിങ്ങള്‍ക്ക് ഇതിനെ കാണാം. പക്ഷേ, അത് അങ്ങനെയല്ല.


ഈ സമാഹാരത്തിലെ എല്ലാ കഥകളും എടുത്തുവച്ചുകൊണ്ട് പറയാന്‍ വിസ്താരഭയം എന്നെ അനുവദിക്കുകയില്ല. അതുകൊണ്ട് ചില കഥകള്‍ മാത്രം എടുത്തുവച്ചുകൊണ്ട് പറയാം. അതിലൂടെ കഥയെക്കുറിച്ച് സമഗ്രമായ ഒരു കാഴ്ച ഉണ്ടാക്കിയെടുക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്നു.

നോവലൊഴിച്ച് ബാക്കി ഒരു പുസ്തകത്തിന്റെയും വായനയും അനുക്രമമല്ല എന്ന് തോന്നിയിട്ടുണ്ട്. ഞാന്‍ ഈ സമാഹാരത്തിലെ ഏറ്റവും ഒടുവിലത്തെ കഥയാണ് ആദ്യമായി വായിച്ചത്.

കമ്പം എന്ന കഥ വളരെ ആക്റ്റീവ് ആണ്. ഒപ്പം പാസീവ് ആണെന്നും പറയാം. പെട്ടെന്നു തോന്നുന്ന ഒരു ആത്മഹത്യാചിന്തയാണ് കഥ. സമ്പന്നന്റെ ആത്മഹത്യയല്ല. ദലിതനായ ഒരു മനുഷ്യന്റെ ആത്മഹത്യയാണ്. അത്തരത്തിലുള്ള വാക്യങ്ങളാണ് കഥയ്ക്കകത്ത്. പഴയ ഒരു പ്രണയത്തെ നിരാകരിച്ച് മറ്റൊരു വഴി തേടേണ്ടിവന്ന ഒരു മനുഷ്യന്‍. അയാള്‍ ജീവിതത്തിന്റെ ഒരുപാട് വഴി പിന്നിട്ടിരിക്കുന്നു. എന്നിട്ടും അയാളിലെ ദുഃഖമോ ദുരന്ത ബോധമോ ഒറ്റപ്പെടലോ ഒന്നും മാറിയിട്ടില്ല. അതിനു പശ്ചാത്തലമായ ഒരു അനുഭവത്തെ വിവരിക്കുന്നുണ്ട്. പിന്നീട് അയാളുടെ പേരക്കുട്ടിയുടെ വിളി അയാളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയാണ്.

ശശികല രാജീവ് കഥ എഴുതുന്നത് ഒരു സര്‍ക്കസിലെ ട്രപ്പീസിയത്തില്‍ ഇരുന്നുകൊണ്ടാണ്. കളിച്ചുകൊണ്ടാണ്. കഥ എഴുതല്‍ അത്തരത്തിലൊരു ട്രപ്പീസിയം കളിയാണ്. എപ്പോള്‍ വേണമെങ്കിലും വീണു പോകാം. സര്‍ക്കസില്‍ താഴെ നെറ്റ് ഉണ്ടാവും. ഇവിടെ അതും ഇല്ല എന്നുള്ളതാണ്.

കഥയിലെ ഭാഷ. അത് ആദ്യാവസാനം നില നിര്‍ത്തുക, അത് ഏകതാനമല്ല. വ്യത്യസ്തമാണ്. നാടകീയത വ്യത്യസ്തമാണ്. ഏറ്റവും പാവപ്പെട്ട മനുഷ്യന്റെ വീട്ടുവിശേഷങ്ങള്‍, നാട്ടുവിശേഷങ്ങള്‍. അതുപോലെ അവന്റെ മനുഷ്യബന്ധങ്ങള്‍ ഇതാണ് കഥ.

ശശികല രാജീവിന്റെ കഥയില്‍ നന്മയെക്കുറിച്ചുള്ള പാഠമോ താന്‍ പറയുന്നത് ശരിയാണെന്ന വാദമോ ആദര്‍ശത്തിന്റെ പരിവേഷമോ ഒന്നുമില്ല. അതുപോലെ നന്മതിന്മകള്‍ ശരി തെറ്റുകള്‍ മൂല്യ വിചാരണകള്‍ അങ്ങനെയൊന്നും തന്നെ ഇല്ല. മാട്ടുകാരന്‍ മകയിലെ മാട്ടുകാരന്‍ കഥയിലുടനീളം കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്. കഞ്ചാവ് ഉപയോഗിച്ചതുകൊണ്ട് കഥയിലയാള്‍ മോശക്കാരന്‍ അല്ല. പകരം, അത് തരുന്ന കീഴാളന്റെ ജീവിത ചിത്രം നമ്മുടെ കഥാപാരമ്പര്യങ്ങളെ തന്നെ മാറ്റിമറിക്കുന്നുണ്ട്.

അതുപോലെ രൂപപരമായ ചില പരീക്ഷണങ്ങള്‍ പറയാതെ വയ്യ. അതിലൊന്നാണ് സ്‌നേഹപൂര്‍വം അ . സ്‌നേഹപൂര്‍വം അമ്മ പ്രിയപ്പെട്ട മോള്‍ക്ക് അമ്മ എഴുതുന്ന ഒരു കത്താണ്. എന്തൊരു അനുഭവസാന്ദ്രമാണെന്നോ ആ കഥ. കഥ തുടങ്ങുന്നത് തന്നെ കുട്ടിക്ക് ജീവിതത്തില്‍ ഇനി കഷ്ടപ്പാടുകള്‍ ഒന്നും ഉണ്ടാവില്ല എന്ന് അമ്മ പറഞ്ഞു കൊണ്ടാണ്. കാരണം, അനുഭവങ്ങളില്‍ നിന്ന് ആ കുട്ടി അത്രയേറെ പഠിച്ചു കഴിഞ്ഞിരിക്കുന്നു എന്നാണ് കഥ പറയുന്നത്. അതുപോലെ നിലവിലുള്ള കുടുംബവ്യവസ്ഥയിലെ മാമൂലുകളെ ഈ കഥ അമ്മയിലൂടെ നിരസിക്കുന്നുണ്ട്. അവിടെയാണ് ഞാന്‍ പറഞ്ഞത് ശശികല രാജീവിന്റെ കഥയില്‍ ഇതുവരെ പറഞ്ഞ കഥകളുടെ ചര്‍വിതചര്‍വണമല്ല.

ആ അമ്മ പഴയ അമ്മയാണ്. പക്ഷേ, ചിന്തയില്‍ ഏറ്റവും പുതിയ അമ്മയെ കവച്ചുവയ്ക്കുന്ന ഒന്നുണ്ട്. ഇടശ്ശേരിയുടെ ആ വരികള്‍ ഞാന്‍ വീണ്ടും ഓര്‍ത്തു.

ആടിനെയിടയനെയരചനെ പെണ്ണാടേ പെറ്റു നീ പലപേരെ

നേടിയതെന്തപവര്‍ഗമിതു വരെ

നെടുതാം വീര്‍പ്പുകളല്ലാതെ

അതുപോലെ കഥയ്ക്കകത്തെ ഭാഷാശൈലിയില്‍ മറ്റൊരു പുതുമയുണ്ട്. കിഴക്കിനെയും വള്ളുവനാടിനെയും ഏറനാടിനെയും ഒപ്പം ആദിവാസിയുടെ ഭാഷയെയും സംയോജിപ്പിക്കുന്ന ഒരു തലം. അത് ഞാന്‍ ആദ്യമായാണ് കഥകളില്‍ കാണുന്നത്.

സ്‌നേഹപൂര്‍വം അമ്മയുടെ കഥയ്‌ക്കൊടുവില്‍ ഒരു ആത്മകഥാംശം ഉണ്ട് എന്ന് പറയാതിരിക്കാന്‍ ആവില്ല. ആത്മകഥാംശം എഴുത്തുകാരിയുടെ മാത്രമല്ല. ഇനി വരാനിരിക്കുന്ന അനവധി പെണ്‍ ജന്മങ്ങള്‍ക്ക് വേണ്ടി അവരുടെ മാതാപിതാക്കള്‍ക്ക് വേണ്ടി കൂടിയാണ്. സാധാരണ സ്വന്തം മക്കളില്‍ നിന്ന് ആശ്രയവും അഭയവും പ്രതീക്ഷിക്കുന്ന ഒരു അമ്മയല്ല ഇവിടെ. മറിച്ച്, അമ്മ തന്നെയും അവളുടെ അച്ഛനെയും മകളുടെ ജീവിതത്തിലുള്ള വലിയ ശക്തിയായി പ്രഖ്യാപിക്കുകയാണ്. ഇത് മലയാള കഥയില്‍ അന്യമാണ്. ഇത് മാത്രമല്ല ഇങ്ങനെ പലതും.

ഞാന്‍ ഈ പുസ്തകത്തില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കഥ മരുതിയാണ്. ഞാന്‍ പറയുക മലയാളത്തിലെ ഏറ്റവും പ്രസ്റ്റീജിയസ് ആയിട്ട് നമ്മള്‍ കാണുന്ന ഒരു പ്രസിദ്ധീകരണമാണ് മാതൃഭൂമി. ഞാന്‍ പറയുക മാതൃഭൂമിക്ക് അപ്പുറമുള്ള ഒരു കീഴാള ഭൂമിയില്‍ സ്ഥിരം പ്രതിഷ്ഠ നേടേണ്ട ഒരു കഥയാണ് മരുതി. എന്നെ ആഴത്തില്‍ മുറിവേല്‍പ്പിച്ച കഥ. ആ മുറിവ് മരിക്കുന്നതുവരെ ഉണങ്ങുകയില്ല. മരുതി എന്ന പെണ്‍കുട്ടിയുടെ ജീവിതാഭിവാഞ്ച. അവള്‍ മരണത്തിലേക്കാണ് പോയത്.

കഥ ഞാന്‍ വിസ്തരിക്കുന്നില്ല. കാരണം, കഥാവിസ്താരത്തേക്കാള്‍ അത് വായിച്ച് അനുഭവിക്കേണ്ടതാണ്. നമ്മുടെ നാടിന്റെ ജനാധിപത്യം, നീതി, തുല്യത എന്നീ പാഠങ്ങളുണ്ട്. ഒപ്പം ദലിത്ജീവിതങ്ങളെ കുറിച്ച് നാം മനസ്സിലാക്കേണ്ട ഒരുപാട് വസ്തുതകള്‍ ഉണ്ട്. എങ്ങനെയാണ് ഇനിയും അവരുടെ ജീവിതത്തിലേക്ക് നമ്മള്‍ കടന്നു ചെല്ലേണ്ടത് എന്നുണ്ട്.

കഥയ്ക്കകത്തെ സംഭാഷണങ്ങള്‍, കഥയിലെ നാടകീയത അതുപോലെ കഥയിലെ ഭാഷാ വിചാരണകള്‍ ഇതെല്ലാം ശശികല രാജീവിന്റെ കഥകളെ അടിമുടി വ്യത്യസ്തമാക്കുന്നു. സ്ഥിരം ഒരു പുസ്തക പഠനത്തിലെ ഉപരിപ്ലവമായ വാക്കുകളായി നിങ്ങള്‍ ഇതിനെ കാണേണ്ടതില്ല.

അതുപോലെ ഒരു മുഴുവന്‍ സാഹിത്യകാരന്‍ എന്നോ പ്രഭാഷകനെന്നോ ഉള്ള അവസ്ഥയെക്കാള്‍ സംഘാടനത്തിന്റെയും മനുഷ്യ നന്മയുടെയും പാഠം നമ്മളെ പഠിപ്പിക്കുന്ന ടി.ആര്‍ അജയനാണ് ഈ കഥാപുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. കൈത്തഴക്കം വന്ന ഒരു നിരൂപകന്റെ എന്ന അര്‍ഥത്തിലല്ല, മറിച്ച് സഹൃദയനായ ഒരു കഥാ വായനക്കാരന്‍ അതിന്റെ ആസ്വാദകപക്ഷം നിന്നുകൊണ്ട് ഒപ്പം അതിന്റെ സാമൂഹികതയെ നിലനിര്‍ത്തിക്കൊണ്ട് എഴുതിയ ആമുഖമാണിത്.

നമ്മുടെ കാലഘട്ടത്തിന്റെ ദൈന്യങ്ങളെ നോക്കിക്കൊണ്ട് ഇതില്ലാതാക്കാന്‍ എനിക്കൊന്നും ചെയ്യാന്‍ കഴിയുന്നില്ലല്ലോ എന്ന ദുഃഖത്തോടെ ഇതാ സമൂഹത്തിന്റെ ആകുലതകള്‍ ഇതാ, കര്‍ഷകന്റെ ആവലാതികള്‍ ഇതാ, അധ്യാപകരുടെ സംഭ്രമ വിഷാദങ്ങള്‍ ഇതാ, സാധാരണക്കാരുടെ ജീവിത സമസ്യങ്ങള്‍ ഇതാ, ഇടത്തരക്കാരന്റെ സന്ത്രാസങ്ങള്‍ ഇതാ എന്ന് നമുക്ക് ചൂണ്ടിക്കാണിച്ചു തന്നുകൊണ്ട് നമ്മുടെ വിശ്വാസ തകര്‍ച്ചയിലേക്ക് വിരല്‍ ചൂണ്ടി കൊണ്ടാണ് ശശികല രാജീവ് കഥകള്‍ എഴുതുന്നത്. ആ പഴയ ഒത്തുചേരലിന്റെ തണല്‍ മരങ്ങള്‍ ഇല്ലാതാവുന്നതും നന്മയുടെ കണ്ണിമാങ്ങാ സുഗന്ധങ്ങള്‍ അവസാനിക്കുന്നതും ദുഃഖത്തോടെ ശശികല അവതരിപ്പിക്കുന്നു. ഞാന്‍ ഒന്നുകൂടി കൂട്ടിച്ചേര്‍ക്കട്ടെ ഇതുതന്നെയാണ് ശശികല രാജീവിന്റെ കഥകളുടെ രാഷ്ട്രീയവും, അതിനപ്പുറം മറ്റൊന്നുമില്ല.

എല്ലാം പറഞ്ഞുകൊണ്ട് പറയേണ്ട ഒന്നാണോ കഥയിലെ രാഷ്ട്രീയം എന്നറിയില്ല. ഞാന്‍ വിശ്വസിക്കുന്നു കഥയിലായാലും ജീവിതത്തിലായാലും ഒരു വ്യക്തി കയ്യാളുന്ന ജീവിതാവബോധമാണത്. വീട്ടില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ വീട്ടിലെ കാര്യവും അമ്മയില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ അമ്മയുടെ കാര്യവും ചായക്കടയില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ പഴംപൊരിയെ കുറിക്കുന്ന കാര്യവുമല്ല അത്. അതിന് ഏറ്റവും വലിയ ഉദാഹരണം നമ്മുടെ മഹാത്മാഗാന്ധിയാണ്. അദ്ദേഹം ഓരോ ഇടങ്ങളിലും പുലര്‍ത്തിയിരുന്ന ജീവിത സമീപനം പലതായിരുന്നില്ല. അത് അതിന്റെ സമഗ്രതിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിന് എന്റെ ജീവിതം എന്റെ സന്ദേശമാണ് എന്ന് പറയാനായത്. ഒപ്പം തന്നെ എം.എന്‍ വിജയന്‍ മാഷ് ഗാന്ധിജിയെ വിശേഷിപ്പിക്കുന്നത് മഹാന്‍ എന്നല്ല മാസ്റ്റര്‍ പൊളിറ്റീഷന്‍ എന്നാണ്. അതുപോലെ ശശികല രാജീവിന്റെ കഥയിലെ രാഷ്ട്രീയവും ആ രീതിയില്‍ തന്നെ വായിക്കപ്പെടേണ്ടതാണ്. കാരണം, കഥകള്‍ ഒറ്റയ്ക്ക് എടുക്കുമ്പോഴും കൂട്ടായി ചിന്തിക്കുമ്പോഴും കഥ തമ്മില്‍ പുലര്‍ത്തുന്ന ഒരു ആന്തരിക സമാനതയുണ്ട്. ആ സമാനത മറ്റൊന്നുമല്ല, നാട്ടുവഴക്കങ്ങളും ഗോത്ര ജീവിത സ്വഭാവങ്ങളും ഒക്കെ കലര്‍ന്നു നില്‍ക്കുന്ന മനുഷ്യന്റെ അസ്തിത്വം എന്ന് ഞാനിപ്പോള്‍ പറയുന്നില്ല. അവന്റെ നിലനില്‍പ്പിനെ സംബന്ധിക്കുന്ന മൗലികമായ ചിന്താ ബോധങ്ങള്‍ ആണ് ഈ കഥകളെ മുന്നോട്ടു നയിക്കുന്നത്. ഒപ്പം തന്നെ അതിനകത്ത് ഇമോഷന്‍സ് ഉണ്ട്. അതാകട്ടെ വളരെ പരിപക്വം ആയ രീതിയില്‍ കഥയ്ക്കകത്ത് വിന്യസിക്കപ്പെട്ടിരിക്കുന്നു.

ഇത്തരത്തില്‍ ചിന്തയും വികാരങ്ങളും സമന്വയിക്കുന്ന, അല്ലെങ്കില്‍ വളരെ ബാലന്‍സ്ഡ് ആയിട്ട് നിലനില്‍ക്കുന്ന നാടിന്റെ മനുഷ്യരുടെ മനുഷ്യബന്ധങ്ങളുടെ നമ്മുടെ ഭരണകൂടത്തിന്റെ അധികാരത്തിന്റെ പെണ്‍സ്വാതന്ത്ര്യത്തിന്റെ ആദിവാസി കുട്ടികളുടെ അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത ജീവിത സമസ്യകളെ തന്റെ കഥയില്‍ ശശികല രാജീവ് വിന്യസിച്ചിരിക്കുന്നു. അത് വായിക്കുകയും അത് അവതരിപ്പിക്കുന്ന ജീവിതത്തിന്റെ രാഷ്ട്രീയത്തെ അറിയുകയും ചെയ്യുന്നത് അനിവാര്യതയാണ്.

TAGS :